ഡോക്ടര്‍ അലാ അല്‍-നജ്ജര്‍ ഒരു പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ആണ്. ഗാസയില്‍ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അല്‍-താഹിര്‍ ആശുപത്രിയിലായിരുന്നു അലാ സേവനം ചെയ്തിരുന്നത്. വെള്ളിയാഴ്ച്ച അലായ്ക്ക് തിരക്കേറിയ ദിവസമായിരുന്നു. ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തുന്ന വ്യോമാക്രമണത്തില്‍ പരിക്കറ്റ് വരുന്നവരെ പരിചരിക്കേണ്ടി വരുന്നത് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. പക്ഷേ, വെള്ളിയാഴ്ച്ചപോലൊരു ദിവസം തന്റെ ജീവിതത്തില്‍ സംഭവിക്കുമെന്ന് അലാ കരുതിയില്ല.
കുട്ടികളെ രക്ഷിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച ഒരു ശിശുരോഗ വിദഗ്ദ്ധയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും ഹൃദയഭേദകമായ ദുരന്തങ്ങളിലൊന്നാണ് അലാ അല്‍-നജ്ജാറിന് സംഭവിച്ചത്. ഇസ്രയേലിന്റെ ക്രൂരമായ പ്രവര്‍ത്തി ആ സ്ത്രീയുടെ മാതൃത്വം അപഹരിച്ചു.
ഖാന്‍ യൂനുസില്‍ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും അന്നേ ദിവസം അല്‍-താഹിര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അതില്‍ഏഴ് കുട്ടികള്‍; അവരെല്ലാം അലായുടെ മക്കളായിരുന്നു. അന്നേ ദിവസം തന്റെ ഒമ്പത് മക്കളെ നഷ്ടപ്പെട്ട അമ്മയായി മാറി അലാ അല്‍-നജ്ജര്‍. കൊല്ലപ്പട്ട മക്കളില്‍ മൂത്തകുട്ടിക്ക് വെറും 12 വയസേ പ്രായം ഉണ്ടായിരുന്നുള്ളു. ഏഴ് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. രണ്ടു കുട്ടികളുടെ ശരീരങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
10 മക്കളായിരുന്നു അലായ്ക്ക്. ഖാന്‍ യൂനുസില്‍ നടന്ന വ്യോമാക്രമണത്തില്‍ അതില്‍ ഒരാളും അലായുടെ ഭര്‍ത്താവും മാത്രമാണ് മുറിവേറ്റെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ ബാക്കിയായത്. രക്ഷപ്പെട്ട കുട്ടിയുടെ പ്രായം 11. അലായുടെ ഭര്‍ത്താവും ഡോക്ടറാണ്. ആ കുട്ടിയെ താനാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്ന് താഹിര്‍ ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഗ്രെയിം ഗ്രൂം എന്ന ബ്രിട്ടീഷ് സര്‍ജന്‍ ബിബിസിയോട് പറയുന്നുണ്ട്. പരിക്കേറ്റ ബാലന്റെ അവസ്ഥ തീരെ മോശമാണെന്നാണ് ഗ്രൂം പറയുന്നത്. പിതാവിന്റെ കാര്യവും അങ്ങനെ തന്നെ. അവരുടെ ബാക്കി ഒമ്പത് മക്കളും, അതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്- കൊല്ലപ്പെട്ടുവെന്നും ഡോക്ടര്‍ പറയുന്നു.
ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ പങ്കുവച്ച ഒരു വീഡിയോ(ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ ബിബിസിയും സ്ഥിരീകരിച്ചിട്ടുണ്ട്)യില്‍ ഖാന്‍ യൂനിസിലെ ഒരു പെട്രോള്‍ പമ്പിന് സമീപമുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് കാണാം. അലാ നജ്ജാര്‍ ജോലി ചെയ്യുന്ന ഖാന്‍ യൂനിസിലെ ആശുപത്രിയിലെ അധികൃതരും ഈ വാര്‍ത്ത സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അലായുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുപേരും ഒരുമിച്ചാണ് അന്നേ ദിവസം ജോലിക്കു പോയത്. ഡ്യൂട്ടി കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു ഇസ്രയേലി വ്യോമാക്രമണം നടക്കുന്നത്.
”ഡോ. അലാ അല്‍-നജ്ജാര്‍ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഡ്യൂട്ടിയിലായിരുന്നു. അതിനിടയിലാണ് തന്റെ ഏഴ് കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുക്കുന്നത് സ്വന്തം കണ്ണുകളാല്‍ അവര്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നത്. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി നഴ്സിംഗ് മേധാവി മുഹമ്മദ് സഖര്‍ ഗാര്‍ഡിയനോട് പറയുന്ന വാക്കുകളാണിത്. അലായുടെ രണ്ടുകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ലെന്നും സഖര്‍ പറയുന്നു. ഒമ്പത് കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഏതെങ്കിലും തരത്തില്‍ ഹമാസുമായോ പലസ്തീന്‍ സായുധ രാഷ്ട്രീയമായിട്ടോ ബന്ധമില്ലാത്തവരായിരുന്നു അലാ നജ്ജറും അവരുടെ ഭര്‍ത്താവും. എന്നിട്ടും ആ കുടുംബത്തെ ഇസ്രയേല്‍ ലക്ഷ്യം വച്ചത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
കുട്ടികളെ ആളിക്കത്തുന്ന അഗ്നിയില്‍ നിന്നും പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ കണ്ടു നില്‍ക്കാന്‍ കഴിയില്ലെന്നാണ് മറ്റൊരു ഡോക്ടറായ വിക്ടോറിയ റോസ് പറയുന്നത്. കുഞ്ഞുങ്ങളെല്ലാം തന്നെ കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍ റോസ് പറയുന്നു.
ഖാന്‍ യൂനുസില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ സാധാരണ ജനങ്ങളോട് മുന്‍കൂര്‍ ആവിശ്യപ്പെട്ടിരുന്നതാണെന്നും, ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാമെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നത്. Israel air strike in Khan Younis, Gaza paediatric specialist’s nine children killed
Content Summary; Israel air strike in Khan Younis, Gaza paediatric specialist’s nine children killed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.