മലയാള സിനിമയില്‍ വില്ലന്‍മാര്‍ ഏറെയുണ്ടായിട്ടുണ്ട്. എന്നാല്‍ സുന്ദരനായ ജെന്റില്‍മാന്‍ വില്ലന്‍ ഒരാളേയുള്ളൂ. അത് ജോസ് പ്രകാശാണ്. പിന്നണി ഗായകനായി സിനിമയില്‍ എത്തി, വില്ലനായി, നായകനായി, പിന്നെ സഹനടനായി. അര നൂറ്റാണ്ട് മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങിയ ജോസ് പ്രകാശിന് ഇന്ന് നൂറ് വയസ്സ്.
‘ജോണി, ബ്ലഡി റാസ്‌ക്കല്‍ നീ മാത്രം കഴിച്ചാല്‍ മതിയോ മറ്റുള്ളവര്‍ക്ക് കഴിക്കേണ്ട അവര്‍ക്ക് കൊടുക്കടാ’ ഭക്ഷണം കഴിക്കുമ്പോള്‍ ഇങ്ങനെ ബ്ലഡി റാസ്‌ക്കല്‍ എന്നൊക്കെ വിളിച്ച് സ്നേഹപൂര്‍വ്വം മക്കളെ ശാസിക്കുന്ന രക്ഷിതാവായി, ഒരു കഥാപാത്രമായി ജോസ് പ്രകാശ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ലോക സിനിമയിലെ തന്നെ അപൂര്‍വ്വ രംഗമാണത്. കാരണം ‘ഈ ഭക്ഷണം കഴിക്കുന്ന മക്കള്‍ മനുഷ്യരല്ല, മുതല കുഞ്ഞുങ്ങളാണ്’ മുതലകളോട് സംസാരിക്കുന്ന ഒരു വില്ലന്‍ ലോക സിനിമയില്‍ എവിടെയുമില്ല. മുതലകളെ ചട്ടം പഠിപ്പിച്ച് വളര്‍ത്തുന്ന മലയാള സിനിമയിലെ ഒരു വേറിട്ട വില്ലന്‍.

1973 ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് പരമ്പയിലെ Live and Let Die ചിത്രത്തില്‍, ബോണ്ട് കുടുങ്ങിയ ഒരിടത്ത്, അതിലെ വില്ലന്റെ മുതലകള്‍ ഓടി നടക്കുന്ന ഒരു മുതല ഫാം കാണിക്കുന്നുണ്ട്. അതിന്റെ ഗേറ്റില്‍ തന്നെ ഒരു ബോര്‍ഡ് – ‘Trespassers will be eaten’ അതിക്രമിച്ച് കടക്കുന്നവരെ തിന്നും ! ശിക്ഷിക്കും എന്നല്ല, തിന്നു കളയുമെന്ന്!
ഏതായാലും ഈ ബോണ്ട് പടത്തിനെ കടത്തിവെട്ടി, സായിപ്പുമാര്‍ പോലും സങ്കല്‍പ്പിക്കാത്ത ഡയലോഗ് എഴുതി ഞെട്ടിച്ചു തിരക്കഥാകൃത്ത് ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍. അതാണ് ഈ തകര്‍പ്പന്‍ ജോസ് പ്രകാശ് – മുതല ഡയലോഗ് രംഗം. ഒരു കാലത്ത് മലയാള സിനിമയില്‍ ജോസ് പ്രകാശിന്റെ കൊള്ളസങ്കേതം പ്രസിദ്ധമായിരുന്നു. പൈപ്പ് വലിക്കുന്ന കോട്ടിട്ട വില്ലന്‍. ഏറ്റവും കൂടുതല്‍ ബില്ലാര്‍ഡ്‌സ് കളിച്ചതും ഇംഗ്ലീഷില്‍ ഡയലോഗ് പറഞ്ഞതും മലയാള സിനിമയില്‍ ജോസ് പ്രകാശ് ആണ്. എല്ലാം തകര്‍പ്പന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍, ഡിക്രൂസും പെരേരയും വില്യംസും വെള്ളിത്തിരയില്‍ ജോസ് പ്രകാശിന്റെ തോക്കിന് മുന്നില്‍ നിന്നപ്പോള്‍ പ്രേക്ഷകര്‍ കൊട്ടക കുലുക്കി കൈയ്യടിച്ചു. അങ്ങനെ ഹിറ്റായ ഡയലോഗുകള്‍ മിമിക്രിക്കാര്‍ ഏറ്റെടുത്തു വീണ്ടും ഹിറ്റാക്കി. ജോസ് പ്രകാശിന്റെ ഭാഷയില്‍ ‘വെല്‍, വെല്‍ഡണ്‍’!
വിജയനും വീരനും (1979) എന്ന പടത്തില്‍ വന്ന ചിത്രത്തിലെ ജോസ് പ്രകാശിന്റെ ഈ രംഗം യൂട്യൂബില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇപ്പോഴും അത് കാണുന്നു. 70 കളില്‍ മലയാള സിനിമ അടക്കിഭരിച്ചിരുന്ന കുത്ത് -അടിയിടി – ശണ്ഠ സി.ഐ.ഡി പടങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ യൂട്യൂബിലൂടെ കാണുന്നത്, ഓര്‍ക്കുന്നത് തന്നെ അതിലെ മനോഹര ഗാനങ്ങളും ജോസ് പ്രകാശ് എന്ന ബ്രാന്‍ഡന്റ് വില്ലന്‍ നടന്റെ ഇതേ പോലത്തെ പ്രകടനങ്ങളുമുള്ളതിനാലാണ്. നടന്‍ ജയനെപ്പോലെത്തന്നെ, മിമിക്രിക്കാരുടെ അനുകരണ കലയില്‍ പ്രിയപ്പെട്ട നടനാണ് ജോസ് പ്രകാശ് എന്ന വില്ലനും ആ ഇംഗ്ലീഷ് ഡയലോഗുകളും.

ചങ്ങനാശ്ശേരിയില്‍ കുന്നേല്‍ കെ.ജെ. ജോസഫ് – എലിയാമ്മയുടെ എട്ട് മക്കളില്‍ മൂത്ത മകനായിരുന്നു ജോസഫ്. പട്ടാളക്കാരനായിരുന്ന ചങ്ങനാശ്ശേരി കുന്നേല്‍ ജോസഫിനെ സിനിമയില്‍ ജോസ് പ്രകാശാക്കിയത് മലയാള സിനിമയുടെ തലതൊട്ടപ്പന്‍ തിക്കുറിശ്ശിയാണ്. ബേബിയെന്നാണ് വീട്ടിലെ ജോസ് പ്രകാശിന്റെ പേര്. നൂറു വര്‍ഷം മുന്‍പത്തെ വിഷു ദിനത്തിലായിരുന്നു ജനനം, 1926 ഏപ്രിലില്‍. എന്നാല്‍ ഭൂരിഭാഗം രേഖകളിലും 1925 എന്ന് കാണാം. ഈ തെറ്റ് എങ്ങനെയോ ഗൂഗിളിലൊക്കെ വന്നു എന്നാണ് ജോസ് പ്രകാശിന്റെ സഹോദരന്‍ നിര്‍മാതാവ്, നടന്‍ എന്ന നിലയില്‍ പ്രശസ്തനായ പ്രേം പ്രകാശ് പറയുന്നത്. പള്ളി രജിസ്റ്ററില്‍ കൃത്യമായി തീയതി രേഖപ്പെടുത്തിയിരിക്കുന്നു. 1926 ഏപ്രില്‍ 14ന് ജനനം, 100 വയസ്സ് തികയുകയാണ് ജോസ് പ്രകാശിന്. ശതാബ്ദി ജന്മദിനം !
18-ാം വയസ്സില്‍ ജോസഫ് നാടുവിട്ട് പട്ടാളത്തില്‍ ചേര്‍ന്നു. കോട്ടയത്തേക്ക് അദ്ദേഹത്തിന്റെ കുടുംബം താമസം മാറിയിരുന്നു. വിദ്യാഭ്യാസ യോഗ്യത തേര്‍ഡ് ഫോം മാത്രം. സിനിമയും കലാപരിപാടികളും കണ്ടു നടന്ന മകനെ പിതാവ് ചീത്ത പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ജോസഫ് ഒളിച്ചോടുകയായിരുന്നു. ട്രെയിന്‍ കയറി. പഞ്ചാബിലെ ഫിറോസ് പൂരിലെ പട്ടാള ക്യാമ്പില്‍ എത്തി. രണ്ടാം മഹാലോകയുദ്ധക്കാലമായതിനാല്‍ പെട്ടെന്ന് ജോലി കിട്ടി. ഹവീല്‍ദാരായി കല്‍ക്കട്ടയിലും, റാഞ്ചിയിലും ജോലി ചെയ്തു. ഒടുവില്‍ നാട്ടില്‍ തിരികെ എത്തി. പത്താംതരം പോലും പാസ്സാവാത്ത ഹവീല്‍ദാര്‍ ജോസഫ് അവിടെ നിന്ന് നേടിയത് ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല ഭാഷാസ്വാധീനവും കുറെ പട്ടാള അനുഭവങ്ങളും.

കോട്ടയത്ത് കുറെ കലാസ്വാദകര്‍ ചേര്‍ന്ന് ‘കോട്ടയം ആര്‍ട്‌സ് ക്ലബ്’ എന്നൊരു കലാസമിതി രൂപീകരിച്ചിരുന്നു. അതിന്റെ സജീവ അംഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഗായകന്‍ കൂടിയായ ജോസഫിന് പാട്ട് പാടാന്‍ ഒരു അവസരം ലഭിക്കുന്നത്. കോട്ടയത്തെ പ്രമുഖരായ എ.വി. ജോര്‍ജ്ജിന്റെയും ശങ്കുണ്ണിപ്പിള്ളയുടെയും നേതൃത്വത്തില്‍ സ്വാതന്ത്യദിനത്തില്‍ വാഹനങ്ങളൊക്കെ അലങ്കരിച്ച് നഗരത്തിലൂടെ ഒരു സ്വാതന്ത്യദിന റാലി നടത്താന്‍ തീരുമാനിച്ചു. അതോടൊപ്പം ദേശഭക്തിഗാനങ്ങള്‍ പാടാന്‍ ഒരു ഗായകനെ വേണം.
കോട്ടയത്തെ ഒരു മൈക്ക് സിസ്റ്റം ഉടമയായ ജോസഫ് പറഞ്ഞതനുസരിച്ച് ആ അവസരം ജോസഫിന് ലഭിച്ചു. ആ വാഹന റാലിയില്‍ യുവഗായകനായ ജോസഫ് ഹിന്ദി ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. അതിന് കിട്ടിയ 10 രൂപയാണ് കലാരംഗത്തെ ആദ്യപ്രതിഫലം (അന്നത്തെ 10 രൂപ ഇന്നത്തെ 500 രൂപക്ക് തുല്യമാണ്.) കുറച്ച് ദിവസത്തിന് ശേഷം കൂടാതെ ഡോ.റാം മനോഹര്‍ ലോഹ്യയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് നടന്ന ഒരു മഹാസമ്മേളനത്തിലും ഹിന്ദി പാട്ടുകള്‍ ആലപിച്ചതോടെ ജോസഫ് എന്ന ഗായകന്‍ പ്രസിദ്ധനായി.
ആ സമയത്ത് മലയാള ചലച്ചിത്രങ്ങള്‍ ജീവിത നൗകയെന്ന ചിത്രത്തിന്റെ വിജയത്തിലൂടെ അടിവച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഏകദേശം 26 ചിത്രങ്ങള്‍ മാത്രം പുറത്തുവന്ന മലയാള സിനിമയിലെ അക്കാലത്തെ ഏറ്റവും മികച്ച കലാകാരന്‍ തിക്കുറുശ്ശി സുകുമാരന്‍ നായരായിരുന്നു. നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തെന്നിന്ത്യന്‍ ചലചിത്ര ലോകത്തെ തന്നെ ആദ്യത്തെ ബഹുമുഖ പ്രതിഭയായായിരുന്നു തിക്കുറിശ്ശി.
1953 ല്‍ അദ്ദേഹം ശരിയോ തെറ്റോ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി. പടത്തിലേക്ക് ഒരു ഗായകനെ വേണം. അത് അന്വേഷിച്ച് അദ്ദേഹം കോട്ടയത്തെ പ്രമുഖനായ ടി.കെ. ഗോപാലകൃഷ്ണന്റെ വീട്ടില്‍ തങ്ങുകയാണ്. ഇതറിഞ്ഞ മൈക്ക് സിസ്റ്റം ഉടമയായ കോട്ടയം ജോസഫ് പറഞ്ഞു ഉടനെ നീ പോയി അദ്ദേഹത്തെ കാണുക. ‘സിനിമയില്‍ പാടാന്‍ അവസരം കിട്ടും’. സംഗീതം അഭ്യസിക്കാത്ത ജോസഫിന് അത് സമ്മതമായിരുന്നില്ല. എങ്കിലും കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ പോയി. ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു സംഗീത സംവിധായകന്‍. വെറെ ചില ഗായകരും പാടാന്‍ അവസരം തേടി എത്തിയിരുന്നു. എല്ലാവരും പാടി. സൈഗാള്‍ ആലപിച്ച ഒരു പാട്ടാണ് ജോസഫ് പാടിയത്.

ഒടുവില്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ പറഞ്ഞു:
”സ്വാമി (ദക്ഷിണാമൂര്‍ത്തി)ക്ക് തന്റെ പാട്ടാണ് ഇഷ്ടപ്പെട്ടത്. സിനിമയില്‍ പാടാന്‍ തന്നെത്തന്നെ സെലക്ട് ചെയ്തിരിക്കുന്നു.’ എനിക്ക് എന്റെ കാതുകളെത്തന്നെ വിശ്വസിക്കാനായില്ല. സിനിമയിലൊക്കെ പാടുവാന്‍ മാത്രം വളര്‍ന്ന ഒരു ഗായകനാണ് ഞാനെന്ന് എനിക്കിന്നേവരെ വിശ്വാസം തോന്നിയിരുന്നില്ല” ജോസ് പ്രകാശ് തന്റെ സിനിമയിലെ ആദ്യകാലം അനുസ്മരിച്ചു.
മദ്രാസിലെ രേവതി സ്റ്റുഡിയോവില്‍ പി. ലീലയോടൊപ്പം ജോസഫ് എന്ന യുവഗായകന്‍ തന്റെ ആദ്യ ചലച്ചിത്ര ഗാനം പാടി
‘താരമേ താണു വരൂ’
ദൂരമേ സഖീ പോകയോ നീ’
തിക്കുറിശ്ശി തന്നെയെഴുതിയ വരികള്‍. ‘
ഒരു ഗായകന് കുറച്ച് കൂടി പരിഷ്‌കാരമുള്ള പേര് വേണം. പലര്‍ക്കും സിനിമയില്‍ പുതിയ പേര് നല്‍കിയ തിക്കുറിശ്ശി തന്നെ ജോസഫിന്റെ പേര് പരിഷ്‌കരിച്ചു. അങ്ങനെ ജോസഫ് ‘ജോസ് പ്രകാശായി’ മൊത്തം ഏഴുപാട്ടുകള്‍ അതില്‍ ജോസ് പ്രകാശ് പാടി. ഒരു തെരുവു ഗായകനായി ആ സിനിമയില്‍ ഒരു വേഷവും അഭിനയിച്ചു. തിക്കുറിശ്ശിയും മിസ് കുമാരിയുമായിരുന്നു പ്രധാന റോളില്‍. ശരിയോ തെറ്റോ എന്ന പടം ഹിറ്റായി. ഒപ്പം പുതിയൊരു പിന്നണി ഗായകനും നടനും ജനിച്ചു. ജോസ് പ്രകാശ്…
പിന്നീട് പ്രേമലേഖ, വിശപ്പിന്റെ വിളി തുടങ്ങിയ സിനിമകളില്‍ പാടി കൂടെ അഭിനയവും. സിനിമയില്‍ അഭിനയിച്ചതോടെ കുറച്ചു കൂടി പ്രസിദ്ധനായ ജോസ് പ്രകാശിന് ധാരാളം നാടകങ്ങളില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടി. സിനിമയെക്കാള്‍ നാടകങ്ങള്‍ക്ക് പ്രസക്തിയുള്ള ഒരു കാലമായിരുന്നു അത്. ഒരു സിനിമാ നടനായതിനാല്‍ നാടകങ്ങളില്‍ കൂടുതല്‍ പ്രതിഫലവും ജോസ് പ്രകാശിന് ലഭിച്ചു. പില്‍ക്കാലത്ത് ശബ്ദനിയന്ത്രണവും ഡയലോഗ് അവതരണവും മികച്ചതാവാന്‍ ജോസ് പ്രകാശിന് കഴിഞ്ഞത് ഈ നാടകാനുഭവം കൊണ്ടാണ്.
1957 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം – ശിപായി ലഹളയുടെ നൂറാം വാര്‍ഷികം രാജ്യമെങ്ങും ആഘോഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷികളെ അനുസ്മരിക്കാന്‍ വയലാര്‍ രാമവര്‍മ്മ എഴുതി ജി.ദേവരാജന്‍ സംഗീതം പകര്‍ന്ന സംഘഗാനമാണ് ഏറെ പ്രശസ്തമായ ‘ബലികുടീരങ്ങളെ’ എന്ന ഗാനം. വാര്‍ഷികത്തിന്റെ സ്മാരകമായ രക്തസാക്ഷി മണ്ഡപം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയത് ഇന്ത്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു. അതിന്റെ ചടങ്ങായി ഈ ഗാനം അവതരിപ്പിച്ചു. വി.ജെ.ടി. ഹാളില്‍ വെച്ച് 60 ഓളം ഗായകരാണ് ഈ ഗാനം ആലപിച്ചത്. കെ.എസ്.ജോര്‍ജ്, സി.ഒ.ആന്റോ, സുലോചന, എല്‍.പി.ആര്‍. വര്‍മ്മ, സുധര്‍മ്മ, ബിയാട്രീസ് തുടങ്ങിയ അന്നത്തെ പ്രശസ്ത നാടക പ്രവര്‍ത്തകരും അന്ന് ഈ ഗാനം പാടി. അന്ന് ഗായകനായ ജോസ് പ്രകാശും ഈ സംലത്തില്‍ ഗാനം പാടാന്‍ ഉണ്ടായിരുന്നു. കവിയൂര്‍ പൊന്നമ്മയായിരുന്നു ഈ ഗാന സംഘത്തില്‍ പാടാനുണ്ടായിരുന്ന മറ്റൊരു ഗായികയായ നടി.
ജോസ് പ്രകാശ് കോട്ടയത്ത് സ്വന്തമായി ഒരു നാടക ട്രൂപ്പ് ആരംഭിച്ചു. നാഷണല്‍ തിയേറ്റേഴ്‌സ് എന്ന പേരില്‍ ആരംഭിച്ച ഈ ട്രൂപ്പിന്റെ നാടകങ്ങള്‍ ചിലത് നല്ല ജനശ്രദ്ധ നേടി. വിമോചന സമരക്കാലത്ത് അങ്കമാലിയില്‍ വെടിയേറ്റ് മരിച്ച ഫ്‌ലോറിയെന്ന യുവതിയുടെ ജീവിതകഥ പറഞ്ഞ ‘ഫ്‌ലോറി’ യെന്ന നാടകം ഹിറ്റായെങ്കിലും കമ്യൂണിസ്റ്റുകാരുടെ വന്‍ എതിര്‍പ്പ് നേരിടേണ്ടി വന്നു. ചിലയിടങ്ങളില്‍ നാടകം കളിക്കുമ്പോള്‍ സംഘര്‍ഷമുണ്ടായി. പോലീസ് സംരക്ഷണത്തോടെ നാടകം കളിക്കേണ്ടി വന്നു.
മൂന്നാമത്തെ നാടകമായ ‘സാത്താന്‍ ഉറങ്ങുന്നില്ല’ മന്ദമാരുതിയില്‍ മറിയക്കുട്ടിയെന്ന യുവതിയുടെ കൊലപാതകത്തെ ആസ്പദമാക്കിയ കഥയാകയാല്‍ നാടകം സൂപ്പര്‍ ഹിറ്റായി. ഒരു വൈദികന്‍ ഉള്‍പ്പെട്ട കൊലക്കേസായതിനാല്‍ ചോദിക്കുന്ന പ്രതിഫലം നല്‍കി നാടകം ബുക്ക് ചെയ്യാന്‍ ആളുകള്‍ വന്നു. സാമ്പത്തികമായി ജോസ് പ്രകാശിന് വന്‍നേട്ടമുണ്ടാക്കിയ നാടകമായിരുന്നു അത്. പിന്നീട് നാടകം, സിനിമ, ബിസിനസ്സ് ഇതു മൂന്നും കൂടി ഒരേസമയം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടുമൂലം നാടകട്രൂപ്പിന്റെ ഉടമസ്ഥാവകാശം സുഹൃത്തായ ജോര്‍ജ്ജിന് കൈമാറി. ജോസ് പ്രകാശ് തന്റെ പ്രവര്‍ത്തന രംഗം എറണാകുളത്തേക്ക് മാറ്റി. അവിടെ ഒരു ഡ്രൈക്ലീനിംഗ് ഷോപ്പ് ആരംഭിച്ചു.
എന്‍.എന്‍. പിള്ള ഈ ജോസ് പകാശിന്റെ സമിതിക്കുവേണ്ടി ഒരു നാടകം എഴുതിയിട്ടുണ്ട്. ‘ആത്മബലി.’ ഇതില്‍ എന്‍.എന്‍. പിള്ളയുടെ മകനായി ജോസ് പ്രകാശ് അഭിനയിച്ചു. ജോസ് പ്രകാശിന്റെ മകനായി വേഷമിട്ടത് കുട്ടനായിരുന്നു. ഇന്നത്തെ പ്രശസ്ത സിനിമാനടന്‍ വിജയരാഘവനായിരുന്നു ഈ കുട്ടന്‍.
അക്കാലത്തെ പ്രശസ്ത നിര്‍മാണ കമ്പനിയായ മെറിലാന്റിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ജോസ് പ്രകാശ് എന്ന നടന് തിരക്കായി. അവരുടെ അക്കാലത്തെ ഹിറ്റായ ‘മന്ത്രവാദി’യില്‍ പ്രധാന വേഷം ചെയ്തു. നടന്‍ ബഹദൂറിന്റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നാണ് ഇത്. അഭിനയം ശരിയാവാഞ്ഞതിനാല്‍ മെറിലാന്റ് ഉടമ- സംവിധായകനായ സുബ്രഹ്‌മണ്യം മുതലാളി ബഹദൂറിനെ ചീത്ത പറഞ്ഞ് ഓടിച്ചപ്പോള്‍ അത് തടഞ്ഞ് ബഹദൂറിനെ വീണ്ടും അഭിനയിപ്പിച്ചത് ജോസ് പ്രകാശായിരുന്നു. ജോസ് പ്രകാശുമായി അവസാനം വരെ ആത്മബന്ധം പുലര്‍ത്തിയ നടനായിരുന്നു ബഹദൂര്‍ – രസകരമായ ഒരു സംഭവം ജോസ് പ്രകാശ് ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്.
”ബഹദൂര്‍ ഒരിക്കല്‍ ഏറ്റുമാനൂരുള്ള എസ്.പി. പിള്ളയുടെ വീട്ടിലേക്ക് പോവുകയാണ്. അതിനിടെ കോട്ടയത്തുള്ള എന്റെ കടയിലും വന്നു. ഞങ്ങള്‍ അവിടെ കുറെനേരം സംസാരിച്ചിരുന്നു. പിന്നെ സമീപത്തുള്ള ബാര്‍ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുവേണ്ടി പോയി. ഞാന്‍ അല്പം മദ്യപിച്ചു. ഒരു ‘സ്‌മോള്‍’ കഴിക്കാമെന്ന് ബഹദൂറിനോടു പറഞ്ഞപ്പോള്‍ പുള്ളിക്കാരന് ഭയങ്കര എതിര്‍പ്പ്. ഒടുവില്‍ വീര്യം കുറഞ്ഞ ബിയര്‍ ഒരു ഗ്ലാസ്സ് കുടിച്ചുകളയാമെന്ന് ബഹദൂര്‍ സമ്മതിച്ചു. ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഞാന്‍ സപ്ലെയര്‍ ഔതയെ കണ്ണുകാണിച്ചു. അയാള്‍ക്ക് അതിന്റെ അര്‍ത്ഥം മനസ്സിലാകുകയും ചെയ്തു. രണ്ടു പെഗ് ബ്രാണ്ടി ഒറ്റ ഗ്ലാസ്സിനുള്ളിലാക്കി സപ്ലെയര്‍ ബഹദൂറിന്റെ മുന്നില്‍ കൊണ്ടുവച്ചു. ബഹദൂറിന് ചതിവ് മനസ്സിലായില്ല. ഒറ്റവലിക്ക് ബിയറാണെന്ന ധാരണയില്‍ അതു മുഴുവന്‍ അകത്താക്കി. പിന്നെ ആര്‍ത്തിയോടെ ഭക്ഷണം വാരിവലിച്ചു തിന്നു. ഞാന്‍ ചിരിയടക്കിക്കൊണ്ട് അതെല്ലാം കണ്ടിരുന്നു. ഒടുവില്‍ തിരിച്ചു കടയില്‍ വന്നിരുന്നപ്പോള്‍ ബഹദൂര്‍ എന്നോടു പറഞ്ഞു: ”എടോ ജോസ് പ്രകാശേ, ഈ കോട്ടയം പട്ടണം മുഴുവന്‍ കിടന്നു കറങ്ങുന്നതുപോലെ എനിക്കു തോന്നുന്നു..!”
പിന്നെ ഞങ്ങളൊന്നിച്ച് ഏറ്റുമാനൂരിലെ എസ്.പി. പിള്ള ആശാന്റെ വീട്ടിലേക്കു പോയി. ബഹദൂര്‍ എസ്.പി.യുടെ പക്കല്‍ പരാതിപറഞ്ഞു:
”ഈ ജോസ് പ്രകാശ് എന്നെ ചതിച്ചു… ബിയറാണെന്നു പറഞ്ഞു ബ്രാണ്ടി എന്നെ കുടിപ്പിച്ചു.” എസ്.പി. പിള്ള അതിന് എന്നെ കുറെ ശാസിച്ചു. പിന്നെ മദ്യത്തിന്റെ കെട്ടു വിടാനാണെന്നു പറഞ്ഞ് ഒരു ഗ്ലാസ്സില്‍ കുറെ മരുന്നു കൊണ്ടു കൊടുത്തു. ബഹദൂര്‍ അതും ഒറ്റവലിക്ക് അകത്താക്കി. തൊട്ടടുത്ത നിമിഷത്തില്‍ ബഹദൂര്‍ തല കറങ്ങിത്താഴെ! കാരണം എസ്.പി. ആശാന്‍ കൊടുത്ത മരുന്ന് ഒന്നാന്തരം വാറ്റുചാരായമായിരുന്നു! പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് ബഹദൂര്‍ അവിടെനിന്ന് പൊന്തിയത്”
മുട്ടത്തു വര്‍ക്കിയുടെ സിനിമാ പ്രവേശനത്തിനുള്ള കാരണക്കാരനും ജോസ് പ്രകാശായിരുന്നു. ‘മന്ത്രവാദിയും’, ‘കറുത്ത കൈ’യുമൊക്കെ പുറത്തിറങ്ങിയശേഷം പുതിയ ഒരു ചിത്രത്തിന്റെ കഥാചര്‍ച്ചയ്ക്കുവേണ്ടി പി. സുബ്രഹ്‌മണ്യം കഥാകൃത്ത് പൊന്‍കുന്നം വര്‍ക്കിയെ ക്ഷണിച്ചു. അവര്‍ ഇരുവരും കൂടി രണ്ടുനാള്‍ കഥാ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ കഥയില്‍ പി. സുബ്രഹ്‌മണ്യം നിര്‍ദ്ദേശിച്ച ചില ഭേദഗതികള്‍ വരുത്താന്‍ പൊന്‍കുന്നം വര്‍ക്കി തയ്യാറായില്ല. അങ്ങനെ ആ ചര്‍ച്ച തെറ്റിപ്പിരിഞ്ഞു…

മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി ദീപിക സണ്‍ഡേ സപ്ലിമെന്റില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന നോവലാണ്. സാധാരണക്കാരുടെ കഥയായ ആ നോവല്‍ അന്ന് മദ്ധ്യതിരുവിതാംകൂറിലെ വായനക്കാരുടെയിടയില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. മുട്ടത്തു വര്‍ക്കിയാണെങ്കില്‍ ജോസ് പ്രകാശിന്റെ ഒരു ബന്ധുകൂടിയാണ്. തന്റെ ഒരു കഥ സിനിമയാക്കുവാന്‍ അവസരമുണ്ടാക്കിക്കൊടുക്കണമെന്ന് അദ്ദേഹം പലവട്ടം ജോസ് പ്രകാശിനോട് പറഞ്ഞിട്ടുണ്ട്.
ജോസ് പ്രകാശ് ‘പാടാത്ത പൈങ്കിളി’ വായിച്ചിരുന്നു. പാടാത്ത പൈങ്കിളിയെക്കുറിച്ച് അദ്ദേഹം പി. സുബ്രഹ്‌മണ്യത്തോട് സംസാരിച്ചു. ആ നോവല്‍ വരുത്തി വായിച്ച സുബ്രഹ്‌മണ്യത്തിന് കഥ ബോധിച്ചു. പക്ഷേ അദ്ദേഹം ജോസ് പ്രകാശിനോട് ചോദിച്ചു.
‘എടോ, ആ വര്‍ക്കിയെപ്പോലെ ആകുമോ ഈ വര്‍ക്കി?’
തെറ്റിപ്പിരിഞ്ഞുപോയ പൊന്‍കുന്നം വര്‍ക്കിയുടെ സ്വഭാവമാകുമോ
മുട്ടത്തു വര്‍ക്കിക്കെന്നാണ് ചോദ്യം.
”ഹേയ്, അങ്ങനെയൊന്നുമാവില്ലെ”ന്ന് ജോസ് പ്രകാശ് ഉത്തരം പറഞ്ഞു
മുട്ടത്തു വര്‍ക്കി വന്നപ്പോള്‍ തന്നെ ജോസ് പ്രകാശ് സുബ്രഹ്‌മണ്യത്തിന്റെ മുന്നില്‍ ഇടപെടേണ്ട രീതി എങ്ങനെയൊക്കെയെന്ന് വര്‍ക്കിയെ പഠിപ്പിച്ചു. നയത്തില്‍ നിന്നുകൊള്ളാമെന്ന് മുട്ടത്തു വര്‍ക്കി ഉറപ്പ് നല്‍കി. അതിനു ശേഷമാണ് പി. സുബ്രഹ്‌മണ്യവുമായുള്ള മുട്ടത്തു വര്‍ക്കിയുടെ കൂടിക്കാഴ്ച.

അങ്ങനെ മുട്ടത്തു വര്‍ക്കി പാടാത്ത പൈങ്കിളിയുടെ തിരക്കഥ എഴുതി. അതു സിനിമയായി. കലാപരമായും സാമ്പത്തികമായും ആ ചിത്രം വന്‍വിജയമായി. പാടാത്ത പൈങ്കിളി വിജയിച്ചതോടെ മുട്ടത്തു വര്‍ക്കി മെരിലാന്റിന്റെ സ്ഥിരം തിരക്കഥാകൃത്തായി. മറിയക്കുട്ടി, സി.ഐ.ഡി, സ്നാപകയോഹനാന്‍ എന്നിങ്ങനെ ഒരു ഡസനിലേറെ തിരക്കഥകള്‍ അദ്ദേഹം മെരിലാന്റിനു വേണ്ടി എഴുതി.
കൃഷ്ണന്‍ നായര്‍ എന്ന വ്യക്തിയെ ജയനെന്ന് പേര് നല്‍കി സിനിമയില്‍ അവതരിപ്പിച്ചതും ജോസ് പ്രകാശ് തന്നെ. ജോസ് പ്രകാശ് നായകനായി ജെസ്സി കുറ്റിക്കാട് സംവിധാനം ചെയ്ത സിനിമയായ ‘ശാപമോക്ഷം’ (1974) ത്തിലൂടെയാണ് ജയന്‍ ചലചിത്ര നടനാകുന്നത്. 1968 ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ‘ലവ് ഇന്‍ കേരള’ എന്ന ചിത്രത്തിലൂടെ ‘സില്‍വര്‍ ഹെഡ്’ എന്ന കഥാപാത്രമായി ജോസ് പ്രകാശ് രൂപത്തിലും ഭാവത്തിലും വില്ലന്‍ വേഷത്തിന് മലയാളത്തില്‍ പുതിയൊരു രൂപം നല്‍കി. പ്രേം നസീര്‍ സി.ഐ.ഡിയായി വില്ലനെ നേരിടുന്ന ഇടി പടത്തില്‍ തല മൊട്ടിയടിച്ച് ക്രൂരഭാവമുള്ള പരുക്കന്‍ വില്ലന്‍. അന്നത്തെ ശൈലിയനുസരിച്ച് കൊള്ളത്തലവന്റെ മുഖം, പടം തുടങ്ങി കുറെ കഴിഞ്ഞേ കാണിക്കൂ. ഇതിലും അങ്ങനെ തന്നെ. എന്നാല്‍ സില്‍വര്‍ ഹെഡ് എന്ന വില്ലന്‍ ആദ്യ രംഗത്തില്‍ തന്നെ പ്രേക്ഷരെ ഞെട്ടിച്ചു.

അതോടെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയൊരു ശൈലി വന്നു. ആക്ഷനോടൊപ്പം ഡയലോഗും ഉള്ള ജോസ് പ്രകാശ് ശൈലി. അതോടെ അദ്ദേഹം സ്ഥിരം വില്ലനായി മാറി. എ.വി.എമ്മില്‍ കുരുതിക്കളം (1969) എന്ന മലയാള പടത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അന്നത്തെ ഹിന്ദി സൂപ്പര്‍താരം ദിലീപ് കുമാറും, വില്ലന്‍ നടന്‍ പ്രാണും അവിടെ വന്നു. അവര്‍ ഏതോ ഹിന്ദി പടത്തിന്റെ ചിത്രീകരണത്തിന് എ.പി.എമ്മില്‍ വന്നതാണ്. ഹിന്ദി നന്നായി അറിയാവുന്ന ജോസ് പ്രകാശ് അവരുമായി സംസാരിച്ചു. കുരുതിക്കളത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ അവര്‍ കുറെ ഷൂട്ടിംഗ് കണ്ടു. ദിലീപ് കുമാര്‍ ജോസ് പ്രകാശിനോട് പറഞ്ഞു ‘അപ്പോള്‍ നിങ്ങള്‍ മലയാളത്തിലെ പ്രാണ്‍ ആണല്ലേ ?’
ഓളവും തീരത്തിലെ വേഷം ‘കുഞ്ഞാലി’ ജോസ് പ്രകാശിനെ വില്ലന്‍ വേഷങ്ങള്‍ ഉറപ്പിച്ച ഒരു സിനിമയായി. സിനിമയിലെ നടപ്പ് രീതികളെ ലംഘിച്ച നിഷേധിയായ സംവിധായകന്‍ പി.എന്‍ മേനോന്‍ പോലും. എംടി.യുടെ തിരക്കഥയില്‍ ഓളവും തീരത്തിലെ കുഞ്ഞാലിയാക്കിയത് ജോസ് പ്രകാശ് എന്ന നടന്റെ പ്രതിനായക വേഷത്തിനുള്ള കഴിവിന്റെ ആംഗീകാരമാണ്. ”ആണ്ങ്ങള്‍ക്ക് കൈത്തണ്ടയ്ക്ക് ബലം ണ്ട്ന്ന് യ്യ് കണ്ടിട്ടില്ല.” എന്നു പറയുന്ന കുഞ്ഞാലി അക്കാലത്തെ ശ്രദ്ധനേടിയ എം.ടി.യുടെ ഒരു കഥാപാത്രമായിരുന്നു.
മലയാള സിനിമയില്‍ ഇംഗ്ലീഷ് ഡയലോഗ് പറയുന്ന ജോസ് പ്രകാശിനെ മലയാളികള്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ ഒറിജിനല്‍ ഇംഗ്ലീഷ് ഡയലോഗ് പറഞ്ഞു അഭിനയിച്ച ജോസ് പ്രകാശിനെ അധികം പേര്‍ക്ക് അറിയില്ല. 1955 ല്‍ ജെ. തോട്ടാന്‍ സംവിധാനം ചെയ്ത ചന്തു – ദി എലിഫന്റ് ബോയ് എന്ന ഇംഗ്ലീഷ് പടത്തില്‍ ജോസ് പ്രകാശ് അഭിനയിച്ചു. തേക്കടിയില്‍ വെച്ചായിരുന്നു ഇതിന്റെ കുറെ ചിത്രീകരണം. ആലപ്പുഴ മാര്‍ക്കറ്റില്‍ ഇത് ചിത്രീകരിക്കുമ്പോള്‍ അതിലും ഒരു രസകരമായ സംഭവമുണ്ടായി.

ഈ ചലച്ചിത്രത്തില്‍ നായകനായ പയ്യന്റെ പിതാവിന്റെ വേഷമായിരുന്നു ജോസ് പ്രകാശിന്. ഉന്തുവണ്ടിയില്‍ പച്ചക്കറികളൊക്കെ കൊണ്ടുനടന്നു വില്‍ക്കുന്ന ഒരു പാവപ്പെട്ട കച്ചവടക്കാരന്‍… ആലപ്പുഴയിലെ നഗരവീഥികളില്‍ ഈ സീനിന്റെ റിഹേഴ്സല്‍ നടക്കുകയായിരുന്നു. അപ്പോഴാണ് കോട്ടയത്തുള്ള ജോസ് പ്രകാശിന്റെ പിതാവിന്റെ സുഹൃത്തായ ഒരു സേട്ടു അത് കണ്ടത്. ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ജോസ് പ്രകാശിനെ കണ്ടപ്പോള്‍ അങ്ങേര്‍ക്ക് അമ്പരപ്പ്. ”എടാ, നിനക്കെന്തുപറ്റി? നീയെന്താണ് ഈ ഉന്തുവണ്ടിയുമായി ഇവിടെ?’ അദ്ദേഹം തിരക്കി.
”സേട്ട്ജീ, ഇതു സിനിമയുടെ ഷൂട്ടിംഗാണ്.’ അകലെ മാറ്റിവച്ചിരുന്ന ക്യാമറയും മറ്റും അങ്ങേര്‍ക്കു ജോസ് പ്രകാശ് കാട്ടിക്കൊടുത്തു. അപ്പോഴാണ് അയാള്‍ക്ക് കാര്യം മനസ്സിലാക്കിയത്.
മലയാളത്തിലെ ചില അതിപ്രശസ്ത ഗാനങ്ങള്‍ സിനിമയില്‍ പാടി അഭിനയിച്ചത് ഒരു ഗായകന്‍ കൂടിയായ ജോസ് പ്രകാശാണ്. ‘നാദബ്രഹ്‌മത്തില്‍ സാഗരം നീന്തി വരും’ (കാട്ടു കുരങ്ങ് 1969) എന്ന ഗാനം സിനിമയില്‍ പാടുന്നത് അതില്‍ ഭാഗവതരായി അഭിനയിച്ച ജോസ് പ്രകാശാണ്. ക്ലാസ്സിക്ക് ഗാനമായതിനാല്‍ ഗായകനായ ജോസ് പ്രകാശ് തന്നെ അഭിനയിക്കണമെന്ന് സംവിധായകനായ പി. ഭാസ്‌ക്കരനും നിഷ്‌കര്‍ഷിക്കുകയായിരുന്നു.

ഈ ഗാനത്തിന്റ ചിത്രീകരണം കാണാന്‍ എത്തിയ യഥാര്‍ത്ഥത്തില്‍ ആ ഗാനം പാടിയ യേശുദാസ് ചിത്രീകരണം കണ്ട് ജോസ് പ്രകാശിനോട് പറഞ്ഞു ‘ഇത് സാറു തന്നെ പാടി അഭിനയിച്ചതാണെന്നേ പ്രേക്ഷകര്‍ കരുതൂ.’ ജോസ് പ്രകാശ് സിനിമയില്‍ പാടി അഭിനയിച്ച മറ്റൊരു മനോഹര ഗാനമാണ് ‘സ്വര്‍ഗപുത്രി നവരാത്രീ’ (നിഴലാട്ടം, 1970).
ഭീഷ്മരായും, സ്‌നാപക യോഹന്നായും സാമൂതിരിയായും കേരള മുഖ്യമന്ത്രിയായും, ബിഷപ്പായും ജോസ് പ്രകാശ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്’. ഇത്ര വൈവിധ്യമുള്ള വേഷങ്ങള്‍ സമകാലീന വില്ലന്മാരായ ഗോവിന്ദന്‍ കുട്ടിക്കോ, ജി.കെ. പിള്ളക്കോ, മറ്റുള്ളവര്‍ക്കോ കിട്ടിയിട്ടില്ല. എന്നാല്‍ ഇതിനെയെല്ലാം മറി കടക്കുന്നത്, ഓര്‍ക്കുന്നത്, ജനങ്ങള്‍ ഇഷ്ടപ്പെട്ടത്, ജോസ് പ്രകാശ് എന്ന തൊപ്പിവെച്ച് പൈപ്പ് വലിച്ച് ഇംഗ്ലീഷില്‍ ഡയലോഗ് വീശുന്ന വില്ലനെ ആണ് എന്നതാണ് സത്യം.
അതേ കാലത്ത് തന്നെ വില്ലനല്ലാത്ത, ഒട്ടെറെ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. തരംഗം, കുടുംബം ഒരു ശ്രീകോവില്‍, പെരുവഴിയമ്പലം തുടങ്ങിയ സിനിമകളില്‍ ജോസ് പ്രകാശ് എന്ന നടന്റെ വ്യത്യസ്തമായ വേഷങ്ങളായിരുന്നു. മെരിലാന്റ് സുബ്രഹ്‌മണ്യം ‘സ്നാപകയോഹന്നാന്‍’ സിനിമയെടുക്കുമ്പോള്‍ അതിലെ ടൈറ്റില്‍ റോളിലേക്ക് പ്രേംനസീര്‍, തിക്കുറിശ്ശി, കൊട്ടാരക്കര എന്നിവരെയാണ് ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ജോസ് പ്രകാശിന് നറുക്കു വീണു. ആകാരവും രൂപസൗകുമാര്യവും ഡയലോഗും പറയാനള്ള കഴിവുകൊണ്ടുമാണ് നടന് ആ ഭാഗ്യം ലഭിച്ചത്. ആ ചിത്രം വളരെ ശ്രദ്ധേയമായി.

1953 ശരിയോ തെറ്റോ മുതല്‍ 2011 ലെ ട്രാഫിക് വരെ 58 വര്‍ഷം കുറച്ചു മാത്രം ഇടവേളയുള്ള അഭിനയ ജീവിതം. (ആരോഗ്യ പ്രശ്‌നം മൂലമാണ് ഇടവേള വരാന്‍ കാരണം) സത്യന്‍ മുതല്‍ ബോബന്‍ കുഞ്ചാക്കോ വരെയുള്ള ആറ് തലമുറ നടന്മാരുടെ കുടെ അദ്ദേഹം അഭിനയിച്ചു. 90 കളില്‍ പഴയ തലമുറയിലെ ഒരു നടനായിട്ടും തന്റെ അഭിനയം വ്യത്യസ്തമാക്കി. പഴയ വില്ലന്‍ – കൊള്ളത്തലവന്‍ വേഷങ്ങളില്‍ നിന്ന് അത്ഭുതകരമായി കഥപാത്രങ്ങളില്‍ ഭാവപ്പകര്‍ച്ച നടത്തി. രാജാവിന്റെ മകനിലെ മുഖ്യമന്ത്രി – നേതാവ്. -‘ ഉണ്ടചോറിന് നന്ദി കാണിക്കുന്നതിന് ഒരു തത്വശാസ്ത്രവും തടസ്സമാകരുത് എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നേതാവ് ജോസ് പ്രകാശിന്റെ മികച്ച കഥ പാത്രങ്ങളില്‍ ഒന്നാണ്. ദേവാസുരത്തിലെ എഴുത്തച്ഛന്‍ ആ സിനിമയിലെ ചെറുതെങ്കിലും നിര്‍ണ്ണായക കഥാപാത്രമായി മാറി. ‘പത്ര’ത്തിലെ പഴയ പത്രപ്രവര്‍ത്തകന്‍ മാധവേട്ടന്‍ മറ്റൊരു മികച്ച കഥാപാത്രമായി പ്രേക്ഷകര്‍ സ്വീകരിച്ചു.
ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ‘മിഖായേലിന്റെ സന്തതികള്‍’ ളില്‍ മിഖായേലിനെ അവതരിപ്പിച്ചതിന് അദ്ദേഹത്തിന് ടെലിവിഷന്‍ രംഗത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അരനൂറ്റാണ്ട് പിന്നിട്ടപ്പോള്‍ അഭിനയത്തിന് കിട്ടിയ ആദ്യ അംഗീകാരം. നാടകം – സിനിമ – ടിവി സീരിയല്‍ എന്നീ മൂന്നു പ്ലാറ്റ്‌ഫോമിലും അഭിനയിച്ച മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന നടന്മാരിലൊരാള്‍ ജോസ് പ്രകാശാണ്. സമഗ്ര സംഭാവനയ്ക്ക് മലയാള സിനിമാ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ അദ്ദേഹത്തിന് ലഭിച്ചു (2011). അത് നേരിട്ട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍ പ്രേം നസീറുമായി ഏറ്റവും കൂടുതല്‍ സ്റ്റണ്ട് സിനിമയില്‍ നടത്തിയ റെക്കോര്‍ഡ് ജോസ് പ്രകാശിനുള്ളതാണ്. 200 ഓളം ചിത്രങ്ങള്‍. എന്റെ ആദ്യ ചിത്രം ‘പെരുവഴിയമ്പലം’ നിര്‍മ്മിക്കാനൊരുങ്ങിയപ്പോള്‍ ജേഷ്ഠ്യനായ അദ്ദേഹം എന്നോട് പറഞ്ഞു: ‘താരങ്ങള്‍ക്ക് കൊടുക്കാന്‍ ഉദ്ദേശിച്ച പ്രതിഫലം കൃത്യമായി നീ കൊടുക്കണം അത് എത്രയാണ് എന്ന് ചോദിച്ച് പറയുന്നത് കൊടുക്കണം’ നിന്നെ ആര്‍ക്കെങ്കിലും ഇഷ്ടമില്ലെന്ന് നിനക്ക് തോന്നിയാല്‍ നീ തന്നെ സ്വയം വഴി മാറണം’ ജ്യേഷ്ഠനായ ജോസ് പ്രകാശ് പറഞ്ഞ എന്റെ കാതില്‍ എന്നും മുഴങ്ങുന്നു.’ ഇപ്പോഴും ഞാന്‍ അത് ശിരസ്സാ വരിച്ച് തന്നെ ജീവിക്കുന്നു’.

ജോസ് പ്രകാശിന്റെ സഹോദരന്‍ പ്രേം പ്രകാശ് തന്റെ പ്രിയപ്പെട്ട ബേബിച്ചായന്‍ തനിക്ക് പകര്‍ന്ന ഏറ്റവും പ്രധാന ഉപദേശം ഈ നൂറാം ജന്മദിനത്തില്‍ ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു. ആദ്യ ചിത്രമായ അരനാഴിക നേരത്തില്‍ തന്നെ സഹോദരന്‍ ജോസ് പ്രകാശിനോടൊപ്പം തന്നെ അഭിനയിക്കാന്‍ പ്രേംപ്രകാശിന് ഭാഗ്യം കിട്ടി. സേതുമാധവന്‍ സംവിധാനം ചെയ്ത പണിതീരാത്ത വീട്ടില്‍ പിന്നീട് രണ്ടു പേരും അച്ഛനും മകനുമായി അഭിനയിച്ചു.
ജോസ് പ്രകാശ് അവസാനം അഭിനയിച്ച കഥാപാത്രം ട്രാഫിക്കിലെ ഡോ സൈമണ്‍ ഡിസൂസ പറയുന്നുണ്ട്.
‘നിങ്ങളുടെ ഒറ്റ യെസ് ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേര്‍ക്ക് യെസ് പറയാറുള്ള ചരിത്രം’ ചിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ രംഗത്തെ ഈ ഡയലോഗ് ഡബ് ചെയ്യാന്‍ അദ്ദേഹം വളരെ ആഗ്രഹിച്ചിരിക്കണം. പക്ഷേ അത് സാധിച്ചില്ല. അതിന് മുന്‍പ് ജോസ് പ്രകാശ് എന്ന അതുല്യ നടന്‍ തന്റെ 86-ാം വയസ്സില്‍ വിട പറഞ്ഞു.
Content Summary: Jose Prakash marks his 100th birth anniversary on April 14th