പ്രതിജ്ഞയെടുത്തപോലെ ‘ നരകത്തിന്റെ കവാടം’ തുറന്ന് ഇറാന്‍. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ടെഹ്‌റാനില്‍ ഉള്‍പ്പെടെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തിന് പ്രതികാരമായി ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവില്‍ ഉള്‍പ്പെടെ നൂറു കണക്കിന് മിസൈലുകളാണ് പെയ്തിറങ്ങിയത്. ഇതോടെ ഇരു രാജ്യങ്ങളും യുദ്ധസമാന അന്തരീക്ഷത്തിലേക്ക് കടന്നിരിക്കുന്നു.
ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ തിരിച്ചടി ഇസ്രയേലിനെ കൂടുതല്‍ പ്രകോപിച്ചിരിക്കുകയാണ്. ‘ കൂടുതല്‍ വരാനിരിക്കുന്നൂ’ എന്നാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിന്റെ ഭീഷണി. ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ ശ്രമം ആരംഭിക്കുന്നതേയുള്ളൂവെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് വലിയ നഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തലവന്‍ ഹൊസ്സൈന്‍ സലാമി ഉള്‍പ്പെടെയുള്ള സൈനികോദ്യോഗസ്ഥരും അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മുന്‍ തലവന്‍ ഫെരിദൂന്‍ അബ്ബാസി ഉള്‍പ്പെടെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനമായ ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനവാസകേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാന്‍ ആരോപിച്ചിരുന്നു.
ഇറാന്റെ ആണവ പദ്ധതികള്‍ നശിപ്പിക്കാന്‍ എത്ര ദിവസം വേണമെങ്കിലും ആക്രമണം തുടരുമെന്നായിരുന്നു വെള്ളിയാഴ്ച്ച നെതന്യാഹുവിന്റെ ഭീഷണി. ഇറാനിയന്‍ ഭരണകൂടത്തിന്റെ കൈകളിലെ കൂട്ട നശീകരണ ആയുധങ്ങള്‍ ഇസ്രയേലിനും മുഴുവന്‍ ലോകത്തിനും ഒരുപോലെ ഭീഷണിയാണ്. ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യമുള്ള ഒരു ഭരണകൂടത്തെ വന്‍ നശീകരണ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇസ്രയേല്‍ അനുവദിക്കില്ല എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്)പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചെങ്കിലും വെള്ളിയാഴ്ച്ച തന്നെ നൂറോളം ബാലസ്റ്റിക് മിസൈലുകളാണ് ടെല്‍ അവിവ് ലക്ഷ്യമാക്കിയെത്തിയത്. ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോം തകര്‍ത്ത് പല മിസൈലുകളും ടെല്‍ അവിവില്‍ പതിച്ചു. അവിടെ നിന്നും വരുന്ന ചിത്രങ്ങള്‍ പ്രകാരം പല കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ജെറുസലേമിലും ടെല്‍ അവിവിലും വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതയാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച്ച രാത്രിയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടക്കുന്നത്. നൂറോളം മിസൈലുകള്‍ വന്നുവെന്നും അവയില്‍ മിക്കതും തങ്ങള്‍ക്ക് തടയാനോ ലക്ഷ്യത്തില്‍ നിന്നും അകറ്റാനോ സാധിച്ചുവെന്നാണ് ഒരു ഇസ്രയേലി സൈനിക വക്താവ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പല ഇറാന്‍ മിസൈലുകളും ഇസ്രയേലിന്റെ ബഹുതല പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ടെലിവിഷനില്‍ കൂടി നടത്തിയ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇസ്രയേലിലെ ആക്രമണം നടക്കുന്നത്. ‘ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേന ഈ ദുഷ്ട ശത്രുവിന് കനത്ത പ്രഹരമേല്‍പ്പിക്കും.’ എന്നായിരുന്നു ഖൊമേനിയുടെ പ്രതിജ്ഞ. ഇസ്രയേലിന്റെ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ അവരുടെ തന്നെ നാശം ആയിരിക്കുമെന്ന മുന്നറിയിപ്പും ഖൊമേനി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നൂറു കണക്കിന് മിസൈലുകള്‍ ഇസ്രയേലിലേക്ക് കുതിച്ചത്.
ഇറാന്‍ ഇസ്രയേലിന് കഠിനമായ ശിക്ഷ തന്നെ നല്‍കുമെന്നായിരുന്നു ഖൊമേനി വെള്ളിയാഴ്്ച്ച തന്നെ പ്രഖ്യാപിച്ചിരുന്നത്. അവരുടെ റവല്യൂഷണറി ഗാര്‍ഡിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ മുഹമ്മദ് പക്പൂറും അതേ ഭീഷണി തന്നെയാണ് മുഴക്കിയത്. ഹൊസ്സൈനി സലാമിയെ വെള്ളിയാഴ്ച്ച ഇസ്രയേല്‍ വധിച്ചതിനെ തുടര്‍ന്നാണ് അടിയന്തര നിയമനമായി പക്പൂര്‍ ചുമതലയേറ്റത്. മിഡില്‍ ഈസ്റ്റ് ഒരു നീണ്ട യുദ്ധത്തെ അഭിമുഖരിക്കുകയാണെന്ന മുന്നറിയപ്പോടെ പക്പൂര്‍ ഉയര്‍ത്തിയ ഭീഷണി വാക്കുകള്‍, നരകത്തിന്റെ കവാടം തുറക്കുകയാണെന്നായിരുന്നു.
അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ കൂടുതല്‍ പ്രതികാരദാഹികളായിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കറ്റസ് ആരോപിക്കുന്നത്. ‘ചുവപ്പ് വര’ കടന്നിരിക്കുന്നു ഇറാന്‍ എന്നാണ് പ്രതിരോധ മന്ത്രി ഭയപ്പെടുത്തുന്നത്. ഇറാന്റെ ആരോപണവും ഇസ്രയേല്‍ തങ്ങളുടെ ജനങ്ങള്‍ക്കിടയിലേക്കാണ് മിസൈലുകള്‍ ഇട്ടതെന്നായിരുന്നു.
ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നത് തുടരും, അതേസമയം തന്നെ ഖൊമേനി ഭരണകൂടം അവരുടെ ഹീനമായ പ്രവര്‍ത്തികള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉറപ്പിക്കുകയും ചെയ്യും’ ഇതാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി. Iran-Israel conflict: Iranian missiles hit Tel Aviv.
Content Summary; Iran-Israel conflict: Iranian missiles hit Tel Aviv.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.