June 26, 2026 |
Share on

പലസ്തീനികളുടെ പട്ടിണി ചൂഷണം ചെയ്തു ഇസ്രയേല്‍ തുടരുന്ന കൂട്ടക്കൊലകള്‍

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയ്യുന്നത് സഹായമോ ദ്രോഹമോ?

ഭക്ഷണം തേടിയെത്തിയവര്‍ ഉള്‍പ്പെടെ 60 പലസ്തീനികള്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മധ്യ ഗൗസയില്‍ നെറ്റ്‌സറിമിന് സമീപത്തായി ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ജിഎച്ച്എഫ്) നടത്തുന്ന ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 25 പേര്‍ കൊലപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. ബുധനാഴ്ച്ച തന്നെ ഗാസയുടെ തെക്കന്‍ ംതിര്‍ത്തിപ്രദേശമായ റാഫയിലുള്ള മറ്റൊരു ജിഎച്ച്എഫ് ഭക്ഷണ വിതരണകേന്ദ്രത്തിലേക്ക് പോയ മനുഷ്യര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മറ്റൊരു വിവരം. ചൊവ്വാഴ്ച്ച ഇസ്രയേല്‍ സൈന്യം ഇതേപോലെ തന്നെ ജിഎച്ച്എഫ് കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തില്‍ 17 ഓളം പലസ്തീനികളും കൊല്ലപ്പെട്ടിരുന്നു.

ബുധനാഴ്ച്ച ഉണ്ടായ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 20 മാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 55,000 കടന്നുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പലസ്തീനികളില്‍ അധികവും ജിഎച്ച്എഫ് ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നവരാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്ച, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിയമ സംഘടനയായ സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ് ഇക്കാര്യത്തില്‍ ജിഎച്ച്എഫിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നടക്കുന്ന കുറ്റങ്ങള്‍ക്ക് ജിഎച്ച്എഫിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് അവര്‍ പറയുന്നത്. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളിലും, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും, പലസ്തീനികള്‍ക്കെതിരായ വംശഹത്യയിലും നിയമപരമായി നിങ്ങളും ഉത്തരവാദികളാകുമെന്നാണ് എസ് സി ആര്‍, ജിഎച്ച്എഫിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിഭീകരമായ പട്ടിണിയാണ് ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. ഈ സാഹചര്യം മുതലെടുക്കുകയാണ് ഇസ്രയേലും ജിഎച്ച്എഫും എന്നാണ് മുന്നറിയിപ്പ്. സൈനികമായും രാഷ്ട്രീയമായും പലസ്തീനികളെ ചൂഷണം ചെയ്യാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.

ഗാസയില്‍ സഹായവിതരണത്തിനായി സ്ഥാപിതമായതാണെങ്കിലും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ജിഎച്ച്എഫ്) വിവാദങ്ങള്‍ ചുമക്കുന്നൊരു സന്നദ്ധസേവന സംഘടനയാണ്. കാരണം, ഇത് ഇസ്രയേല്‍ സഹായത്തോടെ അമേരിക്ക പിന്തുണയ്ക്കുന്ന സംഘടനയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകനായിരുന്ന വ്യക്തിയാണ് ജിഎച്ച്എഫിന്റെ തലപ്പത്ത്. ഇസ്രയേല്‍-യുഎസ് ഭകണകൂടങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ സ്വാധീനമുണ്ട്. 2025 ഫെബ്രുവരിയില്‍ സ്ഥാപിതമായ ജിഎച്ച്എഫ്, സ്വിറ്റ്‌സര്‍ലന്‍ഡിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും യുഎസിലെ ഡെലവെയറിലാണ് ആസ്ഥാനം. ഗാസ മുനമ്പിലെ സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായം വിതരണം ചെയ്യുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമായി പറയുന്നത്. 2025 മെയ് 26 ന് ജിഎച്ച്എഫ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവര്‍ ഇതിനകം ഗാസയില്‍ ഏഴ് ദശലക്ഷത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുവെന്നാണ് പറയുന്നത്. 90 ദിവസത്തിനുള്ളില്‍ 300 ദശലക്ഷം ഭക്ഷണപ്പൊതികള്‍ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അവകാശപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മാനുഷിക സഹായത്തിന്റെ മറവില്‍ ഇസ്രയേല്‍ സൈന്യത്തിന് പലസ്തീനികളെ ആക്രമിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയാണോ ജിഎച്ച്എഫിന്റെ ലക്ഷ്യമെന്നാണ് ഉയരുന്ന ചോദ്യം. ഇസ്രയേല്‍, അമേരിക്കന്‍ ഭരണകൂടങ്ങളുടെ ഇടപെടല്‍ ഉള്ളതുകൊണ്ട് ജിഎച്ച്എഫിന്റെ സ്വതന്തപ്രവര്‍ത്തനം സാധ്യമാകുന്നില്ലെന്നാണ് ആക്ഷേപം. ഐക്യരാഷ്ട്രസഭയില്‍ നിന്നും വിവിധ മാനുഷിക സംഘടനകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ജിഎച്ച്എഫ് നേരിട്ടിട്ടുണ്ട്. യുഎസ്, ഇസ്രയേല്‍ സര്‍ക്കാരുകളുമായുള്ള ജിഎച്ച്എഫിന്റെ അടുത്ത ബന്ധം അതിന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും അപകടപ്പെടുത്തുന്നുണ്ടെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്.

സഹായ വിതരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജിഎച്ച്എഫ് ആയുധധാരികളായവരെ ഉപയോഗിക്കുന്നത് തന്നെ അവരോടുള്ള പ്രതിഷേധത്തിന് കാരണമാണ്. സംഘടനയുടെ നിഷ്പക്ഷത, സ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക തത്വങ്ങള്‍ ലംഘിക്കുന്ന സമീപനമാണ് ഇതിലൂടെ ജിഎച്ച്എഫ് സ്വീകരിക്കുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. മറ്റൊന്ന് അവരുടെ സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണ്. അവര്‍ പക്ഷപാതം കാണിക്കുന്നുണ്ട്, ഉത്തരവാദിത്തം നിറവേറ്റുന്നില്ല എന്നീ ആരോപണങ്ങളും ശക്തമാണ്.

ഈജിപ്ഷ്യന്‍ അതിര്‍ത്തിക്കടുത്ത് സഹായവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി ജിഎച്ച്എഫ് ലക്ഷ്യമിടുന്നത്, ഗാസയില്‍ നിന്ന് പലസ്തീനികളെ സ്ഥിരമായി പുറത്താക്കുകയെന്നതാണെന്നും വിമര്‍ശകര്‍ ഭയക്കുന്നുണ്ട്. ഇവരുടെ ഭക്ഷണ വിതരണകേന്ദ്രങ്ങള്‍ പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത് നിയന്ത്രിക മേഖലകളിലും, കനത്ത സൈനിക സാന്നിധ്യമുള്ളയിടങ്ങളിലുമാണ്. ഇത്തരം മേഖലകളിലേക്ക് പലസ്തീനികളെ അവരുടെ പട്ടിണി മുതലെടുത്ത് എത്തിക്കുകയാണ്. അത്യധികം അപകടമേഖലകളിലേക്ക് എത്തുന്ന ജനങ്ങളാണ് ഇസ്രയേലി സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഎച്ച്എഫിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്.

ഗാസയില്‍ മാനുഷിക സഹായ വിതരണത്തിന്റെ കാര്യത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎ, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയവയെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ജിഎച്ച്എഫിനെ സൃഷ്ടിച്ചതിന് പിന്നില്‍ ഉണ്ടെന്ന പരാതിയും ശക്തമാണ്.

ഗാസയിലെ 2.2 ദശലക്ഷം ജനങ്ങള്‍ക്കെതിരെ ഭക്ഷണം ആയുധമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ഇസ്രയേല്‍ നേരിടുന്നുണ്ട്. പലസ്തീനികളെ വംശഹത്യ ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ഇസ്രയേല്‍ സര്‍ക്കാരും അവരുടെ സായുധ സേനയും ഇപ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ഇപ്പോള്‍ മനുഷ്യരുടെ പട്ടിണിയെ മുതലെടുത്തും അവര്‍ കൂട്ടക്കൊലകള്‍ തുടരുന്നത്. Israeli forces killed at least 60 Palestinians. Allegations against Gaza Humanitarian Foundation

Content Summary; Israeli forces killed at least 60 Palestinians. Allegations against Gaza Humanitarian Foundation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×