അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് ശക്തമായ മറുപടിയുമായി ഇറാന്‍. തങ്ങളുടെ എണ്ണക്കിണറുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍, അതിന് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്ക് നാലിരട്ടി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ സഘാബ് എസ്ഫഹാനി മുന്നറിയിപ്പ് നല്‍കി. മേഖലയിലെ ഉപരോധവും യുഎസ് ഭീഷണികളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ ‘നാലിരട്ടി പ്രഹര’ നയം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, യുഎസുമായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ റഷ്യയുടെ പിന്തുണ തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. യുഎസിന്റെ അമിതമായ നിബന്ധനകളാണ് മുന്‍പത്തെ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് കുറ്റപ്പെടുത്തിയ അരാഗ്ചി, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ആഗോള പ്രാധാന്യമുള്ള വിഷയമാണെന്നും ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഹോര്‍മുസ് കടലിടുക്കിലെ കാര്യങ്ങള്‍ മടങ്ങാന്‍ അനുവദിക്കില്ലെന്ന് ഇറാനിയന്‍ നിയമസഭാംഗം അലി നിക്‌സാദും വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ട്രംപിന്റെ ദേശീയ സുരക്ഷാ സംഘം പരിശോധിച്ചുവരികയാണ്. തങ്ങളുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍, യുഎസിന്റെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്ന് ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പുലഭിക്കാതെ ഗള്‍ഫ് മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ സ്ഥാനപതി അമീര്‍ സയീദ് ഇറവാനി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മറുഭാഗത്ത്, സമാധാന ശ്രമങ്ങള്‍ക്കിടയിലും ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഏപ്രില്‍ 17-ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം ഉണ്ടായ ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് മറുപടിയായി തങ്ങളും ആക്രമണം തുടരുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. അതിനിടെ, ഇസ്രയേല്‍ വിരുദ്ധ നിലപാടുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകരെ യുഎസ് തടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് പുതിയ വിവാദത്തിന് തിരികൊളുത്തി. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യുഎസ് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ പ്രതികരിച്ചു. നയതന്ത്ര നീക്കങ്ങള്‍ സജീവമാണെങ്കിലും മേഖലയിലെ സൈനിക നീക്കങ്ങളും ഭീഷണികളും പശ്ചിമേഷ്യയെ കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്.
This post was last modified on April 28, 2026 12:03 pm
Leave a Comment