January 15, 2025 |

നിങ്ങൾക്ക് കല്യാണമൊന്നും വേണ്ടേ? യുവാക്കളോട് ജപ്പാൻ ചോദിക്കുന്നു

ജപ്പാൻ ജനസംഖ്യ പ്രതിസന്ധിയിലേക്കോ ?

യുവാക്കൾക്ക് വിവാഹത്തോടുള്ള മനോഭാവമറിയാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ജപ്പാൻ. വരും വർഷങ്ങളിൽ ജനസംഖ്യ പ്രതിസന്ധിയോട് പോരാടേണ്ടി വരുമെന്നതിനാലാണ് ജപ്പാൻ ഗവൺമെന്റിന്റെ ഈ നീക്കം. ഡേറ്റിംഗിലൂടെയും പരിചയപ്പെടലിലൂടെയും പങ്കാളികളെ കണ്ടെത്താൻ യുവാക്കളെ സഹായിക്കുന്നതിന് 2023 ഏപ്രിലിൽ ആരംഭിച്ച ചിൽഡ്രൻ ആൻ്റ് ഫാമിലിസ് ഏജൻസി മീറ്റിങ്ങും നടത്തിയിരുന്നു. വിവാഹം കഴിക്കാൻ താല്പര്യപെടുന്നവരും വിദഗ്ധരും മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു. japan marriage population crisis

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യുവ ജനതയുടെ വിവാഹത്തെക്കുറിച്ചുള്ള ആശയം വളരെ വ്യത്യസ്തമാണെന് ജപ്പാൻ സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

‘വിവാഹവും കുട്ടികളെ വളർത്തലും പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം’ എന്ന് സഹമന്ത്രി അയുക്കോ കാറ്റോ യോഗത്തിൽ പറഞ്ഞു. നിങ്ങളുടെ യഥാർത്ഥ ചിന്തകളാണ് ഞങ്ങൾക്കറിയേണ്ടത്. നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണെന്ന് തുറന്ന് പറയു’ എന്നും അയുക്കോ കാറ്റോ പറഞ്ഞു.

25 നും 34 നും ഇടയിൽ പ്രായമുള്ള അവിവാഹിതരിൽ നടത്തിയ സർവേയുടെ ഫലങ്ങളും ചിൽഡ്രൻ ആൻ്റ് ഫാമിലിസ് ഏജൻസി പങ്കുവച്ചു. പഠനപ്രകാരം, 2021-ൽ 43.3% പുരുഷന്മാരും 48.1% സ്ത്രീകളും തങ്ങൾക്ക് അടുത്തൊന്നും വിവാഹിതരാകാൻ താൽപര്യമില്ലെന്ന് വെളിപ്പെടുത്തി.

ജപ്പാനിൽ താഴ്ന്ന ജനനനിരക്കിനും പ്രായമായവരുടെ ജനസംഖ്യ ഉയരുന്നതിന്റെയും പ്രധാന കാരണം വിവാഹം കഴിക്കുന്നവരുടെ സംഖ്യയിലെ ഇടിവാണ്. 1930 ന് ശേഷം 2023-ൽ ആദ്യമായാണ് ജപ്പാനിൽ വിവാഹങ്ങളുടെ എണ്ണം 500,000 -ത്തിൽ താഴെയായി കുറഞ്ഞത്. അതേ സമയം, ജനനനിരക്ക് 5.1% കുറഞ്ഞ് 758,631 എന്ന പുതിയ റെക്കോർഡിലെത്തുകയും ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ച് 2035 ആകുമ്പോഴേക്കും ഈ അവസ്ഥയിലാകുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

ഉയർന്ന ജീവിതച്ചെലവ്, നല്ല ജോലിയുടെ അഭാവം, ഭാര്യക്കും ഭർത്താവിനും ജോലി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തൊഴിൽ സംസ്കാരം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി ജാപ്പനീസ് യുവാക്കൾ വിവാഹം കഴിക്കാനോ കുടുംബം പുലർത്താനോ മടിക്കുന്നതായാണ് സർവേകൾ വെളിപ്പെടുത്തുന്നത്. കുട്ടികളുണ്ടായതിന് ശേഷം സ്ത്രീകൾക്ക് മുഴുവൻ സമയ ജോലിയിലേക്ക് മടങ്ങാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്.

ഡേകെയർ, മാച്ച് മേക്കിംഗ് സേവനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ. 2025 ജൂണിൽ, സർക്കാർ ഒരു ഡേറ്റിംഗ് ആപ്പ് പുറത്തിറക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാഹത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ വേണ്ടത്ര ഫലമില്ലെന്ന് സാമ്പത്തിക വിദഗ്ധൻ തകാഷി കഡോകുര യാഹൂ ജപ്പാൻ ന്യൂസ് ബ്ലോഗിൽ പറഞ്ഞു. സ്ഥിരം ജോലിയില്ലാത്ത പലർക്കും കുടുംബ ഭാരം താങ്ങാനാകാത്തതും വിവാഹങ്ങൾ വർദ്ധിക്കാത്തതിന്റെ മറ്റൊരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

content summary;  Japan asks young people why they are not marrying amid population crisis

×