‘ഒമ്പത് വര്‍ഷമായി ഞാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കയറിയിറങ്ങുകയാണ്. അയാളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് എനിക്കെതിരെ അയാള്‍ മാനനഷ്ടകേസ് കൊടുത്തിരിക്കുകയാണ്. ചെന്നൈയില്‍ വെച്ച് എനിക്കെതിരേ അപായ ശ്രമം വരെ നടന്നു. അതില്‍ നിന്നെല്ലാം എന്നെ രക്ഷപ്പെടുത്തിയത് മുന്‍ ഡിജിപി സിബി മാത്യൂസിന്റെ ഇടപെടലാണ്’.
ബോബി ചെമ്മണൂര്‍ എന്ന മലയാളി വ്യവസായിയെ തുറന്നു കാണിക്കുന്ന, അഴിമുഖം- ദി ന്യൂസ് മിനിട്ട് സംയുക്ത അന്വേഷണ പരമ്പരയിലെ ആദ്യ രണ്ട് ഭാഗങ്ങള്‍ വായിച്ച ശേഷം, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോയ് കൈതാരത്ത് തൻ്റെ
പ്രതികരണം തുടങ്ങിയത് ഇങ്ങനെയായിരുന്നു.
ബോബി ചെമ്മണൂരിൻ്റെ വിവാദ ബിസിനസുകളെ കുറിച്ചും ആരോപണവിധേയമായ പദ്ധതികളെ കുറിച്ചും തുടക്കം മുതല്‍ നിയമസംവിധാനങ്ങള്‍ക്കു മുമ്പിലും പൊതുജന ശ്രദ്ധയിലും എത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണ് തൃശൂര്‍ സ്വദേശി ജോയ്. നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ക്കെതിരേ, നിയമത്തിൻ്റെ വഴിയില്‍ കൂടി നടത്തുന്ന പോരാട്ടത്തില്‍ തനിക്ക് ബോബി ചെമ്മണൂരില്‍ നിന്നും പല മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ജോയ് കൈതാരത്ത് പറയുന്നത്.
Also read; പെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥ
സുഖിച്ച് ജീവിക്കാന്‍ പലവഴിയുണ്ടാക്കുന്ന പണം
‘മാധ്യമങ്ങളില്‍ നിറയുന്ന ‘ബോചെ’ അല്ല, ശരിക്കുള്ള ബോബി ചെമ്മണൂര്‍. ജനങ്ങളെ മുഴുവന്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കപട വ്യക്തിത്വത്തിന് ഉടമയാണ് അയാള്‍’ ജോയ് കൈതാരത്തിൻ്റെ വിമര്‍ശനമാണിത്.
ജോയ് കൈതാരത്തിൻ്റെ വാക്കുകള്‍: ‘ഞാന്‍ മനസിലാക്കിയടുത്തോളം ബോബി ചെമ്മണൂര്‍ കപട മുഖമുള്ള വ്യക്തിയാണ്. അയാളുടെ പ്രഖ്യാപനങ്ങളും പ്രവൃത്തികളും തമ്മില്‍ യാതൊരു ബന്ധവുമില്ല. തനിക്ക് സുഖിച്ച് ജീവിക്കാനായി പണം വേണമെന്ന് മനസിലാക്കിയ അയാള്‍ എന്ത് പ്രവൃത്തിയിലൂടെയും അതെല്ലാം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അയാളിലേക്കെത്തുന്ന പണത്തിൻ്റെ ഒഴുക്ക് നിന്നാല്‍ അന്ന് ബോബി ചെമ്മണൂര്‍ പൊതുവേദികളില്‍ നിന്ന് പുറത്താകും’.
ഇന്ത്യയുടെ പല ഭാഗത്തുള്ള മലയാളികളെ ബോബി ചെമ്മണൂര്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജോയ് കൈതാരത്ത് ആരോപിക്കുന്നത്.
പൊള്ള വാഗ്ദാനങ്ങളും തട്ടിപ്പ് പദ്ധതികളും
‘ബോബിയെ പോലുള്ളവരുടെ തട്ടിപ്പിന് ഇരകളാകാന്‍ ഇപ്പോഴും ആളുകളുണ്ട് എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. ബോബി പ്രഖ്യാപിച്ച ഏതെങ്കിലുമൊരു പദ്ധതി ഇന്ന് വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടോ?’ കൈതാരത്ത് ചോദിക്കുന്നു.
ബോചെ ടീയും ലോട്ടറിയും; മന്ത്രി ഉദ്ഘാടനം ചെയ്ത തട്ടിപ്പ്
ജോയ് കൈതാരത്ത് തുടരുന്നു; ‘ബോബി ചെമ്മണൂര്‍ ഒരു ലോട്ടറി പ്രഖ്യാപിച്ചിരുന്നു. ബോ ചെ ടീ സ്റ്റോറുകളില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ 40 രൂപയുടെ ബോചെ ടീ വാങ്ങുന്നവര്‍ക്ക്, അതിന്റെ കൂടെ സൗജന്യമായി ഒരു ലക്കി ഡ്രോ ടിക്കറ്റ് നല്‍കുന്ന രീതിയായിരുന്നു അത്. ഞാന്‍ അതില്‍ ഇഡിയുടെയും എന്‍ഐഎയുടെയും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ആ ലോട്ടറി തന്നെ പിന്നീട് നിന്നുപോവുകയായിരുന്നു. ആ ലോട്ടറിയെ പ്രോത്സാഹിപ്പിച്ചത് ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു. മന്ത്രി അന്ന് ബോബിയില്‍ നിന്നും കുറേയധികം തേയില പാക്കറ്റുകള്‍ വാങ്ങി, അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു.

വയനാട്ടിലെ മേപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന 1000 ഏക്കര്‍ തേയിലത്തോട്ടമാണ് ഇപ്പോള്‍ ‘ബോചെ ടീ’ എന്ന ബ്രാന്‍ഡില്‍ ചായപ്പൊടി ഉത്പാദനത്തിനായൊക്കെ ഉപയോഗിക്കുന്നത്. സര്‍ക്കാരില്‍ തന്നെ നിഷിപ്തമാകേണ്ട ഭൂമിയാണ് 1000 ഏക്കര്‍ ഭൂമിയെന്ന് പറയുന്നത്. അത് സ്വന്തമാക്കാനുള്ള അധികാരം ബോബിക്കില്ല. കാര്‍ഷികാവശ്യത്തിനായി സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തിട്ടുള്ള ഭൂമിയാണിത്.
Also read; https://azhimukham.com/no-action-was-taken-on-sebi-report-who-is-protecting-boby-chemmanur/
മുഖ്യമന്ത്രിയെ സാക്ഷിയാക്കി എയര്‍പോര്‍ട്ട് പ്രഖ്യാപനം
മുഖ്യമന്ത്രി എത്തിയ ഒരു വേദിയില്‍ വെച്ചാണ് വയനാട് എയര്‍പോര്‍ട്ട് നിര്‍മിക്കാനുള്ള പദ്ധതി ബോബി പ്രഖ്യാപിക്കുന്നത്. അന്ന് അയാള്‍ പ്രഖ്യാപിച്ച പദ്ധതി എവിടെയെന്ന് ചോദിക്കാന്‍ ഇവിടെ ആരും ഉണ്ടായില്ല. ആ പേരിലും കുറേ പേരുടെ കൈയില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയാണ് ബോബി ചെമ്മണൂര്‍. തൃശൂരില്‍ ഓക്‌സിജന്‍ സിറ്റി പ്രഖ്യാപിച്ചത് പോലെ വിമാനത്താവളവും അയാളുടെ തന്ത്രപൂര്‍വ്വമുള്ള ഒരു പ്രഖ്യാപനമായി മാത്രം ഒതുങ്ങിയിരിക്കുകയാണ്.
അപേക്ഷ പോലും സമര്‍പ്പിക്കാത്ത ഓക്‌സിജന്‍ സിറ്റി
ഓക്‌സിജന്‍ സിറ്റിയെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പദ്ധതിക്ക് വേണ്ടി കോര്‍പറേഷനുകളിലോ മറ്റ് മേഖല ഓഫീസുകളിലോ ഫോറസ്റ്റിലോ റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലോ സര്‍ക്കാരിന്റെ ഒരു വകുപ്പുകളിലും അപേക്ഷ കൊടുത്തിരുന്നതായി കണ്ടിരുന്നില്ല.
മറോഡണയുടെ അയല്‍ക്കാരന്‍
മറഡോണയ്ക്ക് താമസിക്കാനെടുത്ത വീടിന്റെയടുത്ത് നിങ്ങള്‍ക്ക് ഓരോര്‍ത്തര്‍ക്കും താമസിക്കാമെന്ന് പറഞ്ഞ് മത്സരബുദ്ധിയോട് കൂടി ജനങ്ങളുടെ നിക്ഷേപം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി ഫണ്ടിംഗ് ഏജന്‍സികളെ കണ്ടെത്താന്‍ ഒരു ശ്രമം നടത്തി. എന്റെ ഇടപെടല്‍ കൊണ്ട് ആ ശ്രമം പൊളിഞ്ഞതോടെ ഞാന്‍ അയാളുടെ വലിയ ശത്രുവായി മാറി’.

നിയമപരമായിട്ടുള്ള നടപടികള്‍ മാത്രമേ ബോബിക്കെതിരേ നടത്തിയിട്ടുള്ളൂ എന്നാണ് ജോയ് കൈതാരത്ത് പറയുന്നത്. അതിൻ്റെ പേരിലാണ് ബോബി എന്നെ ശത്രുവായി കാണുന്നത്. ഇതെല്ലാം ഇവിടത്തെ ഉദ്യേഗസ്ഥര്‍ അന്വേഷിക്കേണ്ട കാര്യങ്ങളാണ്. അവര്‍ അതിന് തയ്യാറാകാത്തതുകൊണ്ടാണ് എന്നെപ്പോലുള്ളവര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നത് എന്നും ജോയ് ചൂണ്ടിക്കാണിക്കുന്നു.
എന്നെ കൊല്ലാന്‍ ക്വട്ടേഷന്‍
ബോബിയില്‍ നിന്നും വധ ശ്രമം ഉണ്ടായതായും ജോയ് കൈതാരത്ത് ആരോപിക്കുന്നു. അതിങ്ങനെയാണ്;
ബോബിക്കെതിരെയുള്ള എന്റെ വെളിപ്പെടുത്തലുകള്‍ ചാനലുകളില്‍ വരാന്‍ തുടങ്ങി. ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്ത ഒരു ചാനല്‍ ക്ഷണിച്ച പ്രകാരം അങ്ങോട്ട് പോകുന്ന സമയത്ത് ബോബിയുടെ ക്വട്ടേഷന്‍ സംഘം എന്നെ പിന്തുടര്‍ന്നെത്തി. എന്നെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നെങ്കിലും തെളിവില്ലാന്ന് പറഞ്ഞ് കേസ് ഒഴിവാകുകയായിരുന്നു. ബോബിക്കെതിരെ എന്ത് തെളിവുകളുണ്ടാക്കി സര്‍ക്കാരിന് നല്‍കിയാലും അതിന്മേല്‍ ഒരു നടപടിയും നിയമപരമായി സ്വീകരിക്കുകയില്ലായെന്ന് അന്നെനിക്ക് മനസിലായി.
ജീവന് തന്നെ ഭീഷണി ഉണ്ടായിട്ടും, ഇറങ്ങി തിരിച്ച പോരാട്ടത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറായില്ല എന്നാണ് ജോയ് കൈതാരത്ത് ഉറച്ച ശബ്ദത്തില്‍ പറയുന്നത്.
വി എസിനെ ഞെട്ടിച്ച സിഡി
‘ബോബിയുടെ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആവശ്യമായി വരുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം പൊലീസ് ഇന്റലിജന്‍സ് എഡിജിപിയുടെ ഓഫീസില്‍ നിന്നും ശേഖരിച്ചിരുന്നു. അതില്‍ നിന്നാണ് ഒരു യുവതിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സിഡി ലഭിക്കുന്നത്. അവയെല്ലാം മുന്‍പ് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കൊടുത്തിരുന്നതാണ്. പീഡനത്തിനിരയായ ആളുകളും പി.സി ജോര്‍ജ് എംഎല്‍എയും ചേര്‍ന്നാണ് അന്ന് ഈ രേഖകള്‍ ആഭ്യന്തര മന്ത്രിക്ക് കൊടുത്തത്. അവരെല്ലാം അത് ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. തുടര്‍ന്നാണ് ഈ സിഡി വിഎസ് അച്യുതാന്ദന്‍ കാണുന്നത്. തുടര്‍ന്ന് വിഎസ് വളരെ ശക്തമായ നടപടി ആവശ്യപ്പെടുകയായിരുന്നു.
അര്‍ധനഗ്നയായ ഒരു യുവതിയെ മര്‍ദിച്ച് മൂക്കില്‍ നിന്നെല്ലാം രക്തം വാര്‍ന്ന് നില്‍ക്കുന്നതും ആ സ്ത്രീ ചോദിക്കുന്ന കുറച്ച് ചോദ്യങ്ങളുമാണ് ഈ സിഡിയില്‍ ഉണ്ടായിരുന്നത്. പതിനാറ് പെണ്‍കുട്ടികളെ നിന്റെയടുക്കല്‍ നിന്ന് കാണാതായിരുന്നില്ലേയെന്നും എല്ലാ സ്ത്രീകളോടും ക്രൂരമായി മാത്രമല്ലേ നീ പെരുമാറാറുള്ളൂവെന്നുമെല്ലാം ആ സ്ത്രീ ബോബിയോട് ചോദിക്കുന്നുണ്ടായിരുന്നു. അതിന് അയാള്‍ മറുപടി പറയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. നിന്റെയും ഗതി അതുതന്നെയാകും, നിന്നെയും കാണാതാകും. എനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്നായിരുന്നു ബോബിയുടെ മറുപടി. ഈ ദൃശ്യമടങ്ങിയ സിഡിയാണ് സര്‍ക്കാര്‍ പുറത്തുവിടാതെ ഇയാളെ സംരക്ഷിച്ചുകൊണ്ടിരുന്നത്’.
അന്ന് ഈ വീഡിയോ പുറത്തുവിടാന്‍ ഒരു മാധ്യമങ്ങളും തയ്യാറായിരുന്നില്ല എന്നാണ് ജോയ് കൈതാരം പറയുന്നത്. ‘മാധ്യമങ്ങള്‍ വാര്‍ത്തയാക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ ഞങ്ങളുടെ സുഹൃത്തുക്കളായ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ എസ് ന്യൂസ് എന്ന് പറയുന്ന ഒരു ചാനല്‍ ക്രിയേറ്റ് ചെയ്ത് അത് പുറത്തുവിടുകയായിരുന്നു. ഈ വീഡിയോയാണ് ഞങ്ങള്‍ വിഎസിനെ കാണിച്ചത്. വീഡിയോ കണ്ട് അസ്വസ്ഥനായ വിഎസ് എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ‘ഇവനെ വിടരുത് മനുഷ്യത്വമില്ലാത്ത ഒരു സാമൂഹ്യദ്രോഹിയാണിവന്‍’ എന്നാണ് വിഎസ് എന്നോട് പറഞ്ഞത്.
ഈ വീഡിയോ കണ്ടതിനുശേഷമാണ് വിഎസ് അച്യുതാനന്ദന്‍ സെബി ചെയര്‍മാന് കത്തെഴുതിയതെന്ന് ജോയ് കൈതാരം പറയുന്നു. ‘ചെയര്‍മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സെബി നടത്തിയ അന്വേഷണത്തില്‍ ബോബിയുടെ പണമിടപാടുകള്‍ ശരിയല്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍, ഇതില്‍ ഒരു നടപടിയും സര്‍ക്കാര്‍ ബോബിക്കെതിരെ സ്വീകരിച്ചില്ല’.
ബോബിക്ക് കൂട്ട് സര്‍ക്കാര്‍
ബോബി ചെമ്മണൂര്‍ എനിക്കെതിരെ നടത്തുന്ന ഭീഷണികള്‍ക്കെല്ലാം സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നാണ് ജോയ് കൈതാരത്തിന്റെ പരാതി. ‘ഈ വീഡിയോ പുറത്തുവന്നപ്പോള്‍ ബോബിയുടെ കമ്പനിയില്‍ നിന്നും 27 കോടിയോളം നിക്ഷേപം പിന്‍വലിക്കുകയുണ്ടായി. ഇത് അയാള്‍ക്ക് മാനക്കേടും നഷ്ടവുമുണ്ടാക്കിയെന്ന് ആരോപിച്ചാണ് അയാള്‍ എനിക്കെതിരെ കേസ് നല്‍കിയത്” കൈതാരത്തിന്റെ വാക്കുകള്‍.
‘അവസാനം എനിക്ക് സംരക്ഷണം നല്‍കാമെന്ന് പൊലീസ് പറഞ്ഞു. ആദ്യം ഞാന്‍ അത് നിരസിച്ചു. പിന്നീട് എനിക്ക് ഗണ്‍ ലൈസന്‍സ് നല്‍കാമെന്ന തീരുമാനത്തില്‍ സമ്മതിക്കുകയായിരുന്നു. നിങ്ങളുടെ കൈയിലെ തോക്ക് ഉപയോഗിച്ച് തന്നെ അയാള്‍ നിങ്ങളെ കൊല്ലുമെന്ന ഒരു മുന്നറിയിപ്പ് എനിക്ക് പൊലീസിനുള്ളില്‍ നിന്ന് തന്നെ ലഭിച്ചിരുന്നു’.
ബോബിക്കെതിരെ നല്‍കിയ തെളിവുകള്‍ കാരണം ഈ 75ാം വയസിലും ഞാന്‍ കോടതി കയറിയിറങ്ങുകയാണ്. മാനനഷ്ടത്തിന് അയാള്‍ നല്‍കിയ കേസാണ് ഒമ്പതു വര്‍ഷമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാതെ കിടക്കുന്നത്’ , ജോയ് കൈതാരത്ത് അഴിമുഖത്തോട് പറഞ്ഞു നിര്‍ത്തുന്നു.
ബോബിയെ വെളിപ്പെടുത്തുന്ന അഴിമുഖം അന്വേഷണം
ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട എട്ട് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (ഘഘജ) കമ്പനികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അഴിമുഖം ഇക്കഴിഞ്ഞ നവംബര്‍ 21-ന് പ്രസിദ്ധീകരിച്ചിരുന്നു. ഈ എട്ട് എല്‍എല്‍പികളും നിലവില്‍ കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് . 2022-23 വര്‍ഷത്തില്‍ 68 കോടി രൂപയും, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 92 കോടി രൂപയുമാണ് ഇവയുടെ മൊത്തം നഷ്ടം. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ ‘നിയുക്ത പങ്കാളികള്‍’ ചെയര്‍മാന്റെ ബന്ധുക്കളും ജീവനക്കാരുമായിരിക്കെ, നഷ്ടക്കണക്കുകള്‍ക്കിടയിലും 11,879 പങ്കാളികള്‍ ഈ എല്‍എല്‍പികളില്‍ മൊത്തം 764 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നതാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍.
പങ്കാളികളും കോടികളുടെ നിക്ഷേപങ്ങളും ഒഴുകി വരുന്നുവെന്ന് പറയുമ്പോഴും ബോബി ചെമ്മണൂര്‍ പ്രെമോട്ട് ചെയ്യുന്ന എട്ട് എല്‍എല്‍പി(ലിമിറ്റഡ് ലയ്ബലിറ്റി പാര്‍ട്ട്ണര്‍ഷിപ്പുകള്‍)കള്‍ കഴിഞ്ഞ നാല് വര്‍ഷമായി നഷ്ടത്തിലാണെന്നാണ് അഴിമുഖം- ദി ന്യൂസ് മിനിട്ട് സംയുക്ത അന്വേഷണ പരമ്പരയിലെ ആദ്യ ഭാഗത്തില്‍ പറയുന്നത്. ബോബി ചെമ്മണൂര്‍ ബ്രാന്‍ഡ് അംബാസിഡര്‍ പദവി വഹിക്കുന്ന മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും അദ്ദേഹത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്ക് വന്‍ വായ്പകള്‍ പോകുന്നതിന്റെ തെളിവുകള്‍ ആണ് അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍. ജോയ് കൈതാരത്തിനെ പോലുള്ളവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന, മുഖ്യധാര മാധ്യമങ്ങളും, ഭരണ- ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങളും അവഗണിക്കുകയും ചെയ്തിട്ടുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആഴത്തിലുള്ള അന്വേഷണത്തിലൂടെയും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഈ പരമ്പരയില്‍ സധൈര്യം പുറത്തു വിടുന്നത്. ഇതു മായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളും വീഡിയോകളും അഴിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Summary: Joy Kaitharat, Human rights activist is still fighting against Boby Chemmanur at the age of 76