June 03, 2026 |
Share on

‘ഇതല്ല സ്വാതന്ത്ര്യം’; ഇന്റര്‍നെറ്റ് തിരികെയെത്തുമ്പോഴും ആശ്വസിക്കാനാകാതെ ഇറാനിയന്‍ ജനത

മൂന്നു മാസത്തിനടുത്തായി രാജ്യത്ത് നടക്കുന്ന ദുരന്തങ്ങളാണ് സാധാരണക്കാര്‍ക്ക് കാണേണ്ടി വരുന്നത്‌

തുടര്‍ച്ചയായ 88 ദിവസത്തോളം നീണ്ടുനിന്ന സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് നിരോധനത്തിന് ഇറാനില്‍ നേരിയ അയവ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ രാജ്യം ഭാഗികമായി ഡിജിറ്റല്‍ ലോകത്തേക്ക് തിരിച്ചെത്തി. എന്നാല്‍ ഇന്റര്‍നെറ്റിന്റെ തിരിച്ചുവരവ് ഇറാനിലെ സാധാരണ ജനങ്ങളെ ആഹ്ലാദിപ്പിക്കുന്നില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ചലനം വച്ചതോടെ മാസങ്ങളായി കെട്ടികിടന്നിരുന്ന സന്ദേശങ്ങളും ചിത്രങ്ങളും കവിതകളും സോഷ്യല്‍ പ്രവഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചതിനെ ആഗോള മാധ്യമങ്ങളും ഭരണകൂട അനുകൂലികളും വലിയൊരു നേട്ടമായി ചിത്രീകരിക്കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും ജനങ്ങളെ ആഹ്ലാദിപ്പിക്കുന്നില്ല. ഇന്റര്‍നെറ്റ് നിരോധനം തങ്ങളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാണെന്നും ഒരു തടവറയില്‍ നിന്ന് താല്‍ക്കാലികമായി പുറത്തുവിട്ടതുപോലെയുള്ള അനുഭവം മാത്രമാണ് ഇപ്പോഴത്തെ നേരിയ അയവ് എന്നുമാണ് ഇറാനിലെ ജനങ്ങള്‍ പ്രതികരിക്കുന്നത്. ഭരണകൂടത്തിനുമേലുള്ള അവിശ്വാസവും ആശങ്കയും കടുത്ത അമര്‍ഷവുമാണ് ജനങ്ങളില്‍ നിറയുന്നത്.

കഴിഞ്ഞ ജനുവരി 8-നാണ് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടം ആദ്യമായി ഇന്റര്‍നെറ്റ് ബ്ലാക്കൗട്ട് ഏര്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ ഇത് പതുക്കെ പുനഃസ്ഥാപിച്ചെങ്കിലും, ഫെബ്രുവരി അവസാനത്തോടെ ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനികാക്രമണങ്ങളെത്തുടര്‍ന്ന് രാജ്യം വീണ്ടും പൂര്‍ണ്ണമായ ഇന്റര്‍നെറ്റ് നിരോധനത്തിലേക്ക് നീങ്ങുകയായിരുന്നു. വിലകൂടിയ വിപിഎന്‍ സംവിധാനങ്ങളും സാറ്റലൈറ്റ് ഇന്റര്‍നെറ്റും ഉപയോഗിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ഈ കാലയളവില്‍ ഇന്റര്‍നെറ്റ് ലഭ്യമായിരുന്നത്. എന്നാല്‍ ഭൂരിഭാഗം വരുന്ന സാധാരണക്കാര്‍ക്കും ചൊവ്വാഴ്ചയാണ് മാസങ്ങള്‍ക്ക് ശേഷം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ പോലും സാധിച്ചത്.

ഇന്റര്‍നെറ്റ് തിരിച്ചുവരവ് കരുതും പോലെ ആശ്വാസമല്ല, ആഘാതമാണ് ഇറാനിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ട് ആയതോടെ, കഴിഞ്ഞ ജനുവരിയിലെ പ്രതിഷേധങ്ങളിലും തുടര്‍ന്നുണ്ടായ യുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും, അവരുടെ മാതാപിതാക്കളുടെ നെഞ്ചുതകര്‍ക്കുന്ന വിലാപങ്ങളുടെ വീഡിയോകളും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ വിവരങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ. മാസങ്ങളായി രാജ്യം അനുഭവിച്ച വലിയ നഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു ആര്‍ക്കൈവ് തുറന്നതുപോലെയാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ഈ യുദ്ധത്തില്‍ തങ്ങള്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗവും യൗവനവും അന്താരാഷ്ട്ര സമൂഹത്തിലുള്ള വിശ്വാസവും നഷ്ടമായെന്ന് അവിടുത്തെ ജനങ്ങള്‍ പറയുന്നു. വിദേശത്തുള്ള ഇറാനി വംശജരും തങ്ങളുടെ നാട്ടിലെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ ആയോ എന്ന് നോക്കി ആശങ്കയിലാണ്; അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടോ അതോ കൊല്ലപ്പെട്ടോ എന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് പലരും.

സാമ്പത്തിക മേഖലയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ‘ഇന്റര്‍നെറ്റ് പ്രോ’ എന്ന നിയന്ത്രിത സംവിധാനം കഴിഞ്ഞ മാസം ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഈ നീക്കത്തെ ജനങ്ങള്‍ കടുത്ത സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തങ്ങള്‍ക്ക് സ്വാതന്ത്ര്യം തരുന്നതിന് വേണ്ടിയല്ല, മറിച്ച് ജനങ്ങളെ ഒരു പ്രത്യേക ഡിജിറ്റല്‍ തുരങ്കത്തിലേക്ക് നയിച്ച് കൂടുതല്‍ എളുപ്പത്തില്‍ നിരീക്ഷിക്കുന്നതിനും സെന്‍സര്‍ഷിപ്പ് കര്‍ശനമാക്കുന്നതിനും വേണ്ടിയാണ് ഭരണകൂടം ഇന്റര്‍നെറ്റ് തുറന്നുതന്നിരിക്കുന്നതെന്ന് പ്രക്ഷോഭകരും ഐടി വിദഗ്ദ്ധരും ഭയപ്പെടുന്നു. ഇതിനെ അവര്‍ ‘ഫില്‍റ്റര്‍നെറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ചുരുക്കത്തില്‍, ഇന്റര്‍നെറ്റ് തിരികെ വന്നപ്പോള്‍ ഇറാനിലെ ജനങ്ങള്‍ക്ക് തിരികെ ലഭിച്ചത് സ്വാതന്ത്ര്യമല്ല, മറിച്ച് തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ നേര്‍ച്ചിത്രങ്ങള്‍ മാത്രമാണ്.

Content Summary: After an 88-day total internet blackout in Iran, limited connectivity returns. However, citizens express grief and fear increased government surveillance over ‘filternet

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×