അമേരിക്ക-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അന്ത്യയാത്രയില്‍ ലോകത്തെ കണ്ണീരണിയിക്കുന്ന ഒരു കാഴ്ച്ചയുണ്ട്. ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ രാജ്യത്തെ മുതിര്‍ന്ന ഭരണാധികാരികളുടെയും സൈനിക മേധാവികളുടെയും വലിയ ശവപ്പെട്ടികള്ക്കൊപ്പം ഏറ്റവും മുന്നിലായി വെച്ചിരുന്ന ഒരു ചെറിയ പെട്ടിയാണ് ലോകത്തിന്റെ കണ്ണീരാവുന്നത്. ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ആ ചെറിയ പെട്ടിയില്‍, ഫെബ്രുവരിയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഖമേനിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകള്‍ സഹ്റ മുഹമ്മദി ഗോല്‍പയേഗാനിയുടെ മൃതദേഹമാണ്.
2024 ഡിസംബറിലായിരുന്നു സഹ്റ ജനിച്ചത്. പക്ഷേ ലോകം എന്താണെന്ന് കാണുന്നതിനു മുമ്പേ അവള് കൊല്ലപ്പട്ടു. ഒരു വയസ്സ് മാത്രം പിന്നിട്ട ആ കുഞ്ഞിന്റെ ചിരിക്കുന്ന ഒരു ചിത്രവും പൂക്കള്‍ക്കൊപ്പം ശവപ്പെട്ടികള്ക്കൊപ്പം വെച്ചിട്ടുണ്ടായിരുന്നു. ഖമേനിയുടെ മൂത്ത മകളും സഹ്റയുടെ അമ്മയുമായ ബുഷ്റ ഖമേനി, മരുമകന് മെസ്ബ ബഗേരി കാനി, നിലവിലെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദേല്‍ എന്നിവരും ഫെബ്രുവരി 28-ന് ഖമേനിയുടെ ഔദ്യോഗിക വസതിയിലുണ്ടായ അതേ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയവും സൈനികവുമായ പ്രതിരോധം പ്രഖ്യാപിക്കാന്‍ ഭരണകൂടം വലിയ തോതില്‍ ജനങ്ങളെ അണിനിരത്തിയ ഈ ചടങ്ങില്‍, ആ കുഞ്ഞിന്റെ ചെറിയ ശവപ്പെട്ടി അവിടെക്കൂടിയ പതിനായിരങ്ങളില്‍ കടുത്ത വികാരനിര്‍ഭരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. വിതുമ്പിക്കരഞ്ഞുക്കൊണ്ട് ജനക്കൂട്ടം ആ പെട്ടിയില്‍ തൊട്ട് മതാചാരപ്രകാരമുള്ള അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
ഖമേനിയുടെ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്രയ്ക്കും ശവസംസ്കാര ചടങ്ങുകള്‍ക്കുമായാണ് ഇറാന് തലസ്ഥാനമായ ടെഹ്റാന് ഒരുങ്ങിയിരിക്കുന്നത്. യുദ്ധം കാരണം നാല് മാസത്തോളം നീണ്ടുപോയ ഔദ്യോഗിക ദുഃഖാചരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘവും ടെഹ്റാനില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ, ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) സയ്യിദ് അതാ ഹസ്നൈന് എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തോടൊപ്പം പ്രതിപക്ഷ നേതാക്കളായ സല്മാന് ഖുര്‍ഷിദ്, മെഹബൂബ മുഫ്തി എന്നിവരും ചടങ്ങുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. വരും ദിവസങ്ങളിലായി 1.5 കോടി മുതല്‍ 2 കോടി വരെ ആളുകള്‍ ഈ അന്ത്യയാത്രയുടെ ഭാഗമാകുമെന്നാണ് ഇറാന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ശവസംസ്കാര ചടങ്ങായി ഇത് മാറും.
ഇറാന്റെ ദേശീയ പതാകയും ഒപ്പം ‘യാ ഹുസൈന്’ എന്ന് രേഖപ്പെടുത്തിയ ചുവന്ന പതാകയും ഖമേനിയുടെ ശവപ്പെട്ടിക്ക് മുകളില്‍ പുതപ്പിച്ചിട്ടുണ്ടായിരുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കൊച്ചുമകന് ഹുസൈന് ഇബ്നു അലിയുടെ രക്തസാക്ഷിത്വത്തെ അനുസ്മരിപ്പിക്കുന്ന ഈ പതാക, കടുത്ത ദുഃഖത്തോടൊപ്പം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രഖ്യാപനം കൂടിയാണ്. വരും ദിവസങ്ങളില്‍ ഇറാന്റെ വിവിധ നഗരങ്ങളിലും അയല്‍രാജ്യമായ ഇറാഖിലെ പുണ്യനഗരങ്ങളിലും മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. ശനിയാഴ്ച പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിനായി ഗ്രാന്‍ഡ് മൊസല്ല തുറക്കുന്നതിന് മുമ്പ് തന്നെ വെള്ളിയാഴ്ച രാത്രി മുതല്‍ ലക്ഷക്കണക്കിന് ആളുകളാണ് പുറത്ത് കാത്തുനില്‍ക്കുന്നത്. ചടങ്ങുകള്‍ ടെഹ്റാനില്‍ നിന്നും പിന്നീട് പുണ്യനഗരമായ കോമിലേക്ക് മാറും. യുദ്ധങ്ങള്‍ കവര്‍ന്നെടുക്കുന്നത് നിരപരാധികളായ കുഞ്ഞുങ്ങളെക്കൂടിയാണെന്ന ഓര്‍മ്മപ്പെടുത്തലായി ആ ചെറിയ ശവപ്പെട്ടിയുടെ ചിത്രം ഇറാന്റെ ആധുനിക ചരിത്രത്തില്‍ വലിയൊരു വേദനയായി അവശേഷിക്കും.
Content Summary;The tiny coffin of Ayatollah Ali Khamenei’s 14-month-old granddaughter, killed alongside him in airstrikes, brings raw human grief to Iran’s massive state funeral.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.