ഇന്തോനേഷ്യയിലെ അച്ചെ പ്രവിശ്യയില്‍ വിവാഹേതര ലൈംഗിക ബന്ധം, മദ്യപാനം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒരു സ്ത്രീക്കും പുരുഷനും ശരിയത്ത് പോലീസ് ശിക്ഷ വിധിച്ചത് 140 ചാട്ടയടികള്‍. മദ്യപാനം, വിവാഹേതര ബന്ധം എന്നീ വിഷയങ്ങളില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും കഠിനമായ ശിക്ഷകളില്‍ ഒന്നാണിത്.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍, ശരിയത്ത് നിയമം നിലവിലുള്ള ഏക പ്രവിശ്യയാണ് അച്ചെ. ഇവിടെ വിവാഹിതരല്ലാത്തവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.
ഒരു പബ്ലിക് പാര്‍ക്കില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെയാണ് വിവാഹതരല്ലാത്ത സ്ത്രീയെയും പുരുഷനെയും ചൂരല്‍ വടി കൊണ്ട് പുറത്തടിച്ചത്. ശിക്ഷാ നടപടിക്കിടെ യുവതി ബോധരഹിതയായി വീഴുകയും തുടര്‍ന്ന് ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.
വിവാഹേതര ലൈംഗിക ബന്ധത്തിന് 100 അടിയും, മദ്യപിച്ചതിന് 40 അടിയും ഉള്‍പ്പെടെ ആകെ 140 ചാട്ടയടികളാണ് ഓരോരുത്തര്‍ക്കും നല്‍കിയതെന്ന് ബന്ദാ അച്ചെയിലെ ശരിയത്ത് പോലീസ് മേധാവി മുഹമ്മദ് റിസാല്‍ എഎഫ്പിയോട് പറഞ്ഞു.
2001-ല്‍ അച്ചെയ്ക്ക് പ്രത്യേക സ്വയംഭരണാധികാരം ലഭിക്കുകയും ശരിയത്ത് നിയമം നടപ്പിലാക്കുകയും ചെയ്തതിന് ശേഷം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷകളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. ആകെ ആറ് പേര്‍ക്കാണ് അന്ന് ഇസ്ലാമിക നിയമലംഘനത്തിന് ചാട്ടയടി ലഭിച്ചത്. ഇതില്‍ ഒരു ശരിയത്ത് പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
ഒരു സ്വകാര്യ സ്ഥലത്ത് ഒരു സ്ത്രീയോടൊപ്പം കണ്ടെത്തിയതിനാണ് ശരിയത്ത് പോലീസ് ഉദ്യോഗസ്ഥനും അയാളുടെ കൂടെയുള്ള സ്ത്രീക്കും 23 അടികള്‍ വീതം നല്‍കിയത്.
‘വാഗ്ദാനം ചെയ്തതുപോലെ, ആര്‍ക്കും ഞങ്ങള്‍ ഇളവ് നല്‍കില്ല, പ്രത്യേകിച്ച് ഞങ്ങളുടെ സ്വന്തം അംഗങ്ങള്‍ക്ക്. ഇത് തീര്‍ച്ചയായും ഞങ്ങളുടെ പേരിന് കളങ്കമാണ്,’ എന്നാണ് പോലീസ് മേധാവി റിസാല്‍ പറഞ്ഞത്.
ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗ ലൈംഗികത, വിവാഹേതര ബന്ധങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് അച്ചെയില്‍ ചാട്ടയടി ശിക്ഷയായി നല്‍കുന്നത്. 2025-ല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കുറ്റക്കാരാണെന്ന് ശരിയത്ത് കോടതി കണ്ടെത്തിയ രണ്ട് പുരുഷന്മാര്‍ക്ക് 76 ചാട്ടയടികള്‍ വീതം പരസ്യമായി നല്‍കിയിരുന്നു.
Content Summary; Sharia police caned unmarried couple 140 times each for having sex outside marriage and drinking alcohol in Indonesia’s Aceh province