ലെബനനില്‍ ഇസ്രയേല്‍ പ്രയോഗിച്ചത് നിരോധിച്ച ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍

തികച്ചും മാനുഷിക വിരുദ്ധവും അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനവുമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നത്‌

Israel use cluster munition in Lebanon

ലെബനനില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേല്‍ നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതായി വിവരം. 13 മാസം തുടര്‍ന്ന ആക്രമണത്തില്‍ വ്യാപകമായി ഇത്തരം ആയുധങ്ങള്‍ ഇസ്രയേല്‍ ഉപയോഗിച്ചുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെക്കന്‍ ലെബനനിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ കണ്ടെത്തിയ യുദ്ധോപകരണ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ ഇത്തരമൊരു സൂചന നല്‍കുന്നത്.

ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തുള്ള വാദി സിബ്ഖിന്‍, വാദി ബര്‍ഗൂസ്, വാദി ദീര്‍ സിറിയന്‍ എന്നിവിടങ്ങളിലെ വനപ്രദേശങ്ങളില്‍ നിന്നാണ് ക്ലസ്റ്റര്‍ യുദ്ധോപതരണ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുള്ളത്. കണ്ടെത്തിയവ ഇസ്രയേലിന്റെ രണ്ട് തരം ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളാണെന്ന് ആറ് ആയുധ വിദഗ്ധര്‍ സ്ഥിരീകരിച്ചതായും ഗാര്‍ഡിയന്‍ പറയുന്നു.

കണ്ടെത്തിയ ആയുധങ്ങളില്‍ ഒന്ന് ആന്റി-പേഴ്‌സണല്‍ യുദ്ധോപകരണമായ 155എംഎം എം999 ബറാക് ഈതന്‍ ആണ്. 2019ല്‍ പ്രതിരോധ കരാറുകാരായ എല്‍ബിറ്റ് സിസ്റ്റംസ് നിര്‍മ്മിച്ചതാണിത്. മറ്റൊന്ന്, 227എംഎംഎം റാ’ആം ഈതന്‍ ഗൈഡഡ് മിസൈല്‍ ആണ്. എല്‍ബിറ്റ് സിസ്റ്റംസ് വികസിപ്പിച്ച പുതിയ തരം ക്ലസ്റ്റര്‍ യുദ്ധോപകരണമായ ഇതിന്റെ ലോട്ട് കോഡ് അനുസരിച്ച് 2017-ല്‍ നിര്‍മ്മിച്ചതാണിതെന്നു പറയുന്നു.

ഈ രണ്ട് പുതിയ തരം ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് പത്രം പറയുന്നത്. 2006-ലെ ലെബനന്‍ യുദ്ധത്തിനു ശേഷം ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ഇസ്രയേല്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആദ്യ സൂചനയാണിത്.

ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വലിയ പ്രദേശങ്ങളിലാണ്(അതായ് നിരവധി ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം വരുന്ന മേഖലകള്‍) പ്രയോഗിക്കുന്നത്. നിരവധിയായ ചെറിയ ബോംബുകള്‍ ഒരു ബോംബ് പെട്ടിയില്‍ നിന്നെപോലെ പ്രയോഗിക്കുകയാണ്. ഇവയുടെ ഉപയോഗം വ്യാപകമായി നിരോധിച്ചിരിക്കുന്നതാണ്. കാരണം പ്രയോഗിക്കുന്ന ബോംബുകളില്‍ ഏകദേശം 40% വരെ ലക്ഷ്യത്തില്‍ പതിക്കുകയും ബാക്കിയുള്ളവ പൊട്ടിത്തെറിക്കാതെ അവിടെ കിടക്കുകയും ചെയ്യും. ഇവ കാലക്രമേണ സാധാരണക്കാര്‍ക്ക് വലിയ ഭീഷണിയായി മാറുകയും ചെയ്യും.

ഇതുവരെ 124 രാജ്യങ്ങള്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ഉപയോഗം, ഉത്പാദനം, കൈമാറ്റം എന്നിവ നിരോധിക്കുന്ന ഉടമ്പടിയില്‍ പങ്കാളികളായിട്ടുണ്ട്. എന്നാല്‍, ഇസ്രയേല്‍ ഇതില്‍ അംഗമല്ല. അതിനാല്‍ അവരെ സംബന്ധിച്ച് ഉടമ്പടി ബാധകമല്ല.

ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ഉപയോഗം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നത്. ഇത്തരം ആയുധങ്ങളുടെ വലിയ പ്രഹരശേഷി സൈനിക ലക്ഷ്യങ്ങളെ മാത്രമല്ല സാധാരണക്കാരെയും ഇല്ലാതാക്കും. യുദ്ധം കഴിഞ്ഞും പതിറ്റാണ്ടുകളോളം ബാക്കിയാകുന്ന ഇവയുടെ അവശിഷ്ടങ്ങള്‍ സാധാരണക്കാരെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്നത് തുടരും എന്നാണ് ക്ലസ്റ്റര്‍ മ്യുണിഷന്‍ കോളിഷന്‍ ഡയറക്ടര്‍ താമര്‍ ഗാബെല്‍നിക് ചൂണ്ടിക്കാണിക്കുന്നത്.

ഇസ്രയേല്‍ സൈന്യം ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ഉപയോഗം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. ‘അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി, സാധാരണക്കാര്‍ക്ക് ദോഷം കുറച്ചുകൊണ്ട് നിയമപരമായ ആയുധങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്,’ എന്നാണ് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചത്.

ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ലെബനന് തീര വേദനകളാണ് സമ്മാനിച്ചിട്ടുള്ളത്. 2006-ലെ യുദ്ധത്തിന്റെ അവസാന ദിവസങ്ങളില്‍ ഇസ്രയേല്‍ ലെബനനില്‍ നാലു ദശലക്ഷം ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായാണ് കണക്ക്. ഇതില്‍ ഒരു ദശലക്ഷത്തോളം എണ്ണം പൊട്ടാതെ കിടക്കുന്നതായി പറയുന്നു. 2006 മുതല്‍ പൊട്ടിത്തെറിക്കാത്ത ബോംബുകള്‍ മൂലം 400-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.

Content Summary: Israel has been accused of using widely banned cluster munitions in Lebanon. Israel- Hezbollah war

This post was last modified on November 20, 2025 11:25 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment