ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. തലസ്ഥാനമായ ടെഹ്‌റാനില്‍ അടക്കം വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഇറാനില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വലിയതോതിലുള്ള ആക്രമണം നടത്തിയതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണമാണ് തങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരിക്കുന്നത്. ചീഫ് ഓഫ് സ്റ്റാഫ്, നിരവധി മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടെ ഇറാന്റെ ജനറല്‍ സ്റ്റാഫ് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഒരു ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
അതേസമയം, ഇസ്രയേല്‍ ആക്രമണം മിഡില്‍ ഈസ്റ്റിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ ഇത്തരമൊരു ആക്രമണത്തില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ സൈന്യങ്ങളെ അവകാശപ്പെടാവുന്ന രണ്ട് രാജ്യങ്ങളാണ് ഇസ്രയേലും ഇറാനും. അതുകൊണ്ട് തന്നെ തുല്യശക്തികള്‍ക്കിടയിലെ സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് വഴിമാറുമോ എന്നാണ് മേഖല ഭയക്കുന്നത്.
ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ ഇറാന് ഉണ്ടാക്കിയിട്ടുണ്ടെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ആക്രമണത്തിന്റെ വ്യാപ്തിയോ അത് ഉണ്ടാക്കിയ നാശനഷ്ടങ്ങളോ വ്യക്തമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരു ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്, ഇറാന്റെ ആണവ പദ്ധതികളെയും അവരുടെ ദീര്‍ഘദൂര മിസൈല്‍ ശേഷികളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ്.
ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ നടത്തിയ ആദ്യ ഘട്ട ആക്രമണങ്ങള്‍ പൂര്‍ത്തിയാക്കി എന്നാണ് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡസന്‍ കണക്കിന് ഇസ്രയേല്‍ വ്യോമസേന വിമാനങ്ങള്‍ അക്രമത്തില്‍ പങ്കാളികളായിരുന്നു. ഒരേ സമയം വിവിധ പ്രദേശങ്ങളിലായിട്ടായിരുന്നു ആക്രമണം നടത്തിയത്.
ഇറാനിയന്‍ ഭരണകൂടത്തിന്റെ കൈകളിലെ കൂട്ട നശീകരണ ആയുധങ്ങള്‍ ഇസ്രയേലിനും മുഴുവന്‍ ലോകത്തിനും ഒരുപോലെ ഭീഷണിയാണ്. ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യമുള്ള ഒരു ഭരണകൂടത്തെ വന്‍ നശീകരണ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇസ്രയേല്‍ അനുവദിക്കില്ല എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്)പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. Israeli Air Strikes in Iran, target Nuclear programs.
Content Summary; Israeli Air Strikes in Iran, target Nuclear programs.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.