നാല് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ. ഇറാനിലെ ഫാർസ് പ്രവിശ്യയിലെ ബെയ്‌റാമിൽ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളികളിൽ ഒരാളെയാണ് പരസ്യമായി തൂക്കിലേറ്റിയത്. ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഇറാൻ. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇറാനിൽ വധശിക്ഷയാണ് നൽകുന്നത്.
സാധാരണയായി പുലർച്ചെയാണ് പരസ്യമായുള്ള വധശിക്ഷകൾ ഇറാനിൽ നടപ്പാക്കുന്നത്. 2024 ഒക്ടോബറിൽ നടന്ന ഒരു മോഷണത്തിനിടെ അമ്മയെയും മൂന്ന് കുട്ടികളെയും പ്രതിയും ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയതായി ഇറാനിലെ ജുഡീഷ്യറി വാർത്താ പോർട്ടലായ മിസാൻ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരിയിൽ ഇരുവർക്കും വധശിക്ഷ വിധിക്കുകയും ഏപ്രിലിൽ സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തു. അതേസമയം, പ്രതിയുടെ ഭാര്യയെ ജയിലിൽ വെച്ച് തൂക്കിലേറ്റുമെന്ന് സർക്കാർ അറിയിച്ചെങ്കിലും തീയതി വ്യക്തമാക്കിയിട്ടില്ല.
2021ൽ മാത്രം ഇറാൻ 280 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി യുഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ വധശിക്ഷ നടപ്പാക്കുന്നത് വർധിച്ചതായും 2022ലെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2021ൽ വധശിക്ഷക്ക് വിധേയമാക്കിയ 280 പേരിൽ 10 പേർ സ്ത്രീകളാണ്. 18 വയസ്സിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. 2021ൽ 40 ൽ അധികം ബലൂച് വംശജരെയും 50 ൽ അധികം കുർദ് വംശജരെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നതായും അത് ആശങ്കാജനകമാണെന്നും അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2023ൽ 13 പേരുടെ മരണത്തിനിടയാക്കിയ ആക്രമണക്കേസിലെ പ്രതികളെ ഇറാൻ പരസ്യമായി തൂക്കിലേറ്റിയിരുന്നു. തെക്കൻ നഗരമായ ഷിറാസിലെ ഒരു ആരാധനാലയത്തിന് നേരെ നടന്ന വെടിവയ്പ് കേസിലെ പ്രതികളെയാണ് തൂക്കിലേറ്റിയത്. കഴിഞ്ഞ വർഷം ഇരുപത് വർഷത്തിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തത 43 കാരനെ പരസ്യമായി തൂക്കിലേറ്റിയിരുന്നു.
ജലക്ഷാമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയും നീതിക്കായി ശബ്ദമുയർത്തുന്നവർക്കെതിരെയും ഇറാനിൽ ശക്തമായ ശിക്ഷ സ്വീകരിക്കുന്നതിൽ വിമർശനങ്ങൾ ശക്തമാണ്. തടവറയിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിലും കൃത്യമായ അന്വേഷണമില്ലെന്നുള്ള ആശങ്കയും 2022 ലെ യുഎന്നിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2021 ജനുവരി 1നും ഡിസംബർ 1നും ഇടയിൽ കുറഞ്ഞത് 11 കുർദിഷ് തടവുകാർ ജയിലിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Content Summary: Iran publicly executes man for killing family of four; 280 people were hanged in 2021
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.