June 04, 2026 |
Share on

ഗാസയില്‍ സഹായമെത്തിക്കാന്‍ യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രയേല്‍; കൊടുംപട്ടിണിയില്‍ മരിച്ച് വീണ് പലസ്തീനികള്‍

24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം 5 പേർ മരിച്ചു

​ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനുവേണ്ടി യുദ്ധം താൽക്കാലികമായി നിർത്തിവെക്കാൻ കഴിയില്ലെന്ന് വ്യക്തമായി ഇസ്രയേൽ സൈന്യം. ഇസ്രയേലിൻ്റെ ഈ തീരുമാനം വടക്കൻ ഗാസയിൽ നിലവിൽ വ്യാപിക്കുന്ന ക്ഷാമത്തെ കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാസ സിറ്റിയിൽ യുദ്ധത്തിൽ നിന്നും പ്രാദേശിക താൽക്കാലിക ഇടവേള ബാധകമല്ലെന്ന് എക്സിലെ ഒരു പ്രസ്താവനയിലൂടെ ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേൽ സാധാരണക്കാരോട് ഒഴിഞ്ഞു പോകാൻ അറിയിച്ചിട്ടില്ലെങ്കിലും ഇപ്പോൾ നഗരം മുഴുവൻ അപകടകരമായ പോരാട്ട മേഖലയായി കണക്കാക്കുകയാണെന്നും സൈന്യം പറഞ്ഞു.

ഗാസ സിറ്റിയിലും സമീപ പ്രദേശങ്ങളിലും ഇസ്രയേൽ സൈന്യം ആക്രമണങ്ങൾ ശക്തമാക്കുകയാണ്. വൻ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനകം തന്നെ പട്ടിണി, രോഗങ്ങൾ, ഇസ്രയേൽ ആക്രമണങ്ങൾ എന്നിവ കാരണം ദുരിതത്തിലായ ലക്ഷക്കണക്കിന് പലസ്തീൻ സാധാരണക്കാർക്ക് ഇത് കൂടുതൽ ദുരന്തങ്ങൾ വരുത്തുമെന്ന് മനുഷ്യാവകാശ സംഘടനകളും ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷികളും മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം അഞ്ച് പേരാണ് ​ഗാസയിൽ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലി ആക്രമണങ്ങളിൽ 59 പേർ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയുടെ ഏകദേശം 80 ശതമാനം പ്രദേശങ്ങളും ഒഴിപ്പിക്കൽ ഉത്തരവിന് കീഴിലാണ്. അതിന്റെ ആകെ വിസ്തീർണ്ണത്തിന്റെ അഞ്ചിലൊന്ന് ഭാഗത്ത് സാധാരണക്കാർ തിങ്ങിപ്പാർക്കുകയാണ്. ഇസ്രയേൽ മാനുഷിക മേഖലകൾ എന്ന് പറഞ്ഞ പ്രദേശങ്ങളിൽ പോലും ആക്രമണങ്ങൾ തുടരുന്നതിനാൽ അവയും സുരക്ഷിതമല്ല.

ഗാസയിൽ ഇപ്പോൾ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളെ സൈന്യം ഒരു ആസൂത്രിത ഓപ്പറേഷന്റെ പ്രാരംഭ ഘട്ടങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏകദേശം രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ട കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയുണ്ടോ എന്നതിനെച്ചൊല്ലി സൈനിക മേധാവികൾ അദ്ദേഹവുമായി ഇപ്പോഴും തർക്കത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഗാസയിലെ പട്ടിണിയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ഉണ്ടായതിനെത്തുടർന്ന് കൂടുതൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ഓരോ ദിവസവും കുറച്ച് സമയത്തേക്ക് പോരാട്ടം നിർത്തിവെക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ​ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം ലഘൂകരിച്ചെങ്കിലും പുതിയ നടപടികൾ ഗാസയെ കൂടുതൽ ക്ഷാമത്തിലേക്കാണ് തള്ളിവിട്ടത്.

ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതം മൂളിയതായി മധ്യസ്ഥർ അറിയിച്ച സമയത്താണ് സൈനിക നടപടികൾ വീണ്ടും ശക്തമാക്കുന്നത്. ഈ കരാറിന്റെ വ്യവസ്ഥകൾ ഇസ്രയേൽ നേരത്തെ അംഗീകരിച്ചിരുന്നവയാണ്. ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി യുദ്ധം അവസാനിപ്പിക്കുന്നതിനെ ഭൂരിഭാഗം ഇസ്രയേലികളും പിന്തുണയ്ക്കുന്നുണ്ടെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നു. ഈ നീക്കം ജീവിച്ചിരിപ്പുള്ള ബന്ദികൾക്ക് അപകടമുണ്ടാക്കുമെന്നും ക്ഷീണിതരായ സൈനികർക്ക് വലിയ ആഘാതമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ട് ആസൂത്രിത ഓപ്പറേഷനെതിരെ രാജ്യത്തിനകത്ത് ശക്തമായ വിമർശനങ്ങളുണ്ട്.

പുതിയ ആക്രമണം മുന്നിൽ കണ്ടുകൊണ്ട് കഴിഞ്ഞ ആഴ്ച ഏകദേശം 23,000 പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്തതായി യുഎൻ അറിയിച്ചു. എന്നാൽ സുരക്ഷിത മേഖലകളിലേക്ക് പോകുന്ന വഴിയിലോ അവിടെ എത്തിയ ശേഷമോ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Content Summary: Israel ends temporary halts for aid deliveries; Palestinians die of starvation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×