ഇറാന്റെ സൈനിക ശേഷി തകര്‍ത്തെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ തെറ്റാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ട ശേഷമുള്ള കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗള്‍ഫ് മേഖലയിലുള്ള ഒമ്പത് യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍. ഇറാന്റെ അതിശക്തമായ ആക്രമണങ്ങളാണ് ഇവിടങ്ങളില്‍ നടന്നിരിക്കുന്നത്. അതീവ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാനുള്ള സൈനികശേഷി ഇറാന്‍ ഇപ്പോഴും ഉണ്ടെന്നാണ് ഈ ആക്രമണങ്ങളുടെ ലഭ്യമായ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് സേന താമസിക്കുന്ന സ്ഥലങ്ങള്‍, പ്രവര്‍ത്തന മേഖലകള്‍, ഡ്രോണ്‍ ഷെല്‍ട്ടറുകള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഇറാന്റെ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജോര്‍ദാനിലെ മുവഫാഖ് സല്‍തി എയര്‍ ബേസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഒരു ഡസനോളം സൈനികരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലെ യുഎസ് സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ജോര്‍ദാനിലും കുവൈറ്റിലും കനത്ത നാശനഷ്ടം
കൊല്ലപ്പെട്ട മൂന്ന് സൈനികരും (ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലര്‍ ജെയിംസ് ഫീഹാന്‍, പ്രൈവറ്റ് ഇസബെല്ല ഗോണ്‍സാലസ്, സര്‍ജന്റ് ഏഞ്ചല്‍ റാംപെര്‍സാഡ്) മുവഫാഖ് സല്‍തി എയര്‍ ബേസിലെ മിസൈല്‍ പ്രതിരോധ യൂണിറ്റുകളില്‍ സേവനമനുഷ്ഠിച്ചവരാണ്. സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഇവിടേക്ക് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വന്നിരുന്നു. ഏറ്റവും പുതിയ ആക്രമണത്തില്‍ ഇവിടുത്തെ താമസസ്ഥലങ്ങള്‍ക്ക് പുറമെ രണ്ട് ഹാംഗറുകളും മൂന്ന് ഡ്രോണ്‍ ഷെല്‍ട്ടറുകളും തകര്‍ന്നു. ആകെ ഇരുപതോളം കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.
ജോര്‍ദാന്‍-സിറിയന്‍ അതിര്‍ത്തിയിലെ യുഎസ് സൈനിക താവളമായ ‘ടവര്‍ 22’ നു നേരെയും ആക്രമണമുണ്ടായി. ഇവിടുത്തെ പ്രധാന കെട്ടിടങ്ങളിലൊന്ന് പൂര്‍ണ്ണമായി നിലംപൊത്തിയതായി ടെലഗ്രാമില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ സ്ഥിരീകരിക്കുന്നു. (2024ല്‍ ഈ താവളത്തിന് നേരെ ഇറാന്‍ പിന്തുണയുള്ള സായുധ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു). കൂടാതെ, ജോര്‍ദാനിലെ കിംഗ് ഹുസൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യുഎസ് കേന്ദ്രങ്ങള്‍ക്കും മറ്റ് രണ്ട് വ്യോമസേനാ താവളങ്ങളിലെ റഡാര്‍ സംവിധാനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കുവൈറ്റിലെ അഹമ്മദ് അല്‍-ജാബര്‍ എയര്‍ ബേസില്‍ നിര്‍മാണം പൂര്‍ത്തിയായി ആറുമാസം മാത്രം പിന്നിട്ട റഡാര്‍ സംവിധാനം ജൂലൈ 20-ഓടെ ഇറാന്‍ തകര്‍ത്തു. കുവൈറ്റിലെ അലി അല്‍ സലേം എയര്‍ ബേസിലും ഇറാഖിലെ അര്‍ബില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യുഎസ് കേന്ദ്രത്തിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ യുഎസ് നാവിക കേന്ദ്രത്തിലെ വെയര്‍ഹൗസിനും ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റി.
വിവരങ്ങള്‍ ഒളിപ്പിച്ച് യുഎസ്; തെളിവുകളുമായി ഇറാന്‍
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കന്‍ സൈനിക താവളങ്ങളുടെ ഉയര്‍ന്ന നിലവാരമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് യുഎസ് സര്‍ക്കാര്‍ സാറ്റലൈറ്റ് കമ്പനികളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. എന്നാല്‍, തങ്ങളുടെ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചാരണത്തിന്റെ ഭാഗമായി ഇറാന്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍, താവളത്തിനുള്ളില്‍ നിന്നുള്ള സൈനികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍, നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച് ശാസ്ത്രീയമായാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചത്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ഉപഗ്രഹ ചിത്രങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് തയ്യാറായില്ല.
യുദ്ധത്തിന്റെ തുടക്കത്തില്‍ നാവിക-വ്യോമ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ മാത്രമായിരുന്നു ഇറാന്റെ ആക്രമണമെങ്കില്‍, ഇപ്പോള്‍ സൈനികര്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് കൂടി കടുത്ത ആക്രമണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത് യുഎസ് ക്യാമ്പുകളില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Content Summary: Despite Washington’s claims of diminishing Tehran’s capabilities, Iranian precision strikes hit nine U.S. military locations in the Middle East, killing three American soldiers in Jordan
This post was last modified on July 23, 2026 8:04 am
Leave a Comment