March 27, 2025 |

പലസ്തീനികളെ കുടിയിറക്കാനാവില്ല; ട്രംപിനോട് ജോർദാൻ രാജാവ്

ഗാസ ഒഴിപ്പിക്കാനും നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ട്രംപ് ഉത്തരവിനെയും നിരസിച്ചു.

ഗാസ ഏറ്റെടുത്ത് പലസ്തീനികളെ മാറ്റിപാർപ്പിക്കാനുള്ള ട്രംപിന്റെ നിർദ്ദേശം തള്ളി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ. ഗാസ ഒഴിപ്പിക്കാനും നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ട്രംപ് പദ്ധതിയെ താൻ എതിർക്കുന്നുവെന്നും ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീനികളുടെ കുടിയിറക്കത്തിനെതിരെ ജോർദാന്റെ ഉറച്ച നിലപാട് താൻ ആവർത്തിക്കുന്നുവെന്ന് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ അബ്ദുള്ള രണ്ടാമൻ പറഞ്ഞു.

“ഇതാണ് ഏകീകൃത അറബ് നിലപാട്,” കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ അബ്ദുള്ള രണ്ടാമൻ കുറിച്ചു. “പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാതെ ഗാസ പുനർനിർമ്മിക്കുന്നതും ഗുരുതരമായ മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതും മുൻഗണനയിലുണ്ടായിരിക്കുമെന്നും” പോസ്റ്റിൽ കൂട്ടിചേർത്തു. ഗാസയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ അമേരിക്കയ്ക്ക് അധികാരമുണ്ടെന്ന് ട്രംപ് വാദിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. ജോർദാനെയും മറ്റ് അറബ് രാജ്യങ്ങളെയും നിർബന്ധിതമായി നീക്കം ചെയ്യാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമാണിത്. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

“ഗാസ നമുക്ക് ലഭിക്കും.ഇത് യുദ്ധത്താൽ തകർന്ന ഒരു പ്രദേശമാണ്. നമ്മൾ അത് ഏറ്റെടുക്കാൻ പോകുന്നു. നമ്മൾ അത് നിലനിർത്താൻ പോകുന്നു. നമ്മൾ അതിനെ വിലമതിക്കുന്നു ട്രംപ് പറഞ്ഞു.

“ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ നീതിയുക്തമായ സമാധാനം കൈവരിക്കുക എന്നതാണ് പ്രാദേശിക സ്ഥിരത ഉറപ്പാക്കാനുള്ള മാർഗം,” എന്ന് അബ്ദുള്ള രാജാവ് പോസ്റ്റിൽ പറഞ്ഞു. “ഇതിന് യുഎസ് നേതൃത്വം ആവശ്യമാണ്.” ഗാസയുടെ നിയന്ത്രണം അമേരിക്ക പിടിച്ചെടുക്കണമെന്നും ജോർദാനിലും ഈജിപ്തിലും താമസിക്കുന്ന ഏകദേശം രണ്ട് ദശലക്ഷം പലസ്തീനികളെ പുനരധിവസിപ്പിക്കണമെന്നും ട്രംപ് പ്രഖ്യാപിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ആഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള വാർത്താ സമ്മേളനത്തിൽ ട്രംപ് ഈ ആശയം ഉന്നയിച്ചപ്പോൾ ജോർദാനും ഈജിപ്തും ഈ ആശയം നിരസിച്ചിരുന്നു.

ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ , ഈജിപ്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്, “പലസ്തീൻ പ്രശ്‌നത്തിന് ന്യായമായ ഒരു പരിഹാരത്തിനായി” രാജ്യം അമേരിക്കയുമായി പ്രവർത്തിക്കുമെന്ന് പറഞ്ഞു, എന്നാൽ പലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന് ആവർത്തിച്ചു. ട്രംപും അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ച ഗാസയുടെ ഭാവിയ്ക്ക് നിർണ്ണായകമാണ്. ഗാസയിലെ മുനമ്പിലെ വെടിനിർത്തൽ കരാർ തകരാൻ സാധ്യതയുണ്ടെന്ന് തോന്നിയ സാഹചര്യത്തിലാണ് ചർച്ചകൾ നടക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഇസ്രായേൽ സൈന്യം യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.

ഗാസയിലേക്ക് ലക്ഷക്കണക്കിന് ടെന്റുകൾ അയക്കുമെന്ന വാഗ്ദാനം ഇസ്രായേൽ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ സഹായ വിതരണത്തിന് മേൽനോട്ടം വഹിക്കുന്ന ഇസ്രായേലി സൈനിക യൂണിറ്റ് ഹമാസിന്റെ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് പറഞ്ഞു. പലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനുള്ള ട്രംപിന്റെ നിർദ്ദേശമാണ് അറബ് നേതാക്കളെ പ്രകോപിതരാക്കിയതെന്ന് അറ്റ്ലാന്റിക് കൗൺസിലിലെ സ്കൗക്രോഫ്റ്റ് മിഡിൽ ഈസ്റ്റ് സെക്യൂരിറ്റി ഇനിഷ്യേറ്റീവിന്റെ ഡയറക്ടർ ജോനാഥൻ പാനിക്കോഫ് പറഞ്ഞു.

അക്രമ സാഹചര്യത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ് നേതാക്കളെന്ന് പാനിക്കോഫ് പറഞ്ഞു. ഏകദേശം ഒന്നര വർഷമായി സംഘർഷം നിലനിൽക്കുന്നുണ്ടെന്നും ഈ സാഹചര്യത്തെ ദുർഘടമാക്കാനുള്ള ശ്രമമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും പാനിക്കോഫ് കൂട്ടിചേർത്തു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നതിനെക്കുറിച്ച് ട്രംപ് നിരവധി ആഴ്ചകളായി സംസാരിച്ചുവരികയാണ്. അബ്ദുള്ള രാജാവിന്റെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഈജിപ്തിനും ജോർദാനുമെതിരായ സമ്മർദ്ദം ട്രംപ് ശക്തമാക്കി. പലസ്തീനികളെ ഉൾപ്പെടുത്തിയില്ലെങ്കിൽ ജോർദാനിനുള്ള സഹായം വെട്ടിക്കുറയ്ക്കുെമെന്നും ട്രംപ് പറഞ്ഞു. പുനരധിവസിപ്പിച്ചുകഴിഞ്ഞാൽ പലസ്തീനികൾ ഗാസയിലേക്ക് മടങ്ങാൻ അവകാശപ്പെടില്ലെന്ന് ട്രംപ് പറഞ്ഞു. ലോകമെമ്പാടുമുള്ള വിദേശ സഹായം ട്രംപ് നിർത്തലാക്കുന്നതിന്റെ ഭാഗമായി, സൈനിക സഹായം ഉൾപ്പെടെ ജോർദാനുള്ള അമേരിക്കൻ സഹായം നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്.

content summary: Jordanian king rejects Trump’s proposal to relocate palestinians in Gaza.

×