പട്ടികജാതിക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനായതില്‍ അഭിമാനം. ഇനിയും ഈ ഈറ്റിങ്ങ് ചലഞ്ച് തുടരും എന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനം ഒറ്റനോട്ടത്തില്‍ ഒരു ജനപ്രിയ വര്‍ത്തമാനമാണ്. മഹാമനസ്‌കനായ ഒരു നേതാവിന്റെ മഹത് വചനമായി ഈ ജല്പനത്തെ ചേര്‍ത്തെടുത്ത് ‘കോള്‍മയിര്‍കൊള്ളാന്‍’ പഴമനസ്സുകള്‍ക്കെല്ലാം കഴിഞ്ഞേക്കാം. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നിന്നും വണ്ടികിട്ടാതെ കുടുങ്ങിപ്പോയ ഒരാളുടെ
അല്‍പത്ത ജല്പനമായി മാത്രമേ ഉത്തരാധുനിക സമൂഹത്തില്‍ ജീവിക്കുന്ന ആളുകള്‍ക്ക് അതിനെ കേള്‍ക്കാന്‍ കഴിയുകയുള്ളൂ.K Surendran remarks proud to be eat with scheduled castes; he generosity superior to the inferior
ഈഴവര്‍ക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനായതില്‍ അഭിമാനം. ഈ ഈറ്റിങ്ങ് ചലഞ്ച് ഇനിയും തുടരും എന്ന പ്രസ്താവന ഇന്ത്യന്‍ പ്രസിഡന്റായ ദൗപതി മുര്‍മ്മു പറഞ്ഞാല്‍ സുരേന്ദ്രന്‍ പറഞ്ഞ മട്ടുള്ള അര്‍ത്ഥമല്ല ഉല്പാദിപ്പിക്കപ്പെടുന്നത്. അതായത് ഇരുവരും പറയുന്നതിന്റെ അപ്പുറത്തും ഇപ്പുറത്തും അദൃശ്യമായ ചില വാക്യങ്ങള്‍ താനെ വന്നടിയുന്നു എന്ന് സാരം.
എവിടെയും പോയി എന്തും കഴിക്കുന്ന ഒരു സാമൂഹിക ജീവിതക്രമമാണ്, അത്യാവശ്യം സാമൂഹിക ബോധമുള്ള വലിയൊരു വിഭാഗം മനുഷ്യരും ഇക്കാലത്ത് നടത്തിപ്പോരുന്നത്. അവര്‍ക്ക് അതില്‍ യാതൊരു അസ്വാഭാവികതയും തോന്നുന്നുമില്ല. എന്നാല്‍ ചെറിയൊരു വിഭാഗം മനുഷ്യര്‍ ഇക്കാലത്തും ജാതീയത ഇളക്കമില്ലാതെ സൂക്ഷിച്ചുകൊണ്ട് ‘തമ്മിലുണ്ണായ്മ’ അതേപടി കൊണ്ടുനടക്കുന്നുണ്ട്. അത്തരക്കാരില്‍ ഒരാള്‍ക്കു മാത്രമേ പട്ടികജാതിക്കാരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചത് താന്‍ നടത്തിയ മഹാവിപ്ലവ പ്രവര്‍ത്തനമാണെന്ന് സ്വയം ചിന്തിക്കാനാവുന്നത്.
ജ്ഞാന പദ്ധതികളെ കാലത്തിലും സമയത്തിലും ചേര്‍ത്തുനിര്‍ത്തി മാത്രം വിശകലനം ചെയ്യേണ്ടതിന്റെ സാമാന്യബോധം സംബന്ധിച്ച് സാമൂഹിക ചിന്തകനായ കെ.കെ ബാബുരാജ് എഴുതിയിട്ടുണ്ട്. നവോത്ഥാന ജ്ഞാനിയായ പൊയ്കയില്‍ കുമാര ഗുരുദേവന്‍, തന്റെ അനുയായികളോട് വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കുന്നതിനുള്ള ജീവിതക്രമങ്ങള്‍ ഉപദേശിച്ചിട്ടുണ്ട്. വെളിക്കിരുന്നതിനുശേഷം വൃത്തിക്ക് എത്ര തൊടം വെള്ളം ഉപയോഗിക്കണം എന്ന മട്ടുള്ള സൂഷ്മമായ നിര്‍ദ്ദേശങ്ങള്‍ പോലുമുണ്ട് കുമാര ഗുരുദേവന്റെ ഉപദേശങ്ങളില്‍…
കുളിക്കുമ്പോള്‍ സോപ്പ് എന്ന ആധുനിക ഉല്‍പ്പന്നം ഉപയോഗിക്കാനും നിര്‍ബന്ധിക്കുന്നുണ്ട്. (കാലത്ത് സോപ്പ് ആധുനികമായ ഉല്‍പ്പന്നമാണ് എന്നത് ഓര്‍ക്കുക) ആ കാലഘട്ടത്തില്‍ ഇത്തരമുപദേശങ്ങളെല്ലാം ജീവിതത്തിന്റെ പുതിയ അറിവുകള്‍ തന്നെയാവാം. എന്നു കരുതി കേരളത്തിലെ ഒരു ബഹുജന നേതാവ് ഇന്ന് സോപ്പ് ഉപയോഗിച്ച് കുളിക്കണം ടോയ്ലറ്റില്‍ പോയതിനുശേഷം ഇത്ര കപ്പ് വെള്ളം ഉപയോഗിക്കണം എന്നൊക്കെ പ്രസംഗിച്ചാല്‍ അയാള്‍ സ്വയം പരിഹാസ്യനാവും.
ഞങ്ങള്‍ ഇതൊക്കെ ശീലിച്ചിട്ട് കാലമെത്ര കടന്നിരിക്കുന്നു, ഇയാള്‍ ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത് എന്നാവും ഒരു സാധാരണ കേള്‍വിക്കാരന്‍ ചിന്തിക്കുക. സമാനമായ പരിഹാസ്യതയാണ് പട്ടികജാതിക്കാരുടെ ഭക്ഷണം കഴിക്കും എന്നൊക്കെയുള്ള വിജ്ഞാപനങ്ങള്‍ കെ സുരേന്ദ്രന്‍ എന്ന നേതാവ് ഇറക്കുമ്പോള്‍ അദ്ദേഹത്തിലേക്കും ചെന്നുമുട്ടുന്നത്. എന്നാല്‍ താന്‍ സ്വയം അപഹാസ്യനാകുന്ന കാലപരവും സമയപരവുമായ പ്രതിസന്ധി, പുതുജീവിതം ജീവിക്കുന്ന മനുഷ്യര്‍ പറഞ്ഞാല്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ജ്ഞാനശേഷിയുണ്ടോ എന്നതും മുഖ്യമായ പ്രശ്‌ന മേഖലയാണ്.
‘തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍ കെട്ടില്ലാത്തവര്‍ തമ്മിലുണ്ണാത്തോരിങ്ങനെ ഒട്ടല്ലഹോ ജാതി കോമരങ്ങള്‍ ‘
എന്ന കുമാരനാശാന്റെ കവിതയിലും തമ്മിലുണ്ണാത്തോര്‍ എന്ന പരികല്പനയില്‍ ഭക്ഷണപരമായ അകലങ്ങളെ മുഖ്യമായും സൂചിപ്പിക്കുന്നുണ്ട്. ആശാന്‍ സാഹിത്യമെഴുത്തില്‍ സൂചിപ്പിച്ച അതേ പ്രതിസന്ധിയെയാണ് സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിപഥംകൊണ്ട് മറികടന്നത്. എന്നിട്ടുപോലും സഹോദരന്‍ അയ്യപ്പന്റെ ആ പ്രവര്‍ത്തിപഥത്തെ കവിതയില്‍ അങ്ങനെ എഴുതിയ കുമാരനാശാന്‍ അതിവിപ്ലവമായാണ് വിലയിരുത്തിയിട്ടുള്ളത്.
ഊരുവിലക്ക്, പെണ്ണു വിലക്ക് ക്ഷൗരം വിലക്ക് തുടങ്ങിയ പലതരം വിലക്കുകളോടെയാണ് വിജ്ഞാന വര്‍ദ്ധിനി സഭ എന്ന പേരുള്ള ഈഴവസഭ സഹോദരന്‍ അയ്യപ്പനോട് എതിര്‍പ്പ് പ്രകടമാക്കിയത്. പുലയരോടൊപ്പം ആഹാരം കഴിച്ചതിന് പുലയനയ്യപ്പന്‍ എന്ന് അദ്ദേഹത്തെ വിജ്ഞാന വര്‍ധിനി സഭ ആക്ഷേപിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ആ ആക്ഷേപവാക്കിനെ അഭിമാന വാക്കായി സഹോദരന്‍ അയ്യപ്പന്‍ ഏറ്റെടുക്കുകയുണ്ടായി.
1917 മെയ് 29 നാണ് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ വിവിധ ജാതിക്കാരെ ഒരേ പന്തിയില്‍ ഒന്നിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച് കൊണ്ട് പന്തിഭോജനം നടത്തിയത്. ആ ചരിത്ര സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടും എട്ടുവര്‍ഷവും പിന്നിട്ടിരിക്കുന്നു. 1917 ല്‍ പോലും സഹോദരന്മാരായ നമ്മള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട് എന്നാണ് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത്. ആ വാക്യത്തില്‍ തുല്യതയും സാഹോദര്യവും വ്യക്തമാണ്.
108 വര്‍ഷത്തിനുശേഷം കെ സുരേന്ദ്രന്‍ പട്ടികജാതിക്കാരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതില്‍ അഭിമാനമുണ്ട് എന്നൊക്കെ വാചകമള കൊഴുപ്പിച്ച് വിടുമ്പോള്‍ ആ ‘അഭിമാനം’ തുല്യതയില്‍ നിന്നുണ്ടായതല്ല, നേരെമറിച്ച് മേലാളന്‍ കീഴാളനോട് കാണിക്കുന്ന ഔദാര്യം എന്ന ജാതി നിര്‍മ്മിതമായ അബോധത്തില്‍ നിന്നും ഊറിവരുന്നതാണ്.
വരേണ്യരായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ത്യാഗങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ട കൂട്ടത്തില്‍ മര്‍ദ്ദനമേറ്റതിനേക്കാളും ജയില്‍വാസമനുഷ്ഠിച്ചതിനേക്കാളുമെല്ലാം മഹാത്യാഗമായി എഴുതിക്കൂട്ടിയിട്ടുള്ളത് പാര്‍ട്ടി അനുഭാവികളായ പുലയരുടെയും പറയരുടേയും വീട്ടില്‍ നിന്നും അവര്‍ ഭക്ഷണം കഴിച്ചു എന്നതാണ്. ജാതിനിഷ്ഠ ഒട്ടും വിടാന്‍ കഴിയാത്തതുകൊണ്ടാണല്ലോ അവര്‍ക്ക് ഇത്തരം സഹഭോജനങ്ങള്‍ അതിസാഹസികതയാവുന്നത്. ഒരു ഹാസ്യസാഹിത്യം പോലെയാണ് ഇപ്പോള്‍ അവയൊക്കെ വായിക്കാന്‍ കഴിയുക. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തിലെ ചില അധ്യായങ്ങള്‍ അതിന് ഉദാഹരണമാണ്.
അഭിജാതനായ സുഹൃത്തിന്റെ അമ്മ ദളിതനായ സുഹൃത്തിന് വീട്ടില്‍ കയറ്റി കഞ്ഞികൊടുത്തത് അഭിജാത കൂട്ടുകാരന്റെ ഔദാര്യമാണ്. പക്ഷേ അതേ പ്രവൃത്തി, അഭിജാതനായ കൂട്ടുകാരന്‍ ദളിതനായ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കഞ്ഞിയേക്കാള്‍ മികച്ച ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ ഭക്ഷണം കൊടുത്തവരല്ല, ഭക്ഷണം കഴിച്ചവര്‍ നടത്തുന്ന ഔദാര്യമാണ് എന്നത് എന്തൊരു അസംബന്ധമാണ് ഔദാര്യം എന്ന കവിതയില്‍ ഈ അസംബന്ധത്തെ ഇങ്ങനെ എഴുതിയിരിക്കുന്നു.
‘എനിക്കിത്തിരി കഞ്ഞി തന്നത്
അവന്റെ അമ്മേടെ ഔദാര്യം.
എന്റമ്മ കൊടുത്ത ചോറ്
അവന്‍ മീങ്കറിയും കൂട്ടി
ഉരുട്ടിയുരുട്ടിയുണ്ടതും
എന്നോടുള്ള അവന്റെ ഔദാര്യം’
ഔദാര്യവും രക്ഷാകര്‍ത്തൃത്വവുമൊക്കെ മുകളിലെന്ന് ധരിക്കുന്നവര്‍ താഴേക്കുമാത്രം നോക്കി രൂപപ്പെടുത്തുന്ന മനോഘടനയാണ്. മുകളിലും താഴെയുമല്ലാതെ മനുഷ്യരെ നേര്‍രേഖയില്‍ കാണുന്നതാണ് തുല്യത. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ നടത്തുന്ന ഇത്തരം ഔദാര്യവാക്യങ്ങളെ നവജനാധിപത്യ സാമൂഹ്യ ജീവിതമുള്ള മനുഷ്യരൊക്കെ അവജ്ഞയോടെ മാത്രം കേട്ടെടുക്കുന്നത്.K Surendran remarks proud to be eat with scheduled castes; he generosity superior to the inferior
Content Summary: K Surendran remarks proud to be eat with scheduled castes; he generosity superior to the inferior