June 04, 2026 |

ക്രിസ്ത്യന്‍ വിശ്വാസികളെ അടിച്ചും അകത്താക്കിയും തുടരുന്ന ഹിന്ദുത്വ ഭീഷണി

‘ക്രിസ്ത്യാനിയാണെന്നു പറഞ്ഞാലും ജയില്‍ പോകും’

2014 ഫെബ്രുവരി മാസത്തില്‍ ഉത്തര്‍ പ്രദേശിലെ ഒരു വീടിന് മുന്നില്‍ ഒരു സംഘം പോലീസുകാര്‍ എത്തി വാതിലില്‍ മുട്ടി, വാതില്‍ തുറന്ന ഗൃഹനാഥനോട് പോലീസിന് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. ‘നിങ്ങളുടെ മതമേതാണ്?’

സ്ഥലത്തെ ഒരു ക്രൈസ്തവ പാസ്റ്റര്‍ സമീപത്തെ ഹിന്ദുക്കളായ പ്രദേശവാസികളെ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് പരാതി ലഭിച്ച് അന്വേഷണത്തിന് എത്തിയതായിരുന്നു പോലിസ്.

‘ഞാന്‍ ക്രിസ്ത്യനാണ്’ പാസ്റ്റര്‍ വ്യക്തമാക്കിയതോടെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

കോടതിയിലെത്തിയപ്പോള്‍ മജിസട്രേറ്റിന്റെ ചോദ്യവും അതുതന്നെയായിരുന്നു, ‘നിങ്ങളുടെ മതം ഏതാണ്?’.

താന്‍ ക്രൈസ്തവ വിശ്വാസിയാണെന്ന് പാസ്റ്റര്‍ അവിടെയും വ്യക്തമാക്കി.

‘നിങ്ങളുടെ ഈ പ്രതികരണം നിങ്ങളെ ജയിലിലേക്ക് എത്തിക്കുമെന്ന് അറിയാമോ’ മജിസ്‌ട്രേറ്റ് ചോദിച്ചു.

അന്ന് ജയിലിൽ അടയ്ക്കപ്പെട്ട പാസ്റ്റർ മാസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ച് കഴിഞ്ഞാണ് ജയിൽ മോചിതനാകുന്നത്.

ഇവാലഞ്ചിക്കല്‍ ഫെലോഷിപ്പ് ഒഫ് ഇന്ത്യ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം, 2024ല്‍ ക്രൈസ്തവരെ ലക്ഷ്യം വച്ച് നടന്നിട്ടുള്ള 460 അക്രമങ്ങളില്‍ ഒന്ന് മാത്രമാണ് പാസ്റ്ററിന്റേത്. എന്നാല്‍ ഈ അക്രമങ്ങള്‍ അവസാനിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് അവസാനമായി ജബല്‍പൂരില്‍ വൈദികർക്കെതിരെ നടന്ന അക്രമണം.Anti-Christian Violence in India

ജബൽപൂരിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ബജ്‌റംഗ്ദളിന്റെ ആക്രമണം ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിൽ ക്രിസ്ത്യൻ സമുദായത്തിലെ ആളുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പുതിയതല്ല. 1998ൽ മാത്രം ഇന്ത്യയിൽ 90ലധികം ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ നടന്നതായി കണക്കുകൾ പറയുന്നു. 2014 മുതൽ രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടന്നത് 4356 അക്രമങ്ങൾ. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും അതിന്റെ ന്യൂനപക്ഷ കമ്മീഷനും പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ നടക്കുന്നത് നൂറിലധികം മതപ്രേരിത അക്രമ പ്രവർത്തനങ്ങളാണെന്ന് വ്യക്തമാകുന്നു. എന്നാൽ ഇത്തരം അക്രമങ്ങളുടെ പത്ത് ശതമാനം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളുവെന്നും, യഥാർത്ഥ കണക്കുകൾ ഇതിൽ കൂടുതലായിരിക്കുമെന്നും ഇന്ത്യയിലെ മാധ്യമപ്രവർത്തർ വ്യക്തമാക്കുന്നു.

Anti-Christian Violence India

ബിജെപി കേന്ദ്രത്തിന്റെ അധികാരം ഏറ്റെടുത്തതോടെ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾ ഗണ്യമായി വർധിച്ചതായി 2014 മുതലുള്ള കണക്കുകൾ പറയുന്നു. അതിനവർ ചൂണ്ടിക്കാണിക്കുന്ന കണക്ക് ഇപ്രകാരമാണ്; 2014-147, 2015-177, 2016-208, 2017-240, 2018-292, 2019-328, 2020-270, 2021-505, 2022-599, 2023(ആദ്യ 212 ദിവസത്തിൽ)-525. വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി), ബജ്‌റംഗ്ദൾ, രാഷ്ട്രീയ സ്വയംസേവക് സംഘം(ആർഎസ്എസ്) എന്നിവയാണ് ഏറ്റവും കൂടുതൽ അക്രമത്തിന് പ്രേരണയായ സംഘടനകളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2014 മുതൽ 4356 അക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2023ലെക്കാൾ 100ലധിക്കം കണക്കുകൾ 2024ൽ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2023ൽ 734 ആയിരുന്നത് 2024ൽ 834 ആയി വർധിച്ചു. രാജ്യത്തെ 13 ജില്ലകളിൽ ക്രിസ്യൻ മതവിഭാഗം കൂടുതൽ അപകടാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയാണ് ഇതിൽ മുന്നിൽ. 2024ലെ കണക്കുകൾ പ്രകാരം ഇവിടെ ക്രിസ്ത്യാനികൾ ഏതു സമയവും അക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെന്ന് യു സി എഫ് പറയുന്നു. 51 അക്രമസംഭവങ്ങളാണ് ഈ വർഷം ബസ്തറിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഛത്തീസ്ഗഡിലെ തന്നെ കൊണ്ടാഗാവ് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും അധികം അതിക്രമ സംഭവങ്ങൾ ക്രിസ്ത്യാനികൾക്കെതിരേ ഉണ്ടായിട്ടുള്ളത്. ഉത്തർപ്രദേശാണ് മുന്നിൽ. അവിടെ ഈ വർഷം റിപ്പോർട്ട് ചെയ്തത് 211 സംഭവങ്ങളാണ്. തൊട്ടു പിന്നിൽ ഛത്തീസഗഢ്-118. മൂന്നാം സ്ഥാനത്ത് ഹരിയാന-39.

ക്രൈസ്തവ വിഭാഗത്തിനെതിരായ നൂറുകണക്കിന് അതിക്രമങ്ങൾ വിവിധ സംഘടനകൾ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നു. 2020 പുറത്തുവന്ന അമേരിക്കയുടെ കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ കണക്കുകൾ പ്രകാരം ചൈന, ഉത്തര കൊറിയ, പാകിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കൊപ്പം ന്യൂനപക്ഷ പീഡനത്തിൽ മുന്നിട്ട് നിൽക്കുകയാണ് ഇന്ത്യ.

ഉത്തർപ്രദേശിൽ മാത്രം 2020 നവംബർ മുതൽ 2024 ജൂലൈ 31 വരെ മതപരിവർത്തനം ആരോപിച്ച് 835ലധികം കേസെടുത്തെങ്കിലും ഇതിൽ നാല് സംഭവങ്ങളിൽ മാത്രമാണ് അക്രമികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2011ൽ നടന്ന സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ 2.32 ശതമാനം മാത്രമാണ് ക്രൈസ്തവർ.

Anti-Christian Violence India

1998ൽ തെക്കുകിഴക്കൻ ഗുജറാത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്ന ആക്രമണം

1998ൽ തെക്കുകിഴക്കൻ ഗുജറാത്തിൽ നടന്ന ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണത്തിൽ ഡാങ് ജില്ലയിലും പരിസരത്തുമായി 20ലധികം ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടതായി ഹ്യുമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടുകളുണ്ട്. 1998 ഡിസംബർ 25 മുതൽ പത്ത് ദിവസത്തിലധികം നീണ്ടുനിന്നിരുന്നു ഈ ആക്രമണം. ഗുജറാത്തിലുടനീളമുള്ള 25 പള്ളികളും മറ്റ് ക്രിസ്തീയ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടതായാണ് ഗവൺമെന്റ് റിപ്പോർട്ട്. അതിന് മുന്നെ 1997ൽ 22 പള്ളികൾ ഇന്ത്യയിലൊട്ടാകെ നശിപ്പിക്കപ്പെട്ടിരുന്നു. ഇവയിൽ 16 എണ്ണം ഗുജറാത്തിൽ നിന്ന് മാത്രമുള്ളവയാണ്.

റണലൈ ആക്രമണം

1999 മാർച്ച് 15ന് ഒറീസയിലെ ഗജപതി ജില്ലയിലെ റാണെ ഗ്രാമത്തിലാണ് മനസാക്ഷി മരവിപ്പിക്കുന്ന ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ഖമാനി കുന്നുകളിൽ മതചിഹ്നങ്ങൾ വരയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നാടൻ തോക്കുകളും ആയുധങ്ങളുമായി അക്രമകാരികളായ 2000 പേരടങ്ങുന്ന ഒരു ജനക്കൂട്ടം 157 ക്രിസ്ത്യൻ വീടുകൾ പൂർണമായും കത്തിക്കുകയും ഗ്രാമത്തിലെ ക്രിസ്ത്യൻ വീടുകളെല്ലാം കൊള്ളയടിക്കുകയും ചെയ്തിരുന്നു. വെടിയേറ്റ മൂന്ന് പേരുൾപ്പെടെ 14 ക്രിസ്ത്യാനികൾക്കാണ് പരിക്കേറ്റത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അന്വേഷണത്തിൽ ബിജെപിയും സംഘപരിവാർ അനുയായികളുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

കാണ്ഡമാൽ ആക്രമണം

2008 ഡിസംബറിലാണ് ഒറീസയിലെ കാണ്ഡമാൽ ജില്ലയിലെ ബാമുനിഗാം ഗ്രാമത്തിൽ വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും നാല് സഹായികളും കൊല്ലപ്പെട്ടതിനെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ആക്രമണത്തിൽ 38 ആളുകൾ കൊല്ലപ്പെടുകയും, അക്രമകാരികൾ വീടുകൾ നശിപ്പിച്ചതിനെ തുടർന്ന് 25,000 ക്രിസ്ത്യാനികൾ ഭവനരഹിതരാവുകയും നാട് വിടുകയും ചെയ്തിരുന്നു. വിഎച്ച്പി നേതാവ് കൊല്ലപ്പെടാൻ കാരണം ക്രിസ്ത്യൻ വിഭാഗക്കാരാണെന്ന് ആരോപിച്ചായിരുന്നു സംഘപരിവാറിന്റെ ആക്രമണം.

2008ൽ തെക്കൻ കർണാടകയിലെ ക്രൈസ്തവർക്കെതിരായ ആക്രമണം

2008ൽ കർണാടകയിലെ ക്രിസ്ത്യൻ വിഭാഗക്കാരായ ആളുകൾക്കെതിരെ ബജ്‌റംഗ്ദൾ ആക്രമണം നടത്തി. ക്രിസ്ത്യൻ പള്ളികളും ആരാധനാലയങ്ങളും അക്രമിച്ച് ഹിന്ദുത്വവാദികൾ കലാപത്തിന് തുടക്കം കുറിച്ചു. 2008 സെപ്റ്റംബർ 14ന് മംഗലാപുരം, ഉടുപ്പി, ചിക്കമംഗലൂരു, കർണാടകയിലെ മറ്റ് ചില ജില്ലകൾ എന്നിവിടങ്ങളിലെ 20ഓളം പള്ളികൾ നശിപ്പിക്കപ്പെട്ടതോടെയായിരുന്നു അക്രമങ്ങൾ ആരംഭിച്ചത്.

ഈ ആക്രമണം അതിർത്തി സംസ്ഥാനമന്ന നിലയിൽ കേരളത്തെയും ബാധിച്ചു. കേരളത്തിലെ ചില സ്ഥലങ്ങളിൽ നിന്നായി പല അക്രമ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതിന് പകരം ബിജെപി അക്രമം കൂടുതൽ രൂക്ഷമാക്കാൻ ശ്രമിച്ചുവെന്ന് ചില ക്രിസ്തീയ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

മണിപ്പൂർ ആക്രമണം

മണിപ്പൂർ ആക്രമണത്തിൽ 121 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുകയും 70 ക്രൈസ്തവർ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെയ് മൂന്നിന് ആരംഭിച്ച് നാല് ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ 250ലധികം ആളുകൾക്ക് പരിക്കേൽക്കുകയും, 30,000ഓളം ജനങ്ങൾ പാലായനം ചെയ്യുകയും ചെയ്തിരുന്നു.
പ്രബല ഹിന്ദു വിഭാഗമായ മെയ്‌തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലായിരുന്നു മണിപ്പൂരിനെ ‌അക്രമ ഭൂമിയാക്കി മാറ്റിയത്.Anti-Christian Violence in India

content summary; Jabalpur Incident: Anti-Christian Violence in India

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×