July 16, 2026 |
Share on

മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ കുടുങ്ങി ഇന്ത്യയുടെ ബസ്മതി കർഷകരും

ബസ്മതി അരി ഏറ്റവും കൂടുതല്‍ കയറ്റി അയയ്ക്കുന്നത് ഇറാനിലേക്കാണ്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ അവതാളത്തിലായത് ഇന്ത്യയിലെ ബസ്മതി അരി കര്‍ഷകർ കൂടിയാണ്. ബസ്മതി അരി ഏറ്റവും കൂടുതല്‍ കയറ്റി അയയ്ക്കുന്നത് ഇറാനിലേക്കാണ്. അതിൽ 30 ശതമാനവും ഹരിയാനയിൽ നിന്നാണ്. സംഘർഷം കടുത്തതോടെ കയറ്റുമതി പൂർണമായി തടസപ്പെടുകയും അരിയുടെ പണം ലഭിക്കുന്നതിൽ വലിയ കാലതാമസം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഹരിയാനയിലെ കർണാൽ ജില്ല ബസുമതി കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ്. കൈതാൽ, സോണിപത്ത് നഗരങ്ങളും വിദേശ ആവശ്യകതയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ട്. മിഡിൽ ഈസ്റ്റ് സംഘർഷം വ്യാപാരത്തെ മോശമായി ബാധിച്ചതായി അരി കയറ്റുമതിക്കാരുടെ അസോസിയേഷന്റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് സുശീൽ ജെയിൻ പറഞ്ഞു.

‘രാജ്യത്ത് നിന്ന് ഇറാനിലേക്ക് ഏകദേശം 10 ലക്ഷം മെട്രിക് ടൺ ബസുമതി അരി കയറ്റുമതി ചെയ്യുന്നു, അതിൽ ഹരിയാനയുടെ വിഹിതം ഏകദേശം 30-35 ശതമാനമാണ്,’ അദ്ദേഹം പറഞ്ഞു. ഇറാനിലേക്കുള്ള ഏകദേശം 1 ലക്ഷം മെട്രിക് ടൺ ബസുമതി അരിയുടെ കയറ്റുമതി തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഇന്ത്യൻ കയറ്റുമതിക്കാർ ഇറാനിലേക്ക് കയറ്റുമതി ചെയ്ത ഏകദേശം 2 ലക്ഷം മെട്രിക് ടൺ അരിയുടെ 1,500 കോടി മുതൽ 2,000 കോടി രൂപ വരെയുള്ള പേയ്‌മെന്റുകളും സംഘർഷം കാരണം കുടുങ്ങിയതായി ജെയിൻ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആണ് ബസ്മതി അരിയുടെ മറ്റൊരു വിപണന കേന്ദ്രം.

വിലയിൽ ഇതിനകം തന്നെ നേരിയ ഇടിവ് അനുഭവപ്പെടുന്നതിനാൽ സംഘർഷം രൂക്ഷമാകുന്നത് ഇന്ത്യൻ വിപണിയെ സാരമായി തന്നെ ബാധിക്കും എന്നാണ് വിലയിരുത്തൽ. യുദ്ധസമയത്ത് കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതാണ് കയറ്റുമതിക്കാർ നേരിടുന്ന മറ്റൊരു പ്രശ്നം. സൗദി അറേബ്യ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബസുമതി അരി വിപണിയാണ് ഇറാൻ. രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുന്ന ബസ്മതി അരിയുടെ 25 ഇറാനിലേക്കും 20 ശതമാനം ഇറാഖിലേക്കുമാണ്. 2024-25 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ഇന്ത്യ ഇറാനിലേക്ക് ഏകദേശം 1 ദശലക്ഷം ടൺ സുഗന്ധദ്രവ്യ ധാന്യം കയറ്റുമതി ചെയ്തിരുന്നു. 2024-25 കാലയളവിൽ ഇന്ത്യ ഏകദേശം 6 ദശലക്ഷം ടൺ ബസുമതി അരിയും കയറ്റുമതി ചെയ്തു.

മിഡിൽ ഈസ്റ്റും പശ്ചിമേഷ്യൻ വിപണികളുമാണ് ആവശ്യക്കാരേറെയുള്ളവ. ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് മറ്റ് പ്രധാന ഉപഭോക്താക്കൾ. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇറാനിലേക്കുള്ള കയറ്റുമതിക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് നിര്‍ത്തിയതും തിരിച്ചടിയായി. ഈ രണ്ട് രാജ്യങ്ങളിലേക്കും മാത്രം പ്രതിവര്‍ഷം 16,000 കോടി രൂപയുടെ ബസ്മതി അരിയാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, 2024-25 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതി 1.91 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു.

ഇതില്‍ 19% കയറ്റുമതിയും ഇറാനിലേക്കായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്ന് 5.24 മെട്രിക് ടണ്‍ ബസ്മതി അരിയാണ് കയറ്റി അയച്ചത്. ഇതില്‍ ഇറാനിലേക്കുള്ള കയറ്റുമതി 0.67 മെട്രിക് ടണ്‍ ആയിരുന്നു. ആകെ കയറ്റുമതിയുടെ 13% വരുമിത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ, ആഗോള അരി വിപണിയുടെ 35% മുതല്‍ 40% വരെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയ്ക്കൊപ്പം തന്നെ പാകിസ്ഥാനും അരി കയറ്റുമതിയില്‍ സജീവമാണ്. ആഗോള അരിവ്യാപാരത്തിന്‍റെ 40% ഇന്ത്യയാണ് നിയന്ത്രിക്കുന്നതെങ്കില്‍, ബസ്മതി അരി കയറ്റുമതിയുടെ 35% പാക്കിസ്ഥാനാണ് നിയന്ത്രിക്കുന്നത്. 2022-23 ല്‍ അരി കയറ്റുമതിയില്‍ നിന്ന് ഇന്ത്യ 11 ബില്യണ്‍ ഡോളറിലധികം നേടി, പാകിസ്ഥാന്‍ 3.9 ബില്യണ്‍ ഡോളറും.

content summary: Rice exporters stare at major disruptions due to Iran-Israel conflict, payment delays

Leave a Reply

Your email address will not be published. Required fields are marked *

×