ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്‍- കരീന കപൂര്‍ അവരുടെ കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതിന് ട്വിറ്ററില്‍ നിന്നും സംഘപരിവാര്‍ അനുഭാവികളുടെ വലിയ ആക്ഷേപമാണ് കേള്‍ക്കേണ്ടി വന്നത്. ഈ അനുഭവം മുന്‍നിര്‍ത്തിയായിരിക്കണം ട്വിറ്ററില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന് ഇത്തരമൊരു ഉപദേശം കിട്ടിയത്. ഇര്‍ഫാന്‍ കഴിഞ്ഞ ദിവസമാണ് ഒരു പിതാവ് ആയത്. ഈ സന്തോഷം ട്വിറ്ററിലൂടെ എല്ലാവരുമായി ഇര്‍ഫാന്‍ പങ്കുവച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് ദിവ്യാന്‍ഷു രാജ് എന്ന വ്യക്തി ഇര്‍ഫാന് ഇപ്രകാരമൊരു ഉപദേശം നല്‍കിയത്.
ഒരാണ്‍കുട്ടി നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഇര്‍ഫാന്‍ പത്താന്‍. പക്ഷേ സഹോദരാ, ദയവു ചെയ്ത് നിങ്ങളുടെ കുഞ്ഞിന് ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരു വയ്ക്കാതിരിക്കുക. ഈ ലോകം അത്രമേല്‍ നിന്ദാപൂരിതമാണ്.
എന്നാല്‍ ദിവ്യാന്‍ഷുവിന്റെ ട്വീറ്റിന് ഇര്‍ഫാന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്.
എന്റെ കുഞ്ഞിന്റെ പേര് എന്തുമായിക്കൊള്ളട്ടെ. ഒരു കാര്യത്തില്‍ ഉറപ്പ് തരാന്‍ കഴിയും. അവന്‍ അവന്റെ അച്ഛനെയും വല്യച്ഛനെയും പോലെ ഈ രാജ്യത്തിന്റെ അഭിമാനം കാക്കും.
ഇര്‍ഫാന്റെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. പേരിനെയും വസ്ത്രധാരണത്തെയുമൊക്കെ മുന്‍നിര്‍ത്തി പൊങ്കാലയ്ക്കിറങ്ങുന്ന സങ്കുചിത ചിന്താഗതിക്കാര്‍ക്ക് ഇത്തരം മറുപടികളാണ് ശക്തമായ തിരിച്ചടിയാകുന്നതെന്നു സോഷ്യല്‍ മീഡിയ പറയുന്നു.
അതേസമയം ഇര്‍ഫാന്‍ പത്താന്‍ തന്റെ കുഞ്ഞിനു പേരിട്ടു- ഇമ്രാന്‍.