ഉരുക്ക് വനിത ഇന്ദിരാഗാന്ധി ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥ എന്ന ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട യുഗത്തിന് 50 ആണ്ടുകൾ തികയുമ്പോൾ കാലം സാക്ഷിയായത് രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിന് കൂടിയായിരുന്നു. അന്ന് അടിയന്തരാവസ്ഥയുടെ ഇരകളായി മാറിയത് ഭരണകൂടത്തിനെതിരെ സമരം നടത്തിയവർ മാത്രമായിരുന്നില്ല. സർക്കാരിനോട് സമരം ചെയ്യാത്തവർ പോലും നിർബന്ധിത വന്ധ്യംകരണം പോലുള്ള സർക്കാർ നടപടികൾക്ക് വിധേയരായി.
അങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിപേർ ഭരണകൂട പീഡനം അനുഭവിച്ച കാലഘട്ടമായിരുന്നു അത്. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യയിലുടനീളം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗങ്ങളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. സിപിഐ (എം) അനുഭാവം പുലർത്തുന്നവരോ അടിയന്തരാവസ്ഥയെ എതിർക്കുന്നവരോ ആണെന്ന് സംശയിക്കപ്പെടുന്ന വീടുകളിൽ റെയ്ഡ് നടത്തി. പുതിയ കേസുകൾ ഫയൽ ചെയ്യുകയോ, പഴയ കേസുകൾ പുനരാരംഭിക്കുകയോ ചെയ്തു.
ഇത് പലരെയും ഒളിവിൽ പോകാൻ നിർബന്ധിതരാക്കി. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ടവരിൽ സിപിഐ എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടുന്നു. അന്ന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രസിഡന്റായിരുന്ന സിപിഐ (എം) നേതാവ് പ്രകാശ് കാരാട്ട് ഒളിവിൽ പോയി അഭയം തേടിയത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഹോസ്റ്റലിൽ ആയിരുന്നു.
2005 മുതൽ 2015 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറിയും കഴിഞ്ഞ വർഷം സീതാറാം യെച്ചൂരിയുടെ പെട്ടെന്നുള്ള മരണശേഷം പാർട്ടിയുടെ ഇടക്കാല കോർഡിനേറ്ററായും സേവനമനുഷ്ഠിച്ച കാരാട്ട്, പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അടിയന്തരാവസ്ഥ കാലത്തെ തന്റെ ഓർമ്മകളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.
സിപിഐ എം പ്രവർത്തകനും ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) പിഎച്ച്ഡി വിദ്യാർത്ഥിയുമായിരുന്ന കാരാട്ട്, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ താൻ കൊൽക്കത്തയിലായിരുന്നുവെന്ന് അനുസ്മരിച്ചു. ഡൽഹിയിലെ വിത്തൽ ഭായ് പട്ടേൽ ഹൗസിൽ (വിപി ഹൗസ് എന്നറിയപ്പെടുന്നു) നടന്ന അറസ്റ്റുകളെക്കുറിച്ചും ജെഎൻയുവിലെ അടിച്ചമർത്തലിനെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.
കേരളത്തിലും ഒട്ടനവധി പേർ അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കാളികളായി. സിപിഎം നേതാവായ ഇഎംഎസ് നമ്പൂതിരിപ്പാടും ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദനും തലമുതിർന്ന ബിജെപി നേതാക്കളായ ഒ രാജഗോപാലും കെ രാമൻപിള്ളയും ഉൾപ്പെടെ പതിനായിരങ്ങളാണ് അന്ന് അടിയന്തരാവസ്ഥക്കെതിരെ ശബ്ദിച്ചതിന് കേരളത്തിൽ അറസ്റ്റിലായത്. അന്ന് കൂത്തുപറമ്പ് എംഎൽഎയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പൊലീസ് മർദ്ദനങ്ങൾക്കും വൻ പീഡനങ്ങൾക്കും വിധേയനായിട്ടുണ്ട്.