April 18, 2025 |

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ​ഗാന വിവാദം; ‘ഉത്സവങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ല, പ്രദേശവാസികളാണ് ‘

ക്ഷേത്രമൈതാനങ്ങൾ സാമൂഹിക പ്രവർത്തനങ്ങളുടെ ഇടങ്ങൾ കൂടിയാണ്

കടയ്ക്കൽ ക്ഷേത്രത്തിലെ സംഭവം നിലവിൽ നടക്കുന്ന വിവാദ ചർച്ചകളിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നില്ലെന്നും ക്ഷേത്രോത്സവങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ല മറിച്ച് അവിടത്തെ പ്രദേശവാസികളാണെന്നും സ്വതന്ത്ര ​ഗവേഷകനായ ​ഗോപകുമാർ മുകുന്ദൻ അഴിമുഖത്തോട് പ്രതികരിച്ചു.

കൊല്ലം, കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് വിപ്ലവ​ഗാനം ആലപിച്ച സംഭവത്തിൽ രൂക്ഷ വിമർശനം നടത്തിയ ഹൈക്കോടതി, ഒരാഴ്ചക്കകം സത്യാവാങ്മൂലം നൽകണമെന്നാണ് ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

‘ക്ഷേത്രോത്സവങ്ങളിൽ ​ഗാനമേളകൾ പോലുള്ള പരിപാടികൾ നടത്താൻ കഴിയില്ല എന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. നമ്മുടെ നാട്ടിൽ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ 20 ശതമാനം പോലും വരുന്നില്ല. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ വലിയ ക്ഷേത്രങ്ങളാണെങ്കിലും എണ്ണത്തിൽ കുറവാണ്. ക്ഷേത്ര ശ്രീകോവിലിനകത്ത് നടക്കുന്ന പൂജയും കർമങ്ങളും ശ്രീകോവിലിന് പുറത്ത് നടക്കുന്ന സംഭവങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കേരളത്തിലെ 90 ശതമാനം ക്ഷേത്രോത്സവങ്ങളും മതേതരത്വപരമായി നടത്തുന്നവയാണ്. പള്ളികളിലെ പെരുന്നാളിന് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണോ ജനങ്ങൾ സംഘടിക്കുന്നത്? തൃശ്ശൂർ പൂരം ഏതെങ്കിലും പ്രത്യേക ജാതിക്കാരുടെ മാത്രം ആഘോഷമാണോ? ഇതെല്ലാം നാട്ടിലെ ജനങ്ങളുടെ ആഘോഷങ്ങളാണ്.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് ഭക്തരുടെ ഒരു സംഘടനയോ സംഘമോ പണം പിരിക്കാൻ പാടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻകൂർ അനുമതിയോടെ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ മുദ്രവച്ച കൂപ്പണുകൾ ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തേണ്ടത്. ആ പണം ദേവസ്വം ബോർഡിലേക്ക് റെമിറ്റ് ചെയ്യണം, തുടങ്ങിയ കുറച്ച് കാര്യങ്ങളിലാണ് ഇടക്കാല നിർദ്ദേശങ്ങൾ ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്.

ഒരു മതത്തിന്റെ മാത്രം ആഘോഷങ്ങളാക്കി ക്ഷേത്രോത്സവങ്ങളെ മാറ്റുക എന്ന അജണ്ടയുടെ ഭാ​ഗമാണ് കടയ്ക്കൽ ക്ഷേത്രത്തിലെ സംഭവത്തിൽ കാണാൻ കഴിയുന്നത്. ഇത്തരം വിഷയങ്ങളെ പല തരത്തിൽ ചെറുത്ത് നിൽക്കുന്നുമുണ്ട്.

കൂടുതൽ മതകീയമാക്കി മാറ്റാനും ഹിന്ദു ഐഡന്റിറ്റി കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ ആർഎസ്എസ് വളരെ വ്യാപകമായി നടത്തുന്നുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും ദേവസ്വം ബോർഡിന്റെ പരിധിക്ക് പുറത്തുള്ളവയാണ്. പല ക്ഷേത്രങ്ങളും യഥാർത്ഥത്തിൽ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളുടെ പ്രതീകങ്ങളായാണ് വലിയ ക്ഷേത്രങ്ങളായി ഉയർന്നുവന്നത്. എത്ര ക്ഷേത്രങ്ങളാണ് സ്കൂളുകൾ നടത്തുന്നത്? ആ സ്കൂളുകളിലെ കുട്ടികൾക്ക് എല്ലാ തരത്തിലുള്ള ആഘോഷങ്ങളും നടത്താൻ അനുവാദമില്ലേ? എങ്ങോട്ടാണ് ഈ സംഭവത്തെ കൊണ്ടുപോകുന്നത്.

ആദ്യകാലങ്ങളിലെ എസ്എൻഡിപി യോ​ഗങ്ങളുടെ സ്ഥിരം വേദിയായിരുന്നു കിടങ്ങാം പറമ്പ് ക്ഷേത്ര മൈതാനം. മിച്ച ഭൂമി സമരത്തിൽ വളച്ചുകെട്ടാനുള്ള ആഹ്വാനം എകെജി നൽകുന്നത് പുന്നപ്രയിലുള്ള അറവുകാട് ക്ഷേത്രത്തിന്റെ മൈതാനത്തിൽ വെച്ചിട്ടാണ്. പുന്നപ്ര വയലാർ സമരത്തിന്റെ കാലത്ത് വയലാറിലെ നാ​ഗംകുളങ്ങര ക്ഷേത്രത്തിന്റെ ഒരു ഭാ​ഗം തൊഴിലാളി ക്യാമ്പായിരുന്നു. ഉത്സവങ്ങളും ക്ഷേത്രങ്ങളുടെ മൈതാനങ്ങളുമെല്ലാം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പ്രവർത്തനങ്ങളുടെ ഇടങ്ങൾ കൂടിയാണ്. ഒരു നാട്ടിലെ ഉത്സവത്തിന് പാട്ട് പാടാനും നൃത്തം ചെയ്യാനുമൊന്നും കഴിയില്ല എന്ന് പറയാൻ എങ്ങനെയാണ് കഴിയുക. ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ അത് നോക്കേണ്ടത് കോടതിയല്ല, സർക്കാരും പോലീസുമാണ്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കളിച്ച വേദികൾ 6000ത്തോളമാണ്. അതിൽ നാലായിരത്തോളം വേദികളും ക്ഷേത്രോത്സവങ്ങളിലെ വേദികളാകും. ക്ഷേത്രോത്സവങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ല, അവിടത്തെ പ്രദേശവാസികളാണ്’, ​ഗോപകുമാർ മുകുന്ദൻ പറഞ്ഞു.

മാർച്ച് 10ന് ​കടയ്ക്കൽ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് ഗായകൻ അലോഷിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലാണ് വിപ്ലവ​ഗാനം ആലപിച്ചത്. വിപ്ലവഗാനം ആലപിച്ചപ്പോൾ പിന്നിലെ സ്ക്രീനിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെയും പാർട്ടി ചിഹ്നങ്ങളുടെയും ദൃശ്യം കാട്ടുകയും ചെയ്തു. ഇതാണ് ഇപ്പോൾ വിവാദത്തിലേക്ക് നയിച്ചത്. വിപ്ലവ​ഗാനം ഉത്സവചടങ്ങിന്റെ പവിത്രത കളങ്കപ്പെടുത്തിയെന്നാരോപിച്ച് അഡ്വ.വിഷ്ണു സുനിൽ പന്തളം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി വിമർശനം അറിയിച്ചത്.

Content summary: kadakkal temple revolutionary song controversy; Festivals Should Be Decided by Natives, Not Judges
kadakkal temple revolutionary song controversy 

Leave a Reply

Your email address will not be published. Required fields are marked *

×