ഗാസയെ നിയന്ത്രണത്തിലാക്കാന്‍ ഇസ്രയേലിന്റെ കരയാക്രമണം. നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യം. ഗാസ മുനമ്പിനെ വിഭജിച്ചു കടന്നുപോകുന്നതാണ് ഈ ഇടനാഴി. ഗാസ-ഇസ്രയേല്‍ അതിര്‍ത്തി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍വരെ നീണ്ടു കിടക്കുന്ന ഒരു പ്രധാന റോഡ്. ഈ മേഖല നേരത്തെ ഇസ്രയേലിന്റെ കൈകളിലായിരുന്നു. ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഇസ്രയേല്‍ നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്ന് പിന്മാറിയിരുന്നു. മധ്യ ഗാസയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ഇസ്രയേലിന് ഇതിലൂടെ സാധിക്കും. അടുത്തിടെ വീതി കൂട്ടിയ റോഡിന്റെ ഇരുവശങ്ങളിലും ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ശക്തമായ ബങ്കറുകള്‍ സ്ഥാപിച്ചിച്ചുണ്ട്. സുരക്ഷിതമായൊരു സൈനിക കേന്ദ്രമായി നെറ്റ്‌സാരിം ഇടനാഴിയെ ഇസ്രയേല്‍ കണക്കാക്കുന്നുണ്ട്.
ഗാസയിലെ പുനരാരംഭിച്ച ആക്രമണം കൂടുതല്‍ ശക്തമാക്കുകയെന്നതാണ് ഈ നീക്കത്തിലൂടെ ഇസ്രയേല്‍ ലക്ഷ്യം വച്ചിരിക്കുന്നത്. 183 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടെ 400 ലധികം പേരാണ് ചൊവ്വാഴ്ച്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണം നടത്തി 36 മണിക്കൂറിനുള്ളിലാണ് പരിമിതമായ കരയാക്രമണം ഉണ്ടായതെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നത്.
യുദ്ധം തുടങ്ങിയതിനുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വിനാശകരമായ ആക്രമണമായിരുന്നു ചൊവ്വാഴ്ച്ച ഉണ്ടായതെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ റെക്കോര്‍ഡ്‌സ് വകുപ്പ് തലവന്‍ സഹേര്‍ അല്‍-വഹാദി പറയുന്നത്.
ബുധനാഴ്ച്ചയും തുടര്‍ന്ന വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 48 മണിക്കൂര്‍ കൊണ്ട് 436 പലസ്തീനികളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയതെന്നാണ് ഗാസ സിവില്‍ ഡിഫന്‍സ് സര്‍വീസിന്റെ വക്താവ് പറയുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു ഐക്യരാഷ്ട്ര സഭ ജീവനക്കാരന്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം ആവശ്യപ്പെട്ട് യു എന്‍ രംഗത്തു വന്നിട്ടുണ്ട്. മധ്യ ഗാസയിലെ ദെയ്ര്‍ അല്‍-ബലയിലെ രണ്ട് യുഎന്‍ ഗസ്റ്റ് ഹൗസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് യുഎന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. ‘യുഎന്‍ ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന എല്ലാ സ്ഥലങ്ങളും സംഘര്‍ഷത്തിലെ കക്ഷികള്‍ക്ക് അറിയാം, അന്താരാഷ്ട്ര നിയമപ്രകാരം അവയെ സംരക്ഷിക്കാനും അവയെ ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനും അവര്‍ ബാധ്യസ്ഥരാണ്,’ എന്നാണ് യു എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പറയുന്നത്. ഒരു ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെയുള്ള അഞ്ചു യു എന്‍ ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.
എന്നാല്‍, ഐക്യരാഷ്ട്ര സഭ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന വാര്‍ത്ത നിഷേധിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന. യുഎന്‍ കെട്ടിടങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ യാതൊരുവിധ ഓപ്പറേഷനുകളും ഐഡിഎഫ് നടത്തിയിട്ടില്ലെന്നാണ് അവരുടെ വക്താവ് വാദിക്കുന്നത്.
വടക്ക്- കിഴക്കന്‍ ഗാസയിലെ ഏകദേശം 150,000 ആളുകളോട് ഇസ്രയേല്‍ ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടിട്ടുണ്ട്, യുദ്ധമേഖലയില്‍ അകപ്പെട്ടു പോകേണ്ടെങ്കില്‍ വീടുകള്‍ വിട്ടുപോകാനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ കരയാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് മാസം നീണ്ടു നിന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചാണ് ചൊവ്വാഴ്ച്ച ശക്തമായ വ്യോമാക്രമണ പരമ്പര ഇസ്രയേല്‍ നടത്തിയത്. ഹമാസിനെതിരെയെന്നു പറയുന്ന യുദ്ധം ഗാസയില്‍ വീണ്ടും അവര്‍ പുനരാരംഭിക്കുകയാണ്. ആദ്യത്തെ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം നടത്തിയിരിക്കുന്ന സുപ്രധാന നീക്കമാണ് നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുക്കല്‍.
നെറ്റ്‌സാരിം ഇടനാഴി വളരെ തന്ത്രപ്രധാനമായ കേന്ദ്രമാണെന്ന് ഇസ്രയേലിന് അറിയാം. അതിന്റെ നിയന്ത്രണം പിടിച്ചെടുത്താല്‍ ഗാസയുടെ നിയന്ത്രണവും വീണ്ടെടുക്കാന്‍ തങ്ങള്‍ക്കാകുമെന്ന് ഇസ്രയേലിന് വിശ്വാസമുണ്ട്. പ്രദേശം തിരിച്ചുപിടിക്കുന്നതിനും മേഖലയിലെ ഹമാസിന്റെ നിയന്ത്രണം ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ഒരു വലിയ സൈനിക നടപടിയുടെ ഭാഗമായിട്ടാണ് ഒഴിപ്പിക്കല്‍ ഉത്തരവുകളും ഇടനാഴി പിടിച്ചെടുക്കലും എന്നാണ് അന്താരാഷ്ട്ര നിരീക്ഷണം.
നെറ്റ്‌സാരിം ഇടനാഴിയിലെ ചെക്ക്പോസ്റ്റുകള്‍ സംരക്ഷിച്ചിരുന്നത് ഒരു സ്വകാര്യ സുരക്ഷാ കമ്പനിയായിരുന്നു. ഇവര്‍ ചൊവ്വാഴ്ച്ച രാത്രിയില്‍ പൊടുന്നനെ പിന്‍വാങ്ങി. ബുധനാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യത്തിന്റെ കവചിത വാഹനങ്ങളും ടാങ്കുകളും, കരസേനയിലെ സൈനികരും സ്ഥലത്ത് എത്തിയതായാണ് ഗാസയില്‍ മനുഷ്യാവകാശസഹായങ്ങള്‍ നല്‍കുന്ന പാശ്ചാത്യ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരം. ഗാസ മുനമ്പിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഒരു നിര്‍ണായക റോഡാണ് നെറ്റ്‌സാരിം ഇടനാഴി എന്നതിനാല്‍ ഇപ്പോഴത്തെ ഇസ്രയേല്‍ നീക്കത്തിന് ഏറെ പ്രധാന്യമുണ്ട്. സ്വകാര്യ സുരക്ഷാ കമ്പനിയുടെ പിന്‍വാങ്ങലോടെ ഇസ്രയേലി സൈന്യം ഇടനാഴിയുടെ ചുമതല ഏറ്റെടുത്തു. ഇതോടെ ഈ ഇടനാഴിയിലുടെയുള്ള പലസ്തീനികളും സഞ്ചാരവും അതുപോലെ ചരക്കു നീക്കവും ഇസ്രയേലിന് തടയാം.
ഇസ്രയേല്‍ സൈന്യം ഇടനാഴിയിലുള്ള നാല് ഉറപ്പേറിയ ബങ്കറുകളും വീണ്ടും കൈവശപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇടനാഴിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അവര്‍ അടച്ചു. ഇതോടെ വടക്ക് നിന്ന് തെക്കന്‍ ഗാസയിലേക്ക് യാത്ര ചെയ്യുന്നത് തടസപ്പെട്ടു.
ഹമാസിനെതിരെ പൂര്‍ണ വിജയം നേടുക, അവരുടെ തടവില്‍ കഴിയുന്ന 59 ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.
‘ഇസ്രയേലി ബന്ദികളെ തിരിച്ചയക്കാനും ഹമാസിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശം ഞങ്ങള്‍ പാലിക്കും’എന്നായിരുന്നു ബുധനാഴ്ച ഗാസയിലെ പലസ്തീനികള്‍ക്കുള്ള അവസാന മുന്നറിയിപ്പ് എന്ന നിലയില്‍ പുറത്തു വിട്ട വീഡിയോ പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഭീഷണി മുഴക്കുന്നത്.
ബന്ദികളെ തിരിച്ചയക്കുക, ഹമാസിനെ പുറത്താക്കുക; അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ മറ്റ് സാധ്യതകള്‍ ഉണ്ടാകും, നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലോകത്തിന്റെ മറ്റെവിടേക്കെങ്കിലും പോകണമെങ്കില്‍ അതുള്‍പ്പെടെ, എന്നാണ് ഇസ്രയേല്‍ മന്ത്രി ഗാസയിലെ സാധാരണക്കാരെ ഭയപ്പെടുത്തുന്നത്.
ജനുവരി പകുതിയോടെ ആരംഭിച്ച വെടിനിര്‍ത്തല്‍ സമയത്ത് ലക്ഷക്കണക്കിന് പലസ്തീനികള്‍ അവരുടെ വീടുകളിലേക്കും അവശേഷിച്ച ഇടങ്ങളിലേക്കും മടങ്ങിയെത്തിയിരുന്നു. ഇസ്രയേല്‍ സൈന്യം ഈ സമയം ഗാസയുടെ അതിര്‍ത്തികള്‍ക്കു ചുറ്റുമുള്ള ബഫര്‍ സോണിലേക്ക് പിന്‍വാങ്ങുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും സൈന്യം തിരികെയെത്തുകയാണ്. പലസ്തീനികള്‍ വീണ്ടും പലായനത്തിനായി ഇറങ്ങേണ്ടിയും വരുന്നു. അല്ലെങ്കില്‍ തങ്ങളുടെ വ്യോമാക്രമണങ്ങളില്‍ ഇനിയും സ്ത്രീകളും കുട്ടികളുമടക്കം കൂട്ടക്കൊല ചെയ്യപ്പെടുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളത്. Israel captures Netzarim corridor, launches limited ground operation, and warns Gaza residents to evacuate
Content Summary; Israel captures Netzarim corridor, launches limited ground operation, and warns Gaza residents to evacuate