Continue reading “കാജോള്‍ @50: ഞെട്ടലും ഭയവുമുണ്ടാക്കുന്ന സൈക്കോ കാമുകി ഇഷയുടെ ഗുപ്ത്- ദ ഹിഡന്‍ ട്രൂത്ത്”
" /> Continue reading “കാജോള്‍ @50: ഞെട്ടലും ഭയവുമുണ്ടാക്കുന്ന സൈക്കോ കാമുകി ഇഷയുടെ ഗുപ്ത്- ദ ഹിഡന്‍ ട്രൂത്ത്” ">രണ്ടാനച്ഛനായ ഗവര്‍ണര്‍ ജയ്‌സിങ് സിന്‍ഹയെ (രാജ് ബബ്ബാര്‍) കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സാഹില്‍(ബോബി ഡിയോള്‍). ജന്മദിനത്തില്‍ സാഹില്‍ അദ്ദേഹത്തെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചതിന് സാക്ഷിയായത് നിരവധി പേരാണ്. സുപ്രധാന സാക്ഷി സാഹിലിന്റെ അമ്മ തന്നെയാണ്. സത്യത്തില്‍ സാഹില്‍ അല്ല ആ കൊലയാളി. പക്ഷെ അയാള്‍ക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞില്ല. നിരപരാധിത്വം തെളിയിക്കാന്‍ സാഹിലിന്റെ മുന്നിലുള്ള ഏകമാര്‍ഗം ജയില്‍ ചാടി സ്വയം കാര്യങ്ങള്‍ അന്വേഷിക്കുക എന്നതാണ്. ഇതിനായി അവനെ സഹായിക്കുന്നത് ശീതള്‍ (മനീഷ കൊയ്‌രാള) ആണ്. ശീതള്‍ സാഹിലിനെ പ്രണയിക്കുന്നുണ്ട്. എന്നാല്‍ സാഹിലിന്റെ മനസില്‍ പതിഞ്ഞ മുഖം ഇഷയാണ് (കജോള്‍).
ആരാണ് യഥാര്‍ത്ഥ കൊലയാളി- ഈ ചോദ്യത്തിലാണ് ഗുപ്ത്- ദ ഹിഡന്‍ ട്രൂത്ത് എന്ന ചിത്രത്തിന്റെ കഥാഗതി. ശീതളിന്റെ അച്ഛനായ വ്യവസായിയാണോ? അതോ കൊള്ളപ്പലിശക്കാരനായ യൂണിയന്‍ നേതാവാണോ? മന്ത്രി (പ്രേം ചോപ്ര) ആണോ? ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷക മനസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രം പുറത്തിറങ്ങിയത് 1997-ലാണ്. ബോളിവുഡില്‍ കാജോള്‍ എന്ന നടിയുടെ ഇരിപ്പിടം അരക്കെട്ട് ഉറപ്പിച്ച ചിത്രങ്ങളിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന പടം.
കാജോളിന്റെ ജന്മദിനമാണ് ഇന്ന്. അന്‍പത് വയസ് പൂര്‍ത്തിയായ നടിയുടെ അഭിനയ ജീവിതത്തിലൂടെ യാത്ര ചെയ്താല്‍ പരാമര്‍ശിക്കാതെ വിടാന്‍ സാധിക്കാത്ത ചിത്രങ്ങളിലൊന്നാണ് ഗുപ്ത്. ആകര്‍ഷകത്വവും നിര്‍ദയതയും അനായാസമായി കൈകാര്യം ചെയ്ത നടി, ‘വില്ലന്‍’ വേഷം ചെയ്യുന്ന ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ പട്ടികയില്‍ എത്തിയതും ഗുപ്തിലെ അഭിനയത്തിലൂടെയാണ്. കാമുകനായ ബോബിക്ക് വേണ്ടി കൊലവിളി നടത്തുന്ന ഒരു സൈക്കോ കാമുകിയെ അവതരിപ്പിച്ചതിന് കാജോളിന്റെ പേര് ബോളിവുഡിന്റെ സുവര്‍ണ്ണ ലിപികളില്‍ പതിഞ്ഞിട്ടുണ്ടെന്ന് തന്നെ പറയാം. മികച്ച വില്ലന്‍ വേഷത്തിനുള്ള പുരസ്‌കാരങ്ങളും ചിത്രത്തിലൂടെ നടി സ്വന്തമാക്കിയിരുന്നു. എഴുത്തുകാരനായ ലൂയിസ് തോമസിന്റെ 1967ലെ ഗുഡ് ചില്‍ഡ്രന്‍ ഡോണ്ട് കില്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഗുപ്ത് സിനിമയുടെ പിറവി. ഒരു കോമിക് ബുക്ക് പ്ലോട്ടിനോട് അടുത്ത് നില്‍ക്കുന്ന നിഗൂഢതയാണ് ചിത്രത്തിന്റെ സവിശേഷത. മനീഷയുടെ കഥാപാത്രത്തോട് ‘മെ ഏക് അലഗ് കിസാം കി ലഡ്കി ഹൂണ്‍’ എന്ന് പറയുന്ന ഒരു രംഗത്തില്‍, കാജോളിന്റെ കണ്ണുകളില്‍ രോഷവുംം ചുണ്ടുകളില്‍ നിഗൂഢമായ പുഞ്ചിരിയും നിറഞ്ഞു നില്‍ക്കുന്നുണ്ട്. പ്രേക്ഷക മനസില്‍ നായികയുടെ ഉള്ളിലെ ഭ്രാന്തിന്റെ ലക്ഷണം സിനിമ തുറന്നിടുന്നത് ഈ രംഗത്തിലാണ്.
ഗുപ്തില്‍ കണ്ണുകൊണ്ടാണ് കാജോള്‍ അഭിനയിച്ചത്. പരിമിതമായ ഫ്രെയിമുകളില്‍, കാജോളിന്റെ രക്തദാഹത്തോടെയുള്ള നോട്ടം- അപ്പോള്‍ ആ കണ്ണുകളില്‍ പ്രേക്ഷക പ്രീതി നേടിയ സിമ്രാന്‍ എന്ന കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയോ സ്വപ്നയുടെ (യേ ദില്ലഗി) സൗഹാര്‍ദ്ദമോ പ്രതിഫലിച്ചില്ല. ആരാധകര്‍ അന്ന് വരെ മനസില്‍ കരുതിയ അടുത്ത വീട്ടിലെ പെണ്‍കുട്ടിയായിരുന്നില്ല. ആരെയും ഭയപ്പെടുത്തുന്ന വില്ലത്തിയായി അവള്‍ രൂപാന്തരപ്പെട്ടു. പ്രതികാരം,ദേഷ്യം, ഭയം, നിസ്സഹായത, സ്‌നേഹം എന്നിങ്ങനെ നിരവധി വികാരങ്ങള്‍ ഒരേ സമയം അഭ്രപാളിയില്‍ കാജോള്‍ എത്തിക്കുന്നു.
ഷാരൂഖിന്റെ ദര്‍, ബാസിഗര്‍, കാജോളിന്റെ ഗുപ്ത് എന്നിവ തമ്മില്‍ പലപ്പോഴും താരതമ്യങ്ങള്‍ ഉണ്ടാകാറുണ്ട്. കാജോളിന്റെ ഇഷ ഞെട്ടലും ഭയവും ഉളവാക്കുന്നു, പ്രത്യേകിച്ച് അവളുടെ കഥാപാത്രത്തിന്റെ വെളിപ്പെടുത്തലിലെ ട്വിസ്റ്റ് കാരണം. ദാറിലെ ഷാരൂഖിന്റെ രാഹുല്‍ ഭയവും ഒരു പരിധിവരെ സഹതാപവും ഉണര്‍ത്തുന്ന കഥാപാത്രമാണ്. ബാസിഗറില്‍ അജയ്/വിക്കി കഥാപാത്രം തെറ്റ് ചെയ്യുമ്പോഴും മുന്‍കാല കഥകള്‍ കാരണം പ്രേക്ഷകന്റെ സഹതാപം നേടുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ ക്രുരതയുടെ പര്യായമായി ആരാധക മനസില്‍ കുടികൊള്ളാന്‍ കഴിഞ്ഞ വില്ലന്‍ വേഷം ആയിരുന്നു കാജോളിന്റെ ഇഷ എന്ന കഥാപാത്രം.
English Summary: Kajol at 50: Actor made a risky choice of playing a psycho killer in Gupt