ഒടുവില്‍ ഗാസയിലെ മരണ കണക്ക് സമ്മതിച്ച് ഇസ്രയേല്‍; 70,000 പേരെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ ഗാസ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് ഇതിനെക്കാള്‍ കൂടുതലാണ്

Gaza death toll

ഗാസയിലെ മരണസംഖ്യ അംഗീകരിച്ച് ഇസ്രയേല്‍. ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന മരണസംഖ്യ ഏകദേശം കൃത്യമാണെന്നാണ് ഇസ്രയേല്‍ സൈന്യം സമ്മതിക്കുന്നത്. ഇതാദ്യമായാണ് ഇസ്രയേല്‍ ഈ കണക്ക് പൂര്‍ണമായല്ലെങ്കിലും അംഗീകരിക്കുന്നത്. മുന്‍പ് അവര്‍ ചെയ്തിരുന്നത് ഗാസയില്‍ നിന്നുള്ള കണക്കുകള്‍ തള്ളിക്കളയുകയായിരുന്നു. ആ നിലപാടില്‍ നിന്നുള്ള വലിയൊരു മാറ്റമാണിത്.

ഒക്ടോബര്‍ 2023-ന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 70,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഒരു മുതിര്‍ന്ന ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കാണാതായവരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗാസ യുദ്ധത്തിലെ മരണസംഖ്യയെക്കുറിച്ച് ഇസ്രയേല്‍ പരസ്യമായി ഒരു കണക്കു നല്‍കുന്നത് ഇതാദ്യമായാണ്. ഇതിനുമുമ്പ്, തങ്ങള്‍ വധിച്ച സായുധ പോരാളികളുടെ കണക്ക് മാത്രമാണ് ഇസ്രയേല്‍ ഗവണ്‍മെന്റും സൈന്യവും നല്‍കിയിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പലസ്തീന്‍ നല്‍കുന്ന കണക്കുകളെ ‘ഹമാസ് പ്രചാരണം’ എന്ന് വിളിച്ചായിരുന്നു ഇസ്രയേല്‍ തള്ളിക്കളഞ്ഞിരുന്നത്.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 71,660 കടന്നതായും, കുറഞ്ഞത് 10,000 പേരെങ്കിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായുമാണ് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

22,000 ഹമാസ് സൈനികരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം മുന്‍പ് അവകാശപ്പെട്ടിരുന്നത്. പുതിയ കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സിവിലിയന്മാരാണെന്ന് വ്യക്തമാകുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്ന 50% എന്ന നിരക്കിനേക്കാള്‍ വളരെ കൂടുതലാണിത്.

പലസ്തീന്റെ ഡാറ്റാബേസില്‍ മരിച്ചവരുടെ പേരും ജനനത്തീയതിയും ഐഡി നമ്പറുകളും ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍കാല യുദ്ധങ്ങളിലും പലസ്തീന്‍ നല്‍കിയ കണക്കുകള്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചിട്ടുള്ളതാണ്.

ഈ വെളിപ്പെടുത്തല്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഇസ്രയേല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ‘മറ്റു ആരോപണങ്ങളും ഇതുപോലെ സത്യമാകാന്‍ സാധ്യതയില്ലേ? സൈന്യത്തിന്റെയും ഗവണ്‍മെന്റിന്റെയും വിശ്വാസ്യതയെക്കുറിച്ച് ഇസ്രയേല്‍ ജനത ചിന്തിക്കേണ്ടിയിരിക്കുന്നു,’ എന്നാണ് പത്രം എഴുതിയത്. അതേസമയം, ഹാരെറ്റ്സ് ഒഴികെയുള്ള മറ്റ് പ്രധാന ഇസ്രയേല്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടില്ല.

ഗാസയും ഈജിപ്തും തമ്മിലുള്ള പ്രധാന അതിര്‍ത്തിയായ റഫ ക്രോസിംഗ് ഞായറാഴ്ച മുതല്‍ തുറക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2024 മെയ് മാസത്തില്‍ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇത് തുറക്കുന്നത്.

യുദ്ധം തുടങ്ങിയ ശേഷം ഗാസ വിട്ടുപോയ പലസ്തീനികള്‍ക്ക് തിരിച്ചുവരാന്‍ അപേക്ഷിക്കാമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ സേനയുടെ മേല്‍നോട്ടം ഉണ്ടാകുമെങ്കിലും, അതിര്‍ത്തി കടക്കുന്നവരുടെ പൂര്‍ണ നിയന്ത്രണം ഇസ്രയേലിനായിരിക്കും.

നിലവില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് അനുമതി. അതിനാല്‍ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കാനുള്ള സഹായമായി ഇതിനെ കാണാനാകില്ല. ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള യുഎസ് നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

Content Summary; Israel’s military has accepted health authorities death toll saying about 70,000 Palestinians had been killed by Israeli attacks

This post was last modified on January 31, 2026 6:52 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment