ഇന്ത്യ-പാകിസ്ഥാന് ബന്ധത്തിലെ ശ്രദ്ധേയമായൊരു അധ്യായമാണ് ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഇസ്ലാമാബാദില് എത്തിയത്. പാകിസ്ഥാന് വിദേശകാര്യ മന്ത്രി എം. ഇസ്ഹാഖ് ദാറും ജയശങ്കറും രണ്ട് അവസരങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ അത്താഴ വേളയിലും മറ്റൊന്ന് ഉച്ചകോടിക്ക് ശേഷമുള്ള ഉച്ചഭക്ഷണത്തിനിടയിലും. ഈ ചര്‍ച്ചകളില്‍ ചൂടേറിയ തര്‍ക്കങ്ങള്‍ ഉണ്ടായില്ലെന്നത് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തില്‍ കാര്യമായ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.
പശ്ചാത്തല സന്ദര്‍ഭം
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ 2019 ഓഗസ്റ്റിലെ തീരുമാനത്തെത്തുടര്‍ന്ന്, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പാകിസ്താന് സന്ദര്‍ശനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് നയതന്ത്ര ബന്ധങ്ങളില്‍ പിന്നാക്കം പോയ അയല്‍ക്കാര്‍, വ്യാപാര ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിലേക്കും കടന്നിരുന്നു. വഷളായിപ്പോയ്ക്കൊണ്ടിരുന്ന ബന്ധം കൂടുതല്‍ തകര്‍ച്ചയിലേക്ക് എത്തിച്ച നടപടികളായിരുന്നു അവ. ജയശങ്കറിന്റെ സന്ദര്‍ശനത്തിന് മുമ്പ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം പ്രധാനമായും പരസ്പരമുള്ള ഏറ്റുമുട്ടലുകളായിരുന്നു പരിണമിച്ചിരുന്നത്. തീവ്രവാദം വളര്‍ത്തുന്നുവെന്നും തങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നു കയറുകയാണെന്നുമായിരുന്നു പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍.
സന്ദര്‍ശനത്തിലെ പ്രധാന നിരീക്ഷണങ്ങള്‍
സുഗമമായ നയതന്ത്രം: ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ പാകിസ്ഥാന് ആതിയേഥ്യം വഹിച്ച ഏറ്റവും വലിയ നയതന്ത്ര സമ്മേളനമായ എസ്സിഒ സാധാരണ മാത്സ്യരങ്ങളൊന്നുമില്ലാതെ നടന്നതില്‍ പാക് ഉദ്യോഗസ്ഥര്‍ ആശ്വാസം പ്രകടിപ്പിക്കുകയാണ്. ഉച്ചകോടിക്കിടെ ജയശങ്കറും ദാറും തര്‍ക്കങ്ങളുണ്ടാകാതെ നടത്തിയ ചര്‍ച്ചകള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപഴകലിലെ ജാഗ്രതാപരമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. മുന്‍പ് നടന്നിട്ടുള്ള ആശയവിനിമയ ഏറ്റുമുട്ടലുകള്‍ രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ പ്രതീക്ഷകള്‍ കുറച്ചിരുന്ന സാഹചര്യത്തില്‍, മാറിയൊരു അന്തരീക്ഷം ഇരുപക്ഷവും പ്രതീക്ഷിക്കുന്നതായാണ് ഇത്തവണത്തെ സമീപനത്തില്‍ നിന്നു മനസിലാകുന്നത്.
സുപ്രധാന സംഭാഷണങ്ങള്‍: ജയശങ്കറും ദാറും തമ്മില്‍ സ്വകാര്യ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഉച്ചകോടിയുടെ ഔപചാരികത നിലനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം. അതേസമയം, നയതന്ത്ര സംഭാഷണങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ നടന്നതുപോലുള്ള ചെറിയ മാറ്റങ്ങള്‍ പോലും രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ പുരോഗതിയായി കാണാമെന്നതിനാല്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് വളരെ പ്രത്യേകതയുണ്ട്. പ്രാരംഭ ചര്‍ച്ചകള്‍ സ്വീകരണ വേദയില്‍ വച്ചാണ് ആരംഭിച്ചത്, പിന്നീടത് ഉച്ചഭക്ഷണ സമയത്തും തുടരുകയായിരുന്നു. ഉച്ചകോടിയില്‍ മറ്റു പങ്കാളികളുടെ സാന്നിധ്യവുമുള്ളതുകൊണ്ട് ചര്‍ച്ചകള്‍ പരിമിതപ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സംഭാഷണം നടക്കണമെന്ന പരസ്പര താല്‍പ്പര്യം വ്യക്തമായിരുന്നു.
പ്രസംഗങ്ങളുടെ ഉള്ളടക്കം; ഇരു നേതാക്കളുടെയും പ്രസംഗങ്ങള്‍ നല്ല രീതിയില്‍ തന്നെ സ്വീകരിക്കപ്പെട്ടു. എസ്സിഒ ചാര്‍ട്ടറിന്റെ പ്രാധാന്യം ജയശങ്കര്‍ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് തീവ്രവാദത്തിനെതിരായ നിലപാടുകള്‍. എങ്കിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാക്കിസ്ഥാനെ നേരിട്ട് ലക്ഷ്യമിട്ട് വാക്കുകള്‍ പ്രയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ജയശങ്കര്‍ ഉയര്‍ത്തിയ അഭിപ്രായങ്ങള്‍ ഏറ്റുമുട്ടല്‍ എന്നതിലുപരി ക്രിയാത്മകമായി വ്യാഖ്യാനിക്കപ്പെടേണ്ട കാര്യങ്ങള്‍ എന്നാണ് പാകിസ്ഥാന് വൃത്തങ്ങളും സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം പക്ഷേ ഇത്തരത്തിലായിരുന്നില്ല. അത് പിരിമുറുക്കം കൂട്ടിയ അന്തരക്ഷത്തിലാണ് നടന്നത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇവിടെ കാര്യങ്ങള്‍ നടന്നത്.
ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം: വാക്കാലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായില്ലെന്നത് നല്ല ചുവടുവെപ്പായി വാഴ്ത്തപ്പെടുമ്പോഴും, ഈ സന്ദര്‍ശനം മഞ്ഞുരുകലായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ലെന്ന മുന്നറിയിപ്പ് ഇരുപക്ഷത്തു നിന്നുമുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. നയതന്ത്രബന്ധം സുഗമമാകണമെങ്കില്‍ ഇനിയും നിരവധി നടപടികള്‍ ആവശ്യമായുണ്ട്. അതുകൊണ്ട് നിലവിലെ അവസ്ഥയില്‍ പറയത്തക്ക മാറ്റമൊന്നും ഉ്ണ്ടാകുന്നില്ല. അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന സിഒപി-29 ഉച്ചകോടിയില്‍ ഇന്ത്യയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താനുള്ള അവസരം ഉണ്ടാകുമെന്നാണ് പാകിസ്ഥാന് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സുപ്രധാന മുന്നേറ്റത്തിന് തിടുക്കം കാണിക്കാതെ, പകരം ജാഗ്രതയോടെയുള്ള ഇടപഴകലിന് തുടര്‍ച്ചയുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കൈകൊടുക്കലുകളിലെ പ്രതീകാത്മകത: ദാറുമൊത്തുള്ള ജയശങ്കറിന്റെ പരസ്യമായ ഹാന്‍ഡ്ഷേക്ക് വാക്കാലുള്ള ഇടപെടലുകളെ മറികടക്കുന്ന ഒരു പ്രതീകാത്മക ആംഗ്യത്തെയാണ് പ്രതിനിധീകരിക്കുന്നു. പാകിസ്ഥാന് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുമായുള്ള ജയശങ്കറിന്റെ കൂടിക്കാഴ്ചയിലും പരസപരം അഭിവാദ്യം ചെയ്തിരുന്നുവെങ്കിലും അതിനിത്ര ഊഷ്മളതയുണ്ടായിരുന്നില്ല. ഇത്തരം ആംഗ്യങ്ങള്‍ക്ക് പ്രത്യേകതയൊന്നുമില്ലെങ്കിലും, സംഭാഷണത്തിന് കൂടുതല്‍ അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ അതിനു കഴിയും.
മുന്നിലുള്ള വെല്ലുവിളികള്‍
ഈ സന്ദര്‍ശനത്തിന് അനുകൂല സ്വഭാവം ഉണ്ടെങ്കിലും മെച്ചപ്പെട്ട ബന്ധത്തിലേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ മുന്നിലുള്ള പാതയിലെ ഒന്നിലധികം വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. ചരിത്രപരമായ ആവലാതികള്‍, പ്രദേശിക തര്‍ക്കങ്ങള്‍, തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന പരസ്പര ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട, രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള ആഴത്തിലുള്ള അവിശ്വാസം തന്നെയാണ് പ്രധാന കടമ്പ. കൂടാതെ, അനുരഞ്ജനത്തിനുള്ള ഏതൊരു ശ്രമത്തെയും സങ്കീര്‍ണ്ണമാക്കുന്ന ആന്തരിക സമ്മര്‍ദ്ദങ്ങള്‍ ഇരു സര്‍ക്കാരുകളും അഭിമുഖീകരിക്കുന്നുണ്ട്.
ഉദാഹരണത്തിന്, പാകിസ്ഥാനിലെയും ഇന്ത്യയിലെയും ആഭ്യന്തര രാഷ്ട്രീയ അന്തരീക്ഷം പലപ്പോഴും നേതാക്കളെ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രത്യേകിച്ച് കശ്മീരിലും ദേശീയ സുരക്ഷാ പ്രശ്നങ്ങളിലും. തല്‍ഫലമായി, സമാധാനത്തിനുവേണ്ടിയുള്ള ഏതൊരു നീക്കത്തിനും, ഉഭയകക്ഷി പിരിമുറുക്കങ്ങള്‍ മാത്രമല്ല, സഹകരണത്തിനെതിരായ പൊതുവികാരത്തെ എതിരായി സ്വാധീനിച്ചേക്കാവുന്ന ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളെയും നിയന്ത്രിക്കേണ്ടതായി വരും.
ഉപസംഹാരം
ജയശങ്കറിന്റെ പാകിസ്ഥാന് സന്ദര്‍ശനം ഉഭയകക്ഷി ബന്ധങ്ങളുടെ ദീര്‍ഘകാല ചരിത്രത്തിലെ ശ്രദ്ധേയമായൊരു നിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്. തര്‍ക്കങ്ങള്‍ ഒഴിവാക്കിയുള്ള, ഇരു നേതാക്കളുടെയും പ്രസംഗങ്ങള്‍ അനുകൂലമായ സംവാദത്തില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധതയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, സാധാരണവല്‍ക്കരണത്തിലേക്കുള്ള വഴി വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മനസ്സിലാക്കിക്കൊണ്ട് നിരീക്ഷകര്‍ ജാഗ്രത പാലിക്കുകയാണ്. വരാനിരിക്കുന്ന സിഒപി-29 ഉച്ചകോടി പോലെയുള്ള ഭാവി ഇടപെടലുകള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ താല്‍ക്കാലിക നയതന്ത്ര ഇടപെടല്‍ കൂടുതല്‍ സുസ്ഥിരമാക്കുന്നതിലേക്ക് നയിക്കുമോ എന്ന് വിലയിരുത്തുന്നതിന് നിര്‍ണായകമാകും. ഈ സന്ദര്‍ശനത്തെ കരുതിയുള്ള ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം, തങ്ങളുടെ ബന്ധത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സങ്കീര്‍ണ്ണതകളെ അഭിസംബോധന ചെയ്യുന്ന ഘട്ടത്തില്‍ ഇരുപക്ഷവും സംഭാഷണത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നു. Jaishankar’s Visit to Pakistan – A Tentative Diplomatic Engagement
Content Summary; Jaishankar’s Visit to Pakistan – A Tentative Diplomatic Engagement