ക്ലോക്ക് ഈസ് ടിക്കിങ്… എന്തും സംഭവിക്കാം. ഏത് സമയവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന ഒരു യുദ്ധം മുന്നില്‍ കണ്ടുകൊണ്ടാണ് ഇറാനും അമേരിക്കയും മുന്നേറുന്നത്. പത്ത് ദിവസം തരും അല്ലെങ്കില്‍ അറ്റാക്ക് ചെയ്യും എന്ന തിട്ടൂരം പ്രഖ്യാപിച്ച ട്രംപ് പിന്നീട് അത് പതിനഞ്ച് ദിവസമാക്കി. എന്നാല്‍ അമേരിക്ക ഇത്ര വലിയ ഭീഷണി ഉയര്‍ത്തിയിട്ടും വന്‍തോതിലുള്ള സൈനിക സംവിധാനമൊരുക്കുകയും ചെയ്തിട്ടും ഇറാന്‍ നിലപാടില്‍ നിന്നും ഒരു തരി പോലും അനങ്ങിയതുമില്ല. എന്തായാലും 26,27 തീയതികളില്‍ രണ്ട് ദിവസങ്ങളിലായി ജനീവയില്‍ വച്ച് ഇറാന്‍ -യുഎസ് മൂന്നാംഘട്ട ആണവ ചര്‍ച്ച നടക്കുമെന്ന കാര്യം സ്ഥിരീകരണമായി. ഏത് നിമിഷവും യുഎസ് സൈനിക നടപടി ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ചര്‍ച്ചാ പ്രഖ്യാപനം. യുദ്ധക്കോപ്പുകളുമായി യുഎസ് മുന്നേറുകയും ഇറാന്‍ സൈനികാഭ്യാസങ്ങള്‍ നടത്തി തയ്യാറെടുപ്പുകള്‍ നടത്തുകയുമൊക്കെ ചെയ്യുമ്പോള്‍ ഈ ചര്‍ച്ച നിര്‍ണായകമാവും.
സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുകയും സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുകയും ചെയ്താല്‍ ഒരു കരാറിലെത്താനായി ആണവ പദ്ധതിയില്‍ പുതിയ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്. ആണവകാര്യത്തില്‍ മാത്രമേ ചര്‍ച്ചയുണ്ടാവൂ എന്ന് ഇറാന്‍ ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. നിലവില്‍ ഒമാനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ അമേരിക്കയ്ക്ക് അത് താത്പര്മില്ലാത്ത കാര്യമാണ്. തുര്‍ക്കിയെ മധ്യസ്ഥ റോളിലേക്ക് കൊണ്ടുവരാനായിരുന്നു അമേരിക്കയുടെ താത്പര്യം. എന്നാല്‍ അതിന് ഇറാന്‍ വഴങ്ങിയല്ല.
അമേരിക്ക ഇതുവരെ ആക്രമണത്തിന് മുതിര്‍ന്നിട്ടില്ലെങ്കിലും വലിയ രീതിയിലുള്ള സൈനിക സംവിധാനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറാനും തന്ത്രത്തില്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ല. അന്തിമ യുദ്ധത്തിന് ഇറങ്ങും എന്നും അമേരിക്കയുടെ പടക്കപ്പലുകളെ മുക്കിക്കൊല്ലാന്‍ ശേഷിയുണ്ടെന്നും തുടങ്ങി ശക്തമായ വെല്ലുവിളികളുമായി അമേരിക്കയെ നേരിട്ട ഇറാന്‍ പത്ത് മണിക്കൂര്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ട് റഷ്യയുമായി ചേര്‍ന്ന് നടത്തിയ സൈനിക അഭ്യാസം മറ്റൊരു മുന്നറിയിപ്പായിരുന്നു. പത്ത് മണിക്കൂര്‍ ഹോര്‍മൂസ് അടച്ചിട്ടതോടെ എണ്ണവില കുത്തനെ കൂടുകയും ചെയ്തു. തങ്ങളെ ആക്രമിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നതിന്റെ ഒരു മോക്ക് ട്രയല്‍ തന്നെയാണ് ഇറാന്‍ അമേരിക്കയ്ക്ക് കാണിച്ച് കൊടുത്തത്. എന്നാല്‍ ഇതിന് സമാന്തരമായി മറ്റൊരു സൈനികാഭ്യാസം കൂടി നടന്നിരുന്നു. ഹോര്‍മൂസ് കടലിടുക്കിന്റെ ഓപ്പോസിറ്റ് ഒമാന്‍ തീരത്ത് കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഇറാനും റഷ്യയും ചൈനയും ചേര്‍ന്ന് നടത്തിയ അഭ്യാസം യഥാര്‍ത്ഥത്തില്‍ ഇറാന്റെ മറ്റൊരു തന്ത്രമായിരുന്നു. റഷ്യയും ചൈനയും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് കാണിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായാണ് ഇതിനെ യുദ്ധ വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. അതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച റഷ്യക്കൊപ്പം സൈനികാഭ്യാസം നടത്തി. ശനിയാഴ്ച ആക്രമിക്കും എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തിയ മോക്ക് ഡ്രില്ലിന്റെ ഭാഗമായി റഷ്യയുടെ സൈനിക വിന്യാസം ഇറാനില്‍ ഉണ്ടായിരുന്നു. ഇത് അമേരിക്കയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി. ആ സമയം പരിമിതമായ ആക്രമണം നടത്തിയാല്‍ പോലും അത് റഷ്യയ്ക്ക് എതിരെയുള്ളത് കൂടിയാവും. റഷ്യ പ്രകോപിതരായി തിരിച്ചടിക്കാന്‍ ഒരുങ്ങിയാല്‍ അത് അമേരിക്കയ്ക്ക് വലിയ ക്ഷീണമാവും. അതിനാല്‍ അമേരിക്ക ആക്രമണത്തിന് മുതിര്‍ന്നതുമില്ല.
ഭയരഹിതമായ പേര്‍ഷ്യന്‍ സംസ്‌ക്കാരമാണ് ഇറാനുള്ളത്. ഹോര്‍മൂസ് കടലിടുക്കും കുന്നുകളും, അങ്ങനെയുള്ള ഇറാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് അമേരിക്കയെന്നല്ല ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ആര്‍ക്കും വെല്ലുവിളിയാവുക എന്ന് യുദ്ധവിദഗ്ദ്ധര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. മുമ്പ് ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങിയപ്പോള്‍ തന്നെ അവര്‍ ഇറാനെ തീര്‍ക്കും എന്നായിരുന്നു പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ സൂപ്പര്‍ സോണിക് മിസൈലുകളും ലേസര്‍ സംവിധാനമുള്ള മിസൈലുകളുമെല്ലാം ഉതിര്‍ത്ത് ഇസ്രായേലിനെ ഇറാന്‍ ഞെട്ടിച്ചു. ഇറാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും, മല നിരകളിലും ഭൂമിക്കടിയിലും സംവിധാനം ചെയ്തിരിക്കുന്ന മിസൈല്‍ സിറ്റികളും എല്ലാം ആര്‍ക്കും പിടികൊടുക്കാത്തതാണ്. മിസൈല്‍ ആക്രമണത്തില്‍ നിന്ന് പരിപൂര്‍ണ സംരക്ഷണമൊരുക്കാന്‍ ആണവ കേന്ദ്രങ്ങളെല്ലാം അതീവ സുരക്ഷിതമാക്കി മാറ്റിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇറാന്റെ കരസേനയും മിസൈലുകളും ഏത് വെല്ലുവിളികളേയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമെ അവരുടെ പക്കല്‍ ആണവായുധം ഉണ്ടോ എന്ന കാര്യത്തിലും അമേരിക്കയ്ക്ക് അത്ര വ്യക്തതയില്ല. പരീക്ഷിക്കാതെ തന്നെ ആണവ ഫോര്‍മുല ഡവലപ് ചെയ്യാനുള്ള സാങ്കേതിക വിദ്യ റഷ്യ ഇറാന് കൊടുത്തിട്ടുണ്ട്. ആ വിവരം അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. കൂടാതെ ചൈനയും റഷ്യയും പോലുള്ള വന്‍ ശക്തികള്‍ ഇറാനൊപ്പം നില്‍ക്കുന്നതും അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലകളില്‍ യു എസ് വലിയ തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. അമേരിക്ക യുദ്ധവിമാനങ്ങളുള്‍പ്പെടെ വലിയ യുദ്ധ സന്നാഹങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് നീങ്ങുമ്പോള്‍ റഷ്യന്‍ നാവിക സേനയുടെ വിവിധ സന്നാഹങ്ങള്‍ ഇപ്പോഴും ഇറാന്‍ തീരം വിട്ടിട്ടില്ല എന്നത് യുദ്ധത്തിനുള്ള പടയൊരുക്കം തന്നെയാണെന്നാണ് യുദ്ധവിദഗ്ദ്ധരുടെ വിലയിരുത്തല്‍. റഷ്യ നേരിട്ട് യുദ്ധത്തിന് പിന്തുണച്ചില്ലെങ്കിലും പരോക്ഷമായി ഇറാനുമായി സഹകരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞിട്ടുമില്ല.
എന്തായാലും അമേരിക്ക അല്‍ഖുദിസ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രധാന സൈനിക താവളങ്ങളിലെ സൈനികരേയും യുദ്ധവിമാനങ്ങളേയും സുരക്ഷിതമാക്കിയിട്ടുണ്ട് എന്നാണ് വിവരം. എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ കരട് ഇറാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതിനിടെ ഇന്ത്യന്‍ പൗരന്മാരോട് ഇറാനില്‍ നിന്ന് രാജ്യത്തേക്ക് തിരിച്ച് വരാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഇത് വരാനിരിക്കുന്ന എന്തിന്റെയെങ്കിലും സൂചനയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Content Summary: Iran us war tension geneva nuclear talks hormuz strait russia china analysis
This post was last modified on February 23, 2026 6:32 pm
Leave a Comment