അമേരിക്ക തകര്‍ച്ചയിലാണ് എന്ന് പറയുമ്പോഴും അതുപോലെ തന്നെയോ അതിലധികമോ തളര്‍ച്ചയിലാണ് യൂറോപ്പ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോളര്‍ തകര്‍ച്ചയിലാണ് എന്ന് പറയുമ്പോഴും, ആഗോള പേയ്മെന്റുകളുടെ ഏകദേശം 50 ശതമാനത്തിലും ഇപ്പോള്‍ യുഎസ് ഡോളര്‍ ഉപയോഗിക്കുന്നുണ്ട്. പുതുതായി പുറത്തിറങ്ങിയ ഡാറ്റ പ്രകാരം, 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. എന്നാല്‍ യൂറോയുടെ കാര്യം കൂടുതല്‍ പരുങ്ങലിലാണ്. 2022 മധ്യം മുതല്‍ സ്ഥിരമായ ഇടിവാണ് യൂറോ രേഖപ്പെടുത്തുന്നത്.
ഡോളറിന്റെ മൂല്യം കുറഞ്ഞിട്ടും നിക്ഷേപകര്‍ തങ്ങളുടെ പണം ഡോളറില്‍ നിന്ന് യൂറോയിലേക്ക് മാറ്റുന്നില്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് സമ്മതിക്കുന്നു. ശക്തമായ വളര്‍ച്ചയും പണപ്പെരുപ്പം കുറയുന്ന സാഹചര്യവും ഉണ്ടായിരുന്നിട്ടും യൂറോ ഇപ്പോഴും നിലംപതിക്കുകയാണ്.
യൂറോപ്പിന്റെ പിന്നോക്കാവസ്ഥയുടെ ഏറ്റവും ശ്രദ്ധേയമായ സൂചകങ്ങളിലൊന്ന് യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള പ്രതിശീര്‍ഷ ജിഡിപി വ്യത്യാസമാണ്. 2010 ല്‍, യുഎസിന്റെ പ്രതിശീര്‍ഷ ജിഡിപി യൂറോപ്പിനേക്കാള്‍ 47% കൂടുതലായിരുന്നു. 2021 ആയപ്പോഴേക്കും ഈ വിടവ് 82% ആയി വര്‍ദ്ധിച്ചു. അത്തരം അസമത്വങ്ങള്‍ പൗരന്മാരുടെ ജീവിത നിലവാരത്തിലും സാമ്പത്തിക അവസരങ്ങളിലും പ്രകടമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
ഉല്‍പാദനക്ഷമത കുറവ്
യൂറോപ്പിന്റെ ഉല്‍പാദനക്ഷമത കുറവാണ് ആശങ്കാജനകമായ ഒരു പ്രവണത. നോബല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ 1997-ല്‍ പറഞ്ഞതുപോലെ: ‘ഉല്‍പാദനക്ഷമത എല്ലാമല്ല, പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍, അത് മിക്കവാറും എല്ലാമാണ്. ശക്തമായ ഉല്‍പാദനക്ഷമത വളര്‍ച്ചയില്ലാതെ ദീര്‍ഘകാല മത്സരക്ഷമത സാധിക്കുകയില്ല’. യൂറോപ്പില്‍ ഉല്‍പ്പാദനക്ഷമത കുറയുന്നതിന് നിരവധി ഘടകങ്ങള്‍ ഉണ്ട്. പുതിയ സാങ്കേതികവിദ്യകളില്‍ നിക്ഷേപത്തിന്റെ അപര്യാപ്തത, മൂലധനം കൂടുതല്‍ വേണ്ട ബിസിനസുകളില്‍ മുതല്‍മുടക്ക് കുറയുന്നത്, മന്ദഗതിയിലുള്ള സാങ്കേതിക വ്യാപനം, കഠിനാധ്വാന സംസ്‌കാരം ഇല്ലാത്തത് എന്നിവയെല്ലാം ഇവയില്‍ ചിലതാണ്. യുക്രെയ്‌നിലെ യുദ്ധം, ഊര്‍ജ്ജ വിലയിലെ വര്‍ദ്ധനവ് എന്നീ ഘടകങ്ങളും അടുത്ത കാലത്ത് ഉല്‍പ്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചു.
കറന്‍സി മൂല്യത്തകര്‍ച്ച പോലുള്ള ഘടകങ്ങള്‍ക്ക് താല്‍ക്കാലികമായി മത്സരക്ഷമത മെച്ചപ്പെടുത്താന്‍ കഴിയുമെങ്കിലും, ബിസിനസുകളുടെ ദീര്‍ഘകാല നിലനില്‍പ്പ് പ്രധാനമായും വിഭവ കാര്യക്ഷമതയെയും സാങ്കേതിക പുരോഗതിയെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ യൂറോപ്പ് പിന്നോക്കം പോയ്‌കൊണ്ടിരിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ചൈന, ഇന്ത്യ എന്നിവയുമായി യൂറോപ്പ് നിരന്തരമായി മത്സരത്തിലാണ്. അമേരിക്കയും ചൈനയും കൂടുതലായി ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് യൂറോപ്പ് അതിന്റെ സാമ്പത്തിക, രാഷ്ട്രീയ സ്ഥാനം നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ചില മേഖലകളില്‍ യൂറോപ്പ് വിജയിച്ചിട്ടുണ്ടെങ്കിലും, മുന്‍നിര സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും വലിയ ആഗോള സാങ്കേതിക കമ്പനികളെ സൃഷ്ടിക്കുന്നതിലും
അത് യുഎസിനും ചൈനയ്ക്കും പിന്നിലാണ്.
ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പന്ന കയറ്റുമതിക്കാരായ ചൈനയും ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ മുന്‍പന്തിയിലുള്ള യുഎസും യൂറോപ്പിനെ അതിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പുറത്താക്കി. ഇന്ത്യ, സാങ്കേതിക വിദ്യയിലും, ജനസംഖ്യ വളര്‍ച്ചയിലും,വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും കുതിച്ചു കയറുമ്പോള്‍ ഇതൊന്നുമില്ലാതെ പഴയ പാരമ്പര്യം മുറുകെ പിടിക്കാനേ യൂറോപ്പിന് ആകുന്നുള്ളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള അത്ര ഉത്പാദനക്ഷമത യൂറോപ്പില്‍ ഇല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
മത്സരശേഷി ഇല്ലാത്ത യൂറോപ്യന്‍ കമ്പനികള്‍
ഉല്‍പ്പാദന ക്ഷമത കുറവാണെന്ന് മാത്രമല്ല, യൂറോപ്യന്‍ കമ്പനികള്‍ക്ക് പൊതുവെ മത്സരശേഷി ഇല്ല എന്ന പ്രശ്‌നവും പരക്കെ അംഗീകരിക്കുന്ന ഒന്നാണ്. യൂറോപ്യന്‍ കമ്പനികള്‍ മത്സരക്ഷമതയുള്ളവരല്ല എന്ന വാദം സങ്കീര്‍ണ്ണമായ ഒന്നാണ്. എന്നാല്‍ യുഎസുമായും ചൈനയുമായും താരതമ്യപ്പെടുത്തുമ്പോള്‍, പ്രത്യേകിച്ച് യൂറോപ്പിന്റെ മത്സരശേഷിയെക്കുറിച്ച് കാര്യമായ ആശങ്കകളുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ ഗവേഷണ വികസന ചെലവുകള്‍, നിയന്ത്രണ ബാധ്യതകള്‍, തുടങ്ങിയ ഘടകങ്ങളില്‍ നിന്നാണ് ഈ ആശങ്കകള്‍ ഉടലെടുക്കുന്നത്. യൂറോപ്യന്‍ കമ്പനികള്‍ക്ക് ശക്തമായ സാമൂഹിക മാതൃകയും സുസ്ഥിരതയും ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ മത്സരശേഷി കുറയുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.
യൂറോപ്യന്‍ കമ്പനികള്‍, പ്രത്യേകിച്ച് വലിയ സ്ഥാപനങ്ങള്‍, യുഎസ് കമ്പനികളെ അപേക്ഷിച്ച് ഗവേഷണ വികസനത്തില്‍ വളരെ കുറച്ച് മാത്രമേ നിക്ഷേപിക്കുന്നുള്ളൂ. ഇത് ഉയര്‍ന്ന മൂല്യമുള്ള മേഖലകളുടെ വികസനം പരിമിതപ്പെടുത്തുന്നുണ്ട് എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാകില്ല. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയെ മറ്റുള്ള വളരുന്ന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉള്ള വ്യത്യാസങ്ങള്‍ ടേബിളില്‍ കാണുക.
അവലംബം:നോമാഡ്ടാക്‌സ്.കോം
ജനസംഖ്യ വെല്ലുവിളി
ജനനനിരക്ക് കുറയല്‍, പ്രായമാകുന്ന ജനസംഖ്യ, പ്രാദേശിക ജനസംഖ്യയിലെ അസമമായ മാറ്റങ്ങള്‍ തുടങ്ങിയവ യൂറോപ്പിന്റെ സംസ്‌കാരത്തെ തന്നെ മാറ്റുകയാണ്. ഇത് തൊഴില്‍ ശക്തി കുറയുന്നതിനും, ആശ്രിതത്വ അനുപാതങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. കുടിയേറ്റം ഈ പ്രശ്‌നങ്ങളില്‍ ചിലത് ലഘൂകരിക്കാന്‍ സഹായിക്കുമെങ്കിലും, അടിസ്ഥാനപരമായ ജനസംഖ്യാ പ്രവണതകള്‍ക്ക് പരിഹാരമാകുന്നില്ല.
ഉദാഹരണത്തിന്, ജനനനിരക്ക് കുറയുന്നതിന്റെയും പ്രായമാകുന്ന ജനസംഖ്യയുടെയും പ്രത്യാഘാതങ്ങള്‍ കുടിയേറ്റത്തിന് മാത്രം പൂര്‍ണ്ണമായും നികത്താന്‍ കഴിയില്ല. കൂടാതെ കുടിയേറ്റം മൂലം യൂറോപ്യന്‍ സംസ്‌കാരം പോലും മാറിമറിയുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നുണ്ട്. കിടിയേറ്റത്തിനായി അതിര്‍ത്തികള്‍ തുറന്നിട്ട് കൊടുത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ എങ്ങനെ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ്.
യൂറോപ്പിലെ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടിവരികയാണ്. 2050 ആകുമ്പോഴേക്കും ശരാശരി പ്രായം 49 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതും, അതിലും പ്രധാനമായി, ജനനനിരക്ക് കുറയുന്നതും ഇതിനൊരു കാരണമാണ്. കാലങ്ങളായി വിവാഹങ്ങളുടെ എണ്ണം കുറയുക, കുടുംബ രീതികളില്‍ മാറ്റം വരിക, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ലഭ്യമാക്കുക തുടങ്ങിയ ഘടകങ്ങള്‍ ഈ പ്രവണതകള്‍ കൂട്ടുകയാണ്.
പ്രായമാകുന്ന ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയില്‍ കുറവുണ്ടാക്കുമെന്നും ഇത് വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമത്തിന് കാരണമാകുന്നുണ്ട്. പ്രായമായവരുടെ അനുപാതം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, ആരോഗ്യ സംരക്ഷണം, ദീര്‍ഘകാല പരിചരണ സൗകര്യങ്ങള്‍ എന്നിവയില്‍ വര്‍ദ്ധിച്ച സമ്മര്‍ദ്ദം നേരിടേണ്ടിവരും.
സാമ്പത്തിക തകര്‍ച്ച-മാന്ദ്യം
ലോക സാമ്പത്തിക ഫോറത്തിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ആഗോള ജിഡിപിയില്‍ യൂറോപ്പിന്റെ പങ്ക് ഏകദേശം 25 ശതമാനത്തില്‍ നിന്ന് ഇന്ന് വെറും 15 ശതമാനമായി കുറഞ്ഞു. ഈ സംഖ്യകള്‍ വെറും ഡാറ്റ പോയിന്റുകള്‍ മാത്രമല്ല; അവ ആഴത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. യൂറോപ്പിന്റെ സാമ്പത്തിക നിലയിലെ സാവധാനത്തിലുള്ളതും എന്നാല്‍ സ്ഥിരവുമായ ഇടിവ് ഭാവിയിലും തുടരും എന്ന് തന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
2024 ന്റെ അവസാന പാദത്തില്‍ യൂറോസോണിന്റെ സമ്പദ്വ്യവസ്ഥ സ്തംഭനാവസ്ഥ അനുഭവിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മ്മനിയും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചുരുങ്ങി. വ്യാപാര അനിശ്ചിതത്വം, ഉയര്‍ന്ന ഊര്‍ജ്ജ വിലകള്‍, ചുവപ്പ് നാട തടസ്സങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഈ മാന്ദ്യത്തിന് കാരണമായത്. 2025 ല്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി തിരിച്ചുവരും എന്ന് പ്രവചനങ്ങള്‍ ഉണ്ടെങ്കിലും, മത്സരക്ഷമതയിലും, സാഹചര്യങ്ങള്‍ക്കനുസരിച്ച്
മാറാത്തതിനാലും പ്രതീക്ഷകള്‍ക്ക് വകയില്ല എന്ന വിലയിരുത്തലുകളുമുണ്ട്. യൂറോപ്യന്‍ സാമ്പത്തിക ശക്തിയായ ജര്‍മ്മനി നാലാം പാദത്തില്‍ 0.2% ചുരുങ്ങി, 2024 വര്‍ഷം മുഴുവന്‍ 0.2% ചുരുങ്ങി, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഉല്‍പ്പാദനം കുറഞ്ഞ അവസ്ഥയിലാണ്.
യൂറോസോണിലെ സാമ്പത്തിക വളര്‍ച്ച മൂന്നാം പാദത്തിലെ 0.4% ല്‍ നിന്ന് നാലാം പാദത്തില്‍ പൂജ്യത്തിലേക്ക്കുറഞ്ഞു.കോവിഡ് കാലം മുതല്‍ ഓരോ വര്‍ഷവും യൂറോപ്പ് പുതിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. റഷ്യ-യുക്രയിന്‍ യുദ്ധം, പണപ്പെരുപ്പം, ഇന്ധന വില വര്‍ദ്ധനവ്, തൊഴിലില്ലായ്മ,അമേരിക്ക പകര ചുങ്കം ഏര്‍പ്പെടുത്തിയത്, ഇപ്പോള്‍ റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കുമെന്ന് ഭീഷിണിയും യൂറോപ്പിനെ തളര്‍ത്തുകയാണ്. ഈ കാരണങ്ങള്‍ കൊണ്ട് ആഗോള വ്യാപാരത്തിലും യൂറോപ്പ് ഒരു വെല്ലുവിളി നേരിടുന്നു. ഇത് ആഗോള കയറ്റുമതിയിലെ അവരുടെ വിഹിതത്തില്‍ ഇടിവിന് കാരണമായി
ഉയരുന്ന നികുതി
യൂറോപ്പിലെ ഉയരുന്ന നികുതി മൂലം, യഥാര്‍ത്ഥ വരുമാനം ഉയരുന്നില്ല എന്ന അവസ്ഥയുണ്ട്. അതുപോലെ ഉയര്‍ന്ന നികുതി മൂലം ഉപഭോക്താക്കളുടെ ചെലവ് ചെയ്യാനുള്ള ശേഷി കുറയുന്നുണ്ട്. ഇതും യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളെ സാമ്പത്തികമായി തകര്‍ക്കുന്നുണ്ട്. പണപ്പെരുപ്പതിനനുസരിച്ച് ആദായ നികുതി ബ്രാക്കറ്റുകള്‍ ക്രമീകരിക്കാത്തതാണ് യൂറോപ്പ് നേരിടുന്ന മറ്റൊരു പ്രശ്‌നം.ഉയര്‍ന്ന നികുതികള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്നും
നിരുത്സാഹപ്പെടുത്തുമെന്നും ഇത് ദീര്‍ഘകാല വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്നും ചിലര്‍ വാദിക്കുന്നു.
വിതരണക്കാരായ റഷ്യയും, ചൈനയുമായി പ്രശ്‌നം
യൂറോപ്യന്‍ യൂണിയന്റെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയും ഇപ്പോള്‍ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സുമായ ചൈനയെ അമിതമായി ആശ്രയിച്ചത് യൂറോപ്പിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.സെമികണ്ടക്ടറുകള്‍, വൈറ്റ് ഗുഡ്സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് എന്നിവയില്‍ ചൈന ഇപ്പോള്‍ ഒരു ശക്തമായ എതിരാളിയാണ്. ഇലക്ട്രിക് വാഹനങ്ങളെച്ചൊല്ലി ഉയര്‍ന്നുവരുന്ന വ്യാപാര സംഘര്‍ഷം ഈ മാറ്റത്തിന് തെളിവാണ്. യൂറോപ്പ് ഇപ്പോള്‍ അവരുടെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാരുമായും (റഷ്യ) ഏറ്റവും വലിയ ഉപഭോക്താവുമായും (ചൈന) സംഘര്‍ഷത്തിലായത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നുണ്ട്. യൂറോപ്യന്‍ കയറ്റുമതിയുടെ ഗണ്യമായ ഭാഗം, പ്രത്യേകിച്ച് അടിസ്ഥാന വ്യവസായങ്ങളിലും ഉയര്‍ന്ന സാങ്കേതികവിദ്യകളിലും ചൈനയെ ആശ്രയിച്ചിരിക്കുന്നു. ചൈനയുടെ നിലവിലെ സാമ്പത്തിക സ്ഥിതി, രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, താരിഫുകള്‍ എന്നിവ ഈ ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചൈന ഒരേ സമയം ഒരു പങ്കാളിയും, സാമ്പത്തിക എതിരാളിയും ആണ്. മനുഷ്യാവകാശങ്ങള്‍, വ്യാപാര അസന്തുലിതാവസ്ഥ, ചൈനയുടെ റഷ്യയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം അവരുടെ ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു.ഇതും യൂറോപ്പിനെ വളര്‍ത്തുന്നതിനേക്കാള്‍ തളര്‍ത്താനാണ് സാധ്യത എന്ന വിലയിരുത്തലുകള്‍
ഉണ്ട്. Is the European economy headed for collapse?
Content Summary: Is the European economy headed for collapse?