June 04, 2026 |
Share on

നൊബേല്‍ സമാധാന ജേതാവ് നര്‍ഗസ് മുഹമ്മദിയെ ഏഴ് വര്‍ഷം കൂടി തടവിന് വിധിച്ച് ഇറാന്‍

ഫെബ്രുവരി 2 മുതല്‍ മുഹമ്മദി നിരാഹാര സമരത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്

നൊബേല്‍ സമാധാന പുരസ്‌കാര ജേതാവ് നര്‍ഗസ് മുഹമ്മദിയെ വീണ്ടും ഏഴ് വര്‍ഷത്തിലധികം തടവ് ശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍ ഭരണകൂടം. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് തടവിലാക്കപ്പെട്ടവര്‍ക്ക് നേരെയും എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവര്‍ക്കു നേരെയും ടെഹ്റാന്‍ ശക്തമായ അടിച്ചമര്‍ത്തല്‍ തുടരുന്നതിനിടെയാണ്, നിരാഹാര സമരം ആരംഭിച്ച മുഹമ്മദിക്കെതിരെ പുതിയ ശിക്ഷാനടപടി ഉണ്ടായിരിക്കുന്നത്. സുരക്ഷാ സേനയുടെ നടപടികളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പുതിയ നീക്കം.

മുഹമ്മദിയുടെ അഭിഭാഷകന്‍ മുസ്തഫ നിലിയെ ഉദ്ധരിച്ചാണ് അവരുടെ അനുയായികള്‍ ഈ വിവരം പുറത്തുവിട്ടത്. ശനിയാഴ്ച മഷ്ഹദ് നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് നിലി എക്‌സിലൂടെ സ്ഥിരീകരിച്ചു. ‘ഒത്തുചേരലിനും ഗൂഢാലോചനയ്ക്കും’ ആറ് വര്‍ഷവും, ‘പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്’ ഒന്നര വര്‍ഷവും തടവാണ് വിധിച്ചിരിക്കുന്നത്. ഇതിനുപുറമെ രണ്ട് വര്‍ഷത്തെ യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ഏകദേശം 740 കിലോമീറ്റര്‍ അകലെയുള്ള ഖോസ്ഫ് നഗരത്തിലേക്ക് രണ്ട് വര്‍ഷത്തെ ആഭ്യന്തര നാടുകടത്തലിനും വിധിച്ചു. എന്നാല്‍ ഇറാന്‍ ഭരണകൂടം ഈ വിധിയെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 2 മുതല്‍ മുഹമ്മദി നിരാഹാര സമരത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മഷ്ഹദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മനുഷ്യാവകാശ അഭിഭാഷകന്‍ ഖോസ്രോ അലികോര്‍ഡിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് അവരെ അറസ്റ്റ് ചെയ്തത്. ചടങ്ങില്‍ അലികോര്‍ഡിക്കും മറ്റുള്ളവര്‍ക്കും വേണ്ടി അവര്‍ നീതി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് 2024 ഡിസംബറില്‍ അനുവദിച്ച പരോള്‍ നീണ്ടുപോയെങ്കിലും, അവര്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അനുയായികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണില്‍ ഇറാനും ഇസ്രയേലും തമ്മില്‍ നടന്ന 12 ദിവസത്തെ യുദ്ധസമയത്തും അവര്‍ പുറത്തായിരുന്നു. പരോള്‍ കാലയളവിലും പ്രകടനങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും സജീവമായിരുന്ന അവര്‍ തടവിലാക്കപ്പെട്ടിരുന്ന എവിന്‍ ജയിലിന് മുന്നില്‍പ്പോലും പ്രതിഷേധം നടത്തിയിരുന്നു. രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് 13 വര്‍ഷവും ഒമ്പത് മാസവും തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു അവര്‍.

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെയും മുഹമ്മദി പിന്തുണച്ചിരുന്നു. തടവില്‍ കഴിയുന്നതിനിടെ ഒന്നിലധികം തവണ ഹൃദയാഘാതം സംഭവിച്ച അവര്‍ക്ക് 2022-ല്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. എല്ലിലെ അര്‍ബുദ സാധ്യതയുള്ള ഒരു മുഴയും പിന്നീട് നീക്കം ചെയ്തിരുന്നു. നിലവിലെ രോഗാവസ്ഥ കണക്കിലെടുത്ത് അവര്‍ക്ക് ജാമ്യം നല്‍കി ചികിത്സ ഉറപ്പാക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, പ്രതിഷേധങ്ങള്‍ക്ക് ശേഷം വിയോജിക്കുന്നവര്‍ക്കെതിരെ കടുത്ത നിലപാടാണ് ഇറാന്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ സൈനികാക്രമണ ഭീഷണി ഒഴിവാക്കുന്നതിനായി ആണവ പദ്ധതിയെക്കുറിച്ച് ഇറാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദിക്കെതിരായ പുതിയ വിധി പുറത്തുവരുന്നത്. ഒമാനില്‍ അമേരിക്കയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ, വന്‍ശക്തികളുടെ നിബന്ധകളോട് ‘പറ്റില്ല’ എന്ന് പറയാനുള്ള തങ്ങളുടെ കഴിവാണ് തങ്ങളുടെ കരുത്ത് എന്നാണ് ഇറാന്റെ ഉന്നത നയതന്ത്രജ്ഞന്‍ വിശേഷിപ്പിച്ചത്.

Content Summary; Iran sentenced Nobel peace prize laureate Narges Mohammadi to more than seven more years in prison

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×