ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരാണ് നമ്മൾ എന്നാൽ ജോലി മാത്രമായി ജീവിതം ചുരുങ്ങി പോയാൽ എന്ത് ചെയ്യും. ഇന്ന് പലരുടെയും അവസ്ഥ അതാണ്. ജീവിതവും ജോലിയും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ സാധിക്കാത്തവർ ഏറെയാണ്, ഇതിൽ മുൻ പന്തിയിൽ നിൽക്കുന്ന വിഭാഗമാണ് ഐ ടി ജീവനക്കാർ. ശരാശരി ജോലി സമയം എട്ട് മുതൽ ഒൻപത് മണിക്കൂർ ആണെങ്കിലും പലരും 10 പന്ത്രണ്ടും മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാൽ ഇതിന് ആക്കം കൂട്ടുന്ന നിയമവുമായാണ് കർണാടക സർക്കാർ എത്തുന്നത്. ജോലി സമയം ദിവസം 14 മണിക്കൂർവരെ വർധിപ്പിക്കാനുള്ള നിയമം കൊണ്ടുവരാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തീരുമാനം പ്രാബല്യത്തിൽ വന്നാൽ ജോലി ചെയ്യാൻ വേണ്ടി മാത്രമുള്ള യന്ത്രങ്ങളായി ഐ ടി ജീവനക്കാർ മാറും എന്ന് പറയുകയാണ് കേരളത്തിലെ ഐടി ജീവനക്കാരുടെ വെൽഫെയർ ഓർഗനൈസേഷനായ പ്രതിധ്വനിയുടെ സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ. it employees protest
നിലവിൽ എട്ടുമുതൽ ഒൻപത് മണിക്കൂറാണ് ഐ ടി ജീവനക്കാരുടെ പ്രവർത്തി സമയം, എങ്കിലും പലരും 13 മണിക്കൂറിൽ കൂടുതലാണ് ജോലി ചെയ്യുന്നത്. തീർക്കാൻ കഴിയാത്ത ടാർഗെറ്റുകളും എടുത്താൽ പൊങ്ങാത്ത പ്രോജക്ടുകളും ജീവനക്കാർക്ക് നൽകുന്നത് ഒരു സ്ഥിരം സംഭവമാണ്. പലരും ജോലിയും ജീവിതവും തമ്മിൽ സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ പാട് പെടുന്ന അവസ്ഥയിലാണ്, അപ്പോഴാണ് ജോലി സമയം വർധിപ്പിക്കാനുള്ള നീക്കം. ദിവസം 14 മണിക്കൂർവരെ ജോലി സമയം നീളുന്നതോടെ ജോലി മാത്രമായി പലരുടെയും ജീവിതം ചുരുങ്ങും. ജോലി സമയം കൂട്ടുന്നത് ഒരു പാട് പേരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്. മിക്കവാറും ഓഫീസ് സമയം കഴിഞ്ഞാലും ബാക്കി ജോലി വീട്ടിൽ വന്നു തീർക്കുകയാണ് പതിവ്. ഉറങ്ങുന്ന സമയം ഒഴിച്ച് ബാക്കി മുഴുവൻ സമയം ജോലി ചെയ്യേണ്ട അവസ്ഥയാണ്. കോവിഡിന് ശേഷമാണ് സ്ഥിതി ഇത്ര രൂക്ഷമായത്. വർക്ക് ഫ്രം ഹോം ആണെങ്കിൽ എപ്പോഴും ജോലി ചെയ്യണം എന്ന അവസ്ഥയാണ്. അതിനിടയിൽ ജോലി സമയം 14 മണിക്കൂർവരെ വർധിപ്പിക്കുന്ന ഒരു നിയമ നിർമാണം അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല. കർണാടക മാത്രമല്ല ഒരു സർക്കാരും കൈക്കൊള്ളാൻ പാടില്ലാത്ത തീരുമാനമാണിത്. കേരളത്തിൽ ഇത്തരം ഒരു നിയമം വരില്ല എന്നാണ് വിശ്വാസം, ജോലി സമയം കൂട്ടി, കൂടുതൽ ലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നിയമ സാധുതയോടെ നടപ്പിലാക്കുമ്പോൾ അതിനെതിരെ ചോദ്യം ഉയർത്താനുള്ള സാഹചര്യം കൂടിയാണ് ഇല്ലാതാകുന്നത്.
എംപ്ലോയേഴ്സിന്റെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദമാകാം ഇത്തരം ഒരു തീരുമാനത്തിന് പിന്നിൽ എന്നുവേണം കരുതാൻ. 2016 ൽ വനിതാ ജീവനക്കാരി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാൽ കൊല്ലപ്പെട്ടതിന് ശേഷം പല മൾട്ടി നാഷണൽ കമ്പനികളിലും വനിതാ ജീവനക്കാർക്ക് ഏഴുമണിക്ക് ശേഷം കമ്പനിയിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം അനുമതി ഒക്കെ വാങ്ങണമായിരുന്നു, ഇതിനെല്ലാം ഒരു അറുതി വരുത്താൻ കൂടിയാകണം ഇത്തരം ഒരു തീരുമാനം.
ജീവിതം താളം തെറ്റും
ജോലി സമയം 14 മണിക്കൂർ ആക്കുന്നതോടെ ജീവനക്കാരുടെ ജീവിതം താളം തെറ്റും എന്നത് തീർച്ചയാണ്. ജോലിക്ക് വരാനും പോകാനും ഓഫീസ് പിക്ക് അപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ജോലി നേരത്തെ കഴിഞ്ഞാലും 14 മണിക്കൂറിന് ശേഷം മാത്രമേ വാഹനം പുറപ്പെടുകയുള്ളു. പൊതുവെ ഐ ടി മേഖലയിൽ 20 മുതൽ 40 വരെ പ്രായമുള്ള വ്യക്തികളാണ് കൂടുതലും, ഇവരുടെ കുടുംബ ജീവിതം കൂടിയാണ് ഈ ഒരു തീരുമാനം പ്രാബല്യത്തിൽ വന്നാൽ തകരാറിലാകുന്നത്. പലരുടെയും കുട്ടികൾ ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്നവരാണ്, ജോലി കഴിഞ്ഞ് എത്തുമ്പോഴേക്കും കുട്ടികൾ ഉറങ്ങിയിരിക്കും. കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം ഇല്ലാതാകും എന്ന് തന്നെ പറയേണ്ടി വരും. മറ്റു പല രാജ്യങ്ങളിലും ഐ ടി മേഖലയിൽ ഒൻപത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ ഓവർ ടൈം അധിക പണം നൽകും പക്ഷെ മറ്റു പല തൊഴിൽ മേഖലയിലും ഈ രീതി ഉണ്ടെങ്കിലും ഐ ടി മേഖലയിൽ ഇത്തരം ഒരു രീതിയില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് സാധാരണ ജോലി സമയം കൂട്ടാൻ ഒരു സർക്കാർ ശ്രമിക്കുന്നത് വിരോധാഭാസമാണ്.
ഇതൊന്നും കൂടാതെ ജോലിയും ജീവിതവും തുല്യതയിൽ കൊണ്ടുപോകാൻ സാധിക്കാതെ വിഷാദ അവസ്ഥയിലൂടെ കടന്ന് പോകുന്നവർ ഏറെയാണ്. അത്തരക്കാരെ വലിയ രീതിയിൽ ബാധിക്കുന്ന ഒരു വിഷയവും കൂടിയാണിത്. ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർക്ക് വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55 ശതമാനം പേർക്ക് ശാരീരിക ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ജോലി സമയം വർധിപ്പിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നും രാജീവ് വ്യക്തമാക്കി.
കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ആക്‌ട് ഭേദഗതി ചെയ്യാനുള്ള നീക്കം കർണാടകയിലെ ഐടി- ഐടിഇഎസ് മേഖലയിൽ പ്രവർത്തിക്കുന്ന 20 ലക്ഷം ജീവനക്കാരോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് ബെംഗളൂരുവിലെ ഐടി എംപ്ലോയിസ് യൂണിയനും രംഗത്തെത്തിയിരുന്നു.
content summary; it employees protest against 14 work hours a day new proposal for techies