June 20, 2025 |
Share on

എന്താണ് യുഎന്‍ആര്‍ഡബ്ല്യുഎ, എന്തുകൊണ്ട് ഇസ്രയേല്‍ അവരെ നിരോധിച്ചു?

പലസ്തീന്‍ അഭയാര്‍ത്ഥികളെ ഇസ്രയേല്‍ തീരുമാനം എങ്ങനെ ബാധിക്കും?

ഇസ്രയേല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി(യുഎന്‍ആര്‍ഡബ്ല്യുഎ)ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി ഇസ്രയേല്‍ പാര്‍ലമെന്റ്. ഈ സംഘടനയ്‌ക്കെതിരേ തീവ്രവാദബന്ധമാരോപിച്ച ഇസ്രയേല്‍ അവരുമായുള്ള ബന്ധങ്ങളും അവസാനിപ്പിച്ചു.

മിഡില്‍ ഈസ്റ്റില്‍ പലസ്തീന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രധാന മനുഷ്യാവകാശ സംഘടനയാണ് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി അഥവ യുഎന്‍ആര്‍ഡബ്ല്യുഎ. 1948 ല്‍ നിലവില്‍ വന്ന യുഎന്‍ആര്‍ഡബ്ല്യുഎ, ഇസ്രയേല്‍ രാജ്യം നിലവില്‍ വരാന്‍ കാരണമായി നടന്ന യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ട ഏഴ് ലക്ഷം പലസ്തീനികള്‍ക്ക് സഹായഹസ്തമായി. അനാഥരാക്കപ്പെട്ട ജനതയ്ക്ക് വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് സാമൂഹികാവശ്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ വേണ്ട സഹായങ്ങളും പിന്തുണയും ഉറപ്പാക്കാനാണ് യുഎന്‍ആര്‍ഡബ്ല്യുഎ മുന്നില്‍ നിന്നത്. സംഘര്‍ഷങ്ങള്‍ക്കിടയില്‍ തല ചായ്ക്കാന്‍ പോലും ഇടമില്ലാതിരുന്നവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകളും ക്യാമ്പുകളും ഒരുക്കിയും സംഘടന തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയിരുന്നു.

കിഴക്കന്‍ ജറുസലേമില്‍ ഉള്‍പ്പെടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഉടനീളവും, ഗാസ മുനമ്പിലും, കൂടാതെ സിറിയ ലെബനോണ്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലും യുഎന്‍ആര്‍ഡബ്ല്യുഎ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രയിലെ അംഗരാജ്യങ്ങളുടെ ഗണ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അതുപോലെ യുഎന്‍ നേരിട്ട് നല്‍കുന്ന സാമ്പത്തിക സഹായവും സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. 30,000 പലസ്തീനികള്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 60 ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് യുഎന്‍ആര്‍ഡബ്ല്യുഎയുടെ സഹായം ലഭിക്കുന്നുണ്ട്. ഗാസയില്‍ മാത്രം 14,76,706 പലസ്തീനികള്‍ അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ എട്ട് പലസ്തീനി അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുകയാണ്. വെസ്റ്റ് ബാങ്കില്‍ എട്ട് ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഗാസയിലെ ഏകദേശം മൊത്തം ജനങ്ങളും യുഎന്‍ആര്‍ഡബ്ല്യുഎയുടെ സഹായത്തിലാണ് ജീവനും ജീവിതവും മുന്നോട്ടു കൊണ്ടു പോകുന്നത്. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ആരോഗ്യസംരക്ഷണ വസ്തുക്കളുമെല്ലാം നല്‍കുന്നത് യുഎന്‍ആര്‍ഡബ്ല്യുഎയാണ്. ഒരു വര്‍ഷത്തിനുമേലെ തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 200 ല്‍ അധികം യുഎന്‍ആര്‍ഡബ്ല്യുഎ അംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഒക്ടോബര്‍ 29 തിങ്കളാഴ്ച്ച നടന്ന സമ്മേളനത്തിലാണ് യുഎന്‍ആര്‍ഡബ്ല്യുഎ നിരോധിക്കണമെന്ന ആവശ്യത്തിന് അനുകൂലമായി പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. കേവലം 10 എംപിമാര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. മറ്റൊരു ബില്‍ പാസാക്കി കൊണ്ട് യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള നയതന്ത്ര ബന്ധവും ഇസ്രയേല്‍ വിച്ഛേദിച്ചു.

യുഎന്‍ആര്‍ഡബ്ല്യുഎ കാലഹരണപ്പെട്ടതാണെന്നും, 1948 ല്‍ ആദ്യം കുടിയിറക്കപ്പെട്ടവരുടെ പിന്‍ഗാമികള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുന്നത് സമാധാനപരമായ ഒത്തുതീര്‍പ്പിന് തടസ്സമാണെന്നുമാണ് കാലങ്ങളായി ഇസ്രയേല്‍ ഉയര്‍ത്തുന്ന പരാതി. ഇപ്പോഴത്തെ യുദ്ധത്തില്‍ യുഎന്‍ആര്‍ഡബ്ല്യുഎ ഹമാസിനെ സഹായിക്കുന്നുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഹമാസിന്റെ സഹായികള്‍ എന്ന് യുഎന്‍ആര്‍ഡബ്ല്യുഎ-യെ അധിക്ഷേപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, ഏജന്‍സിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ അമേരിക്കയോട് അവര്‍ക്കുള്ള സഹായം നിര്‍ത്തിവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് നല്‍കിയ കേസ് ഫയലില്‍ ആരോപിക്കുന്നത്, ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തില്‍ യുഎന്‍ആര്‍ഡബ്ല്യുവിലെ 12 അംഗങ്ങള്‍ പങ്കെടുത്തിരുന്നുവെന്നാണ്. ഇതില്‍ ഒമ്പതു പേര്‍ സംഘടന നടത്തുന്ന സ്‌കൂളുകളില്‍ അധ്യാപകരായി ജോലി നോക്കുന്നവരാണെന്നും ആരോപിക്കുന്നു.

190 ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികളെ യുഎന്‍ആര്‍ഡബ്ല്യുഎ ജോലിക്ക് നിയോഗിച്ചിട്ടുണ്ടെന്നതിന്റെ തെളിവ് കിട്ടിയിട്ടുണ്ടെന്നും, ഇത് ശരിയാണെങ്കില്‍ അവരുടെ മൊത്തം ജീവനക്കാരുടെ 0.64 ശതമാനം തീവ്രവാദികളാണെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഒമ്പത് പേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെങ്കിലും സായുധ സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സംഘടന തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ജീവനക്കാരുടെ പട്ടിക സംഘടന ഇസ്രയേലിന് കൈമാറാറുള്ളതാണ്. സംഘടനയ്ക്കുള്ള ബന്ധം തുടര്‍ന്നു പോകാനുള്ള തീരുമാനമായിരുന്നു ഈ വര്‍ഷമാദ്യം യുഎന്‍ കൈക്കൊണ്ടത്.

ഇസ്രയേല്‍ പാസാക്കിയ ബില്‍ പ്രകാരം, യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ, സേവനം നല്‍കാനോ നേരിട്ടോ അല്ലാതെയോ കഴിയുകയില്ല. എന്നാലും ഈ നിരോധനം ഉടനെ പ്രാബല്യത്തില്‍ വരില്ല.

ഇസ്രയേലിന്റെ ഈ നീക്കം ഗാസയിലെ മനുഷ്യസഹായത്തിനുള്ള ചെറിയ തുരുത്ത് പോലും അടയ്ക്കാന്‍ കാരണമാകുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഗാസയിലും വെസ്റ്റ് ബാങ്കിലുമാണ് യുഎന്‍ആര്‍ഡബ്ല്യുഎയുടെ സജീവ പ്രവര്‍ത്തനമെങ്കിലും, അതിര്‍ത്തി കടന്നുള്ള മാനുഷിക സഹായങ്ങള്‍ക്ക് ഇസ്രയേലുമായി അവര്‍ക്കുണ്ടായിരുന്ന കരാര്‍ സഹായിച്ചിരുന്നു. ഇനി ആ വഴിയും അടയും. യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക പകരമായി മറ്റേതെങ്കിലും മനുഷ്യാവകാശ സംഘടനകള്‍ക്ക് അനുവാദം നല്‍കാനും ഇസ്രയേല്‍ തയ്യാറായിട്ടില്ലെന്നത് ഗാസയുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാക്കും.

ഇസ്രയേല്‍ നടപടിക്കെതിരേ ആഗോളതലത്തില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. യുകെ ഉള്‍പ്പെടെ രംഗത്തു വന്നിട്ടുണ്ട്. യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് പകരം എന്ത് സംവിധാനം ഒരുക്കുമെന്ന് ഇസ്രയേല്‍ പറയാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിവിധ മനുഷ്യാവകാശസംഘടനകള്‍ അപലപിക്കുന്നത്.

ഇസ്രയേല്‍ പാസാക്കിയ നിയമത്തില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നാണ് യു എസ് അഭ്യന്തര വകുപ്പ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചിട്ടുള്ളത്. പ്രതിസന്ധിഘട്ടത്തില്‍ അവര്‍ക്ക് പകരം ആരുമാകില്ലെന്നാണ് യുഎസ് വക്താവ് പറയുന്നത്.

ഇസ്രയേല്‍ ബില്ലിനെ യുഎന്‍ആര്‍ഡബ്ല്യു നിശിതമായി വിമര്‍ശിച്ചു. പലസ്തീനികളെ കൂടുതല്‍ ദ്രോഹിക്കാനുള്ള നടപടിയാണ് ഇതെന്നാണ് സംഘടന കുറ്റപ്പെടുത്തുന്നത്. ആറര ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന തീരുമാനമാണെന്ന് യുഎന്‍ആര്‍ഡബ്ല്യും കമ്മീഷണര്‍ ജനറല്‍ ഫിലിപ്പി ലസ്സറിനി അപലപിച്ചു. പലസ്തീനികളെ കൂട്ടമായി ശിക്ഷിക്കുകയാണ് ഇസ്രയേലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  Israel’s parliament passed bills banning UN agency what is UNRWA

Content Summary; Israel’s parliament passed bills banning UN agency what is UNRWA

Leave a Reply

Your email address will not be published. Required fields are marked *

×