കടയ്ക്കൽ ക്ഷേത്ര വിവാദം; ഗായകൻ അലോഷിക്കെതിരെയുള്ള തുടർനടപടികൾ അന്വേഷണത്തിന് ശേഷം

ക്ഷേത്ര ഉപദേശക സമിതി അം​ഗങ്ങളാണ് കേസിൽ രണ്ടാം പ്രതി

കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ​ഗാന വിവാദത്തിൽ ​ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുകയെന്ന് കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ സി. ബിജു കുമാർ അഴിമുഖത്തോട് പ്രതികരിച്ചു. പരാതിക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സി. ബിജു കുമാർ അഴിമുഖത്തോട് പറഞ്ഞു.

‘കടയ്ക്കൽ ക്ഷേത്രത്തിൽ നടന്ന ​ഗാനമേളയ്ക്കിടെ അലോഷി എന്ന ​ഗായകൻ ഇക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും വിപ്ലവ​ഗാനം ആലപിക്കുകയും ചെയ്തു എന്നതാണ് ആരോപണം. ക്ഷേത്ര ഉപദേശക സമിതിയാണ് ഇതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തതെന്നും പരാതിക്കാരൻ മൊഴി നൽകി. അത് കൊണ്ടാണ് കുറ്റം ചെയ്ത വ്യക്തി എന്ന നിലയിൽ അലോഷിയെ ഒന്നാം പ്രതിയാക്കിയത്. ക്ഷേത്ര ഉപദേശക സമിതി അം​ഗങ്ങളാണ് കേസിൽ രണ്ടാം പ്രതി’, സി. ബിജു കുമാർ പറഞ്ഞു.

ഉത്സവപറമ്പുകളിലെ പരിപാടികൾക്ക് വലിയൊരു ചരിത്രമുണ്ട്. ​കാലങ്ങളായി ഇവയെല്ലാം പ്രദേശവാസികളുടെ താൽപര്യത്തോടെ കേരളത്തിൽ നടക്കുന്നുമുണ്ട്. ഗാനമേളകളും കഥാപ്രസം​ഗങ്ങളും നാടകങ്ങളുമെല്ലാം ആഘോഷപരിപാടികളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങൾ തന്നെയാണ്. കാരണം, ഇവയുടെയെല്ലാം പ്രത്യേകത ഇവയെല്ലാം ജനങ്ങൾക്ക് മതഭേതമില്ലാതെ ആസ്വദിക്കാൻ കഴിയുന്നതാണ് എന്നതാണ്. ഉത്സവങ്ങളും ഉത്സവപറമ്പുകളും മതപരമായ അനുഷ്ഠാനങ്ങൾക്കപ്പുറം ഒരു കാർണിവൽ സംസ്കാരത്തിന്റെ ഭാ​ഗം കൂടിയാണ്.

യേശുദാസ് മുതൽ പന്തളം ബാലൻ വരെയുള്ളവരുടെ ​ഉത്സവങ്ങളിലെ ഗാനമേളകൾ വളരെ പ്രസിദ്ധമാണ്. കാലങ്ങൾ പിന്നിട്ടപ്പോൾ ​ഉത്സവപരിപാടികളിൽ മാറ്റങ്ങൾ വന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ആഘോഷങ്ങളുടെ ആരവങ്ങൾക്ക് ഒളി മങ്ങാത്ത രീതിയിൽ അവയെല്ലാം ഇപ്പോഴും നടന്നുപോരുന്നു.

കലയുടെയും കലാകാരന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിമർശനങ്ങളാണ് കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ​ഗാന വിവാദത്തിൽ ഉയർന്നത്. ​കടയ്ക്കൽ തിരുവാതിരയുമായി ബന്ധപ്പെട്ടായിരുന്നു ഗായകൻ അലോഷി ​ഗാനമേള അവതരിപ്പിച്ചത്. പരിപാടിക്കിടെ പ്രേക്ഷകരുടെ ആവശ്യപ്രകാരം പുഷ്പനെ അറിയാമോ, ലാൽസലാം തുടങ്ങിയ ​ഗാനങ്ങൾ ആലപിച്ചതും പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ, സിപിഎം പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിച്ചതുമാണ് വിവാദങ്ങൾക്ക് കാരണമായത്.

അലോഷി ആദ്യമായല്ല കടയ്ക്കൽ ക്ഷേത്രത്തിലെ പരിപാടിക്കായി ​ഗാനമേള അവതരിപ്പിക്കുന്നതും വിപ്ലവ​ഗാനങ്ങൾ ആലപിക്കുന്നതും. ​ഗായിക ​ഗൗരി ലക്ഷ്മിയും കടയ്ക്കൽ ക്ഷേത്ര പരിപാടിക്കെത്തി വിപ്ലവ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എല്ലാ ​ഗായകരെയും പോലെ അലോഷിയുടെ ​ഗാനമേളകൾക്കും പ്രത്യേക രീതിയുണ്ട്. സോഫ്റ്റ് മെലഡികൾ പോലും ജനങ്ങളെ ഒന്നടങ്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷമാക്കി മാറ്റാൻ അലോഷിക്കു കഴിയുന്നു. അതുതന്നെയാണ് കടയ്ക്കലിലും സംഭവിച്ചത്.

ഇവയെല്ലാം പ്രദേശവാസികൾ ഒന്നടങ്കം ആസ്വദിച്ചിട്ടുള്ളവയാണ്. എന്നാൽ മുൻപെങ്ങും ഇല്ലാത്ത തരത്തിലാണ് ഇപ്പോൾ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരിക്കുന്നത്. വിപ്ലവ​ഗാന വിവാദത്തിൽ അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കോൺഗ്രസ്‌ കടയ്ക്കൽ മണ്ഡലം പ്രസിഡന്റിന്റെ പരാതിയിൽ കൊല്ലം, കടയ്ക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അലോഷിക്കെതിരെ ഇപ്പോൾ വന്നിരിക്കുന്നത് ​ഗൗരവമുള്ള ഒരു കേസാണെന്നും ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഗാനം ആലപിച്ചതെന്ന് തെളിയിക്കുന്നത് വരെ ഒന്നാം പ്രതിയായി തുടരുമെന്നും ഹൈക്കോടതി അഭിഭാഷകൻ ലിറ്റോ അഴിമുഖത്തോട് പ്രതികരിച്ചു.

‘നിയമപരമായി നോക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഭൂമിയെ ദൈവത്തിന്റെ ഭൂമിയായാണ് കണക്കാക്കുന്നത്. പാരൻ പാട്രിയ എന്നൊരു നിയമമുണ്ട്. സ്വയം സംരക്ഷിക്കാൻ കഴിയാത്തവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അവരുടെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നതിനും ഭരണകൂടത്തിന് അവകാശം നൽകുന്നതാണ് പാരൻ പാട്രിയ നിയമം. മതപരമായുള്ള താൽപര്യം നമ്മുടെ രാജ്യത്ത് അം​ഗീകരിച്ചിരിച്ചിട്ടുള്ളതാണ്.

ക്ഷേത്ര ഭൂമിയാണെങ്കിലും പള്ളി ഭൂമിയാണെങ്കിലും അതിന്റെ സംരക്ഷണം കോടതിയിൽ നിക്ഷിപ്തമാണ്. ഈ ഭൂമികൾ എന്തിന് വേണ്ടി ഉപയോ​ഗിക്കണമെന്ന അന്തിമമായ തീരുമാനം കോടതിയുടേതാണ്. ഒരു ക്ഷേത്രഭൂമിയിൽ അവിടെയുള്ള ദൈവത്തിന് ഇഷ്ടമല്ലാത്ത രീതിയിൽ ഒന്നും ചെയ്യരുത് എന്നാണ്. അങ്ങനെ വരുമ്പോഴാണ് അത് പ്രശ്നമായി മാറുന്നത്. പൊതു വികാരങ്ങളും താൽപര്യങ്ങളും ഇക്കാര്യത്തിൽ പരി​ഗണിക്കാൻ കഴിയില്ല.

മതവികാരം വ്രണപ്പെട്ടു എന്നതാണ് കടയ്ക്കൽ ദേവി ക്ഷേത്ര വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. അതായത് അവിടെയുള്ള ദൈവത്തിന് താൽപര്യമില്ലാത്ത കാര്യം അവിടെ നടന്നു എന്നതാണ്. ആ പ്രവൃത്തി ചെയ്ത വ്യക്തിയാണ് അവിടെ കുറ്റക്കാരനാകുന്നത്. അല്ലെങ്കിൽ ക്ഷേത്ര കമ്മിറ്റി തന്നോട് ഈ ​ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടുവെന്ന് അലോഷിക്ക് തെളിയിക്കേണ്ടി വരും. അങ്ങനെ വരികയാണെങ്കിൽ അലോഷിക്ക് ഒരിക്കലും ഒന്നാം പ്രതിയാകേണ്ടി വരില്ല.

പ്രേക്ഷകർ ആവശ്യപ്പെട്ടിട്ടാണ് ​ഗാനം ആലപിച്ചതെന്ന് അലോഷി പറഞ്ഞു. എന്നാൽ തങ്ങൾ ആവശ്യമുന്നയിച്ചിട്ടാണ് ​ഗായകൻ പാടിയതെന്ന് പ്രേക്ഷകർ സമ്മതിക്കുന്നില്ലല്ലോ.

അലോഷിക്കെതിരെ ഇപ്പോൾ വന്നിരിക്കുന്നത് ​ഗൗരവമുള്ള ഒരു കേസാണ്. ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ ഹൈക്കോടതിയെ സമീപിക്കാനും കേസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനുമാകും അദ്ദേഹത്തിന് ഇനി കഴിയുക. മതം വരുമ്പോഴാണ് ഇതിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മതപരമായ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് അത് പ്രശ്നമായി മാറുക.

പണ്ട് കാലത്ത് അമ്പലപറമ്പുകളിലും പള്ളി പറമ്പുകളിലും വിപ്ലവ നാടകങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അതെല്ലാം നടത്തിയത് ഭരണ സമിതിയുടെ അറിവോട് കൂടിയാണ്. പരിപാടികളുടെ ഉള്ളടക്കവും പ്രത്യേകതയുമെല്ലാം പൂർണ്ണമായി മനസിലാക്കിയിട്ടാണ് അവർ അതിന് അം​ഗീകാരം നൽകുന്നത്. ഒരു സ്ഥാപനത്തിലെ ചട്ടങ്ങൾ തെറ്റിക്കാൻ വ്യക്തിക്ക് അനുമതിയുണ്ടോ എന്നതാണ് ഇവിടത്തെ ചോദ്യം. അലോഷിക്ക് നേരെയുള്ള കുറ്റവും അതുതന്നെയാണ്’, അഭിഭാഷകനായ ലിറ്റോ പറഞ്ഞു.

മാർച്ച് 10 നാണ് ക്ഷേത്രത്തിൽ സിപിഐഎമ്മിനോട് ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതി മടത്തറ യൂണിറ്റ്, കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവ ചേർന്നു ഗാനമേള നടത്തിയത്. തുടർന്ന് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ സിപിഎം ശ്രമിച്ചുവെന്നാരോപിച്ച് കോൺ​ഗ്രസും ബിജെപിയും പരാതിയുമായി രം​ഗത്തെത്തുകയായിരുന്നു.

Content Summary: kadakkal temple controversy; Further action against singer Aloshi will be after investigation

This post was last modified on April 4, 2025 5:33 pm

അഴിമുഖം പ്രതിനിധി:
Leave a Comment