ഗ്യാസ് ഇല്ല, ക്ലോസ്ഡ് ബോര്‍ഡ് തൂക്കി ഹോട്ടലുകള്‍; യുദ്ധം ഇറാനില്‍ അന്നം മുട്ടുന്നത് കേരളത്തില്‍

ഇന്ത്യയിലെ ഹോട്ടല്‍-റെസ്റ്റോറന്റ് മേഖല മുതല്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും, അലക്കു ജോലിക്കാരുടെയും വരെ തൊഴിലും ജീവിതവും ദുരിതപൂര്‍ണമായിരിക്കുകയാണ്

iran war- lpg short in india

അമേരിക്കയും ഇസ്രയേലും ഇറാനെതിരേ തുടരുന്ന യുദ്ധം കേരളത്തിലെ സാധാരണക്കാരനെ വരെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. യുദ്ധം ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എല്‍പിജി) കടുത്ത ക്ഷാമം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ഹോട്ടല്‍-റെസ്റ്റോറന്റ്, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, അലക്കു ജോലി ചെയ്യുന്നവര്‍ തുടങ്ങി അടിസ്ഥാന വര്‍ഗത്തിന്റെ തൊഴിലും ജീവിതവും ദുരിതപൂര്‍ണമാക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്‍പിജിയുടെ 80 ശതമാനത്തിലധികം ഈ ഇടുങ്ങിയ പാതയിലൂടെയാണ് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ഗ്യാസ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്ന മേഖലകളെ തളര്‍ത്തിയിരിക്കുകയാണ്.

കേരളത്തില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ഉടമകള്‍ പറയുന്നത്. പാചകവാതകം കിട്ടാതെ വന്നാല്‍ ഹോട്ടലുകള്‍ അടച്ചിടാതെ മറ്റ് മാര്‍ഗം ഇല്ലെന്നാണ് അവര്‍ പറയുന്നത്. നിലവില്‍ കടുത്ത മത്സരം നേരിടുന്നതിനാല്‍ തന്നെ ഈ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. അതിനു പുറമെയാണ് ഇത്തരം തലക്കടികള്‍ കൂടി കിട്ടുന്നതെന്നും അഴിമുഖത്തോട് പ്രതികരിച്ചവര്‍ പറയുന്നു.

ഇപ്പോഴത്തെ പ്രതിസന്ധി ബിസിനസിനെ ബാധിക്കുമെന്നല്ല, എല്ലാം അടച്ചു പൂട്ടേണ്ടി വരുമെന്ന് തന്നെ പറയണമെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് അസീസ് അഴിമുഖവുമായി ഫോണില്‍ സംസാരിക്കവെ നിരാശയോടെ പറഞ്ഞത്. ‘ഉള്ള സിലണ്ടറുകള്‍ ഉപയോഗിച്ച് ഒന്നോ രണ്ടോ ദിവസം കൂടി ഇങ്ങനെ തുറന്നു വയ്ക്കും, അത് കഴിയുമ്പോള്‍ എല്ലാം അടയ്‌ക്കേണ്ടി വരും. വാണിജ്യ സിലണ്ടറുകളുടെ ലഭ്യത ഏകദേശം നൂറുശതമാനവും മുടങ്ങി കിടക്കുകയാണ്. സപ്ലൈ നടക്കുന്നില്ല. ഡിലേഴ്‌സിന്റെയടുക്കല്‍ ഉള്ള സ്റ്റോക്കുകള്‍ അവര്‍ അത്യാവശ്യം വിതരണം ചെയ്യുന്നുണ്ടെന്ന് മാത്രം. പുതിയതായി അവര്‍ക്ക് ലോഡ് വരുന്നില്ലെന്ന് ഡീലര്‍മാര്‍ പറഞ്ഞിട്ടുണ്ട്. അതോടെ നമ്മുടെ അടുക്കളകള്‍ പൂട്ടേണ്ടി വരും’: അസീസ് പറയുന്നു.

ഗാര്‍ഹികേതര ആവശ്യങ്ങളില്‍ ആശുപത്രി കാന്റീനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലുള്ള അത്യാവശ്യ കേന്ദ്രങ്ങള്‍ക്കാണ് വാണിജ്യ സിലണ്ടറുകള്‍ ലഭ്യമാകുക. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും സിലണ്ടറുകള്‍ കൊടുക്കേണ്ടതില്ലെന്നാണ് ഡീലര്‍മാരെ അറിയിട്ടിട്ടുള്ളതെന്നാണ് അസോസിയേഷന്‍ പ്രതികരിക്കുന്നത്.

‘ കേരളത്തിലെ 80 ശതമാനം ഹോട്ടലുകളില്‍ രണ്ടോ മൂന്നോ ദിവസത്തേക്കു മാത്രമുള്ള സിലണ്ടറുകളെ കാണൂ എന്നു അസീസ് പറയുന്നു. ബെംഗളൂരുവിലെ പല റസ്റ്ററന്റുകളും ഹോട്ടലുകളും അടച്ചു കഴിഞ്ഞു. ഇവിടെയും വൈകാതെ അതേ സ്ഥിതിയാകുമെന്നും അദ്ദേഹം പറയുന്നു. എന്താണ് ഇതിന് പ്രതിവിധിയെന്നു ചോദിച്ചാല്‍, കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റാതെ മറ്റ് എന്തു വഴിയെന്നാണ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് തിരിച്ചു ചോദിക്കുന്നത്. ആര്‍ക്കെതിരെയാണ് ഞങ്ങള്‍ പ്രതിഷേധിക്കേണ്ടത്? യുദ്ധം എന്നൊരു കാരണം ഉണ്ടല്ലോ, അതുകൊണ്ട് തന്നെ ഞങ്ങള്‍ ആര്‍ക്കെതിരെയാണ് സമരം ചെയ്യാനാണ്? അസീസിന്റെ ചോദ്യം.

ഹോട്ടല്‍ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി നേരിട്ട് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ പറയുന്നു. ഏകദേശം 70,000 അംഗങ്ങള്‍ ഞങ്ങളുടെ അസോസിയേഷനില്‍ തന്നെയുണ്ട്. ഇത്രയും ഹോട്ടലുകളില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് ജോലിക്കാര്‍ ഉണ്ടെന്നിരിക്കെ തന്നെ മൊത്തം എത്രപേരായി, ലക്ഷങ്ങള്‍ വരും. ചുരുങ്ങിയത് നാലഞ്ച് ലക്ഷം പേരെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിക്കുക, അസീസ് ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളിലെ 25 ശതമാനം ഹോട്ടലുകളിലും 30 മുതല്‍ 50 വരെ ജീവനക്കാരുണ്ട് എന്നു കൂടി ഓര്‍ക്കണം, അപ്പോള്‍ ഈ കണക്ക് ഇരട്ടിയിലധികമാകും, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബെംഗളൂരുവില്‍ പല ഹോട്ടലുകളിലും ശീതള പാനീയങ്ങള്‍ മാത്രം നല്‍കുന്ന സാഹചര്യമായി എന്നാണ് അസീസ് പറയുന്നത്. അവിടെ ഹോട്ടലുകള്‍ നടത്തുന്ന സുഹൃത്തുക്കളുണ്ട്, അവര്‍ പറഞ്ഞതാണ് കസ്റ്റമറിന് സോഫ്റ്റ് ഡ്രിങ്കുകള്‍ മാത്രം കൊടുക്കാനെ ഇപ്പോള്‍ നിവൃത്തിയുള്ളൂവെന്ന് വേറൊന്നും പാകം ചെയ്യാന്‍ പറ്റുന്നില്ല. അവിടെ ഭക്ഷണം കരിഞ്ചന്തയില്‍ വില്‍ക്കുന്ന അവസ്ഥ വരെയെത്തി. 1900 രൂപ വില വരുന്ന ഭക്ഷണം 3000 നും 4000 നും വരെ രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്. അതും ഒന്നോ രണ്ടോ ദിവസത്തേക്കുമാത്രമെ കാണൂ, അതു കഴിയുമ്പോള്‍ പൂട്ടിയിടേണ്ടി വരും”.

ഹോട്ടല്‍ മേഖലകളില്‍ ഉള്ളവരെ മാത്രമല്ല, പൊതുജനങ്ങള്‍ കൂടി ദുരിതം അനുഭവിക്കേണ്ട നാളുകളാണ് വരുന്നതെന്നു കൂടി അസീസ് ഓര്‍മിപ്പിക്കുന്നു. ജനങ്ങള്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്ക് വെള്ളമോ പഴമോ മാത്രം ആശ്രയിക്കേണ്ടി വരും, പഴയകാലത്തേക്ക് തിരിച്ചു പോകുന്ന അവസ്ഥ’ അദ്ദേഹം പറയുന്നു.

ഗാര്‍ഹിക ഉപയോഗത്തിനെക്കാള്‍ സിലണ്ടറുകള്‍ നല്‍കേണ്ടത് ഹോട്ടലുകള്‍ക്കാണെന്നാണ് അസീസ് പറയുന്നത്. അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്. കേരളത്തിലെ 80 ശതമാനം പേരും രാവിലത്തെ, ഉച്ചത്തെയോ, അതല്ലെങ്കില്‍ രാത്രി ഭക്ഷണത്തിനോ ഹോട്ടലുകളെ ആശ്രയിക്കുന്നവരാണ്. പത്തു കിലോമീറ്റര്‍ അപ്പുറത്ത് ജോലി ചെയ്യുന്നൊരാള്‍ക്ക് വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കണമെന്നില്ല,അങ്ങനെയുള്ളവരൊക്കെയും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തെക്കാള്‍ കൂടുതലായി മലയാളി ഇപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. അതുകൊണ്ട്, ഹോട്ടലുകള്‍ അടയുന്നത് സാധാരണ ജനത്തെയും ബുദ്ധിമുട്ടിലാക്കും. നാടിനെ ഒന്നാകെ ഈ പ്രശ്‌നം വലയ്ക്കും, അത് കൂടുതല്‍ ദുരിതത്തിലേക്ക് പോകും മുമ്പേ കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണുമെന്നു വിശ്വസിക്കുകയാണ് അസീസ്.

ബെംഗളൂരുവിലെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലെ പല റെസ്റ്റോറന്റുകളും ഇതിനകം തന്നെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലയ്ക്കുകയാണെങ്കില്‍ നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിടുമെന്നാണ് ബൃഹത് ബെംഗളൂരു ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കുന്നില്ല. തിങ്കളാഴ്ച രാവിലെ വിതരണം നിലച്ചതോടെ നഗരത്തിലെ 25-30 ഹോട്ടലുകളെ ഇത് നേരിട്ട് ബാധിച്ചു,’ അസോസിയേഷന്‍ പ്രസിഡന്റ് പി.സി. റാവു ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. സപ്ലൈ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെംഗേരിയിലെ റെസ്റ്റോറന്റ് ഉടമയായ രമേശ് ചന്ദ്ര എക്‌സ്പ്രസ്സിനോട് തന്റെ ആശങ്ക പങ്കുവെച്ചത് ഇങ്ങനെയാണ്: ‘തുടര്‍ച്ചയായ രണ്ടാം ദിവസവും വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമായിട്ടില്ല. എന്റെ പക്കല്‍ ഇനി 4-5 സിലിണ്ടറുകള്‍ മാത്രമാണുള്ളത്. സ്റ്റോക്ക് തീരുന്നത് വരെ പ്രവര്‍ത്തനം തുടരും. നാളെ ഹോട്ടല്‍ തുറക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല.’ പ്രതിദിനം രണ്ടുമുതല്‍ നാല് വരെ സിലിണ്ടറുകള്‍ ആവശ്യമായ തന്റെ ഹോട്ടലില്‍ മറ്റ് വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഇന്‍ഫന്ററി റോഡിലെ ‘ബാംഗ്ലൂര്‍ തിണ്ടി’ പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ ഉച്ചഭക്ഷണം നിര്‍ത്തലാക്കുകയും താല്‍ക്കാലികമായി പാനീയങ്ങള്‍ മാത്രം വിളമ്പുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറി.

തമിഴ്നാട്ടിലും സമാനമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ‘ഇത് ഞങ്ങള്‍ക്ക് രണ്ടാമതൊരു കോവിഡ് ലോക്ക്ഡൗണ്‍ പോലെയാണ്,’ ഒരു പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയുടെ ചെയര്‍മാന്‍ പേര് വെളിപ്പെടുത്താതെ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. ‘ഭക്ഷണ വിഭവങ്ങളുടെ എണ്ണം ഞങ്ങള്‍ കുറച്ചു. വാണിജ്യ സിലിണ്ടറുകള്‍ ലഭിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റ് വഴികളില്ല.’ ചെന്നൈയിലെ പല ഹോട്ടലുകളും ഗ്യാസ് അധികം വേണ്ടിവരുന്ന ഫ്രൈഡ് റൈസ്, അപ്പം തുടങ്ങിയ വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കി. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പൊതുജനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കാത്ത രീതിയില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തെഴുതിയിട്ടുണ്ട്.

ഒഡീഷയിലെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ജെ.കെ. മൊഹന്തിയും കേന്ദ്രമന്ത്രിക്ക് കത്തയച്ചു. ‘ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും അടുക്കളകള്‍ തടസ്സമില്ലാത്ത ഗ്യാസ് വിതരണത്തെയാണ് ആശ്രയിക്കുന്നത്. ഈ പെട്ടെന്നുള്ള തടസ്സം ഭക്ഷണ വിതരണത്തെ ബാധിച്ചു. ഇത് തുടര്‍ന്നാല്‍ ബുക്കിംഗുകള്‍ റദ്ദാക്കേണ്ടി വരികയും വിനോദസഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും,’ അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാബിലെ ഹോട്ടല്‍ ഉടമകളും സാഹചര്യം വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

മുംബൈയില്‍ ഹോട്ടലുകള്‍ക്ക് പുറമെ അലക്കു ജോലി ചെയ്യുന്നവരെയും (ധോബികള്‍) ഈ ക്ഷാമം സാരമായി ബാധിച്ചു. 136 വര്‍ഷം പഴക്കമുള്ള മഹാലക്ഷ്മി ധോബി ഘട്ടിലെ അലക്കുകാര്‍ വസ്ത്രങ്ങള്‍ ഉണക്കുന്ന മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എല്‍പിജി ഉപയോഗിച്ചാണ്. ഗ്യാസ് കിട്ടാതായതോടെ പലരും കരിഞ്ചന്തയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് സിലിണ്ടറുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. ‘മഹാലക്ഷ്മി ധോബി ഘട്ടിലെ 731 ധോബികളില്‍ 50 ശതമാനത്തിലധികം പേരും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഡ്രൈയിംഗ് മെഷീനുകളെ ആശ്രയിക്കുന്നവരാണ്. എല്‍പിജി ക്ഷാമം കാരണം വസ്ത്രങ്ങള്‍ ഉണങ്ങുന്നത് തടസ്സപ്പെടുകയും ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നത് ദിവസങ്ങളോളം വൈകുകയും ചെയ്യുന്നു,’ ധോബി കല്യാണ്‍ ആന്‍ഡ് ഔദ്യോഗിക വികാസ് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ സന്തോഷ് കനോജിയ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

കൊല്‍ക്കത്തയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. നഗരത്തിന് പുറത്തുള്ള മിക്ക ഓട്ടോറിക്ഷകളും എല്‍പിജിയിലാണ് ഓടുന്നത്. ഇന്ധനം നിറയ്ക്കാന്‍ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് നഗരത്തില്‍ കാണുന്നത്. ‘ഇന്ന് മൂന്ന് മണിക്കൂറോളമായി ഞാന്‍ ഇവിടെ നില്‍ക്കുന്നു. ഇന്നലെ എന്റെ സുഹൃത്ത് ആറ് മണിക്കൂറാണ് കാത്തുനിന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഞങ്ങള്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല,’ ബി.ടി റോഡിലെ ക്യൂവില്‍ കാത്തുനിന്ന രാജ മോണ്ടല്‍ എന്ന ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധം സാധാരണക്കാരന്റെ അടുക്കളയിലും തൊഴിലിലും ഏല്‍പ്പിക്കുന്ന ആഘാതം എത്രത്തോളം വലുതാണെന്നാണ് ഈ പ്രതികരണങ്ങളെല്ലാം വ്യക്തമാക്കുന്നത്.

Content Summary: Iran War; LPG shortage affecting Indian hotel and restaurant fields. Kerala Hotel owners are in a situation where they have to close down

This post was last modified on March 11, 2026 4:21 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment