ഇസ്രയേലുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇറാന്‍ നല്‍കേണ്ടി വരുന്ന വില

ഇപ്പോഴത്തെ ആക്രമണം ഇറാന്റെ തന്ത്രത്തിലെ ശ്രദ്ധേയമായൊരു വ്യതിയാനമായി കാണാം

iran-israel conflict

ഇറാന്‍ അയച്ച 180 ന് അടുത്ത് ബാലസ്റ്റിക് മിസൈലുകളില്‍ ഏറിയ പങ്കും ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് തടഞ്ഞുവെങ്കിലും, ആ വ്യോമാക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റിനെ വിനാശകരവും വലിയ വില കൊടുക്കേണ്ടിയും വരുന്ന ഒരു യുദ്ധത്തിനടുത്താണ് കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ തിരിച്ചടിക്ക് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. ഇറാന്‍ ‘വില നല്‍കേണ്ടി’ വരുന്ന ‘ഒരു വലിയ തെറ്റ്’ എന്നാണ് നെതന്യാഹു നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പോഴത്തെ ആക്രമണം ഇറാന്റെ തന്ത്രത്തിലെ ശ്രദ്ധേയമായൊരു വ്യതിയാനമായി കാണാം. ഗസയിലും ലെബനോനിലുമായി തങ്ങളുടെ സഖ്യകക്ഷികളായ ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരേ ആഴ്ച്ചകളായി തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളാണ് ഇറാന്റെ മാറ്റത്തിന് പിന്നില്‍. മുന്‍കാലങ്ങള്‍ പരിശോധിച്ചാല്‍, ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ ഹമാസിനെയോ ഹിസ്ബുള്ളയോ പോലുള്ള ഗ്രൂപ്പുകളെയാണ് തെരഞ്ഞെടുക്കാറുള്ളത്. ഇസ്രയേലുമായുള്ള നേരിട്ട് ഏറ്റമുട്ടലില്‍ അവര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അകത്ത് നിന്ന് തന്നെ ഉണ്ടാകുന്ന വിയോജിപ്പുകളും, കലഹങ്ങളും ഉള്‍പ്പെടെ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കി കൊണ്ടായിരുന്നു ആ ജാഗ്രത പുലര്‍ത്തല്‍.

ജൂലൈയില്‍ ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ച് വധിച്ച ഘട്ടത്തില്‍ തന്നെ പ്രതികാരത്തിന് ഇറാന്‍ പ്രതിജ്ഞ ചെയ്തതായിരുന്നു. ഹിസ്ബുള്ളയെയായിരുന്നു ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ളയ്‌ക്കെതിരായി ആക്രമണത്തിന്റെ തീവ്രത കൂട്ടിയതോടെ, ഇറാന്റെ മറ്റൊരു കൂട്ടാളിയായ യെമനിലെ ഹൂതികള്‍ ഇസ്രയേല്‍ നഗരങ്ങളെയും ചെങ്കടലിലെ അമേരിക്കന്‍ കപ്പലുകളെയും ലക്ഷ്യമായി മിസൈലുകളും ഡ്രോണുകളും പായിച്ചു. ഇത് യെമനെതിരേയും വ്യോമയുദ്ധത്തിന് ഇസ്രയേലിനെ സന്നദ്ധരാക്കി.

നേരിട്ടുള്ള ഇടപെടലിന്റെ അഭാവം തങ്ങളുടെ നിഷ്‌ക്രിയത്വമായി കരുതപ്പെടുമെന്നൊരു വീക്ഷണത്തില്‍ ഇറാന്‍ എത്തിച്ചേര്‍ന്നിരുന്നു. ഇസ്രയേലിനെതിരായ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ നേതാവ് എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം ദുര്‍ബലമാക്കുമെന്നും ഇറാന്‍ കരുതി. അമേരിക്കയെ എതിര്‍ക്കുക, പലസ്തീന്‍ പ്രദേശങ്ങളെ സ്വതന്ത്രമാക്കുക എന്നീ പ്രതിബദ്ധതകളില്‍ വേരൂന്നിയ ഇറാന്റെ ദേശീയ സ്വത്വത്തിന്റെ ഭാഗമാണ് ഇസ്രയേലിനെ നേരിടുകയെന്നതും. ഇതില്‍ പരാജയപ്പെടുകയെന്നത് ഇറാന്റെ വ്യക്തിത്വത്തിന്റെ പരാജയം കൂടിയാണ്.

എന്നിരിക്കിലും നേരിട്ടുള്ള ആക്രമണങ്ങളുടെ അപകട സാധ്യത വളരെ വലുതാണ്. ആഭ്യന്തരമായി ഇറാന്‍ ഭരണകൂടം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സ്ത്രീകളുടെ വിമോചന പോരാട്ടങ്ങള്‍, ഹിജാബ് ധരിക്കാത്തതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ രക്തസാക്ഷിത്വം ഉയിര്‍പ്പു കൊടുത്ത സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ പൊരുതലുകള്‍ അടക്കം രാജ്യത്തിനകത്ത് പ്രതിസന്ധികള്‍ രൂക്ഷമാണ്. അതോടൊപ്പമാണ് മേഖലയെ കലുഷിതമാക്കി നിര്‍ത്തുന്ന, ഭരണകൂടത്തിന്റെ കാലങ്ങളായി തുടരുന്ന ഇസ്രയേല്‍-അമേരിക്കന്‍ വിരുദ്ധതയെ ചോദ്യം ചെയ്തു ജനങ്ങള്‍ മുന്നോട്ടു വരുന്നത്.

ഇസ്രയേലും യുഎസ്സുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന ആഭ്യന്തര ഭിന്നത സൃഷ്ടിക്കുമെന്നും അധികാരികള്‍ ഭയപ്പെടുന്നുണ്ട്.

പുതിയതായി അധികാരമേറിയ പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസുദ് പെസഷ്‌കിയാന്‍ പടിഞ്ഞാറുമായുള്ള രാജ്യത്തിന്റെ ബന്ധം സൗഹാര്‍ദ്ദപരമാക്കാനും, അതോടൊപ്പം ആണവപരീക്ഷണങ്ങളുടെ കാര്യത്തില്‍ പുനരാലോചനകള്‍ നടത്താനും സന്നദ്ധനായി നില്‍ക്കുകയാണ്. ഈയൊരു സമയത്ത് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തിന്റെ താത്പര്യത്തിന് ഒരുതരത്തിലും സഹായകരമാകില്ല.

പക്ഷേ, ഇറാന്റെ കാര്യത്തില്‍ ഒരു പ്രശ്‌നമുണ്ട്. അവിടെ പ്രസിഡന്റല്ല കാര്യങ്ങളുടെ അന്തിമ തീരുമാനം. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയാണ് യുദ്ധമോ സമാധാനമോ എന്ന തീരുമാനം എടുക്കുന്നത്. ഇസ്രയേലിനെതിരേ കൂടുതല്‍ ആക്രമണോത്സുക നിലപാട് സ്വീകരിക്കണമെന്ന് വാദിക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്(ഐആര്‍ജിസി)-ന്റെ നിലപാട് ഖൊമേനിയെ സ്വാധീനിച്ചിട്ടുണ്ടെന്നും കരുതാം.

ഇറാന്‍ ഭരണകൂടം ഇപ്പോള്‍ ശ്രമിക്കുന്നത്, മേഖലയിലെ ശക്തികേന്ദ്രമെന്ന അവരുടെ പ്രധാന്യം നിലനിര്‍ത്തുകയും അതോടൊപ്പം ആഭ്യന്തര വിയോജിപ്പുകളെ നിയന്ത്രിക്കുകയും തങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കാനുമാണ്. മുന്‍പ്, ആക്രമണാത്മക വിദേശ നയം കൊണ്ടായിരുന്നു ആഭ്യന്തര വിയോജിപ്പുകളെ ഭരണകൂടം നിശബ്ദമാക്കിയിരുന്നത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നു. നേതൃത്വത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്ന തരത്തില്‍ ഇസ്രയേല്‍ പ്രകോപനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഇറാന്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

തത്ഫലമായി, വര്‍ദ്ധിക്കുന്ന സംഘര്‍ഷം, ഇസ്രയേലില്‍ നിന്നു നേരിട്ടുള്ള തിരിച്ചടി, പൂര്‍ണ തോതിലുള്ള ഒരു യുദ്ധം എന്നിവയുണ്ടാക്കുന്ന അപകട സാധ്യതകള്‍ ഇറാന് അംഗീകരിക്കേണ്ടി വന്നു.

ഇറാനെതിരായി യു എസ്സിന്റെ നടപടി കൂടി ആവശ്യപ്പെടുന്ന ഇപ്പോഴത്തെ സംഘര്‍ഷം നെതന്യാഹുവിന്റെ തന്ത്രത്തോട് യോജിക്കുന്നതാണ്. അമേരിക്കയുടെ പിന്തുണയോടുകൂടി ഇറാനെതിരേ യുദ്ധം ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്ക്കും.

പേര്‍ഷ്യന്‍ ഗള്‍ഫിലെ അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നതുകൊണ്ട് തന്നെ ഇസ്രയേലിനെതിരായ ഏതൊരാക്രമണവും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്നറിയാവുന്നതിനാല്‍ ഏത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറെടുക്കുകയാണ് ഇറാന്‍. ഇത് മേഖലയിലെ വ്യാപരത്തിനും സുരക്ഷയ്ക്കും കാര്യമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കും.

തങ്ങളുടെ സ്വത്വവും നേതൃത്വവും ഉറപ്പിക്കുന്നതിനു വേണ്ടി കണക്കുകൂട്ടി നടത്തിയതാണ് ഇറാന്റെ ഇസ്രയേലിനെതിരായ ആക്രമണമെങ്കിലും, അതുണ്ടാക്കുന്ന തിരിച്ചടിയും മേഖലയിലുടനീളം വര്‍ദ്ധിക്കുന്ന സംഘര്‍ഷവുമൊക്കെയാണ് ഇതിന് പിന്നാലെയുണ്ടാകുന്ന അപകടമെന്നതാണ് രത്‌നചുരുക്കം.  Iran’s Possible Costs in a Direct War with Israel

Content Summary; Iran’s Possible Costs in a Direct War with Israel

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment