April 20, 2025 |

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ​ഗാന വിവാദം അനാവശ്യമെന്ന് മെമ്പർ, പാർട്ടി ചിഹ്നം ഒഴിവാക്കാമായിരുന്നുവെന്ന് ഉത്സവ കമ്മിറ്റി

ശ്രോതാക്കളുടെ ആവശ്യപ്രകാരമാണ് ​ഗാനം ആലപിച്ചത്

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവ പരിപാടിയോടനുബന്ധിച്ച് നടന്ന ​ഗാനമേളയിൽ വിപ്ലവ​ഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട സംഭവം കൂടുതൽ അന്വേഷണങ്ങളിലേക്കും ചർച്ചകളിലേക്കും നീങ്ങുകയാണ്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.

പരിപാടിയിൽ പങ്കെടുത്ത ശ്രോതാക്കളുടെ ആവശ്യപ്രകാരമാണ് ​ഗാനം ആലപിച്ചതെന്നും പ്രദേശവാസികൾക്ക് ഇതിൽ യാതൊരു പ്രശ്നമില്ലെന്നും കടയ്ക്കൽ പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്ഐ അം​ഗവുമായ അനന്തലക്ഷ്മി അഴിമുഖത്തോട് പ്രതികരിച്ചു. കടയ്ക്കലിന് പുറത്ത് നിന്നുള്ളവർ മനപൂർവ്വം വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അനന്തലക്ഷ്മി പറഞ്ഞു.

ഇതിന് മുൻപും ​ഗായകൻ അലോഷി ​ഗാനമേളക്കായി ഇവിടെ എത്തിയിട്ടുണ്ട്. ​ഗായിക ​ഗൗരി ലക്ഷ്മിയും ഇവിടെ എത്തി വിപ്ലവ​ഗാനം പാടിയിട്ടുണ്ട്. പാട്ടിനൊപ്പം പശ്ചാത്തലത്തിൽ പാർട്ടി പതാകയുടെ ചിഹ്നം കാണിച്ചിട്ടുമുണ്ട്. ഇതുപോലുള്ള പ്രശ്നം മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. ശ്രോതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ​ഗാനം ആലപിച്ചത്. നൂറു പൂക്കളെ എന്ന ​ഗാനം ആവശ്യപ്പെട്ട ശേഷം ഏറ്റവും അവസാനമാണ് പുഷ്പനെ അറിയാമോ എന്ന ​ഗാനം പാടിയത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നം ശരിക്കും അനാവശ്യമായി ഉണ്ടാക്കിയതാണ്. കൊട്ടാരക്കര ഉത്സവത്തിന് ഫ്ലോട്ട് കൊണ്ടുവന്നപ്പോൾ അതിനുള്ളിൽ ആർഎസ്സുകാർ വടിവാൾ വരെ സൂക്ഷിക്കാറുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. എന്നാൽ കടയ്ക്കലിൽ എല്ലാ വർഷവും സമാധാനപരമായി ഉത്സവം നടത്തിവരുന്നതാണ്. അങ്ങനെയൊരു സ്ഥലത്തിനെതിരെയാണ് ഇങ്ങനെയൊരു കാര്യത്തിന്റെ പേരിൽ കോൺ​ഗ്രസും ബിജെപിയും വിവാദങ്ങൾ പറഞ്ഞ് പരത്തുന്നത്.

അലോഷിയുടെ പരിപാടിക്ക് ശേഷം വേറെയും പരിപാടികൾ നടന്നു. കടയ്ക്കലിലെ ജനങ്ങൾക്ക് യാതൊരു പരാതിയുമില്ല എന്നതാണ് മറ്റൊരു കാര്യം. ജനപങ്കാളിത്തത്തോടെയാണ് പരിപാടികളെല്ലാം നടത്തിയത്. കടയ്ക്കലിന് പുറത്തിള്ളവരാണ് ഇതൊരു വലിയ പ്രശ്നമായി ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നത്. ഈ പ്രദേശത്ത് എന്ത് പ്രശ്നം വന്നാലും ജനങ്ങൾ ആദ്യം ഓടിയെത്തുന്നത് ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ്, കടയ്ക്കലിന് പുറത്തുള്ളവരാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞുണ്ടാക്കുന്നത്, അനന്തലക്ഷ്മി അഴിമുഖത്തോട് പറഞ്ഞു.

ഏത് പാട്ട് പാടാനും ​ഗായകന് അവകാശമുണ്ടെന്നും എന്നാൽ പാർട്ടി ചിഹ്നങ്ങൾ ഉപയോ​ഗിച്ചത് ശരിയായില്ലെന്നും ഉത്സവ കമ്മിറ്റി സെക്രട്ടറി രാഹുൽ അഴിമുഖത്തോട് പ്രതികരിച്ചു.

പതിനഞ്ച് ദിവസത്തെ ഉത്സവമാണിത്. ഓരോ കരക്കാരാണ് ഇവിടെ ഉത്സവം നടത്തുന്നത്. 52 ഓളം കരക്കാരാണുള്ളത്. ഉത്സവക്കമ്മിറ്റി നേരിട്ട് ഒരു പരിപാടി മാത്രമാണ് സ്പോൺസർ ചെയ്യുന്നത്. ഈ വർഷം ഉത്സവക്കമ്മിറ്റി നടത്തിയത് വിനീത് ശ്രീനിവാസന്റെ പരിപാടിയാണ്. തിരുവാതിര കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് അലോഷിയുടെ പ്രോ​ഗ്രാം നടന്നത്. ആൽത്തറമൂടുള്ള വ്യാപാരികളെല്ലാം കൂടി ചേർന്നാണ് അത് നടത്തുന്നത്. എൽഇഡി സ്ക്രീൻ സ്ഥിരമായി ഞങ്ങൾ പരിപാടികൾക്ക് ഉപയോ​ഗിക്കാറുണ്ട്. പാടുന്ന പാട്ടിന് അനുയോജ്യമായ ചിത്രങ്ങൾ പശ്ചാത്തലത്തിലിടാറുള്ളതാണ്. പുഷ്പനെ അറിയാമോ എന്ന ​ഗാനം പാടുമ്പോഴും ചിത്രങ്ങൾ ഇട്ടു. എന്നാൽ സിപിഎമ്മിന്റെ കൊടിയുടെ ചിത്രങ്ങളാണ് ഇടുന്നതെന്ന് ഉത്സവ കമ്മിറ്റിക്ക് അറിയില്ലായിരുന്നു. പാട്ട് പാടുന്നതിൽ ഒരു തെറ്റുമില്ല. ഏത് പാട്ട് വേണമെങ്കിലും പാടാൻ അവകാശമുണ്ട്. എന്നാൽ പശ്ചാത്തലത്തിൽ കൊടിയുടെ ചിത്രങ്ങളും പാർട്ടി ചിഹ്നങ്ങളും ഉപയോ​ഗിച്ചത് ശരിയായില്ല, രാഹുൽ അഴിമുഖത്തോട് പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ഗായകൻ അലോഷി ​ഗാനമേളക്ക് എത്തിയിരുന്നു. തുടർന്ന് വിപ്ലവ ​ഗാനം ആലപിക്കുകയും പിന്നിലെ സ്ക്രീനിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്തു. ഇതാണ് ഇപ്പോൾ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. മാർച്ച് 10 നാണ് ക്ഷേത്രത്തിൽ സിപിഎമ്മിനോട് ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതി മടത്തറ യൂണിറ്റ്, കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവ ചേർന്നു ഗാനമേള നടത്തിയത്. ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ സിപിഎം ശ്രമിച്ചുവെന്നാരോപിച്ച് കോൺ​ഗ്രസും ബിജെപിയും പരാതിയുമായി രം​ഗത്തെത്തുകയായിരുന്നു.

Content summary: kadakkal temple controversy, party symbol could have been avoided says utsav committee
kadakkal temple aloshi 

Leave a Reply

Your email address will not be published. Required fields are marked *

×