ഗാസയില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി വിവരം. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനായി തങ്ങള്‍ ആക്രമണം വ്യാപിപ്പിക്കുകയാണെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഹമാസിനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷന്‍ ഗിഡിയോണ്‍സ് ചാരിയറ്റ്‌സിന്റെ ഭാഗമായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ്വ വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയില്‍, ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറയുന്നത്. ഗാസയിലെ യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഗിഡിയോണ്‍സ് ചാരിയറ്റ്‌സിന്റെ പ്രാരംഭ നീക്കങ്ങളാണ് തങ്ങള്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് ഐഡിഎഫ് പറയുന്നത്. ഗാസ മുനമ്പിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ വിപുലമായ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് തങ്ങളെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യേഷ്യന്‍ സന്ദര്‍ശനം അവസാനിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ യുദ്ധപ്രസ്താവന പുറത്തു വന്നിരിക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലാണ് ട്രംപ് സന്ദര്‍ശനം നടത്തിയത്. ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. മേഖലയില്‍ പ്രശ്‌നങ്ങള്‍ അമേരിക്ക ശ്രദ്ധിച്ചു വരികയാണെന്നും അബുദാബിയില്‍ വച്ച് ട്രംപ് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ഗാസയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ ഇസ്രയേല്‍ വീണ്ടും ഗാസയില്‍ കൂട്ടമരണം വിതയ്ക്കുകയായിരുന്നു.
ഗാസയെ ഒരു ‘സ്വാതന്ത്ര്യ മേഖല’ ആക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും വ്യാഴാഴ്ച്ച ട്രംപ് വിവരിച്ചിരുന്നു. പക്ഷേ ആ ആഗ്രഹത്തിന് പറയത്താക്ക പിന്തുണയൊന്നും കിട്ടിയില്ല. ഗാസയൊരു ആഡംബര വിനോദ, ബിസിനസ് കേന്ദ്രമായി പുനര്‍നിര്‍മ്മിക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപ് ഇതുപോലൊരു ആഗ്രഹം പങ്കുവച്ചിരുന്നതാണ്. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ആ വളഞ്ഞവഴിക്കെതിരേ വ്യാപക പ്രതിഷേധവും വിമര്‍ശനവുമാണ് യുഎസ് പ്രസിഡന്റിന് നേരിടേണ്ടി വന്നത്.
ട്രംപിന്റെ മധ്യേഷ്യന്‍ സന്ദര്‍ശനം ചില പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. മേഖലയില്‍ പരസ്പര സംഘര്‍ഷം കുറയ്ക്കുമെന്നതിലും ഗാസയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാകുമെന്നതിലുമാരുന്നു പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ബോംബാക്രമണങ്ങളും റെയ്ഡുകളും കഴിഞ്ഞ ആഴ്ചകളേക്കാള്‍ രൂക്ഷമായി മാറിയിരിക്കുകയാണ്. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചതിന്റെ ആദ്യ ദിവസങ്ങളില്‍ കണ്ടതിനേക്കാള്‍ മരണസംഖ്യ വലിയതോതില്‍ ഉയരുകയാണ്. വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 108 പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിക്കുന്നത്. സമീപ ദിവസങ്ങളില്‍ ഇസ്രയേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 250 മുതല്‍ 300 വരെയാണെന്നാണ് പലസ്തീനിലെ ചില ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്ന കണക്ക്.
ദെയ്ര്‍ അല്‍-ബലായിലും ഖാന്‍ യൂനിസിന്റെയും പ്രാന്തപ്രദേശങ്ങളിലും നടന്ന ആക്രമണങ്ങള്‍ക്കുശേഷം 48 മൃതദേഹങ്ങള്‍ വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്കും 16 മൃതദേഹങ്ങള്‍ നാസര്‍ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയിലെ ജബാലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 25 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗാസയിലുടനീളമുള്ള 150-ലധികം ‘ഭീകര’ കേന്ദ്രങ്ങളില്‍ തങ്ങളുടെ വ്യോമസേന ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്രയേല്‍ സൈന്യം അറിയിക്കുന്നത്.
2023 ഒക്ടോബറില്‍ ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. അന്ന് 250 ഓളം പേരെയാണ് ബന്ദികളാക്കി പലസ്തീനിലേക്ക് കൊണ്ടു പോയത്. അതില്‍ 57 പേരെ ഇപ്പോഴും ഹമാസിന്റെ തടവില്‍ ജീവനോടെയുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ ബന്ദിയെ മോചിപ്പിച്ചിരുന്നു. അമേരിക്കയുടെ ഇടപെടലില്‍ ഗാസയുടെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താമെന്ന പ്രതീക്ഷയിലാണ് ഹമാസ് ബന്ദിയെ മോചിപ്പിച്ചതെങ്കിലും ഇസ്രയേല്‍ കൂടുതല്‍ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. Israel intensifies attack in Gaza, reports indicate over 100 people killed.
Content Summary; Israel intensifies attack in Gaza, reports indicate over 100 people killed.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.