UPDATES

കക്കുകളി; ‘നിങ്ങളാദ്യം നാടകം കാണൂ’

നിരവധി പുരോഹിതരും കന്യാസ്ത്രീകളും നാടകത്തെ പിന്തുണയ്ക്കുകയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ സഭയ്ക്കുള്ളിലെ നവീകരണത്തിനുള്ള അവസരമായി കാണാതെ പോകുന്നതിലാണവര്‍ക്കു സങ്കടം. സഭയ്ക്കു വേണ്ടി മാപ്പ് ചോദിച്ചവര്‍ വരെയുണ്ട്

                       

കേരളത്തിന്റെ നവോഥാന മുന്നേറ്റത്തില്‍ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ജനവിഭാഗങ്ങളെ പങ്കാളികളാക്കാന്‍ നാടകങ്ങള്‍ വഹിച്ച പങ്ക് ചരിത്രപരമാണ്. ഒരു കാലത്ത് അത്രയേറെ ജനങ്ങളെ സ്വാധീനിക്കാന്‍ നാടകങ്ങള്‍ക്ക് സാധിച്ചിരുന്നു. നാടകങ്ങളുടെ വിമര്‍ശനാത്മക വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പല സംഘങ്ങളും(രാഷ്ട്രീയ-മത-ജാതി സംഘങ്ങള്‍) ആക്രോശങ്ങളും അക്രമങ്ങളുമായി രംഗത്തുമുണ്ടായിരുന്ന കാലത്ത് തന്നെ. അവതരിപ്പിക്കാന്‍ അനുവദിക്കാത്ത വിധം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയും, ഭരണരംഗങ്ങളിലെ സ്വാധീനമുപയോഗിച്ച് നാടകങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും ആ സ്വാര്‍ത്ഥതാത്പര്യ സംഘക്കാര്‍ തങ്ങളുടെ അജണ്ടകള്‍ വിജയിപ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. അത്തരം തടസങ്ങളൊക്കെയും അതിജീവിച്ചാണ് ഇവിടെയൊരു പുരോഗമന സമൂഹം സ്ഥാപിതമാക്കപ്പെട്ടത്. എന്നാല്‍ ഇന്നും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്ന കലാരൂപങ്ങളോട് തീര്‍ത്തും അസഹിഷ്ണുത കാണിക്കുന്നവരുടെ കൂട്ടം സജീവമാണ്. അതിനുള്ള ഉദ്ദാഹരണമാണ് ‘ കക്കുകളി’ നാടകത്തിനെതിരേ കത്തോലിക്ക സഭയിലെ ഒരു വിഭാഗം പുരോഹിതരും സന്ന്യസ്തരും അവരുടെ പിന്തുണക്കാരായ ഒന്നോ രണ്ടോ സംഘടനകളും കലി തുള്ളുന്നത്. ഒരു വര്‍ഷത്തോളമായി, പതിനഞ്ചോളം വേദികളില്‍ അവതരിപ്പിച്ചു പോരുന്ന കക്കുകളി നാടകത്തിനെതിരേ ഇപ്പോള്‍ ഇടയലേഖനങ്ങള്‍ ഇറക്കുന്നു, തെരുവുകളില്‍ കന്യാസ്ത്രീകളും വികാരിമാരും പ്രതിഷേധ യോഗങ്ങള്‍ നടത്തുന്നു. അരമനകളില്‍ നിന്നും സര്‍ക്കാരിനെതിരേ നാടകത്തിന്റെ പേരില്‍ കുറ്റപത്രങ്ങള്‍ വായിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു വിവാദത്തിന്റെ ആവശ്യമുണ്ടോ? സഭയെ ഏതര്‍ത്ഥത്തിലാണ് ഈ നാടകം അപകീര്‍ത്തിപ്പെടുത്തുന്നത്? ആലപ്പുഴ, പറവൂര്‍ നെയ്തല്‍ നാടക സംഘം അവതരിപ്പിക്കുന്ന ‘കക്കുകളി’ നാടകത്തിന്റെ സംവിധായകന്‍ ജോബ് മഠത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നു…

എന്താണ് നാടകം പറയുന്നത്…
കെ സി ബി സി തന്നെ പുരസ്‌കാരം നല്‍കിയിട്ടുള്ള, ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് കക്കുകളി. തീരപ്രദേശത്തെ മനുഷ്യ ജീവിതമാണ് കഥയില്‍ നെറോണ പറയുന്നത്. ഞാനും അതേ ജീവിതപശ്ചാത്തലത്തില്‍ നിന്നു വരുന്നൊരാളാണ്. കക്കുകളി എന്ന കഥയ്ക്ക് നാടകഭാഷ്യം ചമയ്ക്കപ്പെടുന്നതിന് പ്രധാന കാരണവും അത് തന്നെ.

1980-കളിലാണ് ഈ കഥ നടക്കുന്നത്. കമ്യൂണിസ്റ്റുകാരനായിരുന്ന അപ്പന്റെ മരണശേഷം ജീവിതപ്രാരാബ്ദങ്ങള്‍ മൂലം നതാലിയ എന്ന പെണ്‍കുട്ടിയെ കടുത്ത മതവിശ്വാസിയായ അമ്മ മഠത്തില്‍ അയക്കുന്നു. പതിനാറ് വയസുള്ള ഒരു പെണ്‍കുട്ടിയുടെ സുരക്ഷിതത്വവും, വിശപ്പ് മാറ്റാനുള്ള വഴിയുമൊക്കെ അത്തരമൊരു തീരുമാനത്തിനു പിന്നിലുണ്ട്. മഠത്തിലെ ജീവിതം അതുവരെ ഉണ്ടായിരുന്ന നതാലിയയുടെ ജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. അവിടെയവള്‍ക്ക് നേരിടേണ്ടി വരുന്നതു പലവിധ പ്രശ്‌നങ്ങളാണ്. നതാലിയയുടെ ജീവിത പശ്ചാത്തലവും രീതികളും മഠത്തിനുള്ളില്‍ വിമര്‍ശിക്കപ്പെടുകയാണ്. നെഞ്ചുതള്ളിപ്പിടിച്ചു നടക്കുന്നതും, ഉറക്കെ സംസാരിക്കുന്നതും അമിതമായി ഭക്ഷണം കഴിക്കുന്നതുമൊക്കെ മഠത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് പറയുന്നത്. ജീവിതത്തിന്റെ സ്വാതന്ത്ര്യബോധം അനുഭവിച്ചു വളര്‍ന്നിരുന്ന നതാലിയയെ സംബന്ധിച്ച് മഠത്തിലെ ചിട്ടകളും നിയന്ത്രണങ്ങളും അംഗീകരിക്കാനും സഹിക്കാനും പറ്റാത്തതായിരുന്നു.പൊരുത്തപ്പെടാനാവാത്ത സാഹചര്യങ്ങളോടുള്ള ഒരു പെണ്‍കുട്ടിയുടെ പ്രതികരണങ്ങളാണ് നാടകം യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്.


ഇതൊരു പെണ്‍ജീവിതമാണ്…
കക്കുകളി കമ്യൂണിസ്റ്റ് നാടകമല്ല. എന്നാലതിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിസമുണ്ട്. 1980 കളില്‍ തീരപ്രദേശത്ത് നടന്നിട്ടുള്ള ചില സംഭവങ്ങളെ കഥയില്‍ അവതരിപ്പിക്കുന്നുണ്ട്, നാടകത്തിലും പരാമര്‍ശിക്കുന്നുണ്ട്. പല അടരുകളുള്ള കഥയാണിത്. കമ്യൂണിസത്തിനൊപ്പം ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളും, സ്ത്രീകളുടെ പ്രശ്‌നങ്ങളും പൗരോഹിത്യവുമൊക്കെ ചര്‍ച്ചയ്ക്കു വരുന്നുണ്ട്. കടുത്ത കമ്യൂണിസ്റ്റായിരുന്ന ഒരാളുടെ മകള്‍ എന്തുകൊണ്ട് മഠത്തില്‍ പോകേണ്ടി വന്നുവെന്ന ചോദ്യവും നാടകത്തില്‍ ഉയര്‍ത്തുന്നുണ്ട്.

നതാലിയയുടെ അപ്പന്‍ കമ്യൂണിസ്റ്റായിരുന്നു; കറുമ്പന്‍ സഖാവ്. നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള, പ്രാദേശികമായ പല വിഷയങ്ങളിലും ഇടപെടുന്ന നല്ലൊരു കമ്യൂണിസ്റ്റ്. അപ്പന്‍ എപ്പോഴും പറയുന്നുണ്ട്; ‘ചൂണ്ടക്കൊളുത്തില്‍ ഇരയെ കോര്‍ക്കുന്ന കണക്കാണ് ദൈവ വിളിയുടെ അന്നം, പിള്ളേരത് രൂചിച്ചു വീണ മീനെ പോലെയാണ്.. പിന്നെ പിടിച്ചാല്‍ കിട്ടൂലാ..’ നതാലിയ്ക്ക് ഇത് ബോധ്യപ്പെടുന്നത്, അപ്പന്റെ മരണശേഷം മഠത്തില്‍ എത്തപ്പെട്ടു കഴിഞ്ഞ് അവിടെ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നുകഴിഞ്ഞപ്പോഴാണ്. അപ്പനെന്താണ് അങ്ങനെ പറഞ്ഞതെന്നൊക്കെ അവള്‍ക്ക് മനസിലാകുന്നത് അനുഭവങ്ങളിലൂടെയാണ്.

ആ ഏറ് പുരുഷാധിപത്യത്തിനു നേരെയാണ്
കന്യാസ്ത്രീ മഠങ്ങള്‍ ലക്ഷ്യം വച്ചുള്ള നാടകമല്ലിത്. അത്തരം തെറ്റിദ്ധാരണകള്‍ നാടകത്തെ സമീപിക്കുന്നതിലെ പോരായ്മയുടെ പ്രശ്‌നമാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് പറയുന്നത്. ഒപ്പം അവളുടെ ജീവിത പരിസരവും. അവള്‍ പെട്ടുപോകുന്നൊരു ഇടം, അത് മഠമാകാം, വീടാകാം, ഏതൊരു ഇടവുമാകാം. അതില്‍ നിന്നും അവള്‍ വിടുതല്‍ നേടുകയാണ്. കഥയില്‍ പറഞ്ഞിരിക്കുന്ന പശ്ചാത്തലം അടിസ്ഥാനമാക്കിയാണ് മഠം അവതരിപ്പിച്ചത്. ഒന്നിനോടും പൊരുത്തപ്പെടാനാകാതെ, അവസാനം എല്ലാത്തിനോടും വിയോജിച്ചുകൊണ്ട് നതാലിയ പുറത്തേക്കു പോരുമ്പോള്‍ അവളെ വിളിക്കുന്നതുപോലെ എന്തോ ശബ്ദം കേള്‍ക്കുന്നുണ്ട്. ശബ്ദം കേട്ട ഭാഗത്തേക്ക് അവളൊരു കല്ലെറിഞ്ഞ് ചില്ല് തകര്‍ക്കുന്നുണ്ട്. ആ കല്ലെറിയുന്നത് പുരുഷാധിപത്യ സമൂഹത്തിന് നേരെ കൂടിയാണ്. തികച്ചുമൊരു സ്ത്രീപക്ഷ സമീപനം ആവശ്യപ്പെടുന്ന നാടകമാണിത്. അങ്ങനെയൊരു വീക്ഷണത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണം. ബാലിശമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. അഴയില്‍ അടിവസ്ത്രം അലക്കി ഇട്ടിരിക്കുന്നത് കാണിക്കുന്നതുപോലും വലിയ പ്രശ്‌നമാക്കി മാറ്റുന്ന കാലമാണിത്.

വിരോധം വിശ്വാസികള്‍ക്കല്ല
നാടകത്തെ എതിര്‍ത്ത് ഇപ്പോള്‍ വരുന്നവര്‍ സഭയ്ക്കുള്ളിലെ ചെറിയൊരു ശതമാനമാണ്. വിശ്വാസി സമൂഹത്തിനല്ല വിരോധം. അവരാണ് നാടകം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ മറുവിഭാഗം ശ്രമിക്കുന്നുണ്ട്. ക്രിസ്ത്യന്‍ തീവ്രനിലപാടുകാരായ ‘കാസ’-യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്, പലകാരണങ്ങളില്‍ വിഘടിച്ചു നില്‍ക്കുന്ന സഭയ്ക്കുള്ളില്‍ ഒരു ധ്രുവീകരണം ഉണ്ടാക്കാന്‍ നാടകത്തിന് കഴിഞ്ഞൂ എന്നാണ്. ഇനിയും മാനം പോകുന്നമെന്ന പേടിയാണവര്‍ക്ക്. അതേസമയം തന്നെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും നാടകത്തെ പിന്തുണയ്ക്കുകയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ സഭയ്ക്കുള്ളിലെ നവീകരണത്തിനുള്ള അവസരമായി കാണാതെ പോകുന്നതിലാണവര്‍ക്കു സങ്കടം. സഭയ്ക്കു വേണ്ടി മാപ്പ് ചോദിച്ചവര്‍ വരെയുണ്ട്.


തീരജീവിതം മ്ലേച്ഛമാണോ?
ഈ നാടകത്തിനെതിരേ വാളെടുക്കുന്ന കാസയ്ക്കാണെങ്കിലു കത്തോലിക്ക കോണ്‍ഗ്രസിനാണെങ്കിലുമുള്ള ആക്ഷേപം, ഇതൊരു മ്ലേച്ഛ സംസ്‌കാരമുള്ള നാടകമാണെന്നാണ്. തീരദേശ ജീവിതത്തെയാണ് അവര്‍ മ്ലേച്ചമെന്ന് അധിക്ഷേപിക്കുന്നത്, അവിടുത്തെ മനുഷ്യരും അവരുടെ ജീവിതങ്ങളും ഭാഷയുമൊക്കെ മ്ലേച്ഛമാണെന്നാണവര്‍ പറയുന്നത്. ഈ നാട്് പ്രളയത്തിലാണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ, അവരുടെ ജീവിതോപാധിപോലും മറന്നു മനുഷ്യരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്. ഇതൊരു മാനസികാവസ്ഥയാണ്. വരേണ്യബോധത്തില്‍ നിന്നുണ്ടാകുന്ന മാനസികാവസ്ഥ. ഇത്തരക്കാരാണ് നാടകം ചര്‍ച്ച ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. അവര്‍ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്, അതിലൂടെ എത്രത്തോളം വിശ്വാസികളെ ഇളക്കി വിടാമെന്നാണ് നോക്കുന്നത്.

കൃത്യമായ അജണ്ടയുടെ ഭാഗമായി ഉണ്ടാക്കുന്ന ഇത്തരം വിവാദങ്ങളില്‍ ഈ കാലത്തും മറുപടി പറയേണ്ടി വരുന്നതാണ് ഗതികേട്. ഒരു നാടകം എന്താണെന്ന് അതിന്റെ സംവിധായകന് പൊതുസമൂഹത്തോട് നിരന്തരം വിശദീകരിക്കേണ്ടവരികയാണ്. കൃത്യമായ രാഷ്ട്രീയതാത്പര്യവും മറ്റെന്തൊക്കെയോ അജണ്ടകളുമുള്ള ഒരു ചെറു വിഭാഗം, സത്യസന്ധരും നിഷ്‌കളങ്കരുമായ മുഴുവന്‍ വിശ്വാസി സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതില്‍ നടക്കുന്നത്.

അവരാദ്യം നാടകം കാണട്ടെ…
ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്ന ആരെങ്കിലും ഈ നാടകം കണ്ടിട്ടുണ്ടോ? ഒരു മണിക്കൂര്‍ 20 മിനിട്ടാണ് നാടകത്തിന്റെ ദൈര്‍ഘ്യം. യൂട്യൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്, ഒരു മത്സര നാടകത്തിന്റെ രീതിയിലേക്ക് ചുരുക്കിയതാണ്. അതിനുള്ളില്‍ ചര്‍ച്ചയാകേണ്ട തരത്തിലുള്ള വിഷയങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിന്റെ ഓഡിയോ പോലും വ്യക്തമല്ല. അത് കണ്ടിട്ടാണ് പലരും ബഹളം വയ്ക്കുന്നത്. വിവാദമുണ്ടാക്കുന്നവരോട് ഞങ്ങള്‍ പറയുന്നത്, നിങ്ങള്‍ ആദ്യം ഈ നാടകം കാണൂ, എന്നിട്ട് ആരോഗ്യകരമായൊരു ചര്‍ച്ചയാകാം എന്നാണ്. നാടകം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുണ്ട്, അതെല്ലാം ആരോഗ്യകരമാണ്. ഇതില്‍ പറയുന്ന പ്രശ്‌നങ്ങളൊന്നും സഭയ്ക്കുള്ളില്‍ നടക്കാത്തതല്ലല്ലോ?

ഈ നാടകത്തില്‍ ക്രിസ്തീയതയെയോ, ക്രിസ്തുവിനെയോ, ബൈബിളിനെയോ ഒന്നിനെയും വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. പറഞ്ഞിട്ടുള്ളത്, സഭയ്ക്ക് അകത്തുള്ള ചില മോശം പ്രവണതകളെക്കുറിച്ചാണ്, അതും തികച്ചും ആരോഗ്യപരമായ വിമര്‍ശനമാണ്.

സംവിധായകന്‍ ജോബ് മഠത്തില്‍


ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്…
നതാലിയയുടെ അപ്പന് ഒരു പെങ്ങളുണ്ടായിരുന്നു; ‘ചൂചി’. സഖാവ് കറുമ്പന്‍ ദൂരെയെവിടെയോ പാര്‍ട്ടി സമ്മേളനത്തിന് പോയ തക്കം നോക്കി കടുത്ത വിശ്വാസിസായ ചൂച്ചി ഓടിപ്പോയി മഠത്തില്‍ ചേരുകയാണ്. പിന്നീട് കറുമ്പന്റെ കൊടിപുതപ്പിച്ച ശവം കാണാന്‍ വന്നതിന്റെ പേരില്‍ അവരെ മഠത്തില്‍ നിന്നും പുറത്താക്കുകയാണ്. ഇവിടെ നമ്മള്‍ ചില ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. മഠത്തില്‍ നിന്നും പുറത്താകുന്നവരെ സഭ എങ്ങനെയാണ് സമീപിക്കുന്നത് ? അവരുടെ പിന്നീടുള്ള ജീവിതത്തില്‍ സഭ ഏതെങ്കിലും തരത്തില്‍ അനുകൂലമായി ഇടപെടുന്നുണ്ടോ? വിവാഹം കഴിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാറുണ്ടോ? സഹായിക്കുന്നതിനു പകരം മഠം വിട്ടു പോകുന്നവരെ ഏറ്റവും മോശക്കാരികളായും മാനസിക രോഗികളായിട്ടുമൊക്കെയാണ് ചിത്രീകരിക്കുന്നത്. മരിച്ചു ജീവിക്കുന്നതുപോലെ എത്രയോ ഉദ്ദാഹരണങ്ങള്‍ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. ഈ കാര്യങ്ങളൊക്കെ ചര്‍ച്ചയ്ക്കു വയ്ക്കുന്നുണ്ട്.

വിയോജിക്കാനും സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുമുള്ള സ്വാതന്ത്ര്യം ഏത് വ്യക്തിക്കുമുണ്ട്. എനിക്ക് വേണ്ടായെന്ന് തോന്നുമ്പോള്‍ വിട്ടിട്ടുപോകാനുള്ള ഒരു സ്വാതന്ത്ര്യം എനിക്കുണ്ടാകണം. ആ തിരിച്ചറിവില്ലാത്തവരാണ് ഈ ജനാധിപത്യ സമൂഹത്തില്‍ വിവാദങ്ങളുണ്ടാക്കുന്നത്.

ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങളും പ്രതിഷേധങ്ങളും ഞങ്ങള്‍ക്കു വെല്ലുവിളിയല്ല. ആയിരക്കണക്കിന് ആളുകള്‍ നാടകം കണ്ടു കഴിഞ്ഞു. പതിനഞ്ചോളം വേദികളില്‍ കൡച്ചു. വളരെ സ്വസ്ഥമായ, സമാധാനപരമായ അന്തരീക്ഷത്തിലായിരിക്കണം നാടകം അവതരിപ്പിക്കേണ്ടത്. അത്തരം സാഹചര്യം വിശ്വാസികളടക്കമുള്ള പൊതുസമൂഹം ഒരുക്കി തരുമെന്നു തന്നെയാണ് വിശ്വാസം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍