July 13, 2025 |
Share on

ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങി ഇസ്രയേല്‍; കുട്ടികളടക്കം 200 പേര്‍ കൊല്ലപ്പെട്ടു

ഗാസ മുനമ്പില്‍ ഉടനീളം കുറഞ്ഞത് 35 വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയിട്ടുണ്ടെന്നാണ് പലസ്തീന്‍ സിവില്‍ എമര്‍ജന്‍സി സര്‍വീസ് പറയുന്നത്

ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങി ഇസ്രയേല്‍. ജനുവരി 19 ലെ വെടിനിര്‍ത്തലിന് ശേഷം നടക്കുന്ന ഏറ്റവും തീവ്രവമായ വ്യോമാക്രമണമാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഉണ്ടായിരിക്കുന്നത്. തീവ്രവാദി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണ പരമ്പരയാണ് തങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേല്‍ വിശദീകരണം. കുട്ടികളടക്കം 200 മരണം ഈ ആക്രമണത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളും ഗാസയില്‍ ഉണ്ടായിട്ടുണ്ട്. ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചിരിക്കുകയാണെന്നാണ്, ഈ ആക്രമണത്തെ അപലപിച്ച് ഒരു ഹമാസ് നേതാവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.

ഗാസ മുനമ്പില്‍ ഉടനീളം കുറഞ്ഞത് 35 വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയിട്ടുണ്ടെന്നാണ് പലസ്തീന്‍ സിവില്‍ എമര്‍ജന്‍സി സര്‍വീസ് പറയുന്നത്. ഇതില്‍ 30 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിക്കുന്നു. കുട്ടികളടക്കം എട്ട് പലസ്തീന്‍ പൗരന്മാരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യം 200 കടന്നെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, ഹമാസിന്റെ തടവില്‍ ജീവനോടെയുള്ള ബന്ദികളെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും തിരികെ കൊണ്ടുവരാന്‍ രാഷ്ട്രീയ നേതൃത്വം നിര്‍ണയിക്കുന്ന യുദ്ധലക്ഷ്യങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ്.

ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തുടര്‍ച്ചയായി വിസമ്മതിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിലിന്റെ മധ്യസ്ഥതയില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും നിരസിച്ചു. ഇതേ തുടര്‍ന്നാണ് ഇത്തരം ആക്രമണം നടത്തേണ്ടി വന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

മധ്യ ഗാസയിലെ ദെയ്ര്‍ അല്‍-ബലയില്‍ മൂന്ന് വീടുകളും ഗാസ നഗരത്തിലെ ഒരു കെട്ടിടവും വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഖാന്‍ യൂനിസിലും റാഫയിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായി, എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം രണ്ടാഴ്ച്ച മുമ്പ് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടവുമായി മുന്നോട്ട് പോകാന്‍ ഇസ്രയേല്‍ വിസമ്മതിക്കുകയാണ്. ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ പിന്‍വാങ്ങല്‍, ഹമാസ് തടവില്‍ വച്ചിരിക്കുന്ന ശേഷിക്കുന്ന എല്ലാ ബന്ദികളുടെയും മോചനം, സംഘര്‍ഷത്തിന് ശാശ്വതമായ അന്ത്യം എന്നിവ ഉള്‍പ്പെടുന്നതായിരുന്നു നിര്‍ണായകമായ രണ്ടാംഘട്ടം. ഗാസയില്‍ സമാധാനം കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ 2024 ജൂണില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ പദ്ധതിയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഒന്നാം ഘട്ടത്തില്‍ ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍, ബന്ദികളുടെ കൈമാറ്റം, ഗാസയിലെ ജനവാസ മേഖലകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍. രണ്ടാം ഘട്ടത്തില്‍, കൂടുതല്‍ ബന്ദികളെ മോചിപ്പിക്കല്‍, ഇസ്രയേലി സൈന്യത്തെ പിന്‍വലിക്കല്‍, വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ സൈനിക നടപടി പുനരാരംഭിക്കാനുള്ള സാധ്യത. മൂന്നാംഘട്ടത്തില്‍, ഗാസയുടെ പുനര്‍നിര്‍മാണം.

രണ്ടാം ഘട്ടം നടപ്പാക്കാന്‍ ഇസ്രയേല്‍ വിസമ്മതിക്കുന്നത് കരാര്‍ അവസാനിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിന് മുമ്പ് ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് ഹമാസിന്റെ ആവശ്യം.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്, കഴിഞ്ഞ രണ്ടാഴ്ചയായി ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രയേല്‍ നിര്‍ത്തിവച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഹമാസിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു ലക്ഷ്യം. ഇസ്രയേലിന്റെ ഈ നീക്കത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി പ്രതികരിച്ചിരുന്നു. യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.

ഇസ്രയേല്‍ ഉപരോധം പിന്‍വലിക്കുക, ഗാസയുടെയും ഈജിപ്തിന്റെയും അതിര്‍ത്തിയിലുള്ള തന്ത്രപ്രധാനമായ ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങുക, കൂടുതല്‍ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ബന്ദികളെ വിട്ടയക്കൂ എന്നാണ് ഹമാസ് നിര്‍ബന്ധം പിടിച്ചിരിക്കുന്നത്.  Israel’s conducting extensive strikes in Gaza, 30 killed including children 

Content Summary; Israel’s conducting extensive strikes in Gaza, 30 killed including children

Leave a Reply

Your email address will not be published. Required fields are marked *

×