മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍; ഖോമിലെ രഹസ്യ കേന്ദ്രത്തിലെന്ന് റിപ്പോര്‍ട്ട്

ഇതാദ്യമായാണ് ഇറാന്റെ പരമോന്നത നേതാവിന്റെ കൃത്യമായ സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ പരിക്കേറ്റ 56 കാരനായ മൊജ്തബ ഖമേനി നിലവില്‍ വിശുദ്ധ നഗരമായ ഖോമില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണെന്ന് ‘ദി ടൈംസ്’ പുറത്തുവിട്ട നയതന്ത്ര കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

അഞ്ച് ആഴ്ചകള്‍ക്ക് മുന്‍പ് മിഡില്‍ ഈസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിനത്തില്‍ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് മൊജ്തബ ഖമേനിക്ക് പരിക്കേറ്റത്. ഇതേ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ പിതാവും മുന്‍ പരമോന്നത നേതാവുമായ അലി ഖമേനി, മാതാവ്, ഭാര്യ സഹ്റ ഹദ്ദാദ്-അദേല്‍, മകന്‍ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ മൊജ്തബയുടെ മുഖത്തിന് ഗുരുതരമായ പരിക്കേല്‍ക്കുകയും കാലിന് ഒടിവ് സംഭവിക്കുകയും ചെയ്തതായാണ് സൂചന. നിലവില്‍ അദ്ദേഹം കോമയിലാണെന്നും ഭരണപരമായ തീരുമാനങ്ങളില്‍ പങ്കാളിയാകാന്‍ കഴിയാത്തവിധം ശാരീരികമായി തളര്‍ന്നിരിക്കുകയാണെന്നും രഹസ്യാന്വേഷണ രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെഹ്റാനില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള ഷിയാ മതതലസ്ഥാനമായ ഖോമിലാണ് മൊജ്തബ ഖമേനിയെ താമസിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇറാന്റെ പരമോന്നത നേതാവിന്റെ കൃത്യമായ സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ യുഎസ്, ഇസ്രയേലി ചാര ഏജന്‍സികള്‍ ഈ വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇത് പരസ്യമാക്കുന്നത്.

കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്‌കാരം ഖോമില്‍ നടക്കാനിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഒന്നിച്ച് അടക്കം ചെയ്യാന്‍ പാകത്തില്‍ വലിയൊരു ശവകുടീരത്തിന്റെ നിര്‍മ്മാണം അവിടെ പുരോഗമിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും സൂചിപ്പിക്കുന്നു. മൊജ്തബ ഖമേനിയുടെ ആരോഗ്യനിലയും വഷളായ സാഹചര്യത്തില്‍, അദ്ദേഹത്തെയും ഇതേ സ്ഥലത്ത് തന്നെ അടക്കം ചെയ്യാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

മാര്‍ച്ച് ആദ്യവാരം പിതാവിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, മൊജ്തബ ഖമേനിയെ ഇതുവരെ പൊതുമധ്യത്തില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ പ്രസ്താവനകള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിടുന്നുണ്ടെങ്കിലും ശബ്ദരേഖകളോ തത്സമയ ദൃശ്യങ്ങളോ ഇല്ലാത്തത് സംശയം വര്‍ദ്ധിപ്പിക്കുന്നു. നേതാവ് ആരോഗ്യവാനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാന്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഡിമോണ ആണവനിലയത്തിന്റെ ഭൂപടം പരിശോധിക്കുന്ന ഖമേനിയുടെ ദൃശ്യങ്ങളായിരുന്നു അത്. എന്നാല്‍, ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോ ആണെന്ന് വിദഗ്ധര്‍ കണ്ടെത്തിയത് ഭരണകൂടത്തിന് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ ഇറാനിലെ അധികാര കേന്ദ്രങ്ങളില്‍ വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. വാഷിംഗ്ടണോ ടെഹ്റാനോ ഈ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Summary: Is Iran’s new supreme leader in a coma? Mojtaba Khamenei reportedly critical after airstrikes

This post was last modified on April 7, 2026 2:31 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment