രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ആദ്യമായി സമ്മതിച്ചു. വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരില്‍ ചിലര്‍ ‘ക്രൂരവും അമാനുഷികവുമായ’ രീതിയിലാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തുണ്ടായ ഈ രക്തച്ചൊരിച്ചിലിന് ഉത്തരവാദി അമേരിക്കയാണെന്നാണ് ഖമേനി കുറ്റപ്പെടുത്തിയത്.
ഇറാന്റെ തെരുവുകളില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങളെ പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘കുറ്റവാളി’ എന്നാണ് ഖമേനി കുറ്റപ്പെടുത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും പരമോന്നത നേതാവ് ആഹ്വാനം ചെയ്തു. ‘ദൈവകൃപയാല്‍ ഇറാനിയന്‍ ജനത ഈ കലാപകാരികളുടെ നട്ടെല്ല് തകര്‍ക്കും,’ എന്നായിരുന്നു ഖമേനിയുടെ വാക്കുകള്‍.
പ്രതിഷേധക്കാര്‍ക്കിടയില്‍ തോക്കുകളും കത്തികളുമായി അക്രമികള്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതായുള്ള ദൃശ്യങ്ങള്‍ ഇറാനിയന്‍ അധികൃതര്‍ പുറത്തുവിടുന്നുണ്ട്. വിദേശ രാജ്യങ്ങള്‍ അയച്ച അട്ടിമറിക്കാരാണ് ഇവരെന്നാണ് ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അധികൃതര്‍ വാദിക്കുന്നത്.
പ്രതിഷേധക്കാരെ വധിക്കണമെന്ന് മുതിര്‍ന്ന ഇറാനിയന്‍ പുരോഹിതനായ ഖതാമി ആവശ്യപ്പെട്ടു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ‘സൈനികര്‍’ എന്നാണ് അദ്ദേഹം പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത്.
പ്രതിഷേധക്കാര്‍ 350 പള്ളികളും, 400 ആശുപത്രികളും, നൂറുകണക്കിന് ആംബുലന്‍സുകളും അഗ്‌നിശമന സേനാ വാഹനങ്ങളും തകര്‍ത്തതായും ഖതാമി ആരോപിച്ചു.
ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 3,090-ലധികം പേര്‍ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 22,100-ലധികം പേരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. 4,000-ത്തോളം കേസുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
തടവിലാക്കപ്പെട്ടവര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഡിസംബര്‍ 28-ന് ഇറാനിയന്‍ കറന്‍സിയായ ‘റിയാലിന്റെ’ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറിയത്. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്‍ കണ്ട ഏറ്റവും മാരകമായ അടിച്ചമര്‍ത്തലാണിത്.
പ്രതിഷേധക്കാരുടെ വധശിക്ഷ നടപ്പാക്കുന്നത് ഇറാന്‍ നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. 800-ഓളം പേരുടെ വധശിക്ഷ ഒഴിവാക്കിയതിന് അദ്ദേഹം നന്ദി അറിയിച്ചെങ്കിലും ഈ കണക്കുകളുടെ ഉറവിടം വ്യക്തമല്ല.
അതേസമയം, ഇറാനിലെ മുന്‍ ഭരണാധികാരി ഷായുടെ മകനായ റെസ പഹ്ലവി പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റോമില്‍ നടന്ന പ്രതിഷേധങ്ങളില്‍ പ്രവാസികളായ ഇറാന്‍ വംശജര്‍ പഹ്ലവിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചാണ് ഭരണകൂട ഭീകരതയ്‌ക്കെതിരെ രംഗത്തുവന്നത്.
നിലവില്‍ ഇറാനില്‍ ഒരാഴ്ചയിലേറെയായി ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ലോകവുമായുള്ള ബന്ധം മുറിഞ്ഞ അവസ്ഥയിലാണ് രാജ്യം ഇപ്പോഴും തുടരുന്നത്.
Content Summary; Iran protests, Supreme leader Ayatollah Ali Khamenei says thousands killed and blamed the US for the death toll
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.