ഓപ്പറേഷന് സിന്ദൂരില്‍ പാക് ഭീകരതാവളങ്ങളിലേക്കും സൈനിക താവളങ്ങളിലേക്കും ഇന്ത്യ തൊടുത്തത് ബ്രഹ്മോസ് എന്ന് സൂചന. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പാകിസ്ഥാന് നടത്തിയ ഡ്രോണ്‍-ഷെല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ അടക്കമുള്ള അത്യാധുനിക യുദ്ധോപകരങ്ങള്‍ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന് നേരെ നടന്നത് ബ്രഹ്മോസിന്റെ കന്നിയങ്കമായിരുന്നുവെന്നാണ് സൂചന. സുഖോയ് 30 വിമാനത്തില്‍ നിന്നുമായിരുന്നു ബ്രഹ്മോസ് തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാനെ തിരിച്ചടിക്കാന്‍, എയര്‍-ടു-സര്‍ഫേസ് പ്രിസിഷന്‍-ഗൈഡഡ് മ്യൂണിഷന്‍ ആയ HAMMER, എയര്‍-ടു-സര്‍ഫേസ് പ്രിസിഷന്‍-ഗൈഡഡ് മ്യൂണിഷന്‍, എയര്‍-ലോഞ്ച്ഡ് ക്രൂയിസ് മിസൈലായ SCALP, ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയ എയര്‍-ലോഞ്ച്ഡ് പ്രിസിഷന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായാണ് സൂചന. ഹാമര്‍ പ്രിസിഷന്‍-ഗൈഡഡ് മ്യൂണിഷനും SCALP ക്രൂയിസ് മിസൈലുകളും റഫേല്‍ യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്നവയാണ്.
റഫീഖി (ഷോര്‍കോട്ട്, ഝാങ്), മുരിദ് (ചക്വാല്‍), നൂര്‍ ഖാന് (ചക്ലാല, റാവല്‍പിണ്ടി) റഹീം യാര് ഖാന്, സുക്കൂര്‍, ചുനിയന്‍ (കസൂര്‍) എന്നിവിടങ്ങളിലെ പാകിസ്ഥാന് താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. സ്കാര്‍ഡു, ഭോലാരി, ജേക്കബ്ബാദ്, സര്‍ഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ലഖ്നൗവില്‍ ബ്രഹ്മോസ് ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിംഗ് ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെയും റഷ്യയുടെയും മികച്ച പ്രതിരോധ സാങ്കേതിക വിദ്യകളുടെ സംഗമമാണ് ബ്രഹ്മോസെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ബ്രഹ്മോസിന്റെ പ്രത്യേകത
2001 ജൂണ്‍ 12 നാണ് ബ്രഹ്മോസ് ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് തരം മിസൈലുകളില്‍ ഒന്നാണ് ബ്രഹ്മോസ്. കരയില്‍ നിന്നും കപ്പല്‍ വഴിയും വായുവില്‍ നിന്നും അന്തര്‍വാഹിനി വഴിയും പ്രഹരശേഷി തെളിയിക്കാന്‍ സാധിക്കുന്ന പൈലറ്റ് രഹിത മിസൈലാണിത്. ലോകത്തിലെ ഏറ്റവും വേഗതയേറിയതും ലക്ഷ്യസ്ഥാനത്ത് വളരെ കൃത്യത പുലര്‍ത്തുന്ന മിസൈലാണ് ബ്രഹ്മോസ്.
സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്റര്‍ എഞ്ചിനുള്ള രണ്ട് ഘട്ടങ്ങളുള്ള മിസൈലാണ് ബ്രഹ്മോസ്. ആദ്യഘട്ടം മിസൈലിനെ ശബ്ദത്തിന്റെ വേഗതയേക്കാള്‍ ഉയര്‍ന്ന സൂപ്പര്‍സോണിക് വേഗതയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് അവ വേര്‍പ്പെടും. രണ്ടാംഘട്ടത്തില്‍ മിസൈലിനെ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിലേക്ക് എത്തിക്കുന്നു. ലിക്വിഡ് റാംജെറ്റ് എഞ്ചിനാണ് ക്രൂയിസ് മിസൈലിനെ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയില്‍ മുന്നോട്ട് എത്തിക്കുന്നത്.
ഏകദേശം 2.8 മാക് (സെക്കന്റില്‍ 900 മീറ്റര്‍) വേഗപരിധിയില്‍ സഞ്ചരിക്കുന്ന മിസൈലിന് 300 മുതല്‍ 800 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. റഡാറുകള്‍ക്ക് പോലും ബ്രഹ്മോസ് മിസൈലുകളെ കണ്ടെത്തുകയാണ് പ്രയാസമാണ്. ബ്രഹ്മോസ് പോലുള്ള ക്രൂയിസ് മിസൈലുകള്‍ സ്റ്റാന്‍ഡ് ഓഫ് റേഞ്ച് വെപ്പണ്‍സ് എന്ന വിഭാഗത്തിലാണ് പെടുന്നത്.
നിലവിലുള്ള അത്യാധുനിക സബ്സോണിക് ക്രൂയിസ് മിസൈലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രഹ്മോസിന് മൂന്ന് മടങ്ങ് അധികം വേഗതയാണുള്ളത്. അതുകൊണ്ടുതന്നെ ഇവയെ വീഴ്ത്തുക പ്രയാസമാണ്. അത്യാധുനിക ലേയേര്‍ഡ് എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്കേ ബ്രഹ്മോസ് പോലുള്ള സൂപ്പര്‍സോണിക് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിയൂ. പാകിസ്ഥാന്റെ കൈവശം ഇത്തരത്തിലുള്ള ആയുധങ്ങള്‍ നിലവില്‍ ഇല്ല.
ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനൊസ്ട്രോയേനിയയും സംയുക്തമായാണ് ബ്രഹ്മോസ് എയ്റോസ്പേസ് വികസിപ്പിച്ചത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്ക്വ നദിയുടെയും പേരുകള്‍ സംയോജിപ്പിച്ചാണ് നാമകരണം.
ബ്രഹ്മോസ് വികസിപ്പിച്ചത് എന്തിന്, എങ്ങനെ?
1980 ല്‍ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന് തുടക്കമിട്ടു. ഇതിലൂടെ ഭൂമിയില്‍ നിന്ന് ആകാശത്തിലേക്കും ഭൂമിയിലേക്കും തൊടുക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ ആകാസ്, പൃഥ്വി എന്നിവയും നാഗ് മിസൈലുകളും വികസിപ്പിച്ചെടുത്തു.

1990 കളില്‍ ഉയര്‍ന്ന കൃത്യതയോടെ യുദ്ധമുഖത്ത് എത്തിക്കുന്നതിന് ശേഷിയുള്ള ക്രൂയിസ് മിസൈലുകള്‍ വികസിപ്പിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്ര വിഭാഗം തീരുമാനിച്ചു. ബാലിസ്റ്റിക് മിസൈലുകളെക്കാള്‍ കാര്യക്ഷമതയേറിയവയാണ് ക്രൂയിസ് മിസൈലുകള്‍. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ക്രൂയിസ് മിസൈലുകളുടെ വിജയകരമായ മുന്നേറ്റമാണ് ഇവയുടെ ആവശ്യകതയും ശക്തമാക്കിയത്.
റഷ്യയുമായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷം 1998 ഫെബ്രുവരിയില്‍ മോസ്കോയില്‍ വച്ചാണ് ഡിആര്‍ഡിഒ തലവനായ ഡോ. കലാമും റഷ്യയുടെ ഉപപ്രതിരോധ മന്ത്രി എന്‍വി മിഖൈലോവും കരാറില്‍ ഒപ്പുവച്ചത്. ഈ കരാറാണ് ബ്രഹ്മോസ് എയ്റോസ്പേസ് എന്ന സംയുക്ത സംരംഭത്തിലേക്ക് വഴിതെളിച്ചത്. സംയുക്ത സംരംഭത്തില്‍ ഇന്ത്യയ്ക്ക് 50.5 ശതമാനം ഓഹരിയും റഷ്യയ്ക്ക് 49.5 ശതമാനം ഓഹരിയുമാണ് ഉള്ളത്.
ബ്രഹ്മോസിന്റെ വകഭേദങ്ങള്‍
ചാന്ദിപ്പൂരിലെ ആദ്യ വിജയകരമായ വിക്ഷേണത്തിന് ശേഷം 2005 ല്‍ നാവികസേനയിലു് 2007 ല്‍ കരസേനയിലും 2017 ല്‍ വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിലും ബ്രഹ്മോസ് ഉള്‍പ്പെടുത്തി. കര, വ്യോമ, നാവിക, അന്തര്‍വാഹിനി എന്നിവ ബ്രഹ്മോസിന്റെ പ്രധാന വിക്ഷേപണ പ്ലാറ്റ്ഫോമുകളാണ്. കഴിഞ്ഞ 24 വര്‍ഷത്തിനിടെ നിരവധി പതിപ്പുകള്‍ പരീക്ഷിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. Is it the Brahmos that shocked
Content Summary: Is it the Brahmos that shocked