June 04, 2026 |
Share on

രക്ഷപ്പെടുത്താന്‍ അനുവദിക്കാതെ ക്രൂരത; മാധ്യമ പ്രവര്‍ത്തകയെ വധിച്ച് ഇസ്രയേല്‍

ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ മനുഷ്യരെ കൊല്ലുന്നത് ഇസ്രയേല്‍ നിര്‍ത്തിയിട്ടില്ല

തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക അമല്‍ ഖലീല്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ഈ ആക്രമണത്തിന് പിന്നാലെ, തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ അമലിനെ രക്ഷിക്കാനെത്തിയവരെ ഇസ്രയേല്‍ സൈന്യം തടഞ്ഞതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍-തൈരി നഗരത്തിന് സമീപം റിപ്പോര്‍ട്ടിംഗിനായി എത്തിയതായിരുന്നു അമല്‍ ഖലീലും ഫോട്ടോഗ്രാഫര്‍ സൈനബ് ഫറജും. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു കാറിന് നേരെ ആദ്യം ഇസ്രയേല്‍ മിസൈല്‍ ആക്രമണം ഉണ്ടായി. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ഇരുവരും സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും തൊട്ടുപിന്നാലെ ആ വീടിന് നേരെയും ആക്രമണമുണ്ടായതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സൈനബ് ഫറജിനെ പരിക്കുകളോടെ പുറത്തെത്തിക്കാന്‍ സാധിച്ചെങ്കിലും, അമല്‍ ഖലീലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ സൈന്യം തടസ്സപ്പെടുത്തിയെന്നാണ് ആരോപണം. രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചെത്തിയപ്പോള്‍ ആംബുലന്‍സിന് നേരെ സൗണ്ട് ഗ്രനേഡുകളും വെടിയുണ്ടകളും പ്രയോഗിച്ചുവെന്നും ഇതിനാല്‍ നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയവും സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കി. പിന്നീട് സിവില്‍ ഡിഫന്‍സ് സംഘം നടത്തിയ തിരച്ചിലിലാണ് അമലിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത്.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നതും ആംബുലന്‍സുകള്‍ തടയുന്നതും യുദ്ധക്കുറ്റമാണെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം പ്രതികരിച്ചു. ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. ഹിസ്ബുള്ള ഉപയോഗിക്കുന്ന സൈനിക കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട രണ്ട് വാഹനങ്ങള്‍ തങ്ങളുടെ സൈനികര്‍ക്ക് ഭീഷണിയാണെന്ന് കണ്ടതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ വിശദീകരിച്ചു.

നിലവില്‍ പത്ത് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ബുധനാഴ്ച മാത്രം ഇസ്രയേല്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 2-ന് ആരംഭിച്ച ഈ യുദ്ധത്തില്‍ ഇതുവരെ 2,400-ലധികം ആളുകള്‍ ലെബനനില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ലെബനനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ വ്യാഴാഴ്ച നടക്കും. വെടിനിര്‍ത്തല്‍ ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് ചര്‍ച്ചയില്‍ ലെബനന്‍ ആവശ്യപ്പെട്ടേക്കും.

Content Summary: Israeli strike kills journalist Amal Khalil after rescuers were blocked by ongoing attacks. Israel-lebanon war

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×