June 04, 2026 |
Share on

മുംബൈയിലെ ജിന്നാ ഹൗസ് ഇടിച്ച് നിരത്തണമെന്ന് ബിജെപി എംഎല്‍എ

ജിന്നാഹൗസ് ഇന്ത്യാ വിഭജനത്തിന്റെ ഗൂഢാലോചനാ കേന്ദ്രമായിന്നുവെന്ന് ലോധ അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്റെ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ മുംബൈയിലെ വസതിയായിരുന്ന ജിന്ന ഹൗസ് ഇടിച്ച് നിരത്തണമെന്ന് ബിജെപി എംഎല്‍എയും മുംബൈയിലെ പ്രമുഖ ബില്‍ഡറുമായ മംഗള്‍ പ്രഭാത് ലോധ. ദക്ഷിണ മുംബൈയിലെ 2.5 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ വരുന്ന ബംഗ്ലാവ് പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കണമെന്നാണ് ബിജെപി എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടത്. ജിന്നാഹൗസ് ഇന്ത്യാ വിഭജനത്തിന്റെ ഗൂഢാലോചനാ കേന്ദ്രമായിന്നുവെന്ന് ലോധ അഭിപ്രായപ്പെട്ടു. ജിന്നാഹൗസ് വിഭജനത്തിന്റെ പ്രതീകമാണ്, അത് പൊളിക്കണം. ജിന്നാഹൗസിന്റെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ അനാവശ്യമായി പൊടിച്ച് കളയുകയാണെന്ന് ലോധ ആരോപിച്ചു. ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്‍സ് നിയമസഭാ മണ്ഡലത്തെയാണ്‌ ലോധ പ്രതിനിധീകരിക്കുന്നത്.

1930കളില്‍ നിര്‍മ്മിച്ചതാണ് കടല്‍ക്കരയിലുള്ള ഈ ബംഗ്ലാവ്. സ്വാതന്ത്ര്യസമര കാലത്തും ഇന്ത്യാവിഭജന കാലത്തും നിരവധി ചര്‍ച്ചകള്‍ക്ക് ഈ വീട് വേദിയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം വര്‍ഷങ്ങളോളം ബ്രീട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഈ വസതി ഉപയോഗിച്ചിരുന്നു. എന്നാല്‍ 1982ല്‍ ഒഴിഞ്ഞു. ജിന്നയുടെ വീടും സ്ഥലവും കൂടി നിലവില്‍ ഏതാണ്ട് 40 കോടി ഡോളര്‍ (2600കോടിയിലധികം രൂപ) വിലമതിക്കുന്നുണ്ട്്. പാകിസ്ഥാന്‍ പല തവണ തങ്ങളുടെ കോണ്‍സുലേറ്റാക്കാന്‍ വേണ്ടി ഈ കെട്ടിടവും സ്ഥലവും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ അനുകൂലമായോ പ്രതികൂലമായോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ജിന്നാഹൗസ് ഇന്ന് തീര്‍ത്തും അവഗണിക്കപ്പെട്ട നിലയിലാണ്.

2007ല്‍ ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന, അന്ന് 88 വയസുണ്ടായിരുന്ന ജിന്നയുടെ മകള്‍ ദീന വാദിയ ഈ സ്വത്തില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദീനയുടെ മകന്‍ നുസ്ലി വാദിയ മുംബൈയിലാണുള്ളത്. മുംബൈയിലെ ടെക്‌സ്റ്റൈല്‍, റിയല്‍ എസ്റ്റേറ്റ് വ്യവസായ രംഗങ്ങളിലെ പ്രമുഖനാണ് നുസ്ലി വാദിയ. വിഭജനത്തിന് ശേഷം പാകിസ്ഥാനിലേയ്ക്ക് പോയവരുടെ സ്വത്ത് വകകള്‍ കുടിയൊഴിഞ്ഞവരുടെ സ്വത്തായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ താല്‍പര്യ പ്രകാരം ജിന്നാ ഹൗസ് ഇക്കൂട്ടത്തില്‍ പെടുത്തിയിരുന്നില്ല. വിഭജന കാലത്ത് പാകിസ്ഥാനിലേയ്ക്ക് കുടിയേറിയവരുടെ സ്വത്ത് വകകളില്‍ അവരുടെ പിന്‍തലമുറയില്‍പെട്ടവര്‍ക്ക് ഒരു തരത്തിലും അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പാസാക്കിയ എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

വായനയ്ക്ക്: https://goo.gl/beWtl4

Leave a Reply

Your email address will not be published. Required fields are marked *

×