ഗാസയിലെ ഏക കത്തോലിക്ക ആരാധനാലയമായ ഹോളി ഫാമിലി പള്ളിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം. മൂന്നുപേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 10 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാള്‍ പള്ളിയിലെ വികാരിയാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദിവസേന ഗാസയിലെ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ടു കൊണ്ടിരുന്ന പുരോഹിതനായിരുന്നു പള്ളി വികാരിയായ ഗബ്രിയേല്‍ റൊമാനെല്ലി.
ഏപ്രിലില്‍ മരിക്കുന്നത് വരെ, ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ വൈകുന്നേരവും അര്‍ജന്റീനക്കാരനായ ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലിയെ ഫോണ്‍ ചെയ്യുമായിരുന്നുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023 ഒക്ടോബര്‍ 9 നാണ് ഫ്രാന്‍സീസ് മാര്‍പാപ്പ ഈ പതിവ് ആരംഭിച്ചത്. അതായത്, ഹമാസ് ഇസ്രയേലില്‍ കടന്നു കയറി ആക്രമണം നടത്തിയ ഒക്ടോബര്‍ ഏഴിന് രണ്ട് ദിവസം കഴിഞ്ഞതു മുതല്‍. അപ്പോഴേക്കും ഇസ്രയേല്‍ ഗാസയില്‍ ക്രൂരമായ യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഫാദര്‍ റൊമാനെല്ലിക്ക് നിസാര പരിക്കാണ് ഉണ്ടായിരിക്കുന്നത്. റോയിട്ടേഴ്‌സ് പള്ളി വികാരിയുടെ ചിത്രം പുറത്തു വിട്ടിരുന്നു. വലത് കാലില്‍ ബാന്‍ഡേജ് ഒട്ടിച്ച് ഇരിക്കുന്ന റൊമാനെല്ലിക്ക് നടക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നാണ് വിവരം.
ഹോളി ഫാമിലി പള്ളിയിലെ ശുചീകരണത്തൊഴിലാളിയായ 60 കാരന്‍ സാദ് സലാമെ, പള്ളി കോമ്പൗണ്ടിലുള്ള കാരിത്താസ് കൂടാരത്തില്‍ നിന്നും മാനസികാരോഗ്യത്തിനുള്ള പിന്തുണ സ്വീകരിച്ചുകൊണ്ടിരുന്ന ഫുമയ്യ അയ്യാദ് എന്ന സ്ത്രീ, അയ്യാദിന്റെ അടുത്തിരുന്ന നജ്വ അബു ദാവൂദ് (69) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലിസ് പറയുന്നു.
ഗാസയില്‍ നടക്കുന്ന യുദ്ധാതിക്രമങ്ങളില്‍ നിന്നും രക്ഷതേടിയാണ് ആളുകള്‍ പള്ളിയില്‍ അഭയം തേടിയത്. അവിടെ അഭയം തേടിയെത്തിയവര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ ഞങ്ങള്‍ തകര്‍ന്നു പോയെന്നാണ് കാരിത്താസ് ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടന്‍ പ്രതികരിച്ചത്. ഗാസയിലെ സാധാരണക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അവസ്ഥ എത്രത്തോളം ഭയാനകമാണെന്ന് മനസിലാക്കിക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും കാരിത്താസ് ഇന്റര്‍നാഷണല്‍ പറയുന്നു.
പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്. ഷെല്ലിന്റെ കൂര്‍ത്തഭാഗങ്ങള്‍ തറച്ചു കയറിയാണ് പലര്‍ക്കും ഗുരുതരമായ മുറിവേറ്റിരിക്കുന്നതെന്നാണ് ആശുപത്രിയധികൃതര്‍ പറയുന്നത്. അഹങ്കാരികളായ ഇസ്രയേല്‍ സൈനികര്‍ക്ക് ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ വേര്‍തിരിവില്ല. പള്ളിയെന്നോ മോസ്‌ക് എന്നോ വീടുകള്‍ എന്നോ, സ്‌കൂളുകളെന്നോ അവര്‍ നോക്കുന്നില്ല. ക്രൂരമായൊരു യുദ്ധത്തിന് നടുവിലാണ് ഞങ്ങള്‍ ജീവിക്കുന്നത്, പരിക്കേറ്റവരെ പ്രവേശിപ്പിച്ച അല്‍-അഹ്‌ലി അറബ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ ഇബ്രാഹിം സഖല്ല, ദി ഗാര്‍ഡിയനോട് പറയുന്നു.
പള്ളി മൈതാനത്ത് യുദ്ധത്തില്‍ നിരാലംബരായ നൂറോളം പലസ്തീനികള്‍ അഭയം തേടിയിരുന്നു. ഇവരെ ലക്ഷ്യമിട്ടാണ് ഷെല്ലാക്രമണം നടത്തിയതെന്ന് പറയുന്നു. ഈ അഭയാര്‍ത്ഥികളില്‍ സ്ത്രീകളും കുട്ടികളും അംഗപരിമിതരുമെല്ലാം ഉണ്ട്. എന്തായാലും പള്ളിയില്‍ നടന്ന ആക്രമണത്തില്‍ പതിവില്ലാതെ ഇസ്രയേല്‍ സേന ക്ഷമ ചോദിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പള്ളിക്കെതിരായ ആക്രമണത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രതികരിച്ചിട്ടുണ്ട്. സൈനിക ആക്രമണത്തില്‍ ഉണ്ടായ ജീവഹാനിയും പരിക്കും അറിഞ്ഞതില്‍ അതിയായ ദുഃഖം തോന്നുന്നു’ എന്നാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പുറത്തുവിട്ട ഒരു ടെലിഗ്രാം സന്ദേശത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പറയുന്നത്. അടിയന്തര വെടിനിര്‍ത്തലിനുള്ള തന്റെ ആഹ്വാനങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. Israeli strike hit the only Catholic church in Gaza, Three people killed
Content Summary; Israeli strike hit the only Catholic church in Gaza, Three people killed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.