വലിയ ജനകീയ പ്രതിഷേധത്തിനാണ് ഇറാന്‍ ഇപ്പോള്‍ വേദിയായിരിക്കുന്നത്. ഇറാനിയന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച ജീവിതസാഹചര്യങ്ങള്‍ തീരെ മോശമാക്കിയതോടെയാണ് ജനം തെരുവിലിറങ്ങിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താറുള്ള ഭരണകൂടം ഇത്തവണ സമരനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിഷേധക്കാരുടെ ‘നിയമപരമായ ആവശ്യങ്ങള്‍’ കേള്‍ക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ജനങ്ങളുടെ ഉപജീവനമാണ് എന്റെ പ്രധാന ആശങ്ക എന്നായിരുന്നു പ്രസിഡന്റ് പെസെഷ്‌കിയാന്‍ എക്‌സില്‍ പങ്കുവച്ചത്. ബാങ്കിംഗ് സംവിധാനം പരിഷ്‌കരിക്കാനും ജനങ്ങളുടെ ക്രയശേഷി സംരക്ഷിക്കാനുമുള്ള നടപടികള്‍ അജണ്ടയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സമരമാണിത്. അന്ന് പോലീസ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചും വെടിവെയ്പ്പിലൂടെയും സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്.
‘പേടിക്കണ്ട, നമ്മള്‍ ഒന്നിച്ചാണ്’, ‘ആസാദി’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരായി തെരുവുകളില്‍ മുഴങ്ങുന്നത്. പ്രതിഷേധം കനത്തതോടെ സമരക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു.
അമേരിക്കന്‍ ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയിലേക്കാണ് വീണത്. ജീവിതം ദുരിതത്തിലായതോടെ സഹികെട്ട ജനം ഞായറാഴ്ചയോടെ പ്രതിഷേധങ്ങള്‍ക്കിറങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി ടെഹ്റാന്‍ നഗരമധ്യത്തിലെ വ്യാപാരികളും കടയുടമകളും കടകളടച്ചു. തലസ്ഥാനത്തിനു പുറമെ ഇസ്ഫഹാന്‍, ഷിറാസ്, മഷാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
2022-ല്‍ ഡോളറിന് 430,000 റിയാല്‍ ആയിരുന്നത് ഇപ്പോള്‍ 1.42 ദശലക്ഷം റിയാലായി കുറഞ്ഞിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സെന്‍ട്രല്‍ ബാങ്ക് തലവന്‍ മുഹമ്മദ് റെസ ഫര്‍സിന്‍ രാജിവെച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷണസാധനങ്ങള്‍ക്ക് 72 ശതമാനവും മരുന്നുകള്‍ക്ക് 50 ശതമാനവും വില വര്‍ദ്ധിച്ചതാണ് ജനരോഷം ശക്തമാകാന്‍ കാരണം. ഇതിനിടയിലാണ് അടുത്ത മാര്‍ച്ച് 21 മുതല്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊപ്പം പുറത്തുനിന്നുള്ള ഭീഷണികളും ഇറാന്‍ നേരിടുന്നുണ്ട്. ഇറാന്‍ തങ്ങളുടെ ആണവപദ്ധതി പുനരാരംഭിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സൈനിക തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ജൂണില്‍, ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.
Content Summary; Iran people protest government has called for dialogue with protest leaders. plunging currency and declining living conditions
This post was last modified on December 31, 2025 9:24 am
Leave a Comment