ഇറാനിലെ തെരുവുകളില്‍ മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ പോരാടുകയും ജീവന്‍ കൊടുക്കുകയും ചെയ്യുമ്പോള്‍, രാജ്യത്തെ ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ഔദ്യോഗിക പദവികളും രാജ്യത്തെ സമ്പത്തും ഉപയോഗിച്ച് സ്വന്തം മക്കള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ സുഖസൗകര്യങ്ങളൊരുക്കുന്നു എന്ന ഗുരുതരമായ ആരോപണം ശക്തമാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടിച്ചമര്‍ത്തലുകളും നേരിടുന്ന ഇറാന്‍ ജനതയുടെ ചെലവിലാണ് ഈ ആഡംബരമെന്നാണ് വിമര്‍ശനം. അമേരിക്കയുമായുള്ള സൈനിക സംഘര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഈ ‘കാപട്യം’ പ്രതിപക്ഷ ഗ്രൂപ്പുകള്‍ ആയുധമാക്കുന്നത്.
ഇറാനിലെ സുപ്രധാന പദവികള്‍ അലങ്കരിക്കുന്ന പല നേതാക്കളുടെയും മക്കളും ബന്ധുക്കളും അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലുമായി സുരക്ഷിതരായി കഴിയുകയാണ്. ഇതില്‍ ഏറ്റവും പ്രധാനമായി വിമര്‍ശനം നേരിടുന്നത് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അലി ലാറിജാനിയാണ്. പാശ്ചാത്യ മൂല്യങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന ലാറിജാനിയുടെ മകള്‍ അമേരിക്കയിലും, സഹോദരപുത്രന്മാര്‍ ബ്രിട്ടനിലും കാനഡയിലുമാണ് താമസം. ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ലാറിജാനി എന്നതും ശ്രദ്ധേയമാണ്.
ഇറാനിലെ അധികാരവര്‍ഗത്തിന്റെ പിന്‍ഗാമികള്‍ ‘അഘസാദെകള്‍’ എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ ആഡംബര ജീവിതരീതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് സാധാരണക്കാരെ വല്ലാതെ രോഷാകുലരാക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഡോളര്‍ സ്റ്റൈപ്പന്റുകള്‍ ഉപയോഗിച്ച് ഇവര്‍ വിദേശങ്ങളില്‍ പഠിക്കുകയും താമസിക്കുകയും ചെയ്യുമ്പോള്‍, ഇറാനിലെ ദാരിദ്ര്യവും രാഷ്ട്രീയ അടിച്ചമര്‍ത്തലും കാരണം പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുകയോ ജയിലിലാകുകയോ ചെയ്യുന്നത്.
ഏകദേശം 4,000-ത്തോളം ഭരണകൂട ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും വിദേശരാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ തന്നെ വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് ഇറാന്‍ ഒരു നരകമാക്കി മാറ്റിയവര്‍ തങ്ങളുടെ മക്കളെ സുഖമായി ജീവിക്കാന്‍ വിദേശത്തേക്ക് അയക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
പ്രധാന നേതാക്കളുടെ കുടുംബാംഗങ്ങള്‍
അലി ലാറിജാനി: ഇദ്ദേഹത്തിന്റെ മകള്‍ ഫാത്തിമ അര്‍ദേഷിര്‍ ലാറിജാനി അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. എന്നാല്‍ ഇവരെ പുറത്താക്കണമെന്ന ഓണ്‍ലൈന്‍ ക്യാമ്പയിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അവരുടെ ജോലി അവസാനിപ്പിച്ചു.
മുഹമ്മദ് ജവാദ് ലാറിജാനി: ഇദ്ദേഹത്തിന്റെ മകന്‍ ഹാദി ബ്രിട്ടനിലെ ഗ്ലാസ്ഗോ കാലിഡോണിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. മറ്റൊരു മകന്‍ സീന വാന്‍കൂവറിലെ റോയല്‍ ബാങ്ക് ഓഫ് കാനഡയില്‍ ഡയറക്ടറായി ജോലി ചെയ്യുന്നു.
ഹസന്‍ റൂഹാനി: മുന്‍ പ്രസിഡന്റ് റൂഹാനിയുടെ അനന്തരവള്‍ മറിയം ഫെറെയ്ദൂണ്‍ ലണ്ടനിലെ ഡച്ച് ബാങ്കിലാണ് ജോലി ചെയ്യുന്നത്.
മാസൂമെ എബ്‌തേക്കര്‍: 1979-ല്‍ അമേരിക്കന്‍ എംബസി ഉപരോധത്തിന് നേതൃത്വം നല്‍കിയ എബ്‌തേക്കറുടെ മകന്‍ ഈസ ഹാഷിമി ഇപ്പോള്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് കഴിയുന്നത്.
മുഹമ്മദ് ജവാദ് സരീഫ്: മുന്‍ വിദേശകാര്യ മന്ത്രിയുടെ മകന്‍ മെഹ്ദി സരീഫ് മാന്‍ഹട്ടനിലെ കോടികള്‍ വിലമതിക്കുന്ന വീട്ടിലായിരുന്നു താമസമെന്നും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ആരോപണമുണ്ട്.
മുഹമ്മദ് ബഖര്‍ ഖാലിബാഫ്: ടെഹ്റാന്‍ മുന്‍ മേയറുടെ മകന്‍ ഏലിയാസ് ഖാലിബാഫ് ഓസ്ട്രേലിയയിലാണ് കഴിയുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്
ഇറാനിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം കഴിഞ്ഞ 47 വര്‍ഷമായി ജനങ്ങളെ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ക്ക് നേര്‍വിപരീതമായാണ് ഭരണാധികാരികളുടെ മക്കള്‍ ജീവിക്കുന്നത് എന്നതാണ് ഇവിടത്തെ പ്രധാന വൈരുദ്ധ്യം. ഇത്തരം നേതാക്കളുടെ മക്കളുടെ വിസ റദ്ദാക്കുമെന്ന് അമേരിക്കന്‍ ഭരണകൂടം ഇടയ്ക്ക് പ്രസ്താവനകള്‍ നടത്തിയെങ്കിലും, നടപടികള്‍ ഒന്നുമായിട്ടില്ല. പലപ്പോഴും ഇത്തരം വിദേശ ബന്ധങ്ങളെ ഇന്റലിജന്‍സ് ആവശ്യങ്ങള്‍ക്കായി പാശ്ചാത്യ ഏജന്‍സികള്‍ ഉപയോഗപ്പെടുത്താറുള്ളതുകൊണ്ടും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നതായി പറയുന്നു. കൂടാതെ, ഒരാളുടെ മാതാപിതാക്കളുടെ പ്രവൃത്തിക്ക് മക്കളെ ശിക്ഷിക്കുന്നതിനോട് പാശ്ചാത്യ നിയമവ്യവസ്ഥകള്‍ക്ക് താല്പര്യമില്ലാത്തതും ഇവര്‍ക്ക് ഗുണകരമാകുന്നു.
ഇറാനിലെ സാധാരണക്കാര്‍ ദാരിദ്ര്യവും വിവേചനവും നേരിടുമ്പോള്‍, അവരെ അടക്കി ഭരിക്കുന്നവരുടെ കുടുംബങ്ങള്‍ ശത്രുരാജ്യങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ തന്നെ രാജകീയമായി വാഴുന്നത് ഇറാനിലെ വിപ്ലവ ഭരണകൂടത്തിന്റെ ധാര്‍മ്മിക തകര്‍ച്ചയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Content Summary: Iran’s ruling elite hypocrisy using the state’s wealth to help to fund their adult children’s lives in the west
This post was last modified on February 26, 2026 10:06 am
Leave a Comment