ഗാസയിലേക്കുള്ള എല്ലാ സഹായ വിതരണങ്ങളും തടയാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ അപലപിച്ച് അറബ് രാജ്യങ്ങള്‍. ഗാസ ഇസ്രയേല്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ച ഈജിപ്തും ഖത്തറും വിഷയത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ചപ്പോള്‍ സൗദ്യ അറേബ്യയും യുഎന്നും തങ്ങളുടെ ആശങ്കയറിയിച്ചു.
ഇസ്രയേല്‍ പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കുകയാണെന്ന് ഈജിപ്ത് ആരോപിച്ചു. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും വെടിനിര്‍ത്തല്‍ കരാറിന്റെയും ലംഘനമാണെന്നും ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒന്നാം ഘട്ട വെടിനിര്‍ത്തലിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് സഹായ വിതരണങ്ങള്‍ തടയുകയാണെന്ന് ഇസ്രയേല്‍ അറിയിച്ചത്. ആറാഴ്ച നീളുന്ന രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ഇന്നലെ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വിജയിച്ചില്ല. ഒന്നാം ഘട്ടം 42 ദിവസത്തേക്ക് കൂടി നീട്ടണമെന്നും ഇക്കാലയളവില്‍ ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ഇസ്രയേലിന്റെ ആവശ്യം. ഹമാസ് ഇത് നിരസിച്ചതോടെയാണ് സഹായ വിതരണം തടഞ്ഞതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. രണ്ടാം ഘട്ട വെടിനിറുത്തല്‍ തുടങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം.
ഇസ്രയേലിന്റെ ആവശ്യം ഹമാസ് നിരസിച്ചതോടെ ഗാസയിലേക്കുള്ള ചരക്കുകളും സഹായ വിതരണങ്ങളും ഇസ്രയേല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. ഒരു ട്രക്ക് പോലും പിന്നീട് ഗാസയില്‍ പ്രവേശിച്ചിട്ടില്ലെന്ന് നെതന്യാഹുവിന്റെ വക്താവായ ഒമര്‍ ദോസ്ത്രി പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലേക്കുള്ള മാനുഷിക സഹായം ഉടന്‍ പുനരാരംഭിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ തീരുമാനം അപകടകരമായ നീക്കമാണെന്ന് യുഎന്നിന്റെ മാനുഷികകാര്യ മേധാവി ടോം ഫ്‌ലെച്ചര്‍ പറഞ്ഞു.
ഇസ്രയേലിന്റെ നീക്കത്തില്‍ ഹമാസും പ്രതികരണമറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റേത് നിലവാരമില്ലാത്ത ഭീഷണിപ്പെടുത്തലാണെന്നും വെടിനിര്‍ത്തല്‍ കരാറിനെ ലംഘിക്കുന്നതാണെന്നുമായിരുന്നു ഹമാസിന്റെ പ്രതികരണം.
Content summary: Israel blocks all aid to Gaza; uses starvation as a weapon
Gaza humanitarian aid Israel