UPDATES

കശ്മീര്‍ തെരഞ്ഞെടുപ്പും എന്‍ഡിഎ സര്‍ക്കാരും

പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് ജമ്മു-കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ്: ഭാഗം-1

റിബിൻ കരീം

റിബിൻ കരീം

                       

‘ജമ്മു കശ്മീരിന്റെ ഭാവി ആത്യന്തികമായി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. ഈ പ്രതിജ്ഞ നാം ചെയ്തിരിക്കുന്നത് കശ്മീര്‍ ജനതയോട് മാത്രമല്ല, മുഴുവന്‍ ലോകത്തോടുമാണ്. അതില്‍ നിന്ന് നാം പിന്തിരിയില്ല. പിന്തിരിയാന്‍ നമുക്ക് കഴിയില്ല”. ജവഹര്‍ലാല്‍ നെഹ്രു, നവംബര്‍ 2, 1947.

പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് ജമ്മു -കശ്മീര്‍ നിയമസഭയിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. പത്ത് വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്, ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, അങ്ങനെ നിരവധി പ്രത്യേകതകള്‍ ഉണ്ട്. സെപ്റ്റംബര്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്നു കോടതി അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് കശ്മീരില്‍ മറ്റൊരു തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ജമ്മു കശ്മീരില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 18ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നിന് അവസാനിക്കും വിധം മൂന്ന് ഘട്ടമായാണ് മഞ്ഞു പുതച്ച താഴ്വരയില്‍ തിരഞ്ഞെടുപ്പ്. നിലവില്‍ 90 നിയമസഭാ സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീരിലും. അവസാനം നടന്ന (2014 ല്‍) തെരഞ്ഞെടുപ്പില്‍ തൂക്കുസഭയാണ് നിലവില്‍ വന്നത്. മുഫ്തി മുഹമ്മദ് സയീദ് അന്ന് മുഖ്യമന്ത്രിയുമായി. മാസങ്ങള്‍ക്കുശേഷം വിപരീത ദിശയില്‍ സഞ്ചരിക്കുന്ന പിഡിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2018ല്‍ ആ സര്‍ക്കാര്‍ നിലം പൊത്തി. കശ്മീരില്‍ പി ഡി പിയുമായി സഖ്യം ചേര്‍ന്ന് ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയ മോദിക്കും സംഘത്തിനും പ്രധാനമായും രണ്ട് അവകാശ വാദങ്ങള്‍ ആണ് മുന്നോട്ട് വെച്ചത്. ജമ്മു താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കും ഒപ്പം ബിജെപി ഒരു മുസ്ലിം വിരുദ്ധ പാര്‍ട്ടിയല്ലെന്നു ബോധ്യപ്പെടുത്തും. എന്നാല്‍ പിന്തുണ പിന്‍വലിച്ച് മെഹ്ബൂബ മുഫ്തി സര്‍ക്കാരിനെ താഴെയിറക്കിയതോടെ എല്ലാ വാദങ്ങളും പൊളിഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിനാണ്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതും. ഈ നടപടികള്‍ ജമ്മു -കശ്മീരിലെ ജനങ്ങളില്‍ നിരാശ പടര്‍ത്തിയെന്ന വിമര്‍ശനം നില നില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അനുച്ഛേദം 370 റദ്ദാക്കിയത് ശരിയായ തീരുമാനമായിരുന്നെന്നും കശ്മീരിനെ സാധാരണനിലയിലേക്ക് എത്തിക്കാനായെന്നും തെളിയിക്കുകയാണ് ബിജെപിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. യുഎപിഎയും പൊതുസുരക്ഷാ നിയമവും ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും പൗരാവകാശ മനഷ്യാവകാശ പ്രവര്‍ത്തകരെയും കേന്ദ്ര സര്‍ക്കാര്‍ ജയിലിലടച്ചതും, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ആന്റി ബിജെപി മൂവ്‌മെന്റ് ആയി ഉയര്‍ത്തി കാണിക്കാന്‍ സാധിച്ചിട്ടുണ്ട്. ദി ഹിന്ദുവിന്റെ എഡിറ്റോറിയല്‍ പോലും അത്തരം ഒരു അഭിപ്രായം മുന്നോട്ട് വെച്ചതും ശ്രദ്ധേയമാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന 46 ശതമാനം വോട്ട് വിഹിതം 2024 ലേക്കെത്തുമ്പോള്‍ 24.4 ശതമാനമായി കുറഞ്ഞുവെന്ന യാഥാര്‍ഥ്യം ബിജെപി ക്യാമ്പില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കും പഹാരി ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയും, 15 ജാതികളെ പുതുതായി പിന്നാക്ക വിഭാഗപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയും ജമ്മുവില്‍ അന്തരാഷ്ട്ര അതിര്‍ത്തിക്കു സമീപം താമസിക്കുന്നവര്‍ക്ക് ജോലിയില്‍ സംവരണം നല്‍കിയും ചില മുഖം മിനുക്കല്‍ കലാപരിപാടികള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ സദാ ശ്രമിക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. കനത്ത തോല്‍വി ഭയന്നാണ് ഈ പിന്മാറ്റം എന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു. ലഡാക്കിലാണെങ്കില്‍ ദയനീയമായി തോല്‍ക്കാന്‍ ആയിരുന്നു വിധി. എന്നാല്‍ കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു പരിധി വരെ സമാധാനപരമായി നടത്താന്‍ സാധിച്ചതിനെ മറ്റൊരു രീതിയില്‍ പ്രയോജനപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ 58.46 ശതമാനം പോളിങ് രേഖപ്പെടുത്തിയത് സംസ്ഥാനം സമാധാനത്തിലേക്ക് നീങ്ങുകയാണെന്ന ആഖ്യാനം സൃഷ്ടിക്കാന്‍ മോദിയും അമിത് ഷായും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ ‘സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍’ പുറത്ത് വിട്ട ചില കണക്കുകള്‍ അവിടെയും തിരിച്ചടിയായി. കശ്മീരില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം വ്യത്യസ്ത ആക്രമണങ്ങളിലായി 371 സാധാരണക്കാരും 613 സുരക്ഷാ ഭടന്മാരും 1787 ഭീകരവാദികളും കൊല്ലപ്പെട്ടതായി സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ റിപ്പോട്ട് ചെയ്തു. ഈ റിപ്പോട്ട് ചൂണ്ടി കാട്ടി കൊണ്ട് ലോക്‌സഭയില്‍ പ്രതിപക്ഷം സര്‍ക്കാരിന് മേല്‍ ചോദ്യ ശരങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നു.

സംസ്ഥാന പദവിയും ഭരണഘടനയിലെ 370-ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവിയും തന്നെയായിരിക്കും കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് ഉറപ്പാണ്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഈ രണ്ട് വിഷയത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബിജെപിയാകട്ടെ ഈ വിഷയത്തില്‍ കൃത്യമായ ഒരു മറുപടി കോടതിയില്‍ പോലും ബോധ്യപ്പെടുത്താനാകാത്ത വിധം ബാക്ഫുട്ടിലും ആണ്. അതിനിടെ ആണ് ലഡാക്കിനെ ജമ്മു കശ്മീരിന്റെ ഭാഗമാക്കുകയോ അല്ലെങ്കില്‍ പ്രത്യേക സംസ്ഥാന പദവി നല്‍കുകയോ വേണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ജനങ്ങള്‍ രംഗത്തിറങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ജനങ്ങള്‍ അവരുടെ രോഷം പ്രകടിപ്പിച്ചതുമാണ്. സുപ്രിം കോടതി വിധിയില്‍ത്തന്നെ സംസ്ഥാനപദവി തിരിച്ചു നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോടതി കാലപരിധി മുന്നോട്ടു വച്ചില്ല എന്ന ന്യായം പറഞ്ഞ് സംസ്ഥാനപദവി നല്‍കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് മോദി സര്‍ക്കാര്‍ എന്ന് സമരക്കാര്‍ ആവര്‍ത്തിക്കുന്നു.  Jammu-kashmir election and NDA Government

(തുടരും)

കശ്മീര്‍ തെരഞ്ഞെടുപ്പ് അല്പം ചരിത്രം-ഭാഗം-2

Content Summary; Jammu-kashmir election and NDA Government

Share on

മറ്റുവാര്‍ത്തകള്‍