June 13, 2026 |
Share on

രവി നായര്‍ക്ക് എതിരായ കോടതി വിധി; മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമെന്ന് വിമര്‍ശനം

അദാനി ഗ്രൂപ്പ് നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തിക്കേസിലാണ് ഗുജറാത്ത് കോടതി രവി നായര്‍ക്ക് ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷയും വിധിച്ചത്.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരായ കോടതി വിധി രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനം. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സ് (സിപിജെ) സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി. ക്രിമിനല്‍ അപകീര്‍ത്തി നിയമങ്ങള്‍ ജനാധിപത്യ രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആയുധമാക്കപ്പെടുകയാണെന്ന് ‘ദി വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രതികരിച്ചു. വിധി തെറ്റാണെന്നും സത്യസന്ധമായ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ രവി നായര്‍ വേട്ടയാടപ്പെടുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. തടവുശിക്ഷയ്ക്ക് പിന്നാലെ ‘ഹം ദേഖേംഗേ’ (നമ്മള്‍ കാണും) എന്ന വിപ്ലവ കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വരികള്‍ പങ്കുവെച്ചുകൊണ്ടാണ് രവി നായര്‍ തന്റെ പോരാട്ടം തുടരുമെന്ന സൂചന നല്‍കിയത്.

കോര്‍പ്പറേറ്റ് കുത്തകകളെയും ഭരണകൂട പിന്തുണയോടെ അവര്‍ നടക്കുന്ന അഴിമതികളെയും കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ പ്രമുഖ സ്വതന്ത്ര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനാണ് രവി നായര്‍. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തിക്കേസിലാണ് ഗുജറാത്തിലെ ഗാന്ധിനഗര്‍ മജിസ്ട്രേറ്റ് കോടതി രവി നായര്‍ക്ക് ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷയും വിധിച്ചത്. ഫെബ്രുവരി 10 ചൊവ്വാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് തര്‍ക്കമടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് മലയാളിയായ രവി നായര്‍.

2020 ഒക്ടോബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ തന്റെ ‘എക്‌സ്’ (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ പങ്കുവെച്ച പോസ്റ്റുകളും ‘അദാനി വാച്ച്’ എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടുകളുമാണ് കേസിന് ആധാരമായത്. ഇതില്‍ പല പോസ്റ്റുകളും ടൈംസ് ഓഫ് ഇന്ത്യ, ബ്ലൂംബെര്‍ഗ്, ന്യൂസ്‌ക്ലിക്ക്, കാരവന്‍ തുടങ്ങിയ മുന്‍നിര മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതിവാതക പരിഷ്‌കാരങ്ങള്‍ അദാനി ഗ്രൂപ്പിനെ സഹായിക്കാനാണോ എന്ന ചോദ്യം, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് സ്വകാര്യവല്‍ക്കരണത്തിലെ കുത്തക താല്‍പ്പര്യങ്ങള്‍, വന്‍തുക ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ ജതിന്‍ മേത്തയുമായുള്ള അദാനി കുടുംബത്തിന്റെ ബന്ധം എന്നിവയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കോടതി വിലയിരുത്തി.

പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ന്യായമായ വിമര്‍ശനങ്ങളാണ് താന്‍ നടത്തിയതെന്ന രവി നായരുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദാമിനി ദീക്ഷിത് തള്ളി. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 499 പ്രകാരം കുറ്റകൃത്യം തെളിയിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. വിവിധ വിഷയങ്ങളിലുള്ള പോസ്റ്റുകളാണെങ്കിലും അവ നിരന്തരമായി ഒരു പ്രത്യേക ഗ്രൂപ്പിനെ ലക്ഷ്യം വെക്കുന്നതാണെന്നും അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആരോപിക്കുന്നത് കേവലം അഭിപ്രായപ്രകടനമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപകീര്‍ത്തിക്കേസുകളില്‍ സാമ്പത്തിക നഷ്ടം തെളിയിക്കേണ്ടതില്ലെന്നും സല്‍പ്പേരിന് ഭംഗമുണ്ടാക്കുന്ന പ്രവണതയുണ്ടോ എന്ന് നോക്കിയാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു.

രവി നായരുടെ പോസ്റ്റുകള്‍ കേവലം വിമര്‍ശനങ്ങളല്ലെന്നും, പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും മുന്നില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് അദാനി ഗ്രൂപ്പ് കോടതിയില്‍ വാദിച്ചത്. ഈ വാദങ്ങള്‍ ശരിവെച്ച കോടതി, അപകീര്‍ത്തിക്കുറ്റം തെളിയിക്കപ്പെട്ടതായി വ്യക്തമാക്കി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയുണ്ടാക്കുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രവി നായര്‍ക്ക് അവബോധമുണ്ടാകേണ്ടതായിരുന്നു എന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു.

താന്‍ ചെയ്ത പ്രവൃത്തിയുടെ അനന്തരഫലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് പ്രതിയെന്നും, അതിനാല്‍ പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യം നല്‍കുന്നത് നിയമത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അമിതമായ കാഠിന്യമില്ലാത്തതും എന്നാല്‍ കുറ്റത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതുമായ ശിക്ഷയാണ് ഇതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Content Summary: Journalist Ravi Nair convicted one year of imprisonment and impose fine over criminal defamation case filed by Adani groups

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×