February 19, 2025 |
Share on

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ഇറാന്‍; ഏകാന്ത തടവിലെന്ന് റിപ്പോര്‍ട്ട്

സുരക്ഷാ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ താമസിപ്പിക്കുന്ന ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് സാലയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അറസ്റ്റില്‍. ഒരാഴ്ചയോളമായി ഇവര്‍ ഏകാന്ത തടവിലാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോയുടെയും പോഡ്കാസ്റ്റ് കമ്പനിയായ ചോറ മീഡിയയുടെയും യുദ്ധലേഖികയും റിപ്പോര്‍ട്ടറുമായ സിസിലിയ സാല (29) യെ ഡിസംബര്‍ 19 നാണ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഡിസംബര്‍ 27 നാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. italian journalist arrested held in iran 

മാധ്യമപ്രവര്‍ത്തക വിസയില്‍ ഇറാനിലെത്തിയ സിസിലിയ സിറിയയിലെ അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷമുണ്ടായ അട്ടിമറിയെ കുറിച്ചും ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. സുരക്ഷാ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ താമസിപ്പിക്കുന്ന ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് സാലയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് 2018 ല്‍ യുഎസ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ ജയിലാണിത്.

ഇറ്റാലിയന്‍ അംബാസിഡര്‍ പൗല അമാഡെ കഴിഞ്ഞദിവസം സാലയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളുമായി രണ്ടുതവണ ഫോണില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നതായും സാല പൂര്‍ണ ആരോഗ്യവതിയാണെന്നും ഇറ്റാലിയന്‍ അംബാസിഡര്‍ പറഞ്ഞു.

സാലയെ അറസ്റ്റ് ചെയ്തുള്ള ഇറാന്റെ ഏകപക്ഷീയ നിലപാട് സഹിക്കാനാവില്ലെന്നും സാലയെ ഉടന്‍ മോചിപ്പിക്കണമെന്നും സാല ജോലി ചെയ്യുന്ന പോഡ്കാസ്റ്റ് സ്ഥാപനമായ ചോറ പ്രസ്താവന ഇറക്കി.

ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള സാല ഇറ്റാലിയന്‍ ടോക് ഷോകളിലെ സ്ഥിരം അതിഥിയുമാണ്. കാബൂളിന്റെ പതനം, അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവ്, വെനസ്വേലയിലെ പ്രതിസന്ധി, യുക്രൈനിലെ യുദ്ധം, ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിലും സാല റിപ്പോര്‍ട്ടിങ് നടത്തിയിട്ടുണ്ട്. സാലയെ തടവിലാക്കിയ കാര്യം ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

സാലയുടെ മോചനത്തിനായി സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് എല്ലി ഷ്‌ലൈന്‍ അഭ്യര്‍ത്ഥിച്ചു. ‘തടങ്കലിന്റെ കാരണം വ്യക്തമാക്കി സിലിയ സാലയെ ഉടന്‍ ഇറ്റലിയിലേക്ക് മടക്കി കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണ’മെന്നായിരുന്നു ഷ്‌ലൈന്റെ ആവശ്യം.

ഈ മാസം 12ന് ടെഹ്‌റാനില്‍ എത്തിയ സാല നിരവധി പ്രമുഖരുമായി അഭിമുഖങ്ങള്‍ നടത്തുകയും പല വിഷയങ്ങളിലും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഡിസംബര്‍ 20 ന് സ്വദേശമായ റോമിലേക്ക് മടങ്ങാനിരിക്കെയാണ് ടെഹ്‌റാന്‍ പോലീസിന്റെ നടപടി.italian journalist arrested held in iran 

Content Summary: italian journalist arrested held in iran

×